2012, ഡിസംബർ 19, ബുധനാഴ്‌ച


                                                ചെരിപ്പുകടയിലെ ജോസുമാര്‍ 

തൃശ്ശൂരില്‍ തെക്കേ റൗണ്ടില്‍ ഒരു ചെരിപ്പു കടയുണ്ട്.  'സി. ആര്‍. ജോസഫ്് ലെതര്‍ മെര്‍ച്ചന്റ്‌സ്'.  കഴിഞ്ഞ ഇരുപത്താറു കൊല്ലമായി ചെരിപ്പു വാങ്ങാന്‍ ഞാന്‍ ആ കടയിലേയ്ക്കാണ് ചെല്ലാറുള്ളത്.  അവിടത്തെ ഒരു സെയില്‍സ്മാനാണ് എന്നെ ആ കടയിലേയ്ക്കു പിടിച്ചു വലിയ്ക്കുന്നത്.  കയറിച്ചെല്ലുമ്പോഴേയ്ക്കും അടുത്തേയ്ക്കു വരുന്നതു കണ്ടാല്‍ അയാള്‍ നമ്മളെ കാത്തിരിയ്ക്കുകയാണെന്നു തോന്നും.  ചെന്ന ഉടനെ സ്റ്റൂളില്‍ ഇരുത്തും.  ചെരിപ്പുകള്‍ നിരത്തും.  എത്ര തിരയേണ്ടി വന്നാലും ഒരു മടുപ്പും കാണിയ്ക്കില്ല.  നമുക്കു വേണ്ടതു തന്നു കഴിഞ്ഞ് കൗണ്ടറിലേയ്ക്കു വന്ന് ബില്‍ എഴുതിയ്ക്കുന്നതു വരെ ഒപ്പം നില്‍ക്കും.

ഇന്ന് അവിടെ കയറിച്ചെന്നപ്പോള്‍ ആളെ കാണാനില്ല.  പകരം ഇരുപതു വയസ്സു പോലും തികഞ്ഞിട്ടില്ലാത്ത രണ്ടു ചെക്കന്മാര്‍.  ഒരുവിധം ഉദ്ദേശിച്ച പോലുള്ള ചെരിപ്പു കിട്ടിയെങ്കിലും എനിയ്‌ക്കെന്തോ ഒരു തൃപ്തി വന്നില്ല.  പണം കൊടുക്കുമ്പോള്‍ കൗണ്ടറില്‍ ഇരിയ്ക്കുന്ന ആളോട് ഞാന്‍ അന്വേഷിച്ചു പഴയ സെയില്‍സ്മാനേപ്പറ്റി.  അയാള്‍ക്ക് ഞാന്‍ ആരെയാണ് ഉദ്ദേശിയ്ക്കുന്നതെന്ന് കൃത്യമായി മനസ്സിലായില്ല.  എനിയ്ക്കാണെങ്കില്‍ അയാളുടെ പേരുമറിയില്ല.  കണ്ണട വെച്ച ആള്‍, അല്‍പം ഉയരം കുറഞ്ഞ ആള്‍, കുറച്ചു വയസ്സായ ആള്‍ എന്നൊക്കെ ഞാന്‍ ലക്ഷണം പറഞ്ഞു.

''നിങ്ങള് ജോസിനേപ്പറ്റിയാവും ചോദിച്ചത് അല്ലേ,'' കൗണ്ടറിലിരിയ്ക്കുന്ന ആള്‍ ചിരിച്ചു.  ''അവനും ജോസ്, ഞാനും ജോസ്.  ഞങ്ങള് അയലക്കക്കാരാ.  അരണാട്ടുകരേലാ വീട്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒപ്പാ വയസ്സ്.  എഴുപത്തേഴ്.  അവന്‍ പാവം കാര്യായിട്ട് പടിച്ചിട്ട്‌ല്യ.  കുടുമ്മത്ത് പാകണ്ടാര്‍ന്ന്‌ല്യ.  എന്റെ അപ്പനായി ഇവിടെ കൊണ്ട് നിര്‍ത്തീതാ.  ഇപ്പോ അറുപത്തിരണ്ട് കൊല്ലം കഴിഞ്ഞു അവന്‍ ഇവടെ നിക്കാന്‍ തൊടങ്ങീട്ട്.  രാവിലെ ഒമ്പദ് മണ്യാവുമ്പൊ എത്തും.  ഞങ്ങള് രണ്ടുപേരും എന്റെ വണ്ടീലാ വര്ാ.  അവന്‍ ഒരൂസം പോലും മൊടങ്ങ്‌ല്യ. നീരെളക്കം, പനി ഇതൊന്നും അവന്‍ കാര്യാക്കാറ്‌ല്യ. കട കട എന്ന് ഒരൊറ്റ ജ്വരാ.  പറഞ്ഞാ വിശ്വസിയ്ക്ക്‌ല്യ, സ്വന്തം കല്യാണത്തിന്റെ പിറ്റേന്നും കടേല് വന്നു.  കല്യാണം ഞായറാഴ്ചയല്ലാര്‍ന്നൂച്ചാ അവന്‍ അന്നും ജോലിയ്ക്കു വന്നേനെ. അങ്ങനത്തെ പാര്‍ട്ട്യാ.''

അതൊക്കെ ശരി.  പക്ഷേ ആ പാര്‍ട്ടി ഇപ്പോള്‍ എവിടെപ്പോയി?

''അവന്‍ ദാ, ഒര് ചായ കുടിയ്ക്കാന്‍ പൊറത്ത് പോയീതാ.  നമ്മള് ഇരിയ്‌ക്ക്വോ.  അവന്‍ ഇപ്പൊ വരും.'' ജോസ് അടുത്തുള്ള ഒരു സ്റ്റൂള്‍ പുറത്തേയ്‌ക്കെടുത്ത്  എനിയ്ക്ക് ഇട്ടുതന്നു.

''വിശ്വസ്തനാ.  അപ്പന് വല്യെ കാര്യാര്‍ന്നു അവനെ.  എന്നേങ്കുടീം ഇത്ര വിശ്വാസംണ്ടാര്‍ന്ന്‌ല്യ.  അവന് തിരിച്ചും അങ്ങനെത്തന്ന്ാര്‍ന്നൂ.  അപ്പന്‍ കടേല് വരാത്ത ദിവസം കട പൂട്ടണേന് മുമ്പ് അന്നത്തെ വരവും ചെലവും ഒക്കെ കൈപ്പുസ്തകം നോക്കി കാണാപ്പാടാക്കീട്ടാ വീട്ടിലേയ്ക്ക് ചെല്ല്ാ. അവന്റെ റിപ്പോര്‍ട്ട് കേട്ട്‌ട്ടേ അപ്പന്‍ ഒറങ്ങുള്ളൊ.  അവര് തമ്മ്‌ല് ഒരു പ്രത്യേക ബന്താ.  ജോസിന്റെ രണ്ട് പെങ്കുട്ട്യോള്‍ടേം കല്യാണം നടത്തിക്കൊട്ത്തത് അപ്പനാ.''

കടയില്‍ നില്‍ക്കുന്ന പുതിയ പയ്യന്മാര്‍ തമ്മില്‍ത്തമ്മിലെന്തോ പറഞ്ഞ് ഉറക്കെ ചിരിച്ചു.  ജോസ് അവരെ ഒന്നു നോക്കി.

''എനിയ്ക്ക് വല്യെ തൃപ്തിയൊന്നും ഇണ്ടായിട്ടല്ല,'' അയാള്‍ പറഞ്ഞു.  ''ജോസിന്റെ നിര്‍ബ്ബന്താ.  രണ്ടു മാസം മുമ്പ് അവന്‍ പറയേ, ജോസേ, നമ്മളൊക്കെ ഇനി എത്ര കാലംണ്ടാവുംച്ച്ട്ടാ?  നമ്മടെ കുട്ട്യോളൊന്നും ഇവടെ ഇല്യലോ നമ്മളെ സകായിയ്ക്കാന്‍.  അപ്പൊ മേലാക്കം ആലോചിയ്ക്കണ്ടെ നമ്ക്ക്?  രണ്ട് ചെക്കമ്മാരെ ഒന്ന് പരിശീലിപ്പിച്ച് എട്ത്താലോ?''

ഞാന്‍ പയ്യന്മാരെ ശ്രദ്ധിച്ചു.  രണ്ടു പേരും സുമുഖന്മാരാണ്.  തികച്ചും ആധുനികമായ വേഷം.  സ്മാര്‍ട്ട് എന്ന് ഒറ്റനോട്ടത്തില്‍ ആരും പറയും.  ഇതു പോലൊരു കടയിലേയ്ക്ക് പറ്റിയ സെയില്‍സ്മാന്‍മാര്‍ തന്നെ.

