2012, ഓഗസ്റ്റ് 15, ബുധനാഴ്‌ച

സ്‌നേഹം പ്രകടിപ്പിയ്ക്കാനുള്ള വഴികള്‍

                            

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് 'മംഗള'ത്തില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. ഹസ്തദാനം കാലഹരണപ്പെട്ടതായി ബ്രിട്ടനിലെ പുതുതലമുറ വിശ്വസിയ്ക്കുന്നുവത്രേ.  സ്‌നേഹപ്രകടനത്തിന് പുതിയ വഴികള്‍ തേടിക്കൊണ്ടിരിയ്ക്കുകയാണ് അവര്‍ എന്ന് വാര്‍ത്ത തുടരുന്നു.

വാര്‍ത്ത വായിച്ച ഉടനെ ഓര്‍ത്തുപോയത് പ്രതാപക്കുറുപ്പിനെയാണ്.  നിങ്ങളറിയില്ലല്ലോ ശ്രീമാന്‍ കുറുപ്പിനെ?  ഹസ്തദാനം അങ്ങേര്‍ക്ക് ഒരു ഹരമാണ്.  കൈപ്പിടുത്തം  വിട്ടൊരു കളിയില്ല.  ഒരാളെ ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും കണ്ടാല്‍ അപ്പോഴും പിടിയ്ക്കും. അതും സഹിയ്ക്കാമെന്നു വെയ്ക്കുക.  പ്രശ്‌നം അതല്ല.  ഒരിയ്ക്കല്‍ പിടിച്ചാല്‍പ്പിന്നെ അത്ര എളുപ്പം നമ്മുടെ കൈ വിട്ടുതരില്ല മൂപ്പര്‍.  കൈ പിന്‍വലിയ്ക്കുന്നത് സൗഹൃദലംഘനമാവുമോ എന്നു പേടിച്ച് ഞാന്‍ കുറച്ചു നേരം വലത്തെ കയ്യിനേക്കുറിച്ച് മറക്കുകയാണ് പതിവ്. ഒരിയ്ക്കല്‍ ചെറിയ ഒരു സൂത്രം പ്രയോഗിച്ചു നോക്കി.  ചൊറിയാനാണെന്ന ഭാവത്തില്‍  പതുക്കെ പ്രതാപക്കുറുപ്പിന്റെ കൈ വിടുവിച്ച് മൂക്കില്‍ ഒന്നു മാന്തി.  പക്ഷേ കാര്യമുണ്ടായില്ല.  മൂക്കില്‍നിന്നു വിട്ട ഉടനെ ആ ദ്രോഹി വീണ്ടും എന്റെ കൈയില്‍ കേറിപ്പിടിച്ചു.  അതോടെയാണ് ഒരടവും പ്രതാപക്കുറുപ്പിനോടു ഫലിയ്ക്കില്ലെന്ന് എനിയ്ക്കുറപ്പായത്.

അതിനെന്താ, അയാള്‍ കുറച്ചുനേരം കൈപിടിച്ചോട്ടെ എന്നാവും നിങ്ങള്‍ പറയുന്നത്.  എന്താ, ഈ ഹസ്തദാനം അത്ര നിരുപദ്രവമാണെന്നു കരുതുന്നുണ്ടോ?  എങ്കില്‍ പത്രവാര്‍ത്തയുടെ ഈ ഭാഗം കൂടി വായിയ്ക്കുക:   ''ഹസ്തദാനത്തിനെതിരായ നീക്കത്തിന് ശാസ്ത്രജ്ഞരുടെ പിന്തുണയുമുണ്ട്.  മനുഷ്യകരങ്ങളില്‍ നൂറ്റമ്പതില്‍പ്പരം ബാക്റ്റീരിയകളാണുള്ളത്.  കൈകൊടുക്കുമ്പോള്‍ ഇവ പകരും.  ബ്രിട്ടീഷ് ജനതയില്‍ 42 ശതമാനം ഹസ്തദാനത്തെ വെറുക്കുന്നവരാണെന്നാണ് സര്‍വേ ഫലം.''  

