2012, ജൂലൈ 31, ചൊവ്വാഴ്ച

വിനോദന്റെ വിചാരങ്ങള്‍




ജൂണ്‍ മാസത്തിലെ വഴി ആളിക്കത്തുകയായിരുന്നു. ഇടവം കഴിഞ്ഞിട്ടും മഴ പിടിയ്ക്കാത്തതിനേക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടാണ് വിനോദന്‍ വണ്ടി ഓടിച്ചുകൊണ്ടിരുന്നത്.  കുറച്ചു ചെന്നപ്പോള്‍ വല്ലാതെ ദാഹിയ്ക്കുന്നു എന്നു പറഞ്ഞ് അയാള്‍ വണ്ടി വഴിയരികിലേയ്ക്കു നീക്കി നിര്‍ത്തി.  മുന്നിലെ സോഡ-സര്‍ബ്ബത്ത് വില്‍ക്കുന്ന പെട്ടിക്കട അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.  ഒരു സര്‍ബ്ബത്ത് കുടിയ്ക്കുന്നത് നല്ലതാണെന്ന് എനിയ്ക്കും തോന്നി.

''നിങ്ങളിപ്പൊ ഒന്നും എഴുതാറില്ലേ മാഷേ?'' സര്‍ബ്ബത്തിന്റെ ഗ്ലാസ്സ് കയ്യിലെടുത്ത് മരത്തണലിലേയ്ക്കു നീങ്ങിനിന്ന് വിനോദന്‍ എന്നോടു ചോദിച്ചു.  ഉണ്ട് എന്നോ ഇല്ല എന്നോ പറയേണ്ടതെന്ന് സംശയിച്ചപ്പോള്‍ വിനോദന്‍ തന്നെ സഹായത്തിനെത്തി.  ''അല്ല ഇനി മാഷ് എന്തെങ്കിലും എഴുതുന്നുണ്ടെങ്കില്‍ത്തന്നെ അതൊന്നും ഞാന്‍ കാണാത്തതാവും.  പത്രം വായിയ്ക്കാന്‍ പോലും ഇപ്പോള്‍ സമയം കിട്ടാറില്ല.''

വണ്ടി മുന്നോട്ടെടുത്തപ്പോള്‍ ചുടുകാറ്റ് വീണ്ടും മുഖത്തേയ്ക്കടിച്ചു.  വിനോദന്‍ തിരിഞ്ഞ് എന്നെ ഒന്നു നോക്കി.  അയാളുടെ മുഖത്ത് ഒരു ചെറുചിരിയുണ്ടായിരുന്നു.

''മാഷക്ക് അറിയില്ല എന്നെനിയ്ക്കറിയാം.  ഞാനും ഒരു കാലത്ത് കുറേ എഴുതിയിരുന്നു.  കലാപ്രവാഹിനി എന്ന പേരില്‍ ഒരു ക്ലബ്ബുണ്ടായിരുന്നു നാട്ടില്‍.  ക്ലബ്ബിന് ഒരു കയ്യെഴുത്തുമാസികയുണ്ടായിരുന്നു  അതേ പേരില്‍ത്തന്നെ. അതില്‍ ഞാന്‍ ഒരുപാടു കഥകളെഴുതിയിട്ടുണ്ട്.  എന്നു വെച്ചാല്‍ പല പേരിലും കഥകള്‍ എഴുതിയിരുന്നത് ഞാന്‍ തന്നെയാണ്.  അന്ന് കഥയെഴുത്തുകാര്‍ കുറവായിരുന്നു നമ്മുടെ നാട്ടില്‍. അപ്പോള്‍ പേജ് നിറയ്‌ക്കേണ്ടത് എന്റെ പണിയായിരുന്നു.''

'കലാപ്രവാഹിനി'യെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്.  ഉത്സാഹികളായ കുറേ ചെറുപ്പക്കാര്‍ അതിലുണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്.  പക്ഷേ അതില്‍ വിനോദനുണ്ടായിരുന്നു എന്ന് ധരിച്ചിട്ടില്ല.  പലവട്ടം വിനോദന്റെ ഓട്ടോറിക്ഷയില്‍ കയറിയിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങളൊന്നും സംസാരവിഷയമായിട്ടില്ല.  ഇത് കുറച്ചു നീണ്ട യാത്രയായതുകൊണ്ട് അയാള്‍ ഓര്‍മ്മിച്ചെടുക്കുന്നതാവാം.

''അത് ഒരു കാലമായിരുന്നു മാഷേ,'' വിനോദന്‍ പറഞ്ഞു.  ''വൈകുന്നേരം നാലുമണിയാവുമ്പോഴേയ്ക്കും ഞങ്ങള്‍ ആല്‍ത്തറയ്ക്കല്‍ ഒത്തുകൂടും.  കളരിയ്ക്കലെ ബാബു, വൈലിപ്പറമ്പത്തെ ജയന്‍, വെള്ളേത്തെ രാജു, പിന്നെ ഞാനും.  മറ്റ് മൂന്നുപേരും പത്താം ക്ലാസ്സ് പാസ്സായിട്ടുണ്ട്.  ഞാന്‍ എട്ടില്‍ തോറ്റതോടെ പഠിപ്പു നിര്‍ത്തിയിരുന്നു.  ആര്‍ക്കും പ്രത്യേകിച്ച് ജോലിയൊന്നുമില്ല.  ബാബുവാണ് കയ്യെഴുത്തുമാസിക തുടങ്ങുന്ന കാര്യം പറഞ്ഞത്.  അവന് കുറേശ്ശെ വായനയുണ്ടായിരുന്നു.  ഞാനും അല്‍പസ്വല്‍പമൊക്കെ വായിയ്ക്കാറുണ്ട്. എന്നും രാവിലെ വായനശാലയില്‍ ചെല്ലും.  നമ്മുടെ നാട്ടിലും ഒരെഴുത്തുകാരനുണ്ടല്ലോ. മാധവേട്ടന്‍.  മൂപ്പുരുടെ നോവലുകള്‍ മുഴുവന്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്നു.  അതെല്ലാം തപ്പിയെടുത്തു വായിച്ചിട്ടുണ്ട്.''

വല്ലച്ചിറ മാധവനെ ആണ് ഉദ്ദേശിയ്ക്കുന്നതെന്ന് എനിയ്ക്കു മനസ്സിലായി.  അമ്പതിലധികം നോവലുകള്‍ എഴുതിയിട്ടുണ്ട്.  വാരികകള്‍ അദ്ദേഹത്തിന്റെ നോവലുകള്‍ക്ക് കാത്തിരിയ്ക്കാറുള്ള ഒരു കാലമുണ്ടായിരുന്നു.

