2012, ഡിസംബർ 9, ഞായറാഴ്‌ച


                           ഡേവിസ്സിന്റെ തുണിക്കട

തൃശ്ശൂര്‍ പട്ടണത്തിന് കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയ്ക്ക് എത്രയോ മാറ്റങ്ങള്‍ വന്നിരിയ്ക്കുന്നു.  പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന്റെ ഭാഗമായി പലേ കടകളും അപ്രത്യക്ഷമാവുകയോ പുതിയ കെട്ടിടത്തിലേയ്ക്കു മാറുകയോ ചെയ്തിട്ടുണ്ട്.  പോസ്റ്റോഫീസ് റോഡിലെ നാഷണല്‍ ബുക് സ്റ്റാള്‍ വളരെക്കാലം തൃശ്ശൂരിലെ സാംസ്‌കാരികനായകന്മാര്‍ ഒത്തുചേരുന്ന സ്ഥലമായിരുന്നു.  അഞ്ചെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കടയുടെ അവകാശം നഷ്ടപ്പെട്ട് എന്‍ ബി എസ് മാറിപ്പോയി. പക്ഷേ അതിനു മുമ്പേത്തന്നെ തൃശ്ശൂരിലെ സാംസ്‌കാരികനായകന്മാര്‍  നടുവിലാലിലെ കറന്റ് ബുക്‌സിന്റെ മുന്നിലേയ്ക്കു നീങ്ങിയിരുന്നു.  ആ കെട്ടിടവും ഈയിടെ പൊളിച്ചുമാറ്റിയതോടെ അവര്‍ അനാഥരായി.  എഴുത്തുകാര്‍ക്ക് ഒത്തുചേരാനും പരദൂഷണം പറയാനും പുസ്തകക്കടകളോളം പറ്റിയ സ്ഥലം വേറെയുണ്ടോ?

കാലത്തിന്റെ തിരിച്ചിലില്‍പ്പെട്ട് മാറിപ്പോവാത്ത അപൂര്‍വ്വം ചില കടകളുമുണ്ട്.  അതിലൊന്നാണ് കുറ്റിച്ചാക്കു ലോന അന്തോണി ആന്‍ഡ് സണ്‍സ് എന്ന തുണിക്കട.  തൃശ്ശൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ഹൈറോഡിലേയ്ക്കുള്ള വഴിയില്‍ ഇടത്തുവശത്തായി രണ്ടാമത്തെ കടയാണ് അത്.  മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍നിന്ന് ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡിയ്‌ലേയ്ക്ക് നടക്കുമ്പോള്‍, പട്ടാളം റോഡിലേയ്ക്ക് പ്രവേശിച്ച ഉടനെ ഞാനൊന്നു നോക്കും.  റൗണ്ടില്‍നിന്നേ ബസ്സില്‍ കേറിയിരുന്നിട്ടുണ്ടെങ്കില്‍ ബസ്സ് അവിടെയെത്തുമ്പോഴും എന്റെ കണ്ണ് അറിയാതെ ആ കടയിലേയ്ക്ക് ഒന്നു പാളിപ്പോവും.

കട ഇപ്പോഴും അവിടെത്തന്നെയില്ലേ എന്നു പരിശോധിയ്ക്കാന്‍ വേണ്ടി മാത്രമല്ല കണ്ണ് അവിടേയ്ക്ക് ഞാനറിയാതെ തിരിയുന്നത്.  കടയുടെ കാഷ് കൗണ്ടറിലിരിയ്ക്കുന്ന ആളെ കാണുന്നതിനു വേണ്ടിയാണ് അത്.  അത് ഡേവിസ് തന്നെയല്ലേ എന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.  ഡേവിസ് എന്റെ ഒപ്പം ബീക്കോമിന് കേരളവര്‍മ്മ കോളേജില്‍ പഠിച്ചിട്ടുണ്ട്.  കോളേജ് വിട്ടതില്‍പ്പിന്നെ കണ്ടിട്ടില്ല എന്ന സ്ഥിരം വാചകമൊന്നും ഇവിടെ ശോഭിയ്ക്കില്ല.  പക്ഷേ കോളേജ് വിട്ടതില്‍പ്പിന്നെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല എന്നതു സത്യം.  സഹജമായ ലജ്ജാലുത്വത്തിനു പുറമേ അത് ഡേവിസ് തന്നെയാണോ എന്ന ഉറപ്പില്ലായ്മയും കാരണമാണ്.  മാത്രമല്ല അതു ഡേവിസാണെങ്കില്‍ത്തന്നെ അയാള്‍ എന്നെ ഓര്‍മ്മിയ്ക്കുന്നുണ്ട് എന്നതിന് ഒരുറപ്പുമില്ലല്ലോ.  അതുകൊണ്ട് കഴിഞ്ഞ ഇരുപത്താറുകൊല്ലമായി അതിനു മുന്നിലൂടെ കടന്നു പോവുമ്പോഴും കയറിച്ചെന്ന് അയാളോടു സംസാരിയ്ക്കാന്‍ ഞാന്‍ മടിച്ചുപോന്നു.