ഇതു വായിച്ചതോടെ ഞാന്‍ അസ്തപ്രജ്ഞനായി.  ഈ നൂറ്റമ്പതു ബാക്റ്റീരിയകളെ എന്റെ കൈകളിലേയ്ക്കു പകര്‍ത്താന്‍ വേണ്ടിയാണോ കുറുപ്പിത്ര നേരം കൈവിടാതെ പിടിയ്ക്കുന്നത്? നൂറ്റമ്പതെണ്ണത്തിനും പകരാന്‍ കുറച്ചു സമയം വേണ്ടിവരുമല്ലോ.  മുഴുവന്‍ പകര്‍ന്നു കഴിഞ്ഞിട്ടില്ലെന്നറിഞ്ഞതുകൊണ്ടാവും മൂക്കു മാന്തിക്കഴിഞ്ഞ ഉടനെ അയാള്‍  എന്റെ കൈയില്‍ വീണ്ടും പിടികൂടിയത്.  ഒരു വിറയല്‍ എന്റെ ഉടലിലൂടെ കടന്നുപോയി.

എന്തിനാണ് ശ്രീമാന്‍ കുറുപ്പ് സ്വന്തം കീടാണുക്കളെ എന്നിലേയ്ക്കു പകര്‍ത്താന്‍ ശ്രമിയ്ക്കുന്നത്?  എനിയ്ക്കു മനസ്സിലാവുന്നില്ല.  കീടാണുക്കളെ അല്ലെങ്കിലേ എനിയ്ക്കു പേടിയാണ്. നിങ്ങളും കണ്ടിട്ടുണ്ടാവുമല്ലോ ടെലിവിഷനില്‍ ആനയോളം വലിപ്പമുള്ള കീടാണുക്കളെ.  അവയെ കണ്ടതിനു ശേഷമാണ് ഞാന്‍ കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റും ബ്രഷും ഉപയോഗിയ്ക്കാന്‍ തുടങ്ങിയത്.  രണ്ടു നേരവും വിസ്തരിച്ച് പല്ലുതേയ്ക്കും.  പക്ഷേ ഇനി അതുകൊണ്ടു വല്ല ഫലവുമുണ്ടോ?  പല്ലിന്നിടയില്‍ ഇല്ലെങ്കിലും എന്റെ കൈനിറയെ  ഉണ്ടാവില്ലേ പ്രതാപക്കുറുപ്പിന്റെ കീടാണുക്കള്‍?

