2012, ഫെബ്രുവരി 16, വ്യാഴാഴ്‌ച

പാവം ഭാരതഹൃദയം


ലോകം സന്തോഷഭരിതം; സംതൃപ്തിയില്‍ മുന്നില്‍ ഇന്ത്യക്കാര്‍’  എന്ന തലക്കെട്ടില്‍ മംഗളം പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്.  വാര്‍ത്ത ഇങ്ങനെ തുടരുന്നു: “സാമ്പത്തികമാന്ദ്യവും പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളുമെല്ലാം അലട്ടുന്നുണ്ടെങ്കിലും സന്തോഷത്തിന്‍െറ ആഗോളഗ്രാഫ് ഉയര്‍ച്ചയിലേയ്ക്ക്.  2007നെ അപേക്ഷിച്ച് ലോകം കൂടുതല്‍ സന്തോഷഭരിതമാണെന്നാണ് റിപ്പോര്‍ട്ട്.  സന്തോഷിയ്ക്കാന്‍ നമുക്കുമുണ്ട് കാരണങ്ങള്‍.  സംതൃപ്തജീവിതം നയിയ്ക്കുന്നവരുടെ മുന്‍പന്തിയില്‍ ഇന്ത്യക്കാരുമുണ്ടത്രേ.”

തലക്കെട്ടു കണ്ടാല്‍ അങ്ങനെ തോന്നുമെങ്കിലും ഇന്ത്യ സന്തോഷക്കാരില്‍ ഒന്നാം സ്ഥാനത്തല്ല.  അമ്പത്തൊന്നു ശതമാനവും സംതൃപ്തരായ ഇന്തോനേഷ്യക്കാരാണ് അവരില്‍ മുമ്പന്‍.  തൊട്ടടുത്താണ് ഇന്ത്യയുടേയും മെക്സിക്കോയുടേയും സ്ഥാനം.  നാല്‍പ്പത്തിമൂന്ന് ശതമാനം.

എന്നാലും അത്ഭുതപ്പെടാതിരിയ്ക്കാനാവില്ല.  സമ്പന്നരായ അല്ലെങ്കില്‍ സാമ്പത്തികശക്തികളായ അമേരിക്ക, കാനഡ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥാനം നമ്മുടെ എത്രയോ താഴെയാണ്!  സന്തോഷം വില കൊടുത്ത് വാങ്ങാനാവുകയില്ല എന്ന് ഉറക്കെ വിളിച്ചു പറയുകയാണോ ഇപ്സോസ് ഗ്ലോബല്‍ എന്ന സംഘടന പുറത്തുവിട്ട ഈ കണക്കുകള്‍?  ഭൌതികവിഭവങ്ങളല്ല സന്തോഷത്തിനു കാരണം എന്നാണോ സ്ഥിരീകരിയ്ക്കപ്പെടുന്നത്?

ഇന്ത്യക്കാര്‍ക്ക് ഈ രാജ്യങ്ങള്‍ സ്വര്‍ഗ്ഗത്തിന്‍െറ പര്യായങ്ങളാണ്.  ഇന്ത്യ വിട്ടുപോയവര്‍ തിരിച്ചുവരാന്‍ മടിയ്ക്കുന്നത് പലപ്പോഴും പുറംരാജ്യത്തിന്‍െറ സൌകര്യങ്ങളും സുഖങ്ങളും സമ്പന്നതയും ശീലിച്ചുപോയതുകൊണ്ടാണ്.  ഇനിയും പുറത്തേയ്ക്കു പോവണമെന്ന് മാലയിട്ടിരിയ്ക്കുന്നവര്‍ അവിടത്തെ കഥകള്‍ കേട്ട് മോഹിതമനസ്കരായവരാണ്.  “സോവിയറ്റെന്നൊരു നാടുണ്ടത്രേ, പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം” എന്ന് മനോരാജ്യം കണ്ട നാണി നമുക്കൊക്കെ ഒരു തമാശയായിരുന്നു.  പക്ഷേ ഇന്ന് എത്ര പേരുണ്ട് അങ്ങനെ ആശിയ്ക്കാതെ? പലരുടേയും ജീവിതത്തെ മുന്നോട്ടു തള്ളുന്നതു തന്നെ ഇത്തരം മനോരാജ്യങ്ങളല്ലേ?  അതൊന്നും സോവിയറ്റ് നാടിനേക്കുറിച്ചുള്ളതല്ല എന്ന് സമ്മതിച്ചു.   എങ്കിലും ആ മനോരാജ്യങ്ങളൊന്നും   സ്വന്തം രാജ്യത്തേക്കുറിച്ചുള്ളതുമല്ലല്ലോ.