''കയ്യെഴുത്തുമാസിക തുടങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ ഞങ്ങള്‍ മാധവേട്ടനെ ചെന്നു കണ്ടു.  ആളപ്പോള്‍ നോവലെഴുതുന്ന തിരക്കിലാണ്.  ആശീര്‍വ്വാദം തന്ന് തിരിച്ചയച്ചു.  അതു കൈക്കൊണ്ട് മുന്നോട്ടു പോവാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.  രാജു നന്നായിട്ട് വരയ്ക്കും.  നല്ല കയ്യക്ഷരവുമായിരുന്നു അവന്റെ.  എഴുത്തും വരയും അവന്‍ ഏറ്റെടുത്തു.  പക്ഷേ എന്തെങ്കിലും എഴുതിക്കിട്ടണ്ടേ? ബാബുവിന് വായനയുണ്ടെങ്കിലും എഴുത്തില്ല.  ജയന് പിന്നെ ഒരു ഗന്ധവുമില്ല. അപ്പോഴാണ് ഞാന്‍ ഒരു കൈ നോക്കാമെന്നു വെച്ചത്.  എഴുതിത്തുടങ്ങിയപ്പോള്‍ വലിയ കുഴപ്പമൊന്നുമില്ല.  രാജു നന്നായി വരച്ചു.  സാധനം ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു സംതൃപ്തിയൊക്കെ തോന്നി.  വായനശാലയിലെ മേശപ്പുറത്ത് ഇട്ടപ്പോള്‍ വായനക്കാര്‍ തമ്മില്‍ പിടിവലിയായി.''

കയ്യെഴുത്തു മാസികകള്‍ക്ക് അക്കാലത്ത് വലിയ പ്രിയമാണ്. ഞാന്‍ പഠിച്ചിരുന്ന ടൈപ്പ് റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടിലും ഒരു കയ്യെഴുത്തുമാസിക ഉണ്ടായിരുന്നു.  'പൂമൊട്ടുകള്‍' എന്നായിരുന്നു പേര്. പഠിയ്ക്കാന്‍ വരുന്നവര്‍ പലരും എഴുതിയിരുന്നു.

''വായിച്ച ഉടനെ അഭിപ്രായങ്ങളും വന്നു.  ആദ്യത്തെ ലക്കത്തില്‍ ഞാനെഴുതിയ കഥകളും ബാബുവിന്റെ ഒരു ലേഖനവും രാജുവിന്റെ ചിത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. കവിത മരുന്നിനെങ്കിലും വേണം എന്ന് അഭിപ്രായം വന്നു.  അപ്പോഴാണ് ആരോ ലീലയുടെ കാര്യം പറഞ്ഞത്. നമ്മുടെ നാട്ടിലേയ്ക്ക് കല്യാണം കഴിച്ചുകൊണ്ടുവന്ന സാവിത്രിട്ടീച്ചറുടെ അനിയത്തി. രണ്ടാമത്തെ ലക്കത്തില്‍ ലീലയുടെ കവിതകള്‍ ചേര്‍ത്തു.''

ലീലയെപ്പറ്റി കേട്ടിട്ടുണ്ട്.  കാലിന് സ്വാധീനമില്ലാത്ത കുട്ടിയായിരുന്നു.  സ്‌കൂളിലൊന്നും പോയിട്ടില്ല. പക്ഷേ ഭാഷ നല്ലവണ്ണം വഴങ്ങിയിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സമാഹാരം ഇറങ്ങിയിരുന്നു.  അപ്പോഴാണ് അവരുടെ കവിതകള്‍ വായിയ്ക്കുന്നത്.  സുഗതകുമാരിയുടെ സ്വാധീനമുള്ള കവിതകള്‍.

''ലീലയ്ക്ക് കവിതകള്‍ പ്രവഹിയ്ക്കുകയായിരുന്നു. എഴുതിയെഴുതി എനിയ്ക്കും കഥകള്‍ വന്നു തുടങ്ങി.  പഞ്ചായത്തിലെ ഓണാഘോഷമത്സരങ്ങള്‍ക്ക് ഞങ്ങള്‍ പരസ്പരം മത്സരിച്ചു.  അതായത് ഞാന്‍ കഥയ്ക്കു പുറമേ കവിതയും ലീല കവിതയ്ക്കു പുറമേ കഥയും.  കഥയ്ക്ക് എനിയ്ക്കും കവിതയ്ക്ക് ലീലയ്ക്കും മൂന്നുകൊല്ലം തുടര്‍ച്ചയായി ഒന്നാം സമ്മാനം കിട്ടി.   അതോടെ ഞങ്ങള്‍ തമ്മില്‍ ഒത്തുതീര്‍പ്പായി.  ലീലയുടെ കവിതകളും എന്റെ കഥകളുമായി  നാലു ലക്കം മാസിക ഇറങ്ങി.  അപ്പോള്‍ വായനക്കാര്‍ പറഞ്ഞു നിങ്ങള്‍ രണ്ടുപേര്‍ക്കും മാത്രം എഴുതാനാണെങ്കില്‍ മാസിക എന്തിനാണ്, നിങ്ങള്‍ തമ്മില്‍ പരസ്പരം എഴുതിയാല്‍പ്പോരേ എന്ന്. അത് ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു മാഷേ.''

വിനോദന്‍ വീണ്ടും വണ്ടി നിര്‍ത്തി.  അയാള്‍ തികച്ചും സംസാരിയ്ക്കാനുള്ള മൂഡിലാണെന്ന് മനസ്സിലായി.

''കയ്യെഴുത്തു മാസിക മാത്രം പോരാ എന്ന് അഭിപ്രായമുണ്ടായി ജയനും ബാബുവിനും.  ജയന് അഭിനയിയ്ക്കാന്‍ മോഹമുണ്ടായിരുന്നു.  സി. എല്‍. ജോസിന്റെ 'വിഷക്കാറ്റ്' അവതരിപ്പിച്ചാലോ എന്നായി ആലോചന.  അതിലെ ഡോക്ടറായി ജയന്‍ തന്നെ അഭിനയിച്ചു.  പെണ്ണുങ്ങള്‍ കുട്ടികളേയും ഒക്കത്തെടുത്തുകൊണ്ടാണ് നാടകം കാണാന്‍ വന്നത്.   ജയന്‍ കസറി.  അവനെ നാട്ടിലെ പെണ്‍കുട്ടികളൊക്കെ പ്രേമിയ്ക്കാന്‍ തുടങ്ങി.''

സി. എല്‍. ജോസിന്റെ നാടകങ്ങള്‍ അക്കാലത്ത് ജനപ്രിയമായിരുന്നു. നായികയ്‌ക്കെതിരെ ആദര്‍ശവാദിയും സുന്ദരനുമായ യുവനായകന്‍.  അയാള്‍ നാട്ടിന്‍പുറങ്ങളില്‍ നിരവധി ആരാധികമാരെ സൃഷ്ടിച്ചു.  ആ വേഷമെടുക്കാന്‍ ചെറുപ്പക്കാര്‍ തമ്മില്‍ മത്സരമായിരുന്നു.  
 