പത്രവാര്‍ത്ത വായിച്ചതോടെ ഹസ്തദാനത്തെയും പ്രതാപക്കുറുപ്പിനേയും ഒരുപോലെ വെറുത്തു തുടങ്ങി ഞാന്‍.  മാത്രമല്ല കുറുപ്പിനെ കാണുന്ന ദിവസമൊക്കെ വീട്ടില്‍ മടങ്ങിയെത്തിയാല്‍ ഉടനെ വിസ്തരിച്ച് കൈ ഡെറ്റോള്‍ സോപ്പിട്ടു കഴുകാനും തുടങ്ങി.  ഡെറ്റോള്‍ മതിയാവുമെന്നു വെച്ചിട്ടല്ല.  അതിലും വിശേഷപ്പെട്ട വല്ല സോപ്പുമുണ്ടോ എന്ന് അറിയാത്തതിനാലാണ്.  മുമ്പൊരിയ്ക്കല്‍ ഏ. കെ. ആന്റണി മുഖ്യമന്ത്രിയായിരിയ്ക്കുമ്പോള്‍  വിശേഷപ്പെട്ട ഒരു സോപ്പിനേപ്പറ്റി കേട്ടിരുന്നു.  അക്കാലത്ത് ദിവസം പന്ത്രണ്ടു പ്രാവശ്യം കൈകള്‍ സോപ്പിട്ടു കഴുകണം എന്ന് ആരോഗ്യവകുപ്പ് ഒരു തിട്ടൂരമിറക്കി. 48 കോടി ഉറുപ്പികയുടെ ബൃഹത്പദ്ധതിയായിരുന്നു അത്. കൈകഴുകല്‍ പദ്ധതി എന്നായിരുന്നു പേര്. പ്രൊക്റ്റര്‍ ആന്‍ഡ് ഗാംബ്ള്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഹിന്ദുസ്താന്‍ ലിവര്‍ എന്നീ കമ്പനികളുടെ പിന്തുണയോടെയാണ് പദ്ധതി രൂപപ്പെടുത്തിയത്.  അവരുണ്ടാക്കുന്ന സോപ്പുകള്‍ കൊണ്ടു  വേണം കൈകഴുകാന്‍.  സോപ്പ് ഇറങ്ങുന്നതും കാത്തിരിയ്ക്കുകയായിരുന്നു ഞാന്‍.  അപ്പോഴാണ് ആ വൃത്തികെട്ട പുരോഗമനക്കാര്‍ ചാടിവീണത്.  പദ്ധതിയില്‍ ആരോഗ്യമന്ത്രിയ്ക്ക് കമ്മീഷനുണ്ടു പോലും.  പിന്നെ എന്തുണ്ടായി? പദ്ധതി അലസിപ്പോയി, അത്രതന്നെ. അല്ലെങ്കിലും ഇവിടെ ഒരു നല്ല കാര്യവും നടപ്പാക്കാന്‍ സമ്മതിയ്ക്കുകയില്ലല്ലോ പുരോഗമനക്കാര്‍. എന്തെങ്കിലും പുതിയതൊന്നു കണ്ടാല്‍ ഉടനെ തുടങ്ങുകയായി എതിര്‍വാദങ്ങള്‍.  അമേരിക്കന്‍ സാമ്രാജ്യത്വം, ബഹുരാഷ്ട്രക്കുത്തക, ലോകബാങ്ക്, ഏഡീബി തുടങ്ങിയ സ്ഥിരം മുദ്രാവാക്യങ്ങള്‍ തന്നെ. ശകുനം മുടക്കികള്‍! നേരെ പ്രതാപക്കുറുപ്പിന്റെ മുന്നിലേയ്ക്കിട്ടു കൊടുക്കുകയാണ് വേണ്ടിയിരുന്നത്.  എങ്കില്‍ അറിഞ്ഞേനെ വിവരം.

അല്ലെങ്കില്‍ കൈ തന്നെ കൊടുക്കണമെന്ന് ആര്‍ക്കാണിത്ര നിര്‍ബ്ബന്ധം?  സ്‌നേഹം പ്രകടിപ്പിയ്ക്കാന്‍ വേറെ എന്തൊക്കെയുണ്ട് വഴികള്‍? അഭിവാദ്യം ചെയ്യുന്ന പോലെ മുഷ്ടി ചുരുട്ടിക്കാട്ടാം. പല്ലു മുഴുവന്‍ പുറത്തുകാണിച്ച് ചിരിയ്ക്കാം.  നെറ്റിയിലേയ്ക്ക് വലതു കൈ ഉയര്‍ത്തി സലാം വെയ്ക്കാം. നേര്‍ക്കുനേര്‍ നിന്ന് കൈകൂപ്പാം.  ഇതിലൊന്നും ബാക്റ്റീരിയയുടെ പ്രശ്‌നമേ വരുന്നില്ലല്ലോ. മാത്രമല്ല കൈകൂപ്പല്‍ തികച്ചും ഭാരതീയവുമാണ്.  ആര്‍ഷഭാരതസംസ്‌കാരത്തിന്റെ ഉത്തമപ്രതീകം! വെറുതെ ഒന്നോര്‍ത്തപ്പോള്‍ത്തന്നെ ദേഹമാസകലം ഒരു കോരിത്തരിപ്പുണ്ടായി.   ടി സംസ്‌ക്കാരം പ്രചരിപ്പിയ്ക്കാന്‍ ഉത്സാഹം കാണിയ്ക്കുന്ന ഭാജപ ഭരിയ്ക്കുമ്പോഴെങ്കിലും അത് നിര്‍ബ്ബന്ധമാക്കേണ്ടതായിരുന്നു. കഷ്ടമായിപ്പോയി.