ഇവിടെ ഒന്നും നേരെയാവില്ല എന്ന് മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചവരാണ് നമ്മള്‍.  ഈയിടെ ഒരു പാട്ടുകാരി ഇന്ത്യയില്‍ ജനിച്ചതു തന്നെ മുജ്ജന്മപാപം കൊണ്ടാണെന്ന് ഒരു പ്രശസ്തഗായകന്‍ പറയുകയുണ്ടായല്ലോ.  ഇനി ഈ പാട്ടുകാരിയ്ക്ക് നാശത്തിന്‍െറ വഴി മാത്രമേ ബാക്കിയുള്ളു എന്ന് അദ്ദേഹം ഇടനെഞ്ചുപൊട്ടി വിലപിച്ചു.  തന്നെ സ്നേഹിച്ചു വളര്‍ത്തി ലോകപ്രശസ്തനാക്കിയത് ഇന്ത്യാമഹാരാജ്യത്തിലെ കേരളം എന്ന നരകത്തില്‍പ്പിറന്ന കൊടുംപാപികളായ മലയാളികള്‍ എന്ന നികൃഷ്ടജീവികളാണെന്ന് അദ്ദേഹം മറന്നേപോയി.  അത് അദ്ദേഹത്തിന്‍െറ ചെട്ടിമിടുക്ക് എന്നു വെച്ചാല്‍ മതി.

പുറംരാജ്യത്തിരിയ്ക്കുമ്പോള്‍ എന്താ ഇന്ത്യയ്ക്ക് ഒരു കുറവ് എന്ന് ചിന്തിയ്ക്കാറുണ്ടത്രേ എന്‍െറ ഒരു കൂട്ടുകാരന്‍.  അല്ലെങ്കിലും അകന്നിരിയ്ക്കുമ്പോഴാണല്ലോ നമുക്ക് ഒരാളോട് എത്ര അടുപ്പമുണ്ടായിരുന്നു എന്ന് മനസ്സിലാവുക.  പക്ഷേ നെടുമ്പാശ്ശേരിയുടെ നിലം തൊടുന്നതോടെ അഭിപ്രായം മാറുമെന്ന് അയാള്‍ പറയാറുണ്ട്.  കസ്റ്റംസുകാരുടെ കെട്ടിപ്പിടുത്തം,  ടാക്സിക്കാരുടെ ശൃംഗാരപ്രകടനം, വീട്ടിലേയ്ക്കുള്ള നിരപ്പായ വഴി …. അത്രയ്ക്കൊക്കെയാവുമ്പോഴേയ്ക്കും മടക്കട്ടിക്കറ്റിനേക്കുറിച്ച് ഓര്‍ത്തു തുടങ്ങും എന്നാണ് ആ കൂട്ടുകാരന്‍ പറഞ്ഞത്.  എന്നിട്ട് ഇന്ത്യയില്‍ത്തന്നെ ഇപ്പോഴും ജീവിയ്ക്കുന്ന എന്നോട് ഒരു ചോദ്യവും: “എന്താ നമ്മുടെ നാട് ഇനിയും നന്നാവാതതത്?”  ‘നിങ്ങളൊക്കെ ഇവിടെയുണ്ടായിട്ടും’ എന്ന്  പറയാറില്ലെങ്കിലും  അതില്‍ ഒരു കുറ്റപ്പെടുത്തല്‍ എനിയ്ക്ക് അനുഭവപ്പെടും.  തെറ്റു ചെയ്തവനേപ്പോലെ ഞാന്‍ തലകുനിച്ചിരിയ്ക്കും.  അപ്പോള്‍ കൂട്ടുകാരന്‍ ദയാവായ്പയോടെ തുടരും: “മനസ്സിലാവാഞ്ഞിട്ടു ചോദിയ്ക്കുകയാണ്,  എങ്ങനെയാണ് നിങ്ങളൊക്കെ ഇവിടെ ഇങ്ങനെ ജീവിയ്ക്കുന്നത്?”

