ജൂണ്‍ മാസത്തിലെ വഴി ആളിക്കത്തുകയായിരുന്നു. ഇടവം കഴിഞ്ഞിട്ടും മഴ പിടിയ്ക്കാത്തതിനേക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടാണ് വിനോദന്‍ വണ്ടി ഓടിച്ചുകൊണ്ടിരുന്നത്. കുറച്ചു ചെന്നപ്പോള്‍ വല്ലാതെ ദാഹിയ്ക്കുന്നു എന്നു പറഞ്ഞ് അയാള്‍ വണ്ടി വഴിയരികിലേയ്ക്കു നീക്കി നിര്‍ത്തി. മുന്നിലെ സോഡ-സര്‍ബ്ബത്ത് വില്‍ക്കുന്ന പെട്ടിക്കട അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. ഒരു സര്‍ബ്ബത്ത് കുടിയ്ക്കുന്നത് നല്ലതാണെന്ന് എനിയ്ക്കും തോന്നി.
''നിങ്ങളിപ്പൊ ഒന്നും എഴുതാറില്ലേ മാഷേ?'' സര്‍ബ്ബത്തിന്റെ ഗ്ലാസ്സ് കയ്യിലെടുത്ത് മരത്തണലിലേയ്ക്കു നീങ്ങിനിന്ന് വിനോദന്‍ എന്നോടു ചോദിച്ചു. ഉണ്ട് എന്നോ ഇല്ല എന്നോ പറയേണ്ടതെന്ന് സംശയിച്ചപ്പോള്‍ വിനോദന്‍ തന്നെ സഹായത്തിനെത്തി. ''അല്ല ഇനി മാഷ് എന്തെങ്കിലും എഴുതുന്നുണ്ടെങ്കില്‍ത്തന്നെ അതൊന്നും ഞാന്‍ കാണാത്തതാവും. പത്രം വായിയ്ക്കാന്‍ പോലും ഇപ്പോള്‍ സമയം കിട്ടാറില്ല.''
വണ്ടി മുന്നോട്ടെടുത്തപ്പോള്‍ ചുടുകാറ്റ് വീണ്ടും മുഖത്തേയ്ക്കടിച്ചു. വിനോദന്‍ തിരിഞ്ഞ് എന്നെ ഒന്നു നോക്കി. അയാളുടെ മുഖത്ത് ഒരു ചെറുചിരിയുണ്ടായിരുന്നു.
''മാഷക്ക് അറിയില്ല എന്നെനിയ്ക്കറിയാം. ഞാനും ഒരു കാലത്ത് കുറേ എഴുതിയിരുന്നു. കലാപ്രവാഹിനി എന്ന പേരില്‍ ഒരു ക്ലബ്ബുണ്ടായിരുന്നു നാട്ടില്‍. ക്ലബ്ബിന് ഒരു കയ്യെഴുത്തുമാസികയുണ്ടായിരുന്നു അതേ പേരില്‍ത്തന്നെ. അതില്‍ ഞാന്‍ ഒരുപാടു കഥകളെഴുതിയിട്ടുണ്ട്. എന്നു വെച്ചാല്‍ പല പേരിലും കഥകള്‍ എഴുതിയിരുന്നത് ഞാന്‍ തന്നെയാണ്. അന്ന് കഥയെഴുത്തുകാര്‍ കുറവായിരുന്നു നമ്മുടെ നാട്ടില്‍. അപ്പോള്‍ പേജ് നിറയ്‌ക്കേണ്ടത് എന്റെ പണിയായിരുന്നു.''
'കലാപ്രവാഹിനി'യെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. ഉത്സാഹികളായ കുറേ ചെറുപ്പക്കാര്‍ അതിലുണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. പക്ഷേ അതില്‍ വിനോദനുണ്ടായിരുന്നു എന്ന് ധരിച്ചിട്ടില്ല. പലവട്ടം വിനോദന്റെ ഓട്ടോറിക്ഷയില്‍ കയറിയിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങളൊന്നും സംസാരവിഷയമായിട്ടില്ല. ഇത് കുറച്ചു നീണ്ട യാത്രയായതുകൊണ്ട് അയാള്‍ ഓര്‍മ്മിച്ചെടുക്കുന്നതാവാം.