കൈകൂപ്പല്‍ കൊണ്ട് എന്തെല്ലാം ഗുണങ്ങളുണ്ടെന്ന് വല്ല അറിവുമുണ്ടോ നിങ്ങള്‍ക്ക്? ഇല്ലെങ്കില്‍ പറഞ്ഞുതരാം.  സ്‌നേഹം പ്രകടിപ്പിയ്ക്കുന്നവര്‍ക്ക് പരസ്പരം തൊടേണ്ട കാര്യമില്ല.  ബാക്റ്റീരിയ പകരില്ല എന്നതു മാത്രമല്ല അതിന് ഒരു ശാസ്ത്രീയവശവുമുണ്ട്.  കൈപിടിയ്ക്കുമ്പോള്‍ പരസ്പരം എനര്‍ജിയും പകരുമത്രേ.  എതിരെയുള്ളവന്‍  എത്രതന്നെ നെഗറ്റീവ് എനര്‍ജിക്കാരനാണെങ്കിലും അതത്രയും നള്ളിഫൈ ചെയ്യാനുതകുമത്രേ നമ്മുടെ കൈകൂപ്പല്‍.  അതൊക്കെ വിട്ടാണ് നമ്മള്‍ ഹസ്തദാനം പഠിച്ചത്.  അതും ബ്രിട്ടീഷുകാരുടെ കയ്യില്‍നിന്ന്.  

സര്‍ വാള്‍ട്ടര്‍ റലേഗ് എന്ന ബ്രിട്ടീഷുകാരന്‍ ആണത്രേ ഇംഗ്ലണ്ടില്‍ ഹസ്തദാനത്തിനു പ്രചാരം നല്‍കിയത്. പതിനാറാം നൂറ്റാണ്ടില്‍ ആണത്. ബ്രിട്ടീഷുകാര്‍ വന്ന് ഭരണം തുടങ്ങിയതോടെ  നമ്മളും അതേറ്റെടുത്തു. കൈകൂപ്പുന്ന പതിവു നിര്‍ത്തി.  അതുകൊണ്ട് വലിയ   തരക്കേടൊന്നുമുണ്ടായിട്ടല്ല.  പ്രതാപക്കുറുപ്പിനേപ്പോലുള്ള ഹസ്തദാനക്കാരുള്ളതുകൊണ്ടാണ് ഇതിത്ര അപകടമായത്. സായിപ്പന്മാര്‍ ചെയ്താല്‍ എന്തും  കേമം എന്നാണല്ലോ നമുക്ക്.  എന്നാല്‍ സായിപ്പിന്റെ വല്ല ഗുണങ്ങളും പകര്‍ത്തിയോ?  അതൊട്ടുണ്ടായതുമില്ല.  ഹസ്തദാനം കയ്യോടെ സ്വീകരിച്ചു.