ശരിയാണ്.  പുറംരാജ്യത്തെ സംവിധാനങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അസൌകര്യങ്ങളുടേയും അപ്രിയങ്ങളുടേയും നടുവിലാണ് നമ്മുടെയൊക്കെ ജീവിതം.  എത്ര രാജ്യസ്നേഹമുണ്ടെങ്കിലും അതു നമ്മള്‍ മറച്ചുവെച്ചിട്ട് കാര്യമില്ല.  കൂട്ടുകാരന് തൃപ്തിയാവില്ലെങ്കിലും “ഞങ്ങള്‍ക്ക് വേറെ ഗതിയൊന്നുമില്ലല്ലോ, അതുകൊണ്ട് ഇങ്ങനെയൊക്കെ ജീവിച്ചുപോവുന്നു” എന്നു പറഞ്ഞ്  അയാളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്.  അപ്പോള്‍ അയാള്‍ “നിങ്ങള്‍ക്കൊന്നും ഒരു പരാതിയുമില്ലാത്തത് അത്ഭുതം തന്നെ” എന്ന് നിരാശപ്പെടും.

ബോംബേ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഒരിയ്ക്കല്‍ പുതിയ ഒരു പദ്ധതി ആവിഷ്കരിച്ചു.  നിത്യജീവിതത്തില്‍ നമുക്കുള്ള ബുദ്ധിമുട്ടുകള്‍ എന്താണെന്നു വെച്ചാല്‍ അതിനേക്കുറിച്ച് കോര്‍പറേഷന് പരാതി കൊടുക്കുക.  വൈകാതെ നടപടിയുണ്ടാവും എന്നായിരുന്നു അറിയിപ്പ്.  അതിനെ പരാമര്‍ശിച്ച് ബിസി ബീയുടെ ‘റൌണ്ട് ആന്‍ഡ് എബൌട്ട്’ എന്ന കോളത്തില്‍ ഒരു ദിവസം ഇങ്ങനെ വന്നു.  ബിസി ബീയുടെ ഭാര്യ പറയുന്നു.  നമ്മള്‍ ഈ അവസരം ഉപയോഗപ്പെടുത്തണം.  നമ്മള്‍ക്ക് പരാതിയെഴുതിക്കൊടുക്കാം.  അപ്പോള്‍ ബിസി ബീ ചോദിയ്ക്കുന്നു:  എന്തിനേപ്പറ്റിയാണ് പ്രിയതമേ, നമ്മള്‍ പരാതി എഴുതിക്കൊടുക്കുക?  എന്നും അര്‍ദ്ധരാത്രി മൂന്നു മണിയ്ക്കും മൂന്നരയ്ക്കുമിടയ്ക്ക് നമുക്ക് വെള്ളം കിട്ടുന്നുണ്ടല്ലോ, ബെസ്റ്റ് ബസ്സുകള്‍ സ്റ്റോപ്പില്‍നിന്ന് അര ഫര്‍ലോങ്ങ് അകലെ കൃത്യമായി നിര്‍ത്തുന്നുണ്ടല്ലോ, കുറച്ചു വൈകിയാണെങ്കിലും ലോക്കല്‍ ട്രെയിനുകള്‍ എത്തുന്നുണ്ടല്ലോ, നല്ല തിരക്കുണ്ടെങ്കിലും നമ്മള്‍ക്ക് അതില്‍ കയറിപ്പറ്റാന്‍ കഴിയുന്നുണ്ടല്ലോ.... പിന്നെ എന്തിനേക്കുറിച്ചാണ് നമ്മള്‍ പരാതി കൊടുക്കുക?

ബിസി ബീയുടെ വാക്കുകളില്‍ അടങ്ങിയിരിയ്ക്കുന്ന കറുത്തഹാസ്യം കാണാതെ വയ്യെങ്കിലും ജീവിയ്ക്കുന്ന പരിസരങ്ങളോട് സന്ധിയാവാനുള്ള നമ്മുടെ ജന്മവാസനയും നമുക്കതില്‍ ദര്‍ശിയ്ക്കാനാവും.  എത്ര ദുരിതപൂര്‍ണ്ണമായ ചുറ്റുപാടുകളോടും വൈകാതെ നമ്മള്‍ പൊരുത്തപ്പെടുകയും ചിലപ്പോള്‍ അത് ആസ്വദിച്ചു തുടങ്ങുകപോലും ചെയ്യുന്നു.  ബിസി ബീയേപ്പോലെ അതില്‍ ചിരി കണ്ടെത്താനുള്ള സിദ്ധി കൂടിയുണ്ട് നമുക്ക്.