''നമ്മുടെ പഞ്ചായത്ത് ഓണാഘോഷപരിപാടികള്‍ തുടങ്ങിയിട്ട് അപ്പോഴേയ്ക്കും രണ്ടു കൊല്ലമായിരുന്നു.  അക്കൊല്ലം ഞങ്ങളുടെ ക്ലബ്ബും പങ്കെടുക്കാന്‍ തീരുമാനിച്ചു.  എവിടെനിന്നാണ് ഇത്രയധികം കുട്ടികളും ചെറുപ്പക്കാരും വന്നത് എന്ന് ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.  കലാപരിപാടികള്‍ക്കു മാത്രമല്ല സ്‌പോട്‌സില്‍ പങ്കെടുക്കാനും ധാരാളം ആളുകള്‍ വന്നു.  ദേശമാകെ ഇളകി മറിഞ്ഞു. രാവും പകലും പരിശീലനങ്ങള്‍.  സംഘം വളര്‍ന്നു വലുതായി ആല്‍ത്തറയില്‍ ഇരിയ്ക്കാന്‍ തന്നെ സ്ഥലമില്ലാതായി.''

ആല്‍ത്തറ അമ്പതാം വര്‍ഷം ആഘോഷിച്ചത് ഈയിടെയാണ്. ഞാനും പോയിരുന്നു.  പഴയ ആളുകള്‍ അധികമുണ്ടായിരുന്നില്ല.  പലരും മരിച്ചുപോയിരുന്നു.  ചിലര്‍ നാട്ടിലുണ്ടായിരുന്നില്ല.  രണ്ടു തലമുറയോളം അവിടെ ഒത്തുകൂടിയിരുന്നതാണല്ലോ.  ഇപ്പോള്‍ അതിലെ പോവുമ്പോള്‍ ആല്‍ത്തറയിലെ വിജനത പഴയ ആളുകളുടെ മനസ്സില്‍ വിങ്ങലുണ്ടാക്കും.

''ആദ്യത്തെ കൊല്ലം ഞങ്ങള്‍ക്കായിരുന്നു കപ്പ്. പിന്നെ തുടര്‍ച്ചയായി മൂന്നു കൊല്ലവും ഞങ്ങള്‍ക്കു തന്നെ.  അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഒന്നാമതായാല്‍ കപ്പ് സ്ഥിരമാവും.  അഞ്ചാമത്തെ വര്‍ഷം ഞങ്ങള്‍ രണ്ടാം സ്ഥാനത്തായി.  അത് കരുതിക്കൂട്ടിയുള്ള ഒരു കളിയായിരുന്നു.  കപ്പ് സ്ഥിരമായി കൊടുക്കാതിരിയ്ക്കാന്‍ ഭാരവാഹികള്‍ നടത്തിയ ഒരു കുത്തിത്തിരിപ്പ്.  പ്രവര്‍ത്തകര്‍ക്കൊക്കെ നിരാശയായി. ക്ലബ്ബ് നിന്നു. അതോടെ കയ്യെഴുത്തു മാസികയും നിന്നു.''

വിനോദന്‍ എന്തൊക്കെയോ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിയ്ക്കുന്നതു പോലെ കുറച്ചുനേരം നിശ്ശബ്ദനായി.  പിന്നെ തുടര്‍ന്നു.

''ബാബുവിന് സര്‍ക്കാര്‍ ജോലി കിട്ടി. ജയനും രാജുവും ജോലി തേടി ബോംബെയ്ക്കു പോയി. മാസിക നിന്നതോടെ ഞങ്ങളുടെ കഥയും കവിതയും ഒക്കെ നിന്നു.  ലീലയെ കാണാനുള്ള അവസരവും നിന്നു.  രണ്ടു നാഴിക നടന്നാല്‍ അവരുടെ വീട്ടിലെത്തും.  പക്ഷേ ഒരു കാരണവും ഇല്ലാതെ ചെല്ലാന്‍ വയ്യല്ലോ.  കുറച്ചു വിഷമം തോന്നി.  അപ്പോഴാണ് ലീലയുടെ ഒരു കത്ത് പോസ്റ്റുമാന്‍ തരുന്നത്. അന്നു തന്നെ ഞാന്‍ മറുപടിയെഴുതി. പിന്നെ കത്തുകളുടെ ഒരു പ്രവാഹമായിരുന്നു.  എട്ടും പത്തും പന്ത്രണ്ടും പേജുകളുള്ള എഴുത്തുകള്‍.  പരസ്പരം കാണലൊന്നുമില്ല.  എഴുത്തോടെഴുത്തു തന്നെ.  അതിന്റെ ലഹരിയിലിരിയ്‌ക്കെ ഒരു ദിവസം സാവിത്രിട്ടീച്ചര്‍ എന്റെ വീട്ടില്‍ വന്നു.  ലീലയ്ക്ക് കല്യാണാലോചനയുണ്ടെന്നും ഇനി കത്തുകള്‍  വേണ്ടെന്നും പറഞ്ഞു.  കത്തെഴുത്ത് അതോടെ നിര്‍ത്തി.''

വിനോദന്‍ വണ്ടി വീണ്ടും മുന്നോട്ടെടുത്തു.

''പക്ഷേ ലീലയുടെ കല്യാണം നടന്നില്ല.  കാലിന് സ്വാധീമില്ലാത്ത കുട്ടിയായതുകൊണ്ടാവാം നടക്കാതെ പോയത്. ഞാന്‍ അതിനിടയ്ക്ക് കല്യാണം കഴിച്ചു.  രണ്ടു കുട്ടികളും ആയി.  ക്ലാസ്സും ട്യൂഷനും കഴിഞ്ഞാല്‍ പിന്നെ ഒന്നിനും സമയമില്ല അവര്‍ക്കൊക്കെ. നമ്മളോ പഠിച്ചില്ല.  അവരെങ്കിലും നന്നായിക്കോട്ടെ എന്നു പറയും ഭാര്യ.  അതും ശരിയാവാം. പക്ഷേ പഠിപ്പു മാത്രം മതിയോ മാഷേ?''

എനിയ്ക്ക് ഉത്തരം പറയാന്‍ തോന്നിയില്ല.

''നാടകം കളി, വായനശാല, കയ്യെഴുത്തു മാസിക.  പലപ്പോഴും വീട്ടിലെത്തുക അര്‍ദ്ധരാത്രിയിലാണ്.  എല്ലാവരും ഉറങ്ങിയിട്ടുണ്ടാവും.  അമ്മ അടച്ചുവെച്ച ചോറെടുത്ത് കഴിയ്ക്കും. രാവിലെ ഇറങ്ങുമ്പോള്‍ അച്ഛനും ഒന്നും ചോദിയ്ക്കാറില്ല. ചോദിച്ചിട്ടും പറഞ്ഞിട്ടും ഒന്നും ഒരു കാര്യവുമില്ല എന്നു വെച്ചിട്ടാവും. പക്ഷേ നാട്ടുകാര്‍ക്കൊക്കെ വേണമായിരുന്നു ഞങ്ങളെ.  എനിയ്ക്കാണെങ്കില്‍ എഴുത്തുകാരന്‍ എന്ന പേരുമുണ്ടായിരുന്നു.''