അപ്പോഴാണ് ഹസ്തദാനം ബ്രിട്ടനില്‍ അണ്‍പോപ്പുലര്‍ ആവുന്നത്. ഇനി ബ്രിട്ടീഷുകാര്‍ നടപ്പിലാക്കാന്‍ പോവുന്നത് ആലിംഗനമാണത്രേ.  സര്‍വ്വമാനകെട്ടിപ്പിടുത്തം.  ഇതു ഭാരതീയമല്ല; നമുക്കിതു വേണ്ട എന്നു പറയുന്നവര്‍ മഹാഭാരതം വായിച്ചുനോക്കണം.  നമ്മുടെ ധൃതരാഷ്ട്രര്‍ ഭീമസേനനെ കെട്ടിപ്പിടിച്ച വിധം ആര്‍ക്കാണറിയാത്തത്! ആലിംഗനത്തിനു തയ്യാറായി കൈകള്‍ നീട്ടിനില്‍ക്കുകയായിരുന്നു കൗരവപിതാവ്. ആളെ നല്ലവണ്ണം അറിയാവുന്ന ഭഗവാന്‍ കൃഷ്ണന്‍ പകരം ഒരു ഉരുക്കുപ്രതിമയെ മുന്നിലേയ്ക്കു നീക്കി വെച്ചുകൊടുത്തതുകൊണ്ടു മാത്രമാണ് എം. ടി.യ്ക്കു 'രണ്ടാമൂഴ'മെഴുതാന്‍ ഭീമസേനന്‍ ബാക്കിയായത്.  അല്ലെങ്കില്‍ നോവല്‍ പകുതിയാവുമ്പോഴേയ്ക്കും തീര്‍ന്നുപോയേനെ.  

ധൃതരാഷ്ട്രാലിംഗനം എന്ന് പുകള്‍പെറ്റ ഈ രീതി നയതന്ത്രബന്ധങ്ങളില്‍ നമുക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്.  അത് ബിട്ടീഷുകാരോടു തന്നെയാവാം ആദ്യം.  ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് ആലിംഗനമാണ്  പത്ഥ്യമെന്നു കേള്‍ക്കുന്നുണ്ട്.  അതു നന്നായി.  ഇനി  ഡേവിഡ്  കാമറൂണ്‍  ചിരിച്ചുകൊണ്ട് ഇന്ത്യയില്‍ വരുമ്പോള്‍  നമുക്ക് നമ്മുടെ പ്രധാനമന്ത്രിയെ മുന്നിലേയ്ക്കു നീക്കിനിര്‍ത്താം.  ഒരു ബലാബലം.  ആര്‍ക്കാണ് ആരോഗ്യമെന്നു നോക്കാമല്ലോ.    

എന്തൊക്കെയായാലും ബ്രിട്ടനില്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുകയാണ്.  ഹസ്തദാനാലിംഗനചിന്തകളില്‍പ്പെട്ട് അവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിയ്ക്കുന്നു പോല്‍.   അവരില്‍ 52 ശതമാനവും ഹസ്തദാനത്തിന് ബദല്‍ കണ്ടെത്താന്‍ ശ്രമിയ്ക്കുകയാണത്രേ.  ആലിംഗനപദ്ധതിക്കാരെ ആകര്‍ഷിച്ചത് ടെലിവിഷന്‍ പരിപാടികളാണെന്നാണ് പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. ജാനേ മകാര്‍ട്ണിയുടെ അഭിപ്രായം.  അതു ശരിയാവാന്‍ വഴിയുണ്ട്.  അത് ആലിംഗനത്തിലൊന്നും നിന്നെന്നു വരില്ല.  ഈയിടെ നമ്മുടെ ഒരു പ്രശസ്തഗായികയെ ഒരു ഹിന്ദി നടന്‍ എടുത്തുപൊക്കി നൃത്തം ചെയ്തതും കേരളത്തിലെ സൂപ്പര്‍ താരങ്ങള്‍ അത് അസൂയയോടെ നോക്കിനിന്നതും നാം കണ്ടതാണല്ലോ.  പാവങ്ങള്‍, അവര്‍ക്കും മോഹമില്ലാഞ്ഞിട്ടല്ലല്ലോ.  പിന്നെയാണോ സാധാരണക്കാരായ നമ്മുടെ കാര്യം.  നടികളെയൊക്കെ ആലിംഗനത്തിനു കിട്ടുന്നത് ചില്ലറക്കാര്യമാണോ?  