പക്ഷേ അതിലൂടെ കടന്നു പോവുമ്പോഴൊക്കെ ഡേവിസിന്റെ ജീവിതത്തേക്കുറിച്ച് ഞാന്‍ ആലോചിയ്ക്കാറുണ്ട്.  ഒരു ദിവസം പോലും ആ കൗണ്ടറില്‍ അയാളെ കാണാതിരുന്നിട്ടില്ല.  രാവിലെ ഒമ്പത്-ഒമ്പതരയോടെ കട തുറക്കുന്നുണ്ടാവണം.  രാത്രി എഴര-എട്ടുമണിവരെ അത് തുറന്നിരിയ്ക്കും.  ആ സമയം മുഴുവന്‍ ഡേവിസ് ആ കാഷ് കൗണ്ടറില്‍ ചടഞ്ഞിരിയ്ക്കും.  ഒരേ നോട്ടം, ഒരേ ഇരിപ്പ്.  ചായ കുടിയ്ക്കാനോ ഊണു കഴിയ്ക്കാനോ പോലും അയാള്‍ എഴുന്നേല്‍ക്കാറില്ലെന്നു തോന്നും ആ ഇരിപ്പു കണ്ടാല്‍.

അപ്പോഴൊക്കെ ഞാന്‍ വിചാരിയ്ക്കാറുണ്ട്.  എത്ര വിരസമാവണം ഡേവിസ്സിന്റെ ദിവസങ്ങള്‍?  രാവിലെ മുതല്‍ രാത്രി വരെ ഒരേയിരിപ്പ്. മേശവലിപ്പിലെ കള്ളികളില്‍ നോട്ടുകളും ചില്ലറകളും തരം തിരിച്ചുവെച്ചിരിയ്ക്കുന്നു.  ബില്ലു പരിശോധിച്ച് പണം എണ്ണി തിട്ടപ്പെടുത്തുന്നു.  ബില്ലില്‍ റെസീവ്ഡ് എന്ന സീലു വെച്ച് തിരിച്ചുകൊടുക്കുന്നു. ഒരു മുറി മാത്രമുള്ള കട. പുറത്തേയ്ക്കു നോക്കിയാല്‍ പോസ്റ്റോഫീസ് റോഡില്‍നിന്നു വരുന്ന വാഹനങ്ങള്‍ കാണാം.  മുനിസിപ്പല്‍ സ്റ്റാന്‍ഡു വിട്ട് ശക്തനിലേയ്ക്കു പോവുന്ന ബസ്സുകള്‍ കാണാം.  ഹൈറോഡ് കടന്നു വരുന്ന ആളുകള്‍, പട്ടാളം റോഡ്, എതിരെ ഇ. എം. എസ്.  (ഏലംകുളത്തെ നമ്പൂതിരിപ്പാടല്ല, സ്പീഡ് പോസ്റ്റിന്റെ കെട്ടിടം.)