എന്‍. വി. കൃഷ്ണവാരിയരുടെ ഒരു കവിതയുണ്ട്: ‘മിഷണറി’.  അജ്ഞാനചെളിക്കുണ്ടിലാണ്ടു കിടക്കുന്ന ജനങ്ങള്‍ക്കു വിജ്ഞാനം നല്‍കാന്‍ ഒരു മിഷണറി ഇന്ത്യയിലെത്തി.  ഇന്ത്യയിലെ ജനങ്ങളോ?  “പ്രേതത്തെ,മരങ്ങളെ,ക്കല്ലിനെ,പ്പൂജിയ്‌ക്കുവോര്‍, പൂതനീശനെച്ചൊല്ലി ജന്തുഹിംസയെച്ചെയ് വോര്‍, സ്വന്തസോദരങ്ങളെയാട്ടിയോടിപ്പോര്‍, ചെറുപെണ്‍കിടാങ്ങളെബ്ബലാല്‍ക്കല്യാണം കഴിയ്ക്കുവോര്‍, ക്ഷുദ്രന്മാര്‍, നികൃഷ്ടരോഗാര്‍ത്തന്മാര,ബോധാന്ധ്യമഗ്ന”രായ ഹൈന്ദവരും.  കാര്യം എളുപ്പമായല്ലോ.  സായിപ്പ് പള്ളിയും പള്ളിക്കൂടവും ആശുപത്രിയും പണിത് ഈശോയുടെ കാരുണ്യത്തേക്കുറിച്ച് പ്രഭാഷണവും തുടങ്ങി.  എന്നിട്ടോ?  “ജന്മിയും ഗവര്‍മ്മേണ്ടും നിര്‍ദ്ദയം പിഴിഞ്ഞൂറ്റിയിമ്മഹാ ദാരിദ്ര്യത്തില്‍ മൂക്കോളം മുഴുകിയോര്‍, അജ്ഞന്മാ,രനാചാരഭൂതത്താലാവിഷ്ടന്മാ,രല്‍പ്പന്മാര്‍, കള്ളക്കേസിലുള്ളതും തുലയ്ക്കുവോര്‍, വൃത്തികെട്ടവര്‍, മടിയുടലാര്‍ന്നവര്‍, നഷ്ടസത്തന്മാ,രടിമകള്‍, കൊള്ളാത്തോര്‍, പേടിത്തൊണ്ടര്‍, എങ്കിലു,മിവരുടെ ജീവിതച്ചോട്ടില്‍ ഭംഗുരമല്ലാതെന്തോ കണ്ടെത്തീ മിഷണറി.”  അത് അന്വേഷിച്ച് അയാള്‍ ഇറങ്ങിനടക്കാന്‍ തുടങ്ങി.  അവര്‍ രാവിലെ ഹരിനാമകീര്‍ത്തനം കേള്‍ക്കുന്നു, ഉച്ചയ്ക്ക് രാമായണം കേള്‍ക്കുന്നു, രാത്രി ശ്രീകൃഷ്ണചരിതം കേള്‍ക്കുന്നു.  “ക്ഷാമവും രോഗങ്ങളും ദു:ഖവുമജ്ഞാനവും പ്രേമരൂപനാമീശന്‍ കല്‍പ്പിച്ചതെന്നായ് നണ്ണി, കര്‍മ്മത്തില്‍ വിശ്വാസമാ,ര്‍ന്നിനിയുണ്ടാകും ജന്മം നന്നാമെന്നോ,ര്‍ത്തൊക്കെയുമെന്നെന്നും പൊറുക്കുക, അല്‍പ്പത്താല്‍ സന്തോഷിയ്ക്കു,കല്ലലില്‍ക്കുലുങ്ങായ്ക, ആര്‍ഷഭാരതസംസ്കാരമിതാശ്ചര്യമേറ്റീ സായ്പില്‍.”  അസംതൃപ്തരെ സംഘടിപ്പിയ്ക്കാന്‍ നിയോഗിയ്ക്കപ്പെട്ട സായിപ്പ് അങ്ങനെയുള്ളവരെ കണ്ടെത്താന്‍ കഴിയാതെ ദൌത്യം അവസാനിപ്പിച്ച് മടങ്ങിപ്പോയി.