''ഒരെണ്ണത്തിനും ഒരാത്മാര്‍ത്തത ഇല്യാ സുഹൃത്തേ,'' ജോസ് തുടര്‍ന്നു.  ''പത്തൂസേ ആയിട്ട്ള്ളു രണ്ടും വരാന്‍ തൊടങ്ങീട്ട്.  ബൈക്കും പറപ്പിച്ച് എത്തുമ്പൊ ഒമ്പതര കഴീം.  ഞങ്ങള് നേര്‍ത്തെ വന്ന് കട തൊറന്ന്ട്ട്ണ്ടാവും.  കൃത്യം ഒമ്പദ് മണിയ്ക്ക് വരണം എന്ന് എത്ര വട്ടം പറഞ്ഞതാ.  ങൂഹും. അദ് പോലെന്ന്ാ പോക്കും.  ആറ് മണ്യാവുമ്പളയ്ക്കും തെരക്കാവും. ജോസ്‌ല്‌യ്‌ക്കോ രാഗത്ത്‌ല്‌യ്‌ക്കോ ഒക്കെ ആവും. ആരക്കാ അറിയ്ാ? ഏഴരയ്ക്ക് കട പൂട്ടാന്‍ നേരത്ത് ഞങ്ങള് രണ്ട് ജോസുമാരും മാത്രേണ്ടാവ്ള്ളൂ ഇപ്പളൂം.''

കടയിലേയ്ക്ക് ഒരാള്‍ കയറി വന്നു.  പയ്യന്മാര്‍ ചിരിച്ചുകൊണ്ട് അയാളെ എതിരേറ്റു.

''ചിറീം കളീം ഒന്നും ഒര് കൊഴപ്പോല്യ,'' ജോസ് തുടര്‍ന്നു.  ''എത്ര കാലംണ്ടാവും ന്ന് കര്‍ത്താവ്‌ന് മാത്രം അറ്യാം.  അറിയ്വോ, ഇദ് മൂന്നാമത്തെ സെറ്റാ.  ഇതിനിടയ്ക്ക് രണ്ട് സെറ്റ് വരവും പോക്കും കഴിഞ്ഞു.  പോണേന് കൊഴപ്പല്യ.  ഇഷ്ടല്യാച്ചാ പുവ്വന്ന്ാണ് നല്ലത്.  പക്ഷേ ഒരു മര്യാദ വേണ്ടേ സുഹൃത്തേ.  ഒന്ന് പറഞ്ഞൂടേ പാര്‍ട്ട്യോള്‍ക്ക് പോണേന് മുമ്പേ?  നാളെത്തൊട്ട് നമ്മള് വര്‌ല്യാ. വേറെ ആളെ നോക്കിക്കോ. എത്ര രസണ്ട്?  ഇദ് രാവിലെ നമ്മള് കടേം തൊറന്ന് അവരേം കാത്തിരിയ്ക്ക്ാ.  ആള്വോളെ വട്യാക്കണ ഏര്‍പ്പാടല്ലേ? നമ്മള്ദ് ഇന്നും ഇന്നലേം തൊടങ്ങീതല്ലലോ.''

അപ്പന്റെ അപ്പനായി 1919-ല്‍ തുടങ്ങിയതാണ് കട.  ബാറ്റയൊന്നും അന്ന് വന്നിട്ടില്ല.  തൃശ്ശൂരിലെ ആദ്യത്തെ ചെരിപ്പുകടയാണ്.  അഞ്ചു വയസ്സായപ്പോള്‍ അപ്പന്റെ ഒപ്പം താനും കടയിലേയ്ക്കു വരാന്‍ തുടങ്ങി.  സെന്റ് തോമസ്സില്‍ പഠിയ്ക്കുമ്പോഴും ഉച്ചയ്ക്ക് ഇവിടെ വന്ന് ഇരിയ്ക്കും.  പത്തെഴുപതു കൊല്ലമായി തൃശ്ശൂര്‍ പട്ടണം കാണാന്‍ തുടങ്ങിയിട്ട്.  അന്നത്തെ തൃശ്ശൂരും ഇന്നത്തെ തൃശ്ശൂരും തമ്മില്‍ ഒരു ബന്ധവുമില്ല.  ആളുകളും വല്ലാതെ മാറിപ്പോയി.

''ഏഴ് കൊല്ലം കഴിഞ്ഞാ സെന്റീനറി ആയില്യേ?'' ഞാന്‍ ചോദിച്ചു.  ''കാര്യായിട്ട് ഇണ്ടാവ്‌ല്യേ ആഘോഷം?''

''എന്ത് ആഘോഷം!'' ജോസ് ചിരിച്ചു.  ''നൂറായിരം ചെരിപ്പ് കടയല്ലേ ഇപ്പൊ തൃശ്ശൂരില്? എന്നാലും വേണ്ടാന്ന് വെച്ച്ട്ട്‌ല്യ.  സമയാവട്ടെ.''

കടയിലേയ്ക്ക് വീണ്ടും ആരോ കയറി വരുന്നതു കണ്ട് ഞാന്‍ അങ്ങോട്ടു നോക്കി.  അത് ജോസ് ആയിരുന്നു.  ചായ കുടിച്ചുള്ള വരവ്.  എത്തിയ ഉടനെ തിടുക്കത്തില്‍ കസ്റ്റമറുടെ അടുത്തെത്തി.

''ദാ, നിന്നെ കാണാന്‍ ഒരാള് വന്നിരിയ്ക്ക്ണൂ ജോസേ,'' മറ്റേ ജോസിനെ നോക്കി കൗണ്ടര്‍ ജോസ് പറഞ്ഞു.

സെയില്‍സ്മാന്‍ ജോസ്  അതു കേട്ടില്ല.  പയ്യന്മാരെ മാറ്റി നിര്‍ത്തി കസ്റ്റമര്‍ക്കുള്ള ചെരിപ്പുകള്‍ നിരത്തുകയാണ് അയാള്‍.

''ജോസേ നീയിങ്ങട് പോരേ, ഈ പാര്‍ട്ടി കൊര്‍ച്ച് നേരായി നിന്നെ കാത്തിരിയ്ക്ക്ണൂ.''  കൗണ്ടര്‍ ജോസ് പറഞ്ഞു.  എന്നിട്ട് എന്റെ നേരെ തിരിഞ്ഞു.  ''പറഞ്ഞിട്ടൊന്നും ഒര് കാര്യോല്യ.  ഒക്കെ അവന് നേരിട്ട് ചെയ്യണം.  ചെക്കമ്മാരക്ക് പരിജാവണ്ടെ? അതിന് അവന്‍ സമ്മതിയ്ക്ക്‌ല്യ.''

കസ്റ്റമര്‍ തിരഞ്ഞെടുത്ത ചെരിപ്പുമായി ജോസ് കൗണ്ടറിലെത്തി. ചെരിപ്പിന്റെ ബ്രാന്റും ബില്ലെഴുതാനുള്ള സംഖ്യയും പറഞ്ഞു.

''ഇയാളെ പരിജണ്ടാ നെണക്ക്?'' ബില്ലെഴുതി പണം വാങ്ങുന്നതിനിടയില്‍ കൗണ്ടര്‍ ജോസ് എന്നെ ചൂണ്ടിക്കാണിച്ച് ചോദിച്ചു.  ''കൊറേ കാലായി ഇവടന്നാത്രേ ചെരിപ്പ് വാങ്ങാറ്.  നീയ്ള്ളതോണ്ടാ ഇവടെ വരണേന്ന് പറേണൂ.  ഓര്‍മ്മെണ്ടാ?''

അപ്പോഴാണ് ജോസ് എന്നെ ശ്രദ്ധിയ്ക്കുന്നത്.

''അറിയ്വോന്നോ!'' എന്റെ പുറത്തു തട്ടി സെയില്‍സ്മാന്‍ ജോസ് ചിരിച്ചു.  ''ഇവടെ എപ്ലും വരാറ്ള്ളതല്ലേ. ചെരിപ്പ് എട്ത്താ?''

''വാങ്ങി,'' ഞാന്‍ പറഞ്ഞു.  ''ഇവടെ കാണാഞ്ഞപ്പൊ അന്വേഷിച്ചതാ.  എന്നും കാണണ ആളെ പെട്ടെന്ന് കാണാണ്ടാവ്‌മ്പോ, അത് ശര്യല്ലലോ.''