ബ്രിട്ടനിലെ കാര്യം പക്ഷേ അങ്ങനെയല്ല.  ആലിംഗനം തന്നെ വേണമെന്ന് എല്ലാവര്‍ക്കും നിര്‍ബ്ബന്ധമില്ലത്രേ.  മാത്രമല്ല വാണിജ്യലോകത്തെ 87% ആളുകളും ഹസ്തദാനം തുടരണമെന്ന അഭിപ്രായക്കാരാണത്രേ.  അതില്‍ ബഹുരാഷ്ട്രഭീമന്‍  കോള്‍ഗേറ്റിന്റെ കൈയുണ്ടോ എന്ന് പുരോഗമനക്കാര്‍ തന്നെ അന്വേഷിയ്ക്കട്ടെ.

എന്തൊക്കെയായാലും ഇക്കാര്യത്തില്‍ അഭിപ്രായസമന്വയം അത്യാവശ്യമാണ്.  എന്തെങ്കിലും ഒന്നില്ലെങ്കില്‍ സായിപ്പന്മാര്‍  എങ്ങനെയാണ്  സ്‌നേഹം പ്രകടിപ്പിയ്ക്കുക?  ഒന്നുകില്‍ ഹസ്തദാനം.  അല്ലങ്കില്‍ ആലിംഗനം.  ചിലര്‍ക്ക് രണ്ടും നിഷിദ്ധമാണെങ്കിലോ?  മൂന്നാമതൊരു വഴി വേണ്ടേ?

അപ്പോഴാണ് ചുംബനവാദികള്‍ വരുന്നത്.  അതിനും കണക്കുണ്ട് സര്‍വ്വേക്കാര്‍ക്ക്.  ചുംബനം പത്ഥ്യമായവര്‍  പതിനാറു ശതമാനമാണത്രേ.  കൈകള്‍ വഴി തന്നെ 150 എങ്കില്‍ കവിളും ചുണ്ടും വഴി എത്ര കീടാണുക്കളാണാവോ പകരുക.  അതിന് ഏതായാലും ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ഒന്നും തന്നെ കണ്ടില്ല. ആനയോളം വലിപ്പമുള്ള കീടാണുക്കളെ കാണിച്ചു പേടിപ്പിയ്ക്കുന്നവര്‍ക്ക് അതിനും വലിയ വിരോധമുണ്ടാവാന്‍ വഴിയില്ല.  നേരെ വായിലേയ്ക്കാണല്ലോ കീടാണുപ്രവേശം.  രണ്ടെങ്കില്‍ രണ്ടു ട്യൂബ് ടൂത്ത്‌പേസ്റ്റ് കൂടുതല്‍ ചെലവായാല്‍ കോള്‍ഗേറ്റ് കമ്പനിയ്ക്ക് കൈയ്ക്കില്ലല്ലോ.  പക്ഷേ ഇന്ത്യയില്‍ ചുംബനം അത്ര വ്യാപകമായി പ്രചരിയ്ക്കാന്‍ സാദ്ധ്യത കുറവാണ്.  അല്ലെങ്കില്‍ത്തന്നെ പീഡനവാര്‍ത്തകള്‍ കൊണ്ട് പത്രത്തില്‍ സ്ഥലമില്ലാതായിട്ടുണ്ട്.  പോലീസുകാര്‍ക്കും ഈയിടെയായി ഇരിക്കപ്പൊറുതി ഇല്ല. പോരാത്തതിന് രാമായണത്തിലും മഹാഭാരതത്തിലുമൊന്നും ചുംബനത്തേക്കുറിച്ച് ഒരു പരാമര്‍ശവുമില്ല താനും. ബ്രിട്ടീഷുകാരോളം പുരോഗമിച്ചിട്ടുമില്ലല്ലോ ഇന്ത്യക്കാര്‍.  