സായിപ്പിന്‍െറ കാര്യം പറയുമ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മ വരുന്നുണ്ട്.  കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍െറ കൂട്ടുകാരന്‍ വേണുവിന് ഒരു ജര്‍മ്മന്‍ അതിഥിയുണ്ടായിരുന്നു.  ക്ലൌസ് വെന്‍റ്.  ഇന്ത്യയില്‍ കുറേ ചുറ്റിക്കറങ്ങിയ ശേഷം ബോംബെയിലെത്തിയതായിരുന്നു മറ്റു രണ്ടു കൂട്ടുകാരോടൊപ്പം അയാള്‍.  സാധാരണ വിദേശികളേപ്പോലെത്തന്നെ പാമ്പാട്ടികളുടേയും ദുര്‍മ്മന്ത്രവാദികളുടേയും ദരിദ്രനാരായണന്മാരുടേയും നാട് എന്നു കേട്ടായിരുന്നു വരവ്.  ഇന്ത്യയില്‍ ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും ആകര്‍ഷിച്ച കാഴ്ചയെന്താണെന്ന് വേണു അയാളോട് അന്വേഷിച്ചു.  മറുപടി ഇങ്ങനെ:  ഇന്ത്യയില്‍ ദാരിദ്ര്യമുണ്ട്.  കീറിപ്പറിഞ്ഞ ഉടുപ്പുകളില്‍ത്തന്നെ അത് പ്രകടമാണ്.  പക്ഷേ ഒരു ചെറിയ തീക്കുണ്ഡമുണ്ടാക്കി അതിനു ചുറ്റും കുന്തിച്ചിരുന്നു ചായ നുണയുന്ന അവരുടെ മുഖത്തു തെളിയുന്ന സംതൃപ്തിയും സന്തോഷവും ഞാന്‍ യൂറോപ്പില്‍ ഒരിയ്ക്കലും കണ്ടിട്ടില്ല.  കല്‍ക്കത്തയിലെ പൈപ്പിനു താഴെ പല്ലു തേപ്പും കുളിയും നടത്തുന്നവരുടേയും  ലഖ്നോവില്‍ അല്‍പ്പവസ്ത്രധാരികളായി തണുപ്പില്‍ ചൂളുന്നവരുടേയും മുഖത്തു തെളിയുന്ന സംതൃപ്തിയുടെ രഹസ്യം മനസ്സിലാവുന്നേയില്ല.  ബോംബെയിലെ പ്രഭാതങ്ങളില്‍ പീടികത്തിണ്ണയില്‍ ഉറക്കമെഴുന്നേറ്റ് ബീഡിയും വലിച്ചിരിയ്ക്കുന്നവരുടെ മുഖത്തെ ശാന്തതയുടെ യുക്തിയും മനസ്സിലാവുന്നില്ല.  യൂറോപ്പിലുള്ള ഞാന്‍ ഇങ്ങനെയുള്ള ഒരു നിമിഷത്തിനു വേണ്ടി എന്തും ത്യജിയ്ക്കാന്‍ തയ്യാറാണ്.  പടിഞ്ഞാറന്‍ നാടുകളില്‍ ഇത്തരം കറകളഞ്ഞ സന്തോഷം ആരുടെ മുഖത്തും ഞാന്‍ കണ്ടിട്ടില്ല.  പാരീസിലെ പ്രസിദ്ധമായ ബിയര്‍ പാര്‍ലറുകളില്‍ ഒരുപാടു മദ്യപിച്ചവര്‍ ഒരുപക്ഷേ ഇങ്ങനെ സന്തോഷിയ്ക്കുന്നതു കണ്ടേയ്ക്കാം.  അതെ; യൂറോപ്പുകാര്‍ക്ക് കടുത്ത മദ്യലഹരിയിലേ ഇതിനടുത്ത ഒരവസ്ഥ സ്വപ്നം കാണാന്‍ പോലും പറ്റൂ.