''അതൊന്നും പേടിയ്ക്കണ്ട,''  അപ്പോള്‍ കടയിലേയ്ക്കു വന്നു കയറിയ ഭാര്യയും ഭര്‍ത്താവുമെന്നു തോന്നിപ്പിയ്ക്കുന്ന രണ്ടുപേരുടെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് ജോസ് പറഞ്ഞു.  ''ഞങ്ങള് രണ്ട് പേരും മരിയ്ക്കണ വരെണ്ടാവും ഇവടെ.''

അയാള്‍ അപ്പോഴേയ്ക്കും എന്നെ മറന്നിരുന്നു.  കടയിലേയ്ക്ക് വന്നു കയറിയ ദമ്പതിമാരുടെ അടുത്തേയ്ക്കു ചെന്ന് അയാള്‍ ചോദിച്ചു:  ''എങ്ങനത്തെ ചെര്പ്പാ വേണ്ടെ? ലേഡീസാ?  പുത്യേ മോഡല്കളൊക്കെ വന്ന്ട്ട്ണ്ട്.''

കൗണ്ടര്‍ ജോസിനോട് യാത്ര പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി.

(അഷ്ടമൂര്‍ത്തി)


2012, ഡിസംബർ 9, ഞായറാഴ്‌ച


                           ഡേവിസ്സിന്റെ തുണിക്കട

തൃശ്ശൂര്‍ പട്ടണത്തിന് കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയ്ക്ക് എത്രയോ മാറ്റങ്ങള്‍ വന്നിരിയ്ക്കുന്നു.  പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന്റെ ഭാഗമായി പലേ കടകളും അപ്രത്യക്ഷമാവുകയോ പുതിയ കെട്ടിടത്തിലേയ്ക്കു മാറുകയോ ചെയ്തിട്ടുണ്ട്.  പോസ്റ്റോഫീസ് റോഡിലെ നാഷണല്‍ ബുക് സ്റ്റാള്‍ വളരെക്കാലം തൃശ്ശൂരിലെ സാംസ്‌കാരികനായകന്മാര്‍ ഒത്തുചേരുന്ന സ്ഥലമായിരുന്നു.  അഞ്ചെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കടയുടെ അവകാശം നഷ്ടപ്പെട്ട് എന്‍ ബി എസ് മാറിപ്പോയി. പക്ഷേ അതിനു മുമ്പേത്തന്നെ തൃശ്ശൂരിലെ സാംസ്‌കാരികനായകന്മാര്‍  നടുവിലാലിലെ കറന്റ് ബുക്‌സിന്റെ മുന്നിലേയ്ക്കു നീങ്ങിയിരുന്നു.  ആ കെട്ടിടവും ഈയിടെ പൊളിച്ചുമാറ്റിയതോടെ അവര്‍ അനാഥരായി.  എഴുത്തുകാര്‍ക്ക് ഒത്തുചേരാനും പരദൂഷണം പറയാനും പുസ്തകക്കടകളോളം പറ്റിയ സ്ഥലം വേറെയുണ്ടോ?

കാലത്തിന്റെ തിരിച്ചിലില്‍പ്പെട്ട് മാറിപ്പോവാത്ത അപൂര്‍വ്വം ചില കടകളുമുണ്ട്.  അതിലൊന്നാണ് കുറ്റിച്ചാക്കു ലോന അന്തോണി ആന്‍ഡ് സണ്‍സ് എന്ന തുണിക്കട.  തൃശ്ശൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ഹൈറോഡിലേയ്ക്കുള്ള വഴിയില്‍ ഇടത്തുവശത്തായി രണ്ടാമത്തെ കടയാണ് അത്.  മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍നിന്ന് ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡിയ്‌ലേയ്ക്ക് നടക്കുമ്പോള്‍, പട്ടാളം റോഡിലേയ്ക്ക് പ്രവേശിച്ച ഉടനെ ഞാനൊന്നു നോക്കും.  റൗണ്ടില്‍നിന്നേ ബസ്സില്‍ കേറിയിരുന്നിട്ടുണ്ടെങ്കില്‍ ബസ്സ് അവിടെയെത്തുമ്പോഴും എന്റെ കണ്ണ് അറിയാതെ ആ കടയിലേയ്ക്ക് ഒന്നു പാളിപ്പോവും.

കട ഇപ്പോഴും അവിടെത്തന്നെയില്ലേ എന്നു പരിശോധിയ്ക്കാന്‍ വേണ്ടി മാത്രമല്ല കണ്ണ് അവിടേയ്ക്ക് ഞാനറിയാതെ തിരിയുന്നത്.  കടയുടെ കാഷ് കൗണ്ടറിലിരിയ്ക്കുന്ന ആളെ കാണുന്നതിനു വേണ്ടിയാണ് അത്.  അത് ഡേവിസ് തന്നെയല്ലേ എന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.  ഡേവിസ് എന്റെ ഒപ്പം ബീക്കോമിന് കേരളവര്‍മ്മ കോളേജില്‍ പഠിച്ചിട്ടുണ്ട്.  കോളേജ് വിട്ടതില്‍പ്പിന്നെ കണ്ടിട്ടില്ല എന്ന സ്ഥിരം വാചകമൊന്നും ഇവിടെ ശോഭിയ്ക്കില്ല.  പക്ഷേ കോളേജ് വിട്ടതില്‍പ്പിന്നെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല എന്നതു സത്യം.  സഹജമായ ലജ്ജാലുത്വത്തിനു പുറമേ അത് ഡേവിസ് തന്നെയാണോ എന്ന ഉറപ്പില്ലായ്മയും കാരണമാണ്.  മാത്രമല്ല അതു ഡേവിസാണെങ്കില്‍ത്തന്നെ അയാള്‍ എന്നെ ഓര്‍മ്മിയ്ക്കുന്നുണ്ട് എന്നതിന് ഒരുറപ്പുമില്ലല്ലോ.  അതുകൊണ്ട് കഴിഞ്ഞ ഇരുപത്താറുകൊല്ലമായി അതിനു മുന്നിലൂടെ കടന്നു പോവുമ്പോഴും കയറിച്ചെന്ന് അയാളോടു സംസാരിയ്ക്കാന്‍ ഞാന്‍ മടിച്ചുപോന്നു.

പക്ഷേ അതിലൂടെ കടന്നു പോവുമ്പോഴൊക്കെ ഡേവിസിന്റെ ജീവിതത്തേക്കുറിച്ച് ഞാന്‍ ആലോചിയ്ക്കാറുണ്ട്.  ഒരു ദിവസം പോലും ആ കൗണ്ടറില്‍ അയാളെ കാണാതിരുന്നിട്ടില്ല.  രാവിലെ ഒമ്പത്-ഒമ്പതരയോടെ കട തുറക്കുന്നുണ്ടാവണം.  രാത്രി എഴര-എട്ടുമണിവരെ അത് തുറന്നിരിയ്ക്കും.  ആ സമയം മുഴുവന്‍ ഡേവിസ് ആ കാഷ് കൗണ്ടറില്‍ ചടഞ്ഞിരിയ്ക്കും.  ഒരേ നോട്ടം, ഒരേ ഇരിപ്പ്.  ചായ കുടിയ്ക്കാനോ ഊണു കഴിയ്ക്കാനോ പോലും അയാള്‍ എഴുന്നേല്‍ക്കാറില്ലെന്നു തോന്നും ആ ഇരിപ്പു കണ്ടാല്‍.

അപ്പോഴൊക്കെ ഞാന്‍ വിചാരിയ്ക്കാറുണ്ട്.  എത്ര വിരസമാവണം ഡേവിസ്സിന്റെ ദിവസങ്ങള്‍?  രാവിലെ മുതല്‍ രാത്രി വരെ ഒരേയിരിപ്പ്. മേശവലിപ്പിലെ കള്ളികളില്‍ നോട്ടുകളും ചില്ലറകളും തരം തിരിച്ചുവെച്ചിരിയ്ക്കുന്നു.  ബില്ലു പരിശോധിച്ച് പണം എണ്ണി തിട്ടപ്പെടുത്തുന്നു.  ബില്ലില്‍ റെസീവ്ഡ് എന്ന സീലു വെച്ച് തിരിച്ചുകൊടുക്കുന്നു. ഒരു മുറി മാത്രമുള്ള കട. പുറത്തേയ്ക്കു നോക്കിയാല്‍ പോസ്റ്റോഫീസ് റോഡില്‍നിന്നു വരുന്ന വാഹനങ്ങള്‍ കാണാം.  മുനിസിപ്പല്‍ സ്റ്റാന്‍ഡു വിട്ട് ശക്തനിലേയ്ക്കു പോവുന്ന ബസ്സുകള്‍ കാണാം.  ഹൈറോഡ് കടന്നു വരുന്ന ആളുകള്‍, പട്ടാളം റോഡ്, എതിരെ ഇ. എം. എസ്.  (ഏലംകുളത്തെ നമ്പൂതിരിപ്പാടല്ല, സ്പീഡ് പോസ്റ്റിന്റെ കെട്ടിടം.)