ബ്രിട്ടീഷുകാരുടെ കാര്യം രസമാണ്.  അവര്‍ വെറുതെയിരിയ്ക്കില്ല.  എല്ലാത്തിനുമുണ്ട് കണക്കുകള്‍.  അവിടെ  ഏറ്റവും കൂടുതല്‍ ഹസ്തദാനം ചെയ്തിട്ടുള്ളത് എലിസബത്ത് രാജ്ഞിയാണത്രേ.  ഇക്കാലത്തിനിടയ്ക്ക് അവര്‍ അമ്പതു ലക്ഷം ഹസ്തദാനങ്ങള്‍ നടത്തിയിട്ടുണ്ടു പോല്‍.  കണക്കു കേട്ട് കിടുങ്ങിപ്പോയി. ഈ ഹസ്തദാനങ്ങള്‍ കഴിഞ്ഞിട്ട് അവര്‍ക്ക് മറ്റു വല്ലതിനും സമയം കിട്ടിയിരിയ്ക്കുമോ?  അതു പോട്ടെ.  ഒരു കൈയില്‍നിന്ന് 150 വെച്ച് എത്ര ബാക്റ്റീരിയകള്‍ അവര്‍ ഏറ്റുവാങ്ങിയിട്ടുണ്ടാവും? അത് ആരോഗ്യത്തിന് ഹാനികരമാണെങ്കില്‍ അവര്‍ എന്നേ സിദ്ധികൂടിയിരിയ്ക്കണം. എണ്‍പത്താറു വയസ്സായല്ലോ അവര്‍ക്കിപ്പോള്‍.   അഥവാ ഇനി അതാണോ അവരുടെ ആരോഗ്യത്തിന്റെ രഹസ്യം?  ബ്രിട്ടനിലെ സര്‍വ്വേക്കാര്‍ അക്കാര്യവും കണ്ടെത്തുമെന്ന് നമുക്ക് ആശിയ്ക്കാം.

ഇത്ഥമോരോന്നു ചിന്തിച്ചുചിന്തിച്ചു നടക്കുമ്പോള്‍, അതാ എതിരെ വരുന്നു പ്രതാപക്കുറുപ്പ്.  മുഖത്തെ ചിരി കണ്ടാല്‍ മനസ്സിലാക്കാം, മൂപ്പര്‍ എന്നെ കണ്ടുകഴിഞ്ഞിരിയ്ക്കുന്നു. ഇപ്പൊഴേ വലതു കൈ നീട്ടിപ്പിടിച്ചിരിയ്ക്കുകയാണ്. ഇനി ഏതെങ്കിലും ഊടുവഴിയിലേയ്ക്ക് മാറിപ്പോവാനുള്ള സാവകാശം പോലുമില്ല.  

മുഖത്ത് ഒരു ചിരി ഫിറ്റു ചെയ്ത് മുന്നോട്ടു നടക്കുമ്പോള്‍ ഞാന്‍ ഗാഢമായി ചിന്തിച്ചു:  എങ്ങനെയാണ് മൂപ്പരെ കൈകാര്യം ചെയ്യേണ്ടത്? കൈ നീട്ടാതെ നിന്ന് ഹസ്തദാനത്തിന്റെ ദൂഷ്യഫലങ്ങളേക്കുറിച്ചുള്ള 'മംഗള'വാര്‍ത്തയേപ്പറ്റി പറയണോ?  അപ്പോള്‍ ബദല്‍ ഇനമായ ആലിംഗനം മൂപ്പര്‍ എന്നില്‍ പ്രയോഗിച്ചേയ്ക്കും.  വെറും കൈപ്പടത്തില്‍ത്തന്നെ 150 രോഗബീജാണുക്കളുണ്ടെങ്കില്‍ ആ മുഴുവന്‍ദേഹത്തിലോ?  അതു വേണ്ട തീര്‍ച്ച.  അപ്പോള്‍ രണ്ടാമത്തെ ബദലായ ചുംബനം .... ശിവശിവ! അതു വയ്യേവയ്യ.

കുറുപ്പ് അടുത്തെത്തിയതും ഹസ്തദാനത്തിനായി ഞാന്‍ കൈനീട്ടി.

*******************************************************************************