ജീവിതത്തെ ഇത്രമേല്‍ അനാസക്തരായി കാണുന്ന ഒരു ജനത ഇന്ത്യയിലല്ലാതെ വേറെ എവിടെയും ഉള്ളതായി അറിവില്ല.  ഉള്ളതെന്തായാലും അതില്‍ സംതൃപ്തി കണ്ടെത്താനുള്ള വഴി പുസ്തകം വായിച്ച് ഉണ്ടാക്കിയെടുത്തതല്ല.  വേദാന്തികള്‍ കാലങ്ങളോളം പഠിച്ചും പരീക്ഷിച്ചും പരിശീലിച്ചും ഉണ്ടാക്കിയെടുക്കുന്ന ദാര്‍ശനികത്വം അവര്‍ അതൊന്നും കൂടാതെ അനായാസമായി ആര്‍ജ്ജിച്ചെടുത്തിട്ടുണ്ട്.  ആ കഴിവാണ് സര്‍വ്വേയില്‍ നമ്മളെ മുന്‍പന്തിയിലാക്കിയത്.  

റോഡ് ദ്വീപിലെ ബ്രൌണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. മൈക്കേല്‍ ടിബ്ബ്സിന്‍െറ നേതൃത്വത്തിലാണ് സര്‍വ്വേ നടന്നത്.  ഓരോ രാജ്യത്തുനിന്നും നൂറു പേരെ തിരഞ്ഞെടുത്തായിരുന്നു സര്‍വ്വേ.  ഇന്ത്യയില്‍ അവരില്‍ 98 പേരും സന്തോഷത്തിന്‍െറ അളവ് 10-ല്‍ 10 എന്നാണത്രേ രേഖപ്പെടുത്തിയത്.  അതില്‍ ഒരാള്‍ 11 എന്നും.  മറ്റൊരാള്‍ താന്‍ സന്തോഷം കൊണ്ട് മരിച്ചുപോവും എന്നും പറഞ്ഞുപോല്‍!  പലരും ദൈവം തന്നെ രക്ഷിയ്ക്കും എന്നുറപ്പിയ്ക്കുമ്പോള്‍ അവരിലൊരാള്‍ തന്‍െറ രക്ഷകനായി കണ്ടത് മഹേന്ദ്രസിങ്ങ് ധോണിയെ ആണത്രേ.  അത്രത്തോളം വായിച്ചപ്പോള്‍ അറിയാതെ ‘പാവം’ എന്നു പറഞ്ഞുപോയി.

അപ്പോള്‍ സുഗതകുമാരിയുടെ ‘പാവം മാനവഹൃദയം’  ഓര്‍മ്മ വരികയും ചെയ്തു.  “ഒരു താരകയെ കാണുമ്പോഴതു രാവു മറക്കും, പുതുമഴ കാണ്‍കെ വരള്‍ച്ച മറക്കും, പാല്‍ച്ചിരി കണ്ടതു മൃതിയെ മറന്നു സുഖിച്ചേ പോകും” എന്നാണല്ലോ അവര്‍ പറഞ്ഞത്.

സുഗതകുമാരി പറഞ്ഞത് ആഗോളമാനവന്‍െറ കാര്യമാണ്.  എന്‍. വി.യുടെ മിഷണറി കണ്ടെത്തിയത് ഇന്ത്യക്കാരന്‍െറ മനസ്സാണ്.  ജര്‍മ്മന്‍ സായിപ്പിനെ അത്ഭുതപ്പെടുത്തിയതും അതുതന്നെ.  ഇന്തൊനേഷ്യക്കാരുടേയും മെക്സിക്കോക്കാരുടേയും സന്തോഷത്തിന് മാറ്റു കൂട്ടുന്നത് സാങ്കേതികസൌകര്യങ്ങളാവാം.  ഇവിടെയോ?  കുടിവെള്ളം നാഴികകള്‍ക്കപ്പുറത്തുനിന്ന് ഏറ്റിക്കൊണ്ടുവരുന്നവരാണ് ഇന്ത്യക്കാര്‍.  എന്നിട്ടും സന്തോഷത്തിന് ഒരു കുറവുമില്ല താനും.  അപ്പോള്‍ അത് ചില്ലറ അനുഗ്രഹമൊന്നുമല്ല എന്നു തീര്‍ച്ച.

അതുകൊണ്ട് ആ അപൂര്‍വ്വസൌഭാഗ്യത്തിന്‍െറ പേരില്‍ നമുക്ക് കൂടതല്‍ സന്തോഷിയ്ക്കാം, അല്ലേ?