ഈ കാഴ്ചകള്‍ തന്നെ ഡേവിസ് കാണുന്നുണ്ടോ എന്ന് ആര്‍ക്കറിയാം!  അയാളുടെ ഇരിപ്പും നോട്ടവും കണ്ടാല്‍ പരിസരത്തെ ഒരനക്കവും അയാള്‍ അറിയുന്നില്ലെന്നു തോന്നും.  സോഡാ ഗ്ലാസ്സു കണ്ണടയ്ക്കു പിന്നില്‍ അയാളുടെ ഭാവം എന്താണെന്ന് കൃത്യമായി വിവേചിച്ചെടുക്കാന്‍ വയ്യ.  വെളുത്ത് സുന്ദരനായ ഡേവിസ് അവിടെ ഇരിപ്പു തുടങ്ങിയിട്ട് എത്ര കാലമായി എന്ന് കൃത്യമായി അറിയില്ല.  കോളേജ് പഠിപ്പു കഴിഞ്ഞ് അധികം വൈകിയിട്ടില്ല എന്നു തീര്‍ച്ച.

കോളേജില്‍ പഠിപ്പിയ്ക്കുന്ന പ്രകാശന്‍ മാഷ് (പ്രൊഫസര്‍ പി. എന്‍. പ്രകാശ്) പറയാറുണ്ട്:  ''നിങ്ങളൊക്കെ എങ്ങനെയാണ് ഒരേ ജോലി തന്നെ ചെയ്തുകൊണ്ടിരിയ്ക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.  എനിയ്ക്കത് ആലോചിയ്ക്കാന്‍ പോലും വയ്യ.  ഞങ്ങളുടെ കാര്യം അങ്ങനെയല്ല.  ഗവണ്മെന്റ് കോളേജിലായതുകൊണ്ട് ഇടയ്ക്കിടെ മാറ്റം കിട്ടും.  അല്ലെങ്കില്‍ത്തന്നെ പഠിയ്ക്കാനുള്ളവര്‍ കൊല്ലം തോറും മാറിവരുമല്ലോ.''

അച്ഛന്‍ മുപ്പത്തിരണ്ടു കൊല്ലം ഒരേ സ്‌കൂളിലാണ് പഠിപ്പിച്ചത്.  ബസ്സുകളില്ലാത്ത കാലമായതുകൊണ്ട് എന്നും മൂന്നു നാഴിക അങ്ങോട്ടും ഇങ്ങോട്ടും നടക്കും.  രാവിലെ അച്ഛന്‍ ഓരോ പോയന്റ് കടക്കുന്നതു നോക്കി നാട്ടിലുള്ള പലരും സമയം ഗണിച്ചിരുന്നു.  ജോലിയില്‍നിന്നു വിരമിച്ച ശേഷം നടത്തം നിലച്ചുവെങ്കിലും ഒരു ടൈം ടേബ്ള്‍ അച്ഛനെ നയിച്ചിരുന്നു.  വൈകുന്നേരം നാലുമണിയോടെ മുറ്റത്തെ പുല്ലു പറിയ്ക്കാനിരിയ്ക്കുന്നത് അതിലൊന്നായിരുന്നു.  ''കുറ്റബോധമില്ലാതെ ഊണു കഴിയ്ക്കാന്‍ വേണ്ടിയാണ് പുല്ലു പറിയ്ക്കാനിരിയ്ക്കുന്നത്,'' എന്ന് അച്ഛന്‍ ഇടയ്ക്കിടെ പറയും.

സമൃദ്ധമായ ദാരിദ്ര്യത്തിന്റെ കാലമായിരുന്നു.  ഇന്നത്തേപ്പോലെ വൈവിധ്യമുള്ള ഊണിന്റെ വട്ടങ്ങളൊന്നുമില്ല.  പറമ്പിലുള്ള വിഭവങ്ങള്‍ തന്നെ ഊണിന്.  കൊപ്പക്കായ കൊണ്ട് ഒരു പുളിങ്കറി, ചേനയോ കായയോ കൊണ്ട് ഒരു മെഴുക്കുപുരട്ടി.  ഒരിയ്ക്കല്‍ ഊണു കഴിയ്ക്കാനിരിയ്ക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു:  ''ഇന്നലെയാണോ ഉണ്ണാനിരിയ്ക്കുന്നതെന്ന് എനിയ്ക്കു സംശയം തോന്നുന്നു!''

ഇതുകൊണ്ടൊക്കെയാണല്ലോ പണ്ട് ഡയറിയെഴുതാന്‍ തുടങ്ങിയ ഒരു നമ്പൂതിരി രണ്ടു പേജ് കഴിഞ്ഞപ്പോള്‍  do do എന്ന് ഡിസംബര്‍ 31 വരെ എഴുതിവെച്ചത്!

പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെയിരിയ്ക്കുന്നവരുണ്ട്.  അവരുടെ ദിനചര്യ ക്ലോക്കിന്റെ സൂചികളല്ല നിയന്ത്രിയ്ക്കുന്നത്.  ഇന്നത്തേപ്പോലെയല്ല നാളെ എന്നത് അവരുടെ ജീവതത്തെ എന്നും പുതുമയുള്ളതാക്കുന്നു.  കലാകാരന്മാര്‍ക്കാവട്ടെ അതില്‍ എന്നും പുതിയ അനുഭവങ്ങളുണ്ടുവുകയും ചെയ്യും. സൃഷ്ടിയുടെ നിമിഷങ്ങള്‍ അവരുടെ ദിവസങ്ങളെ സാര്‍ത്ഥകമാക്കുന്നു. റബ്ബര്‍ ബോഡില്‍നിന്ന് സ്വമേധയാ പിരിഞ്ഞ് സ്വതന്ത്രജീവിതം നയിച്ച അരവിന്ദന്‍ അത് നല്ലവണ്ണം ആസ്വദിച്ചിട്ടുണ്ടാവണം. രണ്ടും അറിഞ്ഞ ആളാണല്ലോ. എനിയ്ക്ക് അരവിന്ദനോട് അസൂയ തോന്നിയിട്ടുണ്ട്.

ഇത്രയും എഴുതാന്‍ കാരണമുണ്ട്.  ഇന്നലെ വൈകുന്നേരം മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍നിന്ന് ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡിലേയ്ക്കു നടക്കുമ്പോള്‍ പതിവുപോലെത്തന്നെ തുണിക്കടയിലേയ്ക്ക്  ഒന്നു പാളിനോക്കി.  അവിടെ ഡേവിസ് ഇരിപ്പില്ല എന്നു കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു.  ഒരു നിമിഷം അവിടെത്തന്നെ നിന്നുപോയി.  എന്തുപറ്റി ഡേവിസിന് എന്ന് അമ്പരക്കുമ്പോള്‍ പട്ടാളം റോഡിലുള്ള ഒരു ഹോട്ടലില്‍നിന്ന് ഇറങ്ങിവരുന്നു അയാള്‍.  (അപ്പോള്‍ അയാള്‍ ചായയൊക്കെ കുടിയ്ക്കുന്നുണ്ട്!)

എതിരെയെത്തിയപ്പോള്‍ ഞാന്‍ അയാളുടെ മുഖത്തു നോക്കി ചിരിച്ചു.  അയാള്‍ക്കെന്നെ മനസ്സിലായില്ല.  ഡേവിസ്സല്ലേ എന്നു ഞാന്‍ ചോദിച്ചു.  സഹപാഠിയാണെന്നു പറഞ്ഞപ്പോഴും അയാള്‍ക്കെന്നെ ഓര്‍മ്മിച്ചെടുക്കാനായില്ല.  ഏതായാലും കടയിലേയ്ക്കു വരാന്‍ അയാളെന്നെ ക്ഷണിച്ചു.