ഈ കാഴ്ചകള്‍ തന്നെ ഡേവിസ് കാണുന്നുണ്ടോ എന്ന് ആര്‍ക്കറിയാം!  അയാളുടെ ഇരിപ്പും നോട്ടവും കണ്ടാല്‍ പരിസരത്തെ ഒരനക്കവും അയാള്‍ അറിയുന്നില്ലെന്നു തോന്നും.  സോഡാ ഗ്ലാസ്സു കണ്ണടയ്ക്കു പിന്നില്‍ അയാളുടെ ഭാവം എന്താണെന്ന് കൃത്യമായി വിവേചിച്ചെടുക്കാന്‍ വയ്യ.  വെളുത്ത് സുന്ദരനായ ഡേവിസ് അവിടെ ഇരിപ്പു തുടങ്ങിയിട്ട് എത്ര കാലമായി എന്ന് കൃത്യമായി അറിയില്ല.  കോളേജ് പഠിപ്പു കഴിഞ്ഞ് അധികം വൈകിയിട്ടില്ല എന്നു തീര്‍ച്ച.

കോളേജില്‍ പഠിപ്പിയ്ക്കുന്ന പ്രകാശന്‍ മാഷ് (പ്രൊഫസര്‍ പി. എന്‍. പ്രകാശ്) പറയാറുണ്ട്:  ''നിങ്ങളൊക്കെ എങ്ങനെയാണ് ഒരേ ജോലി തന്നെ ചെയ്തുകൊണ്ടിരിയ്ക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.  എനിയ്ക്കത് ആലോചിയ്ക്കാന്‍ പോലും വയ്യ.  ഞങ്ങളുടെ കാര്യം അങ്ങനെയല്ല.  ഗവണ്മെന്റ് കോളേജിലായതുകൊണ്ട് ഇടയ്ക്കിടെ മാറ്റം കിട്ടും.  അല്ലെങ്കില്‍ത്തന്നെ പഠിയ്ക്കാനുള്ളവര്‍ കൊല്ലം തോറും മാറിവരുമല്ലോ.''

അച്ഛന്‍ മുപ്പത്തിരണ്ടു കൊല്ലം ഒരേ സ്‌കൂളിലാണ് പഠിപ്പിച്ചത്.  ബസ്സുകളില്ലാത്ത കാലമായതുകൊണ്ട് എന്നും മൂന്നു നാഴിക അങ്ങോട്ടും ഇങ്ങോട്ടും നടക്കും.  രാവിലെ അച്ഛന്‍ ഓരോ പോയന്റ് കടക്കുന്നതു നോക്കി നാട്ടിലുള്ള പലരും സമയം ഗണിച്ചിരുന്നു.  ജോലിയില്‍നിന്നു വിരമിച്ച ശേഷം നടത്തം നിലച്ചുവെങ്കിലും ഒരു ടൈം ടേബ്ള്‍ അച്ഛനെ നയിച്ചിരുന്നു.  വൈകുന്നേരം നാലുമണിയോടെ മുറ്റത്തെ പുല്ലു പറിയ്ക്കാനിരിയ്ക്കുന്നത് അതിലൊന്നായിരുന്നു.  ''കുറ്റബോധമില്ലാതെ ഊണു കഴിയ്ക്കാന്‍ വേണ്ടിയാണ് പുല്ലു പറിയ്ക്കാനിരിയ്ക്കുന്നത്,'' എന്ന് അച്ഛന്‍ ഇടയ്ക്കിടെ പറയും.

സമൃദ്ധമായ ദാരിദ്ര്യത്തിന്റെ കാലമായിരുന്നു.  ഇന്നത്തേപ്പോലെ വൈവിധ്യമുള്ള ഊണിന്റെ വട്ടങ്ങളൊന്നുമില്ല.  പറമ്പിലുള്ള വിഭവങ്ങള്‍ തന്നെ ഊണിന്.  കൊപ്പക്കായ കൊണ്ട് ഒരു പുളിങ്കറി, ചേനയോ കായയോ കൊണ്ട് ഒരു മെഴുക്കുപുരട്ടി.  ഒരിയ്ക്കല്‍ ഊണു കഴിയ്ക്കാനിരിയ്ക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു:  ''ഇന്നലെയാണോ ഉണ്ണാനിരിയ്ക്കുന്നതെന്ന് എനിയ്ക്കു സംശയം തോന്നുന്നു!''