''ഇപ്പോള്‍ എഴുത്തൊക്കെ നിര്‍ത്തിയോ വിനോദന്‍?''  ഞാന്‍ ചോദിച്ചു.

''കുറച്ചൊക്കെ എഴുതിയിരുന്നു അഞ്ചു കൊല്ലം മുമ്പു വരെ.  അതൊക്കെ സെക്‌സുള്ള കഥകളാണ്.  അതിന് വായനക്കാര്‍ ധാരാളമുണ്ട് ഇപ്പോഴും.  ഒരു മാസികയില്‍ എന്റെ ചെറിയ നോവലുകള്‍ വന്നിരുന്നു.  ഇടയ്ക്കിടെ ആ മാസിക റെയ്ഡില്‍ പിടിയ്ക്കും.  ഇപ്പോള്‍ പൂട്ടിപ്പോയി.  അതോടെ എന്റെ നോവലെഴുത്തും നിന്നു.''  എന്തോ ഓര്‍മ്മിച്ച് വിനോദന്‍ ചിരിച്ചു.  ''പണ്ട് ഓണാഘോഷമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഞങ്ങള്‍ പറയാറുണ്ട്, മാധവേട്ടനാണ് കഥ നോക്കണതെങ്കില്‍ ആദ്യത്തെ പേരഗ്രാഫില്‍ത്തന്നെ സാരി അഴിയ്ക്കാന്‍ തുടങ്ങണമെന്ന്. തമാശ പറഞ്ഞുപറഞ്ഞ് എന്റെ ഗതിയും അതുതന്നെയായി.''

ഓട്ടോറിക്ഷ കൊക്കാലെയില്‍ എത്തിയപ്പോള്‍ ട്രാഫിക് ജാമില്‍ നിരങ്ങാന്‍ തുടങ്ങി.  ഞാന്‍ സമയം നോക്കി.  വണ്ടിയ്ക്ക് ഇനിയും അര മണിക്കൂര്‍ ഉണ്ട്.

''മാഷ് എഴുതിയതൊന്നും ഞാന്‍ വായിച്ചിട്ടില്ല,'' വിനോദന്‍ തുടര്‍ന്നു.  ''ഞാന്‍ പറഞ്ഞില്ലേ, ഇപ്പോള്‍ ആ ലോകത്തുനിന്നൊക്കെ അകന്നുപോയി.  ഞങ്ങള്‍ തമ്മിലുള്ള അടുപ്പം ഇപ്പോള്‍ പഴങ്കഥയാണെങ്കിലും ലീലയുടെ മരണം എന്നെ വല്ലാതെ കുഴക്കിക്കളഞ്ഞു.  ഒന്നിനും ഒരര്‍ത്ഥവുമില്ലാത്തതുപോലെ.''

പുസ്തകം പ്രസിദ്ധീകരിച്ച് രണ്ടാം മാസത്തിലാണ് ലീല മരിച്ചത്.  പ്രകാശനം ചെറിയ തോതിലൊക്കെ നടന്നിരുന്നു.  പത്രത്തിന്റെ അനുബന്ധങ്ങളില്‍ വാര്‍ത്തയും ചിത്രങ്ങളും വന്നിരുന്നു.  'കാലില്ലാത്ത കവയിത്രി', 'നാട്ടിന്‍പുറത്തെ സുഗതകുമാരി' എന്നൊക്കെ അല്‍പം അതിശയോക്തി കലര്‍ന്ന ലേഖനങ്ങളായിരുന്നു അവ.  മരിച്ചപ്പോള്‍ വാര്‍ത്ത ചരമപ്പേജിലെ ഒറ്റക്കോളത്തില്‍ ഒതുങ്ങി.

''ലീല എഴുതിയ നാല്‍പ്പത്തെട്ടു കത്തുകള്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്,'' വിനോദന്‍ പറഞ്ഞു.  ''എന്റെ ഭാര്യ അതൊക്കെ വായിച്ചിട്ടുണ്ട്.  അത് ഞാന്‍ കത്തിച്ചു കളയാന്‍ പുറപ്പെട്ടപ്പോള്‍ അവള്‍ തന്നെയാണ് തടഞ്ഞത്. അതവിടെ ഇരുന്നോട്ടെ എന്ന് അവള്‍ പറഞ്ഞു.  അവള്‍ക്ക് എന്നെ നല്ലവണ്ണം മനസ്സിലായിട്ടുണ്ട് മാഷേ.''

ഓട്ടോറിക്ഷ റെയില്‍വേ സ്റ്റേഷനില്‍ എത്തി നിന്നു.

''ഞാന്‍ നില്‍ക്കുന്നില്ല,'' പെട്ടി ഇറക്കിക്കഴിഞ്ഞ് വിനോദന്‍ പറഞ്ഞു.  ''ചെക്കനെ ട്യൂഷന്‍ സെന്ററില്‍ കൊണ്ടാക്കണം.  പെണ്ണിനെ ഡാന്‍സ് ക്ലാസ്സില്‍നിന്ന് തിരിച്ചുകൊണ്ടുവരികയും വേണം.''

        ***************************************************

2012, ജൂലൈ 24, ചൊവ്വാഴ്ച

കമ്പിറാന്തലിന്റെ വെളിച്ചം


കമ്പിറാന്തലിന്റെ വെളിച്ചം

അവര്‍ നാലു പേര്‍ വന്നിട്ടുണ്ട്.  കാക്കിയിട്ട മൂന്നു പേരും സിവില്‍ വേഷത്തില്‍ ഒരാളും.  ജീപ്പ് വഴിവക്കിലേയ്ക്ക് ഒതുക്കിയിട്ട് അവര്‍ പണി തുടങ്ങി.

മൂന്നാമത്തെ ദിവസമാണ്. മിനിയാന്നാണ് ട്രാന്‍സ്‌ഫോര്‍മര്‍ കേടു വന്നത്.  റോഡിന്റെ എതിര്‍വശത്തെ പറമ്പില്‍നിന്ന് തെങ്ങ് പൊട്ടി വീണതാണ്.  അതിരാവിലെയായതുകൊണ്ട് ആളപായവും മറ്റ് അനിഷ്ടസംഭവങ്ങളും ഒന്നുമുണ്ടായില്ല.  നാലരയ്ക്ക് ഫാന്‍ പെട്ടെന്ന് നിന്നതുകൊണ്ട് ഞങ്ങളുടെ ഉറക്കം തടസ്സപ്പെട്ടു എന്ന അസൗകര്യമൊഴിച്ചാല്‍.

അസൗകര്യങ്ങള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാവും.  ശീലങ്ങളാണ്.  പുറത്ത് മഴ കോരിച്ചൊരിയുമ്പോഴും അകത്ത് ഫാനിട്ട് ഇരിയ്ക്കണം.  പുറത്ത് സൂര്യന്‍ ജ്വലിച്ചു നില്‍ക്കുമ്പോഴും അകത്ത് ലൈറ്റിടണം.  കാറ്റും വെളിച്ചവും എത്രയായാലും  മതിയാവുന്നില്ല.  ഞാന്‍ പണി നടക്കുന്ന സ്ഥലത്തേയ്ക്കു ചെന്നു.

അവര്‍ കാലുകള്‍ നാട്ടിക്കഴിഞ്ഞിരുന്നു ആദ്യദിവസം തന്നെ. പക്ഷേ ട്രാന്‍സ്‌ഫോര്‍മര്‍ എത്തിയിട്ടില്ല.  സ്റ്റോക്കില്ലത്രേ.  അങ്കമാലിയില്‍ ഉണ്ടെന്നു പറയുന്നുണ്ട്.  ഉറപ്പില്ല.  എന്തായാലും അവിടെനിന്ന് എത്തണം.  ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും പിടിയ്ക്കും.

കാറ്റും വെളിച്ചവുമില്ലാതെ ആദ്യത്തെ ദിവസം കടന്നുപോയി.  അപ്പോഴൊക്കെ ടാങ്കില്‍ വെള്ളമുണ്ടായിരുന്നു.  രണ്ടാമത്തെ ദിവസം വൈകുന്നേരമായപ്പോഴേയ്ക്കും അതും നിന്നു.  

അടുക്കളക്കിണര്‍ ഇല്ലാഞ്ഞിട്ടല്ല.  വെള്ളവും ധാരാളമുണ്ട്.  കൊട്ടക്കോരികയുണ്ട്. കയറുമുണ്ട്.  പക്ഷേ കോരിയെടുക്കണമല്ലോ.    

ആട്ടുകല്ലില്‍ അരയ്ക്കാനും കടവില്‍ച്ചെന്ന് തുണിയലക്കാനും പുഴയില്‍ കുളിയ്ക്കാനും ഒരു മടിയും തോന്നിയിട്ടില്ല ഒരു കാലത്ത്.  ഫാനില്ലാതെ ഉറങ്ങാനും  വിഷമം തോന്നിയിരുന്നില്ല.      

ആലോചിയ്ക്കാന്‍ രസമുണ്ട്.  അക്കാലത്ത് രാത്രി വീട്ടില്‍ വെളിച്ചത്തേക്കാളേറെ നിഴലുകളായിരുന്നു.  മുറികളുടെ മൂലകളില്‍ ഭൂതപ്രേതപിശാചുക്കള്‍ പതുങ്ങിനിന്നിരുന്നു. അവയെപ്പേടിച്ച് ഒരു മുറിയില്‍നിന്നു മറ്റേതിലേയ്ക്ക് ഞങ്ങള്‍  ഒന്നിച്ചാണ് സഞ്ചരിയ്ക്കുക.

നേരം ഇരുട്ടിത്തുടങ്ങുന്നതിനു മുമ്പുതന്നെ മേശപ്പുറത്ത് പുസ്തകങ്ങള്‍ നിരത്തിവെച്ച്  ഞങ്ങള്‍  പഠിയ്ക്കാനിരിയ്ക്കും.  അടുക്കളയില്‍  അമ്മ അരി അടുപ്പത്തിടാന്‍ തുടങ്ങുകയാവും അപ്പോള്‍.  സന്ധ്യയാവുമ്പോള്‍ അടുപ്പിലെ വെളിച്ചം മാത്രമാവും അടുക്കളയില്‍.  അക്ഷരങ്ങള്‍ മങ്ങിത്തുടങ്ങുമ്പോള്‍ ഞങ്ങള്‍ പുസ്തകങ്ങള്‍ അടച്ചുവെയ്ക്കും.  അച്ഛന്‍ വിളക്കുമായി വരാനുള്ള കാത്തിരിപ്പാണ് പിന്നെ.

പൂമുഖത്ത് അച്ഛന്‍ തന്റെ പണി തുടങ്ങിയിട്ടുണ്ടാവും.  രണ്ടു കമ്പിറാന്തലുകള്‍, ഒരു മൂട്ടവിളക്ക്, ഒരു മേശവിളക്ക്  എന്നിവയാണ് തുടച്ചു വൃത്തിയാക്കാനുള്ളത്.  കമ്പിറാന്തലില്‍ത്തന്നെ ഒരെണ്ണം ജര്‍മ്മന്‍ നിര്‍മ്മിതമായിരുന്നു.  അതിന് പൊക്കം കുറവായിരുന്നു.  അതിന്റെ ചിമ്മിനിയ്ക്കും വ്യത്യാസമുണ്ട്.  നീളം കുറവും വ്യാസം കൂടുതലുമാണ്.    വക്കുകള്‍ വളരെ മിനുസമുള്ളതായിരുന്നു.  മറ്റു ചിമ്മിനികള്‍ തുടയ്ക്കുമ്പോഴുള്ളതുപോലെ കയ്യ് മുറിയുമെന്ന പേടി വേണ്ട.  തുടച്ചു കഴിഞ്ഞാല്‍ ഇത്രയും ഭംഗിയുള്ള ചിമ്മിനി വേറെയുണ്ടായിരുന്നില്ല.  ഒഗലേ എന്ന പേര് നേരിയ വെളുത്ത അക്ഷരത്തില്‍ എഴുതിവെച്ചത് ചിമ്മിനിയുടെ ചാരുതയ്ക്ക് മാറ്റുകൂട്ടി.

വിളക്കുകളും തുടയ്ക്കാനുള്ള തുണിയും കൊണ്ടാണ് അച്ഛന്‍ പൂമുഖത്തു വന്നിരിയ്ക്കുക.  കോര്‍ക്കിട്ടു മുറുക്കിയടച്ച നീണ്ട കുപ്പിയില്‍ മണ്ണെണ്ണയുമുണ്ടാവും. പഴയ മല്‍മുണ്ടിന്റെ കഷണങ്ങളാണ് വിളക്കു തുടയ്ക്കാനുള്ള തുണിയാവുക.  നാലായി മടക്കിയ തുണി ഓരോ വശങ്ങളായി കരി പുരളും.  നേരിയ മണ്ണെണ്ണമണവും പടരും.  അപ്പോള്‍ തുണി അലക്കു സോപ്പിട്ട് കഴുകുന്നതും അച്ഛന്‍ തന്നെയാണ്.  

എന്നും സ്‌കൂള്‍ വിട്ടുവന്ന് പറമ്പിലൊക്കെ നടന്നുവന്നതിനു ശേഷമാണ് അച്ഛന്‍ വിളക്കു തുടയ്ക്കാനിരിയ്ക്കുക.  നേരം സന്ധ്യയായിട്ടുണ്ടാവും. തലേന്ന് നാളത്തില്‍ അടിഞ്ഞു ചത്ത ചെറിയ പാറ്റകളും പ്രാണികളും വിളക്കില്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടാവും. ചിമ്മിനി മാത്രമല്ല, വിളക്കുകളുടെ കമ്പികളടക്കം എല്ലാ ഭാഗങ്ങളും വൃത്തിയായി തുടയ്ക്കും. തിരിയിലെ കരി കൈ ഞെരടിക്കൊണ്ട് നീക്കം ചെയ്യും.  മണ്ണെണ്ണ കഷ്ടിയാണോ എന്നു പരിശോധിച്ച് വേണ്ട വിളക്കുകളില്‍ നിറയ്ക്കും. തുടച്ചുകഴിഞ്ഞാല്‍ വിളക്കുകള്‍ പൂമുഖത്തിന്റെ ഒരരികിലേയ്ക്കു നീക്കി വെച്ച് മണ്ണെണ്ണക്കുപ്പിയും തുണിയും അതാതു സ്ഥലത്തുതന്നെ തിരിച്ചുകൊണ്ടുവെയ്ക്കും. കമ്പിറാന്തലിലൊരെണ്ണം അടുക്കളയിലും മേശവിളക്ക് ഞങ്ങള്‍ പഠിയ്ക്കാനിരിയ്ക്കുന്ന മേശപ്പുറത്തും വെയ്ക്കും.  മൂട്ടവിളക്ക് മുത്തശ്ശിയമ്മ കിടക്കുന്ന മുറിയിലേയ്ക്കാണ്.  ജര്‍മ്മന്‍ നിര്‍മ്മിതമായ റാന്തല്‍ അച്ഛന്‍ തന്റെ മുറിയിലേയ്ക്കു കൊണ്ടുപോവും. ചാരുകസേരയുടെ പലകയില്‍ റാന്തല്‍ വെച്ച് അച്ഛന്‍ രാവിലത്തെ പത്രം നിവര്‍ത്തും.  ഏഴു മണിയോടെ വായന നിര്‍ത്തി റാന്തലിന്റെ തിരി താഴ്ത്തി മേശപ്പുറത്തു വെയ്ക്കും. മെല്ലെ എഴുന്നേറ്റ് രണ്ടു സെല്ലിന്റെ എവറെഡി ടോര്‍ച്ച് സ്റ്റാന്‍ഡില്‍നിന്നെടുത്ത് പുഴക്കടവിലേയ്ക്ക് നടക്കും.  

ആ സമയത്ത് ഞങ്ങള്‍ പതുങ്ങിപ്പതുങ്ങി അച്ഛന്റെ മുറിയിലെത്തും.  ജര്‍മ്മന്‍ കമ്പിറാന്തല്‍ ഞങ്ങള്‍ക്ക് വലിയ ഭ്രമമായിരുന്നു.  മേശവിളക്കിന്റെ വെളിച്ചം മൂന്നു പേര്‍ക്ക് പങ്കിട്ടെടുക്കാന്‍ മാത്രമുണ്ടായിരുന്നില്ല. പെട്ടെന്ന് പുകയുന്നതുകൊണ്ട് ചിമ്മിനിയില്‍ കരി പിടിയ്ക്കും.  അതോടെ ഉള്ള വെളിച്ചം തന്നെ പകുതിയാവും.  കരി പിടിച്ച ചിമ്മിനിയുടെ ഭാഗത്തിരിയ്ക്കുന്നവര്‍ക്ക് വെളിച്ചം കിട്ടില്ല.  വിളക്ക് ഓരോ ദിശകളില്‍ തിരിച്ചുവെച്ച് ഞങ്ങള്‍ തമ്മില്‍ത്തമ്മില്‍ പോരടിച്ചു.  ഈ ജര്‍മ്മന്‍ കമ്പിറാന്തലിന്റെ വെളിച്ചത്തിരുന്നു പഠിയ്ക്കാന്‍ തരമാവുക എന്നായിരുന്നു അക്കാലത്ത് ഞങ്ങള്‍ക്കുണ്ടായിരുന്ന ഏറ്റവും വലിയ സ്വപ്നം.

ജര്‍മ്മന്‍ റാന്തലിന്റെ വെളിച്ചത്തിലാണ് രാത്രിയൂണ്.  അടുക്കളയില്‍ പലകകള്‍ വട്ടത്തില്‍ ഇട്ട് നടുക്ക് ഒരു പീഠത്തില്‍ റാന്തല്‍ പ്രതിഷ്ഠിയ്ക്കും.  അതിഥികള്‍ ഉണ്ടെങ്കിലേ മേലടുക്കളയില്‍ ഊണു കഴിയ്ക്കൂ.  അവിടെ പതിന്നാലാം നമ്പര്‍ വിളക്കുണ്ട്.  കപ്പി താഴ്ത്തിയും ഉയര്‍ത്തിയും വിളക്കിന്റെ സ്ഥാനം ഉറപ്പിയ്ക്കും.  മേലടുക്കള മുഴുവന്‍ വെളിച്ചം പരത്താനുള്ളത്ര ത്രാണിയുണ്ടായിരുന്നു പതിന്നാലാം നമ്പറിന്.  വിളക്ക് തുടച്ചു വൃത്തിയാക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്.  വട്ടത്തിലുള്ള തിരി ഉയര്‍ത്തലും താഴ്ത്തലും എളുപ്പമായിരുന്നില്ല.  എന്നാലും ആ വിളക്ക് കൊളുത്തുന്ന ദിവസം ഞങ്ങള്‍ക്ക് ഉത്സവമായിരുന്നു.

അസമയത്തെത്തുന്ന അതിഥികളുണ്ടായിരുന്നു പലപ്പോഴും, അച്ഛന്റെ കൂട്ടുകാരായി.   അവിചാരിതമായാണ് അവര്‍ കയറി വരിക.  തൃശ്ശൂരില്‍നിന്ന് ബസ്സു പിടിച്ച് ഊരകത്തിറങ്ങി രണ്ടു നാഴിക നടന്നാണ് വരവ്.  നടത്തത്തിനിടെ ഏറെക്കുറെ മുഴുവന്‍ കത്തിത്തീര്‍ന്ന ചൂട്ടുമായാണ് ചിലരെങ്കിലും എത്തുക.  ഭൂരിഭാഗം പേരുടെ കയ്യിലും അതുമുണ്ടാവില്ല.  വഴിവിളക്കുകള്‍ പോലുമില്ലാത്ത ഇടവഴികളില്‍ അവരെ നാട്ടുവെളിച്ചം നയിയ്ക്കും.  വെളുത്ത പക്ഷത്തില്‍ നിറനിലാവ് ആ ധര്‍മ്മം ഏറ്റെടുക്കും.

നിലാവ് എന്താണെന്ന് അറിഞ്ഞിരുന്ന കാലമായിരുന്നു അത്.  രാത്രികളില്‍ അത് നിഴലുകള്‍ കൊണ്ട് നിരവധി ചലനചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. രാത്രി ഉറക്കമുണരുമ്പോള്‍ ജനാലയിലൂടെ അകത്തേയ്ക്കു കടക്കുന്ന നിലാവിന് സ്‌നേഹത്തിന്റെ രൂപമായിരുന്നു.  വെളുത്തപക്ഷത്തില്‍ ടോര്‍ച്ചു കൂടാതെയാണ് അച്ഛന്‍ കുളിയ്ക്കാന്‍ പോവുക.  ചില ദിവസങ്ങളില്‍ അച്ഛന്റെ ഒപ്പം ചെല്ലും. അച്ഛന്‍ കടവിലിറങ്ങുമ്പോള്‍ പുഴയിലെ ചന്ദ്രന്‍ പല കഷണങ്ങളായി മുറിഞ്ഞുമുറിഞ്ഞുപോവും.  അച്ഛന്റെ കുളി തീരുംവരെ നിലാവ് വെള്ളി വാരിവിതറിയ പുഴയിലേയ്ക്കു നോക്കിക്കൊണ്ട് ഞാന്‍ കടവിലിരിയ്ക്കും.

നല്ല നിലാവുള്ള രാത്രികളില്‍ ഞങ്ങള്‍ മതില്‍ക്കെട്ടിനുള്ളിലെ മുറ്റത്ത് ഉണ്ണാനിരിയ്ക്കുന്ന പതിവുണ്ട്.  നിരത്തി വെച്ച കിണ്ണങ്ങളില്‍ ചന്ദ്രന്‍ മുഖം നോക്കും.  പാത്രങ്ങള്‍ക്കും സവിശേഷമായ തിളക്കം തോന്നും. നിലാവിനു നേരിയ കുളിരുണ്ട്. ഊണു കഴിഞ്ഞാലും കുറച്ചു നേരം  ഞങ്ങള്‍ ആ ഇരിപ്പ് തുടരും.  ചുറ്റുമുള്ള മരങ്ങളില്‍ നിലാവു പെയ്യുന്ന കാഴ്ച എങ്ങനെയാണ് വാക്കുകളിലാക്കുക എന്ന്   പിന്നെയും കുറേക്കഴിഞ്ഞാണ് എനിയ്ക്കു മനസ്സിലായത്;  'കുടിയൊഴിയ്ക്ക'ലിലെ ''നീലവിണ്ണില്‍നിന്നായിരം മുല്ലമാല ഞാലുവോരാതിരരാവില്‍'' എന്ന വൈലോപ്പിള്ളിയുടെ വരികള്‍ വായിച്ചപ്പോള്‍.

ആയിരത്തിത്തൊള്ളായിരത്തി അറുപത്തെട്ടിലാണ് വീട് വൈദ്യുതീകരിയ്ക്കാന്‍ തീരുമാനിച്ചത്.  പുഴയിലേയ്ക്ക് ഒരു മോട്ടോര്‍ വെച്ച് നാട്ടുകാര്‍ക്കൊക്കെ വെള്ളമെത്തിയ്ക്കാന്‍ തറവാട്ടിലെ ഒരപ്ഫന്‍ തീരുമാനിച്ചു.  കൃഷിയ്ക്ക് അന്നും പ്രോത്സാഹനപദ്ധതികള്‍ ഉണ്ടായിരുന്നു.   നാഴികകള്‍ താണ്ടി ഞങ്ങളുടെ തൊടിയിലേയ്ക്ക് കമ്പികള്‍ വഹിച്ച് വൈദ്യുതിക്കാലുകള്‍ എത്തി.  വീട്ടില്‍ വയര്‍ ചെയ്യാന്‍  അപ്പു എത്തിയ ദിവസം ഞങ്ങള്‍ക്ക് ഉത്സവമായിരുന്നു. ചുമരില്‍ ക്ലിപ്പുകള്‍ പിടിപ്പിയ്ക്കുന്നത് ഞങ്ങള്‍ കണ്ണിമയ്ക്കാതെ നോക്കിനിന്നു. ചെലവു കുറയ്ക്കാന്‍ ആകെ ഒമ്പതു പോയന്റ് മതി എന്നു വെച്ചിരുന്നതുകൊണ്ട് അത്യാവശ്യമുള്ള മുറികളില്‍ മാത്രമേ വയര്‍ ചെയ്തുള്ളു. വയറിങ്ങ് പരിശോധിയ്ക്കാന്‍ വന്ന എന്‍ജിനീയര്‍ക്ക് എന്തെങ്കിലും കൊടുക്കണം എന്ന് അപ്പു അച്ഛനെ ശട്ടം കെട്ടിയിരുന്നു.  പരിശോധന കഴിഞ്ഞപ്പോള്‍ എത്ര എന്ന് അച്ഛന്‍ അപ്പുവിനോട് ആംഗ്യത്തില്‍ ചോദിച്ചു.  വലത്തുകയ്യിലെ തള്ളവിരലും ചൂണ്ടുവിരലുമൊഴിച്ചുള്ള മൂന്നു വിരലുകള്‍ അയാള്‍ ഉയര്‍ത്തിക്കാണിച്ചു.  ഞങ്ങളുടെ ഭാഷയില്‍ അത് 'എട്ട്' എന്നായിരുന്നു.  അച്ഛന്‍ വിയര്‍ത്തു.  എട്ടുറുപ്പിക കൈക്കൂലിയോ?  അപ്പുവിനെ സ്വകാര്യത്തില്‍ വിളിച്ചു ചോദിച്ചപ്പോഴാണ് അറിയുന്നത് അയാള്‍ ഉദ്ദേശിച്ചത് മൂന്ന് ആണെന്ന്.  മൂന്നുറുപ്പികയും കൊണ്ട് എന്‍ജിനീയര്‍ സന്തോഷത്തോടെ തിരിച്ചുപോയി.

വൈകാതെ വീട്ടില്‍ വൈദ്യുതവിളക്കുകള്‍ കത്തിത്തുടങ്ങി.  മുറികളുടെ മൂലകളില്‍ പതുങ്ങിനിന്നിരുന്ന ഭൂതപ്രേതപിശാചുക്കള്‍ ജനല്‍ വഴി പുറത്തു ചാടി മുറ്റത്തെ ചെടികള്‍ക്കിടയിലെ ഇരുട്ടില്‍ ഒളിച്ചു.  അവരെ തോല്‍പ്പിയ്ക്കാന്‍ ഞങ്ങള്‍ പുറത്തേയ്ക്കും വിളക്കുകള്‍ പിടിപ്പിച്ചു.  അതോടെ മുറ്റത്തുനിന്ന് ഇരുട്ടു മാത്രമല്ല നിലാവും പിന്‍വാങ്ങി.  പുതിയ ഒരു ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.

അരവിന്ദന്റെ 'ഒരിടത്ത്' എന്ന ചിത്രം ഒരു ഗ്രാമത്തിലേയ്ക്ക് വൈദ്യുതി എത്തുന്നതിന്റെ കഥയാണ്.  വൈദ്യുതി ഒരു മിത്ത് പോലെയാണ് ആ ചിത്രത്തില്‍.  വായിച്ചറിഞ്ഞും പറഞ്ഞുകേട്ടും വൈദ്യുതി എന്ന അത്ഭുതത്തെ കാത്തിരിയ്ക്കുകയാണ് നാട്ടുകാര്‍.  പക്ഷേ  വൈദ്യുതി വെളിച്ചത്തോടൊപ്പം ഗ്രാമത്തിലേയ്ക്ക് അശുഭങ്ങളായ പലതും കൊണ്ടുവരുന്നുണ്ട്.  വൈദ്യുതിക്കമ്പികള്‍ വഴി സാംസ്‌കാരികമായ അപചയവും വരുന്നതായി അരവിന്ദന്‍ സൂചിപ്പിയ്ക്കുന്നുണ്ട്.  പഴയ കമ്പിറാന്തല്‍ക്കാലമായിരുന്നു നല്ലത് എന്ന പാഠമാണോ അരവിന്ദന്‍ തരുന്നത്?