കാഷ് കൗണ്ടറില്‍ ഡേവിസ്സിനെതിരെ ഇരിയ്ക്കുമ്പോള്‍ ഞാന്‍ അയാളെ സൂക്ഷിച്ചുനോക്കി.  ഡേവിസ് ഇപ്പോഴും സുന്ദരനാണ്. പ്രായം അയാളില്‍ വലിയ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല.  എന്നോളം വാര്‍ദ്ധക്യം ബാധിച്ചിട്ടില്ല.  മുഖത്ത് യൗവ്വനം ബാക്കിനില്‍ക്കുന്നുണ്ട്.

ഞങ്ങള്‍ വീട്ടുവിവരങ്ങള്‍ പരസ്പരം കൈമാറി. ഡേവിസ്സിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.  ഭാര്യ ഡെയ്‌സി.  മകള്‍ വിവാഹം കഴിഞ്ഞ് നാട്ടില്‍ത്തന്നെയുണ്ട്.  മകന്‍ അമേരിക്കയിലാണ്. ''വീട്ടിലെ കാര്യങ്ങളെല്ലാം ഡെയ്‌സി നോക്കും,'' ഡേവിസ് പറഞ്ഞു.  ''ഞാന്‍ രാവിലെത്തൊട്ട് രാത്രി വരെ ഇവിടെത്തന്നെ.''  

അപ്പോള്‍ കുറച്ച് സ്വാതന്ത്ര്യമെടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

''ഇതിലേ പോവുമ്പോള്‍ എന്നും ഞാന്‍ ഇവിടേയ്ക്കു നോക്കാറുണ്ട്. ഇതേ കസേരയില്‍ നിങ്ങള്‍ ഇല്ലേ എന്ന് ഉറപ്പു വരുത്താന്‍.  ഡേവിസ്, നിങ്ങള്‍ക്ക് മടുപ്പു തോന്നുന്നില്ലേ?  എന്നും രാവിലെ ഈ കടയില്‍ത്തന്നെ വന്നിരിയ്ക്കുക.  ഒരേ ഇടപാടുകള്‍, ഒരേ കാഴ്ചകള്‍.  എന്നെങ്കിലും ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്കു തോന്നിയിട്ടില്ലേ?''

ഡേവിസ് ചിരിയ്ക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്.  അയാളുടെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവവും തെളിഞ്ഞില്ല.  കുറച്ചു നേരം തന്റെ കട്ടിക്കണ്ണടയിലൂടെ പുറത്തേയ്ക്കു നോക്കിയിരുന്നു.  പിന്നെ എന്റെ നേരെ തിരിഞ്ഞു.

''ഞാന്‍ ഇങ്ങനെയൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല,'' ഡേവിസ് പറഞ്ഞു.  ''അതൊക്കെ വലിയ വലിയ കാര്യങ്ങളല്ലേ?  അപ്പന്‍ നാല്‍പ്പത്തേഴാം വയസ്സില്‍ പെട്ടെന്നു മരിച്ചപ്പോള്‍ അന്ന് കട പൂട്ടിയിട്ടു.  പിറ്റേന്നു രാവിലെയായപ്പോഴാണ് ആരെങ്കിലും കടയില്‍ വേണ്ടേ എന്ന് അമ്മച്ചി ചോദിച്ചത്.  അതു ശരിയാണല്ലോ എന്നു തോന്നി.  വേറെ ആരും ഇല്ല കടയിലിരിയ്ക്കാന്‍.  ഞാന്‍ ഒറ്റ മകനാണല്ലോ.  നേരെ ഇങ്ങോട്ടു പോന്നു.  മുപ്പത്തെട്ടു കൊല്ലം മുമ്പുള്ള സംഭവം.''

ഡേവിസ്സിന്റെ തലയ്ക്കു മുകളില്‍ ഒരു ഫോട്ടോ തൂക്കിയിട്ടുണ്ട്.  കണ്ടാല്‍ ഡേവിസ്സിന്റെ തന്നെയാണെന്നു തോന്നും.  മരിച്ചുപോയ അപ്പന്റെ ചിത്രമാവണം.  അതിന്റെ അടുത്തു തന്നെ കുറച്ചുകൂടി വയസ്സു തോന്നിയ്ക്കുന്ന  മറ്റൊരാളുടെ ചിത്രം.  അത് ഡേവിസ്സിന്റെ അപ്പൂപ്പനായിരിയ്ക്കുമോ?

''എനിയ്ക്കു നിങ്ങളുടെ ചോദ്യം തന്നെ ശരിയ്ക്കു മനസ്സിലായില്ല,'' എന്റെ ചിന്തയെ തടഞ്ഞുകൊണ്ട് ഡേവിസ് പറഞ്ഞു.  ''ഇതിലെന്താണ് മടുപ്പിന്റെ പ്രശ്‌നം?  ഞാന്‍ എന്റെ ജോലി ചെയ്യുന്നു, നിങ്ങള്‍ നിങ്ങളുടേയും.  ഇതൊന്നും നമ്മളായിട്ട് നിശ്ചയിയ്ക്കുന്നതല്ലല്ലോ.  അല്ലെങ്കില്‍ അപ്പന് നാല്‍പ്പത്തേഴു വയസ്സില്‍ മരിയ്‌ക്കേണ്ട കാര്യമുണ്ടോ?''

കുറച്ചു നേരം ചിന്തിച്ചിരുന്ന് ഡേവിസ് തുടര്‍ന്നു: ''ഇന്ന് അമ്മച്ചിയും കൂടെയില്ല.  ഏതെങ്കിലും സമയത്ത് നമുക്കൊക്കെ ഇവിടന്നു പോണ്ടതല്ലേ.  അതുവരെ നമ്മള്‍ ഏറ്റെടുത്ത ജോലി ചെയ്തുകൊണ്ടിരിയ്ക്കും.  അത്ര തന്നെ.''

അപ്പോഴാണ് എന്റെ ജോലിയേപ്പറ്റി ഞാന്‍ ആലോചിച്ചത്.  രാവിലെ നേര്‍ത്തെയുള്ള യാത്ര.  എന്നും കൃത്യസമയത്തു തന്നെ ജോലിയ്‌ക്കെത്തും.  ഇന്നലെ ചെയ്ത പണിയുടെ തുടര്‍ച്ച.  അല്ലെങ്കില്‍ ആവര്‍ത്തനം.  കൃത്യസമയത്തുള്ള മടക്കം.  എന്നും ഒരേ പോലെത്തന്നെ.  അച്ഛന്‍ പറഞ്ഞതുപോലെ ഇന്നലെയോ ഇന്നോ എന്ന് വേര്‍തിരിച്ചെടുക്കാനാവാത്ത ദിവസങ്ങള്‍.

ബോംബെയിലായിരുന്നു കുറച്ചു കാലം.  നഗരങ്ങളില്‍ മെക്കാനിക്കല്‍ ലൈഫ് ആണെന്നു പറയാറുണ്ട്.  നാട്ടിന്‍പുറത്ത് എന്താണ്  വ്യത്യാസം?  അസൗകര്യങ്ങളുള്ളതുകൊണ്ട് അത് കൂടുതല്‍ മെക്കാനിക്കല്‍ ആവുന്നു എന്നതല്ലേ ശരി?  രാവിലെ ഏഴുമണിയ്ക്കു ശേഷം ഒമ്പതരയ്‌ക്കേ ബസ്സുള്ളു എന്നതുകൊണ്ട് മിനിട്ടുകള്‍ പോലും കണക്കാക്കിയല്ലേ എന്റെ ദിനചര്യകള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്?

കടയില്‍ വലിയ തിരക്കൊന്നുമില്ല.  വലിയ വലിയ തുണിക്കടകള്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെയുള്ള ഒറ്റമുറിക്കടകളില്‍ അധികമാരും കയറാതായി.  അതിനിടെ വഴി തെറ്റിയിട്ടെന്ന പോലെ ഒരാള്‍ കയറി വന്നു.  തുണി വാങ്ങി അയാള്‍  കൗണ്ടറില്‍ എത്തിയപ്പോള്‍ അതൊരവസരമായി എടുത്ത് ഞാന്‍ ഡേവിസ്സിനോടു യാത്ര പറഞ്ഞു.

ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ പതിവിലും വൈകിയിരുന്നു.  ഊരകത്തിറങ്ങിയപ്പോഴാവട്ടെ പതിവു ബസ്സ് പോയിക്കഴിഞ്ഞിരുന്നു.  അടുത്ത ബസ്സ് അര മണിക്കൂര്‍ കഴിഞ്ഞേയുള്ളു.  അല്ലെങ്കില്‍ വീട്ടിലേയ്ക്കുള്ള  മൂന്നു കിലോമീറ്റര്‍ നടക്കേണ്ടി വരും.