ഇതുകൊണ്ടൊക്കെയാണല്ലോ പണ്ട് ഡയറിയെഴുതാന്‍ തുടങ്ങിയ ഒരു നമ്പൂതിരി രണ്ടു പേജ് കഴിഞ്ഞപ്പോള്‍  do do എന്ന് ഡിസംബര്‍ 31 വരെ എഴുതിവെച്ചത്!

പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെയിരിയ്ക്കുന്നവരുണ്ട്.  അവരുടെ ദിനചര്യ ക്ലോക്കിന്റെ സൂചികളല്ല നിയന്ത്രിയ്ക്കുന്നത്.  ഇന്നത്തേപ്പോലെയല്ല നാളെ എന്നത് അവരുടെ ജീവതത്തെ എന്നും പുതുമയുള്ളതാക്കുന്നു.  കലാകാരന്മാര്‍ക്കാവട്ടെ അതില്‍ എന്നും പുതിയ അനുഭവങ്ങളുണ്ടുവുകയും ചെയ്യും. സൃഷ്ടിയുടെ നിമിഷങ്ങള്‍ അവരുടെ ദിവസങ്ങളെ സാര്‍ത്ഥകമാക്കുന്നു. റബ്ബര്‍ ബോഡില്‍നിന്ന് സ്വമേധയാ പിരിഞ്ഞ് സ്വതന്ത്രജീവിതം നയിച്ച അരവിന്ദന്‍ അത് നല്ലവണ്ണം ആസ്വദിച്ചിട്ടുണ്ടാവണം. രണ്ടും അറിഞ്ഞ ആളാണല്ലോ. എനിയ്ക്ക് അരവിന്ദനോട് അസൂയ തോന്നിയിട്ടുണ്ട്.

ഇത്രയും എഴുതാന്‍ കാരണമുണ്ട്.  ഇന്നലെ വൈകുന്നേരം മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍നിന്ന് ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡിലേയ്ക്കു നടക്കുമ്പോള്‍ പതിവുപോലെത്തന്നെ തുണിക്കടയിലേയ്ക്ക്  ഒന്നു പാളിനോക്കി.  അവിടെ ഡേവിസ് ഇരിപ്പില്ല എന്നു കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു.  ഒരു നിമിഷം അവിടെത്തന്നെ നിന്നുപോയി.  എന്തുപറ്റി ഡേവിസിന് എന്ന് അമ്പരക്കുമ്പോള്‍ പട്ടാളം റോഡിലുള്ള ഒരു ഹോട്ടലില്‍നിന്ന് ഇറങ്ങിവരുന്നു അയാള്‍.  (അപ്പോള്‍ അയാള്‍ ചായയൊക്കെ കുടിയ്ക്കുന്നുണ്ട്!)

എതിരെയെത്തിയപ്പോള്‍ ഞാന്‍ അയാളുടെ മുഖത്തു നോക്കി ചിരിച്ചു.  അയാള്‍ക്കെന്നെ മനസ്സിലായില്ല.  ഡേവിസ്സല്ലേ എന്നു ഞാന്‍ ചോദിച്ചു.  സഹപാഠിയാണെന്നു പറഞ്ഞപ്പോഴും അയാള്‍ക്കെന്നെ ഓര്‍മ്മിച്ചെടുക്കാനായില്ല.  ഏതായാലും കടയിലേയ്ക്കു വരാന്‍ അയാളെന്നെ ക്ഷണിച്ചു.

കാഷ് കൗണ്ടറില്‍ ഡേവിസ്സിനെതിരെ ഇരിയ്ക്കുമ്പോള്‍ ഞാന്‍ അയാളെ സൂക്ഷിച്ചുനോക്കി.  ഡേവിസ് ഇപ്പോഴും സുന്ദരനാണ്. പ്രായം അയാളില്‍ വലിയ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല.  എന്നോളം വാര്‍ദ്ധക്യം ബാധിച്ചിട്ടില്ല.  മുഖത്ത് യൗവ്വനം ബാക്കിനില്‍ക്കുന്നുണ്ട്.