കമ്പിറാന്തലുകളേക്കുറിച്ച് ആലോചിയ്ക്കുമ്പോഴൊക്കെ ഞങ്ങളുടെ ഗുരു ടി. എം. പി. നെടുങ്ങാടിയെ ഓര്‍മ്മ വരാറുണ്ട്.  റാന്തല്‍ എന്ന വാക്കിന്റെ ഭംഗിയില്‍ മുഗ്ധനായിരുന്നു മാഷ്.  ലാന്റേണില്‍ നിന്ന് ലാന്തര്‍.  ലാന്തറില്‍നിന്ന് റാന്തല്‍. റ-യും ല-യും മാറ്റിമറിച്ചിട്ട് ലാന്റേണിനെ ശുദ്ധമലയാളമാക്കിയ മാജിക്കിനേക്കുറിച്ച് എത്ര പറഞ്ഞാലും മാഷക്ക് മതിയാവാറില്ല.

എവിടെയാണിപ്പോള്‍ ആ പഴയ റാന്തലുകള്‍?  വിളക്കു തുടയ്ക്കുന്ന ജോലി ഞാന്‍ ഏറ്റെടുത്തതിനു ശേഷം ഒരു ദിവസം ജര്‍മ്മന്‍ റാന്തലിന്റെ ചിമ്മിനി കയ്യില്‍ നിന്നു വഴുതിവീണ് ഉടഞ്ഞുപോയി.  എത്ര അന്വേഷിച്ചിട്ടും ആ ചിമ്മിനിയ്ക്കു പകരം കിട്ടിയില്ല.  അതോടെ ജര്‍മ്മന്‍ റാന്തല്‍ ഉപയോഗശൂന്യമായി.  വൈദ്യുതവിളക്കുകള്‍ വന്നതോടെ റാന്തലും മൂട്ടവിളക്കും മേശവിളക്കുമൊക്കെ കൈപ്പുറത്തുനിന്ന് അകന്നുപോയി.  തട്ടിന്‍പുറത്തെവിടെയെങ്കിലും ഒരുപക്ഷേ അവ പൊടിപിടിച്ച് കിടപ്പുണ്ടാവും.

വൈകുന്നേരം പുതിയ ട്രാന്‍സ്‌ഫോര്‍മറുമായി ടിപ്പര്‍ ലോറി എത്തി.  കൂടെ കുറേക്കൂടി പണിക്കാരും.  കപ്പി ഉപയോഗിച്ച് ട്രാന്‍സ്‌ഫോര്‍മര്‍  ഉയര്‍ത്താന്‍ തുടങ്ങുകയാണ് അവര്‍.

പമ്പ് ഹൗസില്‍നിന്ന് വെള്ളം പുറത്തേയ്‌ക്കൊഴുകിയിട്ട് മൂന്നു ദിവസം കഴിഞ്ഞിരിയ്ക്കുന്നു.  പാറളത്തുനിന്നും അവിണിശ്ശേരിയില്‍നിന്നും വിളികള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്.  വര്‍ഷക്കാലമാണെന്നു പറഞ്ഞിട്ടു കാര്യമില്ല.   കുടിവെള്ളം തീര്‍ന്നിരിയ്ക്കുന്നു.  ഇന്നു രാത്രിയോടെ എങ്ങനെയും വെള്ളം എത്തിച്ചേ തീരൂ.   അതു മനസ്സിലാക്കി പണിക്കാര്‍ തിടുക്കം കൂട്ടിയിട്ടുണ്ട്.  

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.  ടോര്‍ച്ചെടുത്തിട്ടില്ല.  കറുത്ത പക്ഷമായതുകൊണ്ട്  നിലാവും തീരെയില്ല.  ഞാന്‍ തിരിച്ചു നടന്നു.



2012, ജൂലൈ 15, ഞായറാഴ്‌ച

മാലാഖമാരേ മറയൊല്ലേ! -- പുസ്തക പ്രകാശനം

പ്രിയപ്പെട്ടവരേ...............

 അടുത്ത ശനിയാഴ്ച തൃശ്ശൂരില്‍ വെച്ച് എന്‍െറ പുതിയ പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നു. പേര്: മാലാഖമാരേ മറയൊല്ലേ. മാതൃഭൂമി ബുക്സ് ആണ് പ്രസാധകര്‍.

 സി ആര്‍ പരമേശ്വരന്‍ വി എം ഗിരിജയ്ക്കു നല്‍കി പ്രകാശനം ചെയ്യുന്നു. ആത്മവിദ്യാലയമേ, അവരുടെ കുട്ടികള്‍, ദൈവം ഏല്‍പ്പിച്ചു തന്ന കുട്ടികള്‍, ദാരിദ്ര്യരേഖാരഹസ്യങ്ങള്‍, ഈശ്വരന്‍ ബധിരനാണോ, ഏതാണ് സീതാ റോഡ്, ഇതു കുടക്കാലം, ജാലഹള്ളിയിലെ വാച്ച് ഫാക്ടറി, ഇതു നൊയമ്പുകാലം, മലയാളസിനിമ എന്നാണ് സാരിയുടുക്കുക, ഞാന്‍ മരിച്ചുപോയി കേട്ടോ, ഒരിയ്ക്കല്‍ നമ്മള്‍ കൂട്ടുകാരായിരുന്നു, പാവങ്ങള്‍ ഈ പന്തുകളിക്കാര്‍, പിരിവുകാരെ പിണക്കി അയയ്ക്കരുത്, പൂക്കളെവിടെ മക്കളേ, പൊഴുതനയിലെ എല്‍ദോ, പുകവലിവിരോധം, സാംസ്കാരികനായകരെ ആര്‍ക്കാണ് പേടി, ഉപഹാരങ്ങള്‍ എവിടെ സൂക്ഷിയ്ക്കും, വോട്ടു ചോദിയ്ക്കുന്ന ഗാന്ധിമാര്‍, കഥയല്ലിതു രേവതി, മാലാഖമാരേ മറയൊല്ലേ എന്നിങ്ങനെ 22 കുറിപ്പുകള്‍.

 തൃശ്ശൂര്‍ പാണ്ഡി സമൂഹമഠം ഹാളില്‍ വെച്ചാണ് ചടങ്ങ്. മാതൃഭൂമിയുടെ പുസ്കപ്രദര്‍ശനം നടക്കുന്നതിനിടയില്‍ ആണ് പരിപാടി. സൌകര്യമുള്ളവര്‍ പങ്കെടുത്താല്‍ സന്തോഷം.

 സ്നേഹത്തോടെ
അഷ്ടമൂര്‍ത്തി