കാത്തുനില്‍പ്പ് മുഷിപ്പനാണ്.  ഞാന്‍ വീട്ടിലേയ്ക്കു വലിഞ്ഞുനടന്നു.

...................................................................






2012, ഡിസംബർ 5, ബുധനാഴ്‌ച


'കളിമണ്ണ്' കളിപ്പിയ്ക്കരുത്

ഈ വെളിപാടിന് എന്താണിത്ര താമസമുണ്ടായത് എന്നു മനസ്സിലായില്ല.  കേരളത്തിനെ എന്തിന് ഭാരതത്തെത്തന്നെ വലയം ചെയ്തു നില്‍ക്കുന്ന വലിയൊരു വിപത്തിനേപ്പറ്റിയായിരുന്നല്ലോ അത്.  അതും ആലപ്പുഴയില്‍ ഏതോ സമ്മേളനത്തിനിടയില്‍ വളരെ സാന്ദര്‍ഭികമായിട്ടായിരുന്നു പരാമര്‍ശം. ബഹുമാനപ്പെട്ട സ്പീക്കര്‍ ഇത്ര കാലവിളംബം വരുത്താമോ?

ബ്ലെസ്സിയുടെ 'കളിമണ്ണ്' തന്നെയാണ് വിഷയം.  ഇതുപോലൊരു നീചസംരംഭത്തെ മഹിളാസംഘടനകള്‍ അടക്കം ആരും എന്തുകൊണ്ട് എതിര്‍ത്തില്ല എന്നായിരുന്നു സ്പീക്കറുടെ ചോദ്യം. പേറ് ഒരു പെണ്ണിന്റെ ഏറ്റവും പവിത്രമായ കര്‍മ്മമാണെന്നും അത് വാണിജ്യപരമായി ചൂഷണം ചെയ്യപ്പെടേണ്ടതല്ലെന്നും കാര്‍ത്തികേയന്‍ പ്രഖ്യാപിച്ചു.  കൂട്ടത്തില്‍ ഈ ചിത്രം വേണോ എന്ന് സമൂഹമാണ് തീരുമാനിയ്‌ക്കേണ്ടതെന്നും സ്പീക്കര്‍ റൂളിങ്ങ് നല്‍കി.  

നിയമസഭയില്‍  എന്തെല്ലാമാണ് നടക്കാറുള്ളത് എന്ന് ഏകദേശം എല്ലാവര്‍ക്കും ബോദ്ധ്യമുള്ളതാണല്ലോ.  ചില സംസ്ഥാനങ്ങളിലെ  നിയമസഭകളില്‍ സ്വല്‍പം നീലനിറമുള്ള ചിത്രങ്ങളൊക്കെ കണ്ടുകൊണ്ടാണ് സഭാനടപടികള്‍ പുരോഗമിയ്ക്കാറുള്ളത്.  കേരള നിയമഭയില്‍ നിര്‍ഭാഗ്യവശാല്‍ അതിനുള്ള സൗകര്യങ്ങളൊന്നും ഇതുവരെ ആയിട്ടില്ല.  അങ്ങനെയിരിയ്ക്കുമ്പോഴാണ് നിയമസഭയ്ക്കു പുറത്ത് വെറും അലവലാതി  വോട്ടര്‍മാര്‍ക്ക് ഒരു നടിയുടെ പ്രസവം കാണാനുള്ള അവസരം കൈവന്നിരിയ്ക്കുന്നത്.  നിയമസഭാംഗങ്ങള്‍ക്കുള്ള പ്രിവിലേജ് മറികടക്കുകയോ!  അസ്സലായി.  ഇത് വെച്ചുപൊറുപ്പിയ്ക്കാമോ?  സ്പീക്കര്‍ രോഷാകുലനായതില്‍ അത്ഭുതപ്പെടാനില്ല.

സാധാരണയായി ഭരണപക്ഷത്തുള്ള സ്പീക്കറെ അനുസരിയ്ക്കാനോ അംഗീകരിയ്ക്കാനോ പ്രതിപക്ഷസഭാംഗങ്ങള്‍ക്ക് കുറച്ചു മടിയാണ്.  പക്ഷേ ഈ വിഷയത്തില്‍, അത്ഭുതം, പ്രതിപക്ഷത്തുള്ളവരായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ശ്രീ: ജി. സുധാകരന്‍, ശ്രീമതി ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സ്പീക്കറുടെ പ്രസ്താവനയെ അനുകൂലിയ്ക്കുകയാണുണ്ടായത്.  ശോഭാ സുരേന്ദ്രന്‍ ഒരു പടി കൂടി മുന്നോട്ടു പോയി 'കളിമണ്ണ്' കളിയ്ക്കുന്ന തീയറ്ററുകള്‍ മഹിളാമോര്‍ച്ച ഉപരോധിയ്ക്കുമെന്ന് അറിയിയ്ക്കുക കൂടി ചെയ്തു.

ബ്ലെസ്സി പടം പൂര്‍ത്തിയാക്കുകയും അത് കണ്ണും കാതുമില്ലാത്ത സെന്‍സര്‍ ബോഡ് പാസ്സാക്കുകയും പടം തീയറ്ററുകളില്‍ എത്തുകയും ചെയ്താലോ?  നമ്മള്‍ ഈ നിമിഷം വരെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച സദാചാര്യമൂല്യം ഇടിഞ്ഞുപൊളിഞ്ഞു വീഴില്ലേ?  ശോഭാ സുരേന്ദ്രന്റെ ഉറപ്പു കിട്ടിയപ്പോഴേ ആശ്വാസമായുള്ളു.  എന്നിട്ടും ശങ്ക ബാക്കിയായി:  ശോഭാ സുരേന്ദ്രനും കൂട്ടര്‍ക്കും എത്ര കാലം തടയാനാവും ഒരു ചലച്ചിത്രം?  ഇത്രയും ഹരം കൊള്ളിയ്ക്കുന്നതാണെങ്കില്‍ ജനം കാണാതിരിയ്ക്കുമോ?  ആ ജനക്കൂട്ടത്തെ തടുക്കാന്‍ മാത്രം ആള്‍ബലമുണ്ടോ കേരളത്തിലെ മഹിളാ മോര്‍ച്ചയ്ക്ക്?

ആ ആശങ്കയും താമസിയാതെത്തന്നെ തുടച്ചുനീക്കപ്പെട്ടു.  സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചാല്‍ത്തന്നെ  ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ഈ ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ അനുവദിയ്ക്കില്ല എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.  അതിനുള്ള ലിബര്‍ട്ടി ബഷീറിനുണ്ട്.  ആ പ്രഖ്യാപനം കേട്ടപ്പോഴേ ശ്വാസം നേരെ വീണുള്ളു.  പരശുരാമന്‍ മഴുവെറിഞ്ഞ് ഉയര്‍ത്തിയ കേരളം ഒന്നോടെ ധര്‍മ്മച്യുതിയുടെ പുടുകുഴിയില്‍ വീണ് നശിയ്ക്കാറായിട്ടില്ല.

അപ്പോഴേയ്ക്കും വന്നു പതിവു പോലെ ആവിഷ്‌ക്കാരസ്വാതന്ത്ര്യക്കാര്‍.  ആറു മാസം മുമ്പാണത്രേ ബ്ലെസ്സി ഈ ആശയം പുറത്തു വിട്ടത്.  ശ്വേതാ മേനോന്‍ പ്രസവിച്ചിട്ട് മൂന്നു മാസത്തിലധികമാവുകയും ചെയ്തു.  അപ്പോഴൊന്നും ഇല്ലാതിരുന്ന എതിര്‍പ്പ് ഇപ്പോഴെന്തേ തോന്നാന്‍ എന്നായിരുന്നു അവരുടെ ആദ്യത്തെ ചോദ്യം.  പിന്നെ എല്ലായ്‌പ്പോഴും പ്രതികരിയ്ക്കാന്‍ നില്‍ക്കാന്‍ നിങ്ങളേപ്പോലെ അവരൊന്നും സാംസ്‌കാരികനായകര്‍ അല്ലല്ലോ.  ധര്‍മ്മത്തിന് ഗ്ലാനി സംഭവിയ്ക്കും എന്ന് ഉറപ്പായപ്പോള്‍ അവര്‍ അവതരിച്ചു.  അത്ര തന്നെ.  എല്ലായ്‌പ്പോഴും അവതാരം എടുക്കാന്‍ സമയമുണ്ടാവുമോ വലിയ വലിയ ആളുകള്‍ക്ക്? വേറെ പണികളുള്ളവരല്ലേ?  അല്ലെങ്കില്‍ത്തന്നെ അതിനൊക്കെ സമയവും സന്ദര്‍ഭവുമുള്ളതല്ലേ.