ഞങ്ങള്‍ വീട്ടുവിവരങ്ങള്‍ പരസ്പരം കൈമാറി. ഡേവിസ്സിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.  ഭാര്യ ഡെയ്‌സി.  മകള്‍ വിവാഹം കഴിഞ്ഞ് നാട്ടില്‍ത്തന്നെയുണ്ട്.  മകന്‍ അമേരിക്കയിലാണ്. ''വീട്ടിലെ കാര്യങ്ങളെല്ലാം ഡെയ്‌സി നോക്കും,'' ഡേവിസ് പറഞ്ഞു.  ''ഞാന്‍ രാവിലെത്തൊട്ട് രാത്രി വരെ ഇവിടെത്തന്നെ.''  

അപ്പോള്‍ കുറച്ച് സ്വാതന്ത്ര്യമെടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

''ഇതിലേ പോവുമ്പോള്‍ എന്നും ഞാന്‍ ഇവിടേയ്ക്കു നോക്കാറുണ്ട്. ഇതേ കസേരയില്‍ നിങ്ങള്‍ ഇല്ലേ എന്ന് ഉറപ്പു വരുത്താന്‍.  ഡേവിസ്, നിങ്ങള്‍ക്ക് മടുപ്പു തോന്നുന്നില്ലേ?  എന്നും രാവിലെ ഈ കടയില്‍ത്തന്നെ വന്നിരിയ്ക്കുക.  ഒരേ ഇടപാടുകള്‍, ഒരേ കാഴ്ചകള്‍.  എന്നെങ്കിലും ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്കു തോന്നിയിട്ടില്ലേ?''

ഡേവിസ് ചിരിയ്ക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്.  അയാളുടെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവവും തെളിഞ്ഞില്ല.  കുറച്ചു നേരം തന്റെ കട്ടിക്കണ്ണടയിലൂടെ പുറത്തേയ്ക്കു നോക്കിയിരുന്നു.  പിന്നെ എന്റെ നേരെ തിരിഞ്ഞു.

''ഞാന്‍ ഇങ്ങനെയൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല,'' ഡേവിസ് പറഞ്ഞു.  ''അതൊക്കെ വലിയ വലിയ കാര്യങ്ങളല്ലേ?  അപ്പന്‍ നാല്‍പ്പത്തേഴാം വയസ്സില്‍ പെട്ടെന്നു മരിച്ചപ്പോള്‍ അന്ന് കട പൂട്ടിയിട്ടു.  പിറ്റേന്നു രാവിലെയായപ്പോഴാണ് ആരെങ്കിലും കടയില്‍ വേണ്ടേ എന്ന് അമ്മച്ചി ചോദിച്ചത്.  അതു ശരിയാണല്ലോ എന്നു തോന്നി.  വേറെ ആരും ഇല്ല കടയിലിരിയ്ക്കാന്‍.  ഞാന്‍ ഒറ്റ മകനാണല്ലോ.  നേരെ ഇങ്ങോട്ടു പോന്നു.  മുപ്പത്തെട്ടു കൊല്ലം മുമ്പുള്ള സംഭവം.''

ഡേവിസ്സിന്റെ തലയ്ക്കു മുകളില്‍ ഒരു ഫോട്ടോ തൂക്കിയിട്ടുണ്ട്.  കണ്ടാല്‍ ഡേവിസ്സിന്റെ തന്നെയാണെന്നു തോന്നും.  മരിച്ചുപോയ അപ്പന്റെ ചിത്രമാവണം.  അതിന്റെ അടുത്തു തന്നെ കുറച്ചുകൂടി വയസ്സു തോന്നിയ്ക്കുന്ന  മറ്റൊരാളുടെ ചിത്രം.  അത് ഡേവിസ്സിന്റെ അപ്പൂപ്പനായിരിയ്ക്കുമോ?

''എനിയ്ക്കു നിങ്ങളുടെ ചോദ്യം തന്നെ ശരിയ്ക്കു മനസ്സിലായില്ല,'' എന്റെ ചിന്തയെ തടഞ്ഞുകൊണ്ട് ഡേവിസ് പറഞ്ഞു.  ''ഇതിലെന്താണ് മടുപ്പിന്റെ പ്രശ്‌നം?  ഞാന്‍ എന്റെ ജോലി ചെയ്യുന്നു, നിങ്ങള്‍ നിങ്ങളുടേയും.  ഇതൊന്നും നമ്മളായിട്ട് നിശ്ചയിയ്ക്കുന്നതല്ലല്ലോ.  അല്ലെങ്കില്‍ അപ്പന് നാല്‍പ്പത്തേഴു വയസ്സില്‍ മരിയ്‌ക്കേണ്ട കാര്യമുണ്ടോ?''