''അത് ഒരു കാലമായിരുന്നു മാഷേ,'' വിനോദന്‍ പറഞ്ഞു. ''വൈകുന്നേരം നാലുമണിയാവുമ്പോഴേയ്ക്കും ഞങ്ങള്‍ ആല്‍ത്തറയ്ക്കല്‍ ഒത്തുകൂടും. കളരിയ്ക്കലെ ബാബു, വൈലിപ്പറമ്പത്തെ ജയന്‍, വെള്ളേത്തെ രാജു, പിന്നെ ഞാനും. മറ്റ് മൂന്നുപേരും പത്താം ക്ലാസ്സ് പാസ്സായിട്ടുണ്ട്. ഞാന്‍ എട്ടില്‍ തോറ്റതോടെ പഠിപ്പു നിര്‍ത്തിയിരുന്നു. ആര്‍ക്കും പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ബാബുവാണ് കയ്യെഴുത്തുമാസിക തുടങ്ങുന്ന കാര്യം പറഞ്ഞത്. അവന് കുറേശ്ശെ വായനയുണ്ടായിരുന്നു. ഞാനും അല്‍പസ്വല്‍പമൊക്കെ വായിയ്ക്കാറുണ്ട്. എന്നും രാവിലെ വായനശാലയില്‍ ചെല്ലും. നമ്മുടെ നാട്ടിലും ഒരെഴുത്തുകാരനുണ്ടല്ലോ. മാധവേട്ടന്‍. മൂപ്പുരുടെ നോവലുകള്‍ മുഴുവന്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്നു. അതെല്ലാം തപ്പിയെടുത്തു വായിച്ചിട്ടുണ്ട്.''
വല്ലച്ചിറ മാധവനെ ആണ് ഉദ്ദേശിയ്ക്കുന്നതെന്ന് എനിയ്ക്കു മനസ്സിലായി. അമ്പതിലധികം നോവലുകള്‍ എഴുതിയിട്ടുണ്ട്. വാരികകള്‍ അദ്ദേഹത്തിന്റെ നോവലുകള്‍ക്ക് കാത്തിരിയ്ക്കാറുള്ള ഒരു കാലമുണ്ടായിരുന്നു.
''കയ്യെഴുത്തുമാസിക തുടങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ ഞങ്ങള്‍ മാധവേട്ടനെ ചെന്നു കണ്ടു. ആളപ്പോള്‍ നോവലെഴുതുന്ന തിരക്കിലാണ്. ആശീര്‍വ്വാദം തന്ന് തിരിച്ചയച്ചു. അതു കൈക്കൊണ്ട് മുന്നോട്ടു പോവാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. രാജു നന്നായിട്ട് വരയ്ക്കും. നല്ല കയ്യക്ഷരവുമായിരുന്നു അവന്റെ. എഴുത്തും വരയും അവന്‍ ഏറ്റെടുത്തു. പക്ഷേ എന്തെങ്കിലും എഴുതിക്കിട്ടണ്ടേ? ബാബുവിന് വായനയുണ്ടെങ്കിലും എഴുത്തില്ല. ജയന് പിന്നെ ഒരു ഗന്ധവുമില്ല. അപ്പോഴാണ് ഞാന്‍ ഒരു കൈ നോക്കാമെന്നു വെച്ചത്. എഴുതിത്തുടങ്ങിയപ്പോള്‍ വലിയ കുഴപ്പമൊന്നുമില്ല. രാജു നന്നായി വരച്ചു. സാധനം ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു സംതൃപ്തിയൊക്കെ തോന്നി. വായനശാലയിലെ മേശപ്പുറത്ത് ഇട്ടപ്പോള്‍ വായനക്കാര്‍ തമ്മില്‍ പിടിവലിയായി.''
കയ്യെഴുത്തു മാസികകള്‍ക്ക് അക്കാലത്ത് വലിയ പ്രിയമാണ്. ഞാന്‍ പഠിച്ചിരുന്ന ടൈപ്പ് റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടിലും ഒരു കയ്യെഴുത്തുമാസിക ഉണ്ടായിരുന്നു. 'പൂമൊട്ടുകള്‍' എന്നായിരുന്നു പേര്. പഠിയ്ക്കാന്‍ വരുന്നവര്‍ പലരും എഴുതിയിരുന്നു.
''വായിച്ച ഉടനെ അഭിപ്രായങ്ങളും വന്നു. ആദ്യത്തെ ലക്കത്തില്‍ ഞാനെഴുതിയ കഥകളും ബാബുവിന്റെ ഒരു ലേഖനവും രാജുവിന്റെ ചിത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. കവിത മരുന്നിനെങ്കിലും വേണം എന്ന് അഭിപ്രായം വന്നു. അപ്പോഴാണ് ആരോ ലീലയുടെ കാര്യം പറഞ്ഞത്. നമ്മുടെ നാട്ടിലേയ്ക്ക് കല്യാണം കഴിച്ചുകൊണ്ടുവന്ന സാവിത