ഇത് കേരളത്തില്‍ മാത്രം സംഭവിയ്ക്കുന്നതാണ് എന്നാണ് ബുദ്ധിജീവികളുടെ വാദം.  1976-ല്‍ ഹംഗറിയില്‍ ഒരു സിനിമ നിര്‍മ്മിയ്ക്കപ്പെട്ടിട്ടുണ്ടത്രേ.   'നയന്‍ മന്ത്‌സ'് എന്നാണത്രേ അതിന്റെ പേര്. മാര്‍ത്താ മെസാരോ എന്നായിരുന്നു സംവിധായികയുടെ പേര്. അതിലെ നായിക കാമറയ്ക്കു മുമ്പില്‍ പ്രസവിയ്ക്കുന്നുണ്ടത്രേ. അതു കാണാന്‍ ജനങ്ങള്‍ തള്ളിക്കയറിയിട്ടില്ലത്രേ. അതിലെ നായിക നടിയായ ലില്ലി മനോറിയ്ക്ക് നല്ല നടിയ്ക്കുള്ള നിരവധി പുരസ്‌ക്കാരങ്ങള്‍ കിട്ടിയിട്ടുണ്ടത്രേ.  നമ്മളിതൊക്കെ കേട്ടാല്‍ വിരണ്ടു പോവുമെന്നാണോ വിചാരിച്ചത്?  അതു ഹംഗറി, ഇതു കേരളം. അതല്ലേ കാര്‍ത്തികേയന്‍ പറഞ്ഞത് ഏറെ പാശ്ചാത്യവല്‍ക്കരണം വേണ്ടാ എന്ന്.  നമ്മളൊന്നും അത്ര എത്തിയിട്ടില്ല.  ഹംഗറിയില്‍ അതിന്റെ പേരില്‍ ഒരു കോലാഹലവും നടന്നിട്ടില്ല എന്ന വാദവുമുണ്ട്.  അവിടെ ജി. കാര്‍ത്തികേയനും ജി. സുധാകരനും സെബാസ്റ്റ്യന്‍ പോളും ശോഭാ സുരേന്ദ്രനുമില്ലാത്തത് നമ്മുടെ കുറ്റമാണോ?  

ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട് ജസ്‌ലോക് ആശുപത്രിയില്‍ ഇരച്ചെത്തി ശ്വേതാമേനോന്റെ പ്രസവം ചിത്രീകരിയ്ക്കുന്നതു തടഞ്ഞില്ല എന്നാണ് അവരുടെ മൂന്നാമത്തെ ചോദ്യം.  ഇത്തരം നെറികെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പ്രയാസമാണ്.  എന്തുകൊണ്ട് അവര്‍ ശ്വേതാമേനോന്റെ പ്രസവം തടഞ്ഞില്ല എന്നു ചോദിയ്ക്കുകയായിരുന്നു ഇതിലും ഭേദം.  അല്ലെങ്കില്‍ നിങ്ങള്‍ തന്നെ പറയിന്‍!  അന്ന് കയ്യോടെ ബ്ലെസ്സിയെ തടഞ്ഞെങ്കില്‍ എന്തു വാര്‍ത്താമൂല്യമാണ് ഉണ്ടാവുക?  പടം പകുതിയായി, വൈകാതെ തീയറ്ററുകളില്‍ എത്തുന്നു എന്ന് ഉറപ്പാവുമ്പോഴല്ലേ തടയേണ്ടത്.  അതല്ലേ അതിന്റെ  സമയം? അതല്ലേ അതിന്റെ രസം?  കഷ്ടം, ഇതൊന്നും ആവിഷ്‌ക്കാരക്കാര്‍ക്കു പറഞ്ഞാല്‍ മനസ്സിലാവില്ല.  ബുദ്ധിജീവികള്‍ക്ക് ആ സംജ്ഞയില്‍ മാത്രമല്ലേ ബുദ്ധി ഉള്ളൂ?

ബ്ലെസ്സിയുടെ ഇതഃപര്യന്തമുള്ള ചിത്രങ്ങള്‍ കണ്ടാല്‍ അദ്ദേഹം അശ്ലീലമുള്ള പടം എടുക്കില്ല എന്ന് ഉറപ്പു വരുമത്രേ.  അതു തീരുമാനിയ്ക്കാന്‍ ബ്ലെസ്സി ഉണ്ടാക്കിയ പടങ്ങള്‍ മുഴുവന്‍ കാണണമത്രേ.  അതു കുറച്ചു ക്രൂരമായിപ്പോയി.  അവരെല്ലാം തിരക്കുള്ള ആളുകളല്ലേ?  ഭരണചക്രം തിരിയ്ക്കുന്നതിനിടയില്‍ പടം കാണാനൊക്കെ അവര്‍ക്കെവിടെയാണ് നേരം?   പോരാത്തതിന് പടം കണ്ട് അഭിപ്രായം പറയാന്‍ അവരെന്താ നമ്മുടെ ആപ്പ-ഊപ്പ നിരൂപകരാണോ?

സിനിമാക്കാര്യത്തില്‍ രാഷ്ടീയക്കാര്‍ ഇടപെടുന്നത് ഇതാദ്യമായിട്ടാണത്രേ.  അതു ശരിയാണ്.  ഇതിനു മുമ്പ് സാമുദായികസംഘടനകളായിരുന്നു. സത്യന്‍ അന്തിക്കാട് 'പൊന്മുട്ടയിടുന്ന തട്ടാന്‍' എന്ന് ഒരു പടത്തിനു പേരിട്ടു.  അത് ആ പ്രത്യേകസമുദായത്തെയാകെ അവഹേളിയ്ക്കുന്നതാണെന്നും പേരു മാറ്റണമെന്നും വിധിയുണ്ടായപ്പോള്‍ തട്ടാന്‍ പെട്ടെന്ന് താറാവായി.  അപ്പോഴും വന്നു ആവിഷ്‌ക്കാരക്കാര്‍.  അത് അനുവദിയ്ക്കരുതെന്നും എന്തു പേരും ഇടാനുള്ള സ്വാതന്ത്ര്യം സംവിധായകനുണ്ടെന്നും ഈ പേരു മാറ്റം കൊണ്ട് എത്ര മനോവേദന കലാകാരന്മാര്‍ക്കുണ്ടായെന്നും മറ്റുമായിരുന്നു അവരുടെ വാദം.  അതിന് ചുട്ട മറുപടിയായിരുന്നു കേരളത്തിലെ ഒരു പ്രശസ്ത കവയിത്രിയുടേത്.  'നായര് പിടിച്ച പുലിവാല്' എന്ന സിനിമയുടെ പേര് അങ്ങനെയായതുകൊണ്ട് നായരായ താന്‍ എത്രയോ അവമതി സഹിച്ചാണ് ഇത്രയും കാലം ജീവിച്ചതെന്നും ഇപ്പോഴാണ് തനിയ്ക്കു സമാധാനമായത് എന്നുമായിരുന്നു അവര്‍ ഒരു കത്തിലൂടെ വ്യക്തമാക്കിയത്. കലാകാരന്മാര്‍ സിനിമാക്കാര്‍ മാത്രമല്ലല്ലോ.  കവികള്‍ക്കുമുണ്ടാവില്ലേ വികാരങ്ങള്‍?  അവര്‍ക്കുമില്ലേ മാനാഭിമാനങ്ങള്‍?

സൂക്ഷിച്ചു നോക്കൂ.  ഈ 'കളിമണ്ണ്' എന്ന പേരില്‍ത്തന്നെയില്ലേ  ദുസ്സൂചനകള്‍?  കളിമണ്ണുപയോഗിച്ച് ഉപജീവനം നടത്തുന്ന വലിയൊരു ജനവിഭാഗത്തെ അവഹേളിയ്ക്കുന്നതല്ലേ അത്?  അതെന്തേ ത്രികാലജ്ഞാനിയായ സ്പീക്കര്‍ പോലും കാണാതെ പോയത്?