കുറച്ചു നേരം ചിന്തിച്ചിരുന്ന് ഡേവിസ് തുടര്‍ന്നു: ''ഇന്ന് അമ്മച്ചിയും കൂടെയില്ല.  ഏതെങ്കിലും സമയത്ത് നമുക്കൊക്കെ ഇവിടന്നു പോണ്ടതല്ലേ.  അതുവരെ നമ്മള്‍ ഏറ്റെടുത്ത ജോലി ചെയ്തുകൊണ്ടിരിയ്ക്കും.  അത്ര തന്നെ.''

അപ്പോഴാണ് എന്റെ ജോലിയേപ്പറ്റി ഞാന്‍ ആലോചിച്ചത്.  രാവിലെ നേര്‍ത്തെയുള്ള യാത്ര.  എന്നും കൃത്യസമയത്തു തന്നെ ജോലിയ്‌ക്കെത്തും.  ഇന്നലെ ചെയ്ത പണിയുടെ തുടര്‍ച്ച.  അല്ലെങ്കില്‍ ആവര്‍ത്തനം.  കൃത്യസമയത്തുള്ള മടക്കം.  എന്നും ഒരേ പോലെത്തന്നെ.  അച്ഛന്‍ പറഞ്ഞതുപോലെ ഇന്നലെയോ ഇന്നോ എന്ന് വേര്‍തിരിച്ചെടുക്കാനാവാത്ത ദിവസങ്ങള്‍.

ബോംബെയിലായിരുന്നു കുറച്ചു കാലം.  നഗരങ്ങളില്‍ മെക്കാനിക്കല്‍ ലൈഫ് ആണെന്നു പറയാറുണ്ട്.  നാട്ടിന്‍പുറത്ത് എന്താണ്  വ്യത്യാസം?  അസൗകര്യങ്ങളുള്ളതുകൊണ്ട് അത് കൂടുതല്‍ മെക്കാനിക്കല്‍ ആവുന്നു എന്നതല്ലേ ശരി?  രാവിലെ ഏഴുമണിയ്ക്കു ശേഷം ഒമ്പതരയ്‌ക്കേ ബസ്സുള്ളു എന്നതുകൊണ്ട് മിനിട്ടുകള്‍ പോലും കണക്കാക്കിയല്ലേ എന്റെ ദിനചര്യകള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്?

കടയില്‍ വലിയ തിരക്കൊന്നുമില്ല.  വലിയ വലിയ തുണിക്കടകള്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെയുള്ള ഒറ്റമുറിക്കടകളില്‍ അധികമാരും കയറാതായി.  അതിനിടെ വഴി തെറ്റിയിട്ടെന്ന പോലെ ഒരാള്‍ കയറി വന്നു.  തുണി വാങ്ങി അയാള്‍  കൗണ്ടറില്‍ എത്തിയപ്പോള്‍ അതൊരവസരമായി എടുത്ത് ഞാന്‍ ഡേവിസ്സിനോടു യാത്ര പറഞ്ഞു.

ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ പതിവിലും വൈകിയിരുന്നു.  ഊരകത്തിറങ്ങിയപ്പോഴാവട്ടെ പതിവു ബസ്സ് പോയിക്കഴിഞ്ഞിരുന്നു.  അടുത്ത ബസ്സ് അര മണിക്കൂര്‍ കഴിഞ്ഞേയുള്ളു.  അല്ലെങ്കില്‍ വീട്ടിലേയ്ക്കുള്ള  മൂന്നു കിലോമീറ്റര്‍ നടക്കേണ്ടി വരും.

കാത്തുനില്‍പ്പ് മുഷിപ്പനാണ്.  ഞാന്‍ വീട്ടിലേയ്ക്കു വലിഞ്ഞുനടന്നു.

...................................................................






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