വിവാദങ്ങള്‍ക്കു വേണ്ടിയല്ല ജനം സിനിമ കാണാന്‍ പോവുന്നത്.  പകലന്തി വേല ചെയ്ത് തളര്‍ന്നാല്‍ അല്‍പം ആശ്വാസത്തിനു വേണ്ടി നൂറു മില്ലി പൂശും.  പിന്നെ ഒരു സിനിമയ്ക്കു കേറും.  അപ്പോള്‍  അവിടെ പോലീസും പട്ടാളവുമായാല്‍ ശരിയാവില്ല.  മോര്‍ച്ചയും മാര്‍ച്ചുമൊന്നും പടം കാണാന്‍ തടസ്സമാവരുത്.

കൊട്ടകകളില്‍ സമാധാനം പുലരാന്‍ എന്താണ് വഴി എന്ന് അതിഗാഢമായി ചിന്തിച്ചപ്പോള്‍ കിട്ടിയ ചില പോംവഴികളാണ് താഴെപ്പറയുന്നത്.  സര്‍ക്കാരിന് പരിഗണിയ്ക്കാവുന്നതാണെന്ന് തോന്നുന്നു.

1. ഇപ്പോഴത്തെ സെന്‍സര്‍ ബോഡ് പിരിച്ചുവിടുക.  പകരം എല്ലാ രാഷ്ട്രീയകക്ഷികളില്‍നിന്നും ഒരാളെ വീതം തിരഞ്ഞെടുത്ത് അംഗങ്ങളാക്കുക. എല്ലാ ഗ്രൂപ്പുകള്‍ക്കും പ്രാതിനിധ്യം ഉറപ്പു വരുത്തണം. ഇപ്പോഴത്തെ സ്പീക്കറെ വ്യക്തിപരമായിത്തന്നെ സ്ഥിരം ചെയര്‍മാനാക്കാവുന്നതാണ്. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജി. സുധാകരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരെ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.  ഇപ്പോഴത്തെ വനിതാക്കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടിയ്ക്കും അംഗത്വം വേണം. നല്ല നല്ല അശ്ലീലപദങ്ങള്‍ ഫലപ്രദമായി ഉപയോഗിയ്ക്കുന്നതിനു വേണ്ടി ഇപ്പോഴത്തെ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജിനെ വിശിഷ്ടാംഗമാക്കുന്ന കാര്യം പരിഗണിയ്ക്കണം.

2. പേരിടുന്നതിന്റെ ഇപ്പോഴത്തെ രീതി മാറ്റുക.  പകരം അത് നമ്പറുകളാക്കുക.  ഉദാഹരണത്തിന് 2013 ജനുവരി മാസം ഒന്നാം തീയതി  സെന്‍സറിങ്ങിനു വരുന്ന പടത്തിന് 1/1/2013 എന്ന് പേര്‍ കൊടുക്കുക.  അതിന് തരം തിരിച്ച് കുട്ടികള്‍ക്കുള്ളതാണെങ്കില്‍ C എന്നും മുതിര്‍ന്നവര്‍ക്കുള്ളതാണെങ്കില്‍ A എന്നും എല്ലാവര്‍ക്കും കാണാവുന്നതാണെങ്കില്‍ U എന്നും കൊടുക്കാം. കുറച്ച് പ്രശ്‌നമുള്ളതാണെങ്കില്‍ UA  കൊടുക്കാം. 13 അശുഭസംഖ്യയായതിനാല്‍ 13-ാമത്തെ പടത്തിന് 12A എന്നു പേരു കൊടുക്കുന്നതിനും വിരോധമില്ല.  റീമെയ്ക്കുകള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായതുകൊണ്ട് അവയ്ക്ക് (R) എന്നു കൊടുത്താല്‍ മതി.  അപ്പോള്‍ 2013 ജനുവരിയില്‍ പതിമൂന്നാമത്തെ ചിത്രം രജിസ്റ്റര്‍ ചെയ്യപ്പെടുകയും അത് റീമെയ്ക്ക് ആണെന്നു വരികയും ചെയ്താല്‍ അതിന്റെ പേര്  12A/1/2013/ U/(R) എന്നായിരിയ്ക്കും.  ഒറ്റനോട്ടത്തില്‍ അത് ഒരു വാഹനത്തിന്റെ രജിസ്റ്റ്രേഷന്‍ നമ്പര്‍ ആണെന്നു തോന്നാമെങ്കിലും പെട്ടെന്ന് പടത്തിന്റെ സ്വഭാവം നമുക്കു മനസ്സിലാവും എന്നതാണ് അതിന്റെ മേന്മ.  അതോടെ ഏതെങ്കിലും മതവിഭാഗത്തെ വ്രണപ്പെടുത്തുന്നു എന്ന അപകടം തീരെയില്ലാതാവും.  ഇപ്പോള്‍ത്തന്നെ സിനിമാപ്പേരുകള്‍ക്ക് ക്ഷാമമനുഭവപ്പെടുന്നതുകൊണ്ട് നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഈ രീതി വലിയ ആശ്വാസമാകും.

3. നിലവിളക്ക്, ഓട്ടുകിണ്ടി, അള്‍ത്താര, മരക്കുരിശ്, മിനാരം, പച്ചബ്ലൗസ് എന്നിവ രംഗങ്ങളില്‍നിന്ന് തീരെ വര്‍ജ്ജിയ്ക്കുക. അവയെല്ലാം ചില പ്രത്യേകമതവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നവയാണ്.  ആ വാക്കുകള്‍ തിരക്കഥയിലും കടന്നു വരാതെ നോക്കേണ്ടതാണ്.  പാട്ടുകളില്‍ നിന്ന് അവ ഒഴിവാക്കണമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോഴും ശ്രദ്ധിയ്ക്കണം.  കൃഷ്ണന്‍, രാമന്‍, യേശു, മറിയമ്മ, നബി, മുഹമ്മദ് തുടങ്ങിയവ വര്‍ജ്ജിയ്ക്കണം.  പടത്തിന് മേല്‍പ്പറഞ്ഞ രീതിയില്‍ പേരിടുകയും തിരക്കഥയും പാട്ടുകളും തയ്യാറായാവുകയും ചെയ്തുകഴിഞ്ഞാല്‍ അവ സെന്‍സര്‍ ബോഡിനു സമര്‍പ്പിയ്‌ക്കേണ്ടതാണ്.  അവര്‍ വെട്ടിമാറ്റുകയും തിരുത്തുകയും ചെയ്ത പാഠം വേണം ഒടുക്കത്തെ ചിത്രീകരണത്തിനുള്ള അസംസ്‌കൃതവിഭവമാവേണ്ടത്.  എങ്കില്‍ ഇപ്പോള്‍ ബ്ലെസ്സി അകപ്പെട്ടിരിയ്ക്കുന്നതു പോലുള്ള അപകടത്തിനുള്ള സാദ്ധ്യതകള്‍ തനിയെ ഇല്ലാതാവുന്നതാണ്.

4.  ഇത്രയൊക്കെ വെട്ടിമാറ്റിയിട്ടും പടത്തില്‍ മേല്‍പ്പറഞ്ഞവയിലേതെങ്കിലും ഘടകം ഉള്‍പ്പെട്ടാല്‍ ഒന്നേ വഴിയുള്ളു.  സംവിധായകന്റെ കയ്യോ കാലോ വെട്ടിമാറ്റുക. അതിനുതകുന്ന നിയമനിര്‍മ്മാണം നടത്താന്‍ സെന്‍സര്‍ ബോഡ് അംഗങ്ങള്‍ തന്നെ മുന്‍കയ്യെടുക്കണം.  ഏതോ വാക്ക് ഒരു പരീക്ഷക്കടലാസ്സില്‍ ചേര്‍ത്തതുകൊണ്ട് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയവരുടെ സാങ്കേതികോപദേശം ഇക്കാര്യത്തില്‍ തേടാവുന്നതാണ്.

പ്രതിസന്ധി നേരിടുന്ന ചലച്ചിത്രവ്യവസായം അഭിവൃദ്ധിപ്പെടുന്നതിനു വേണ്ടി ചില എളിയ നിര്‍ദ്ദേശങ്ങളാണ് മേല്‍ക്കൊടുത്തത്.  ഇനിയും ഉചിതമായ നിര്‍ദ്ദേശങ്ങളുണ്ടാവാം.  അവ പടിപടിയായി നടപ്പാക്കണം.  'കളിമണ്ണ്' നിരോധിച്ചുകൊണ്ടാവട്ടെ അതിന്റെ തുടക്കം. എന്തും ഐശ്വര്യമായി തുടങ്ങണമല്ലോ.

       (അഷ്ടമൂര്‍ത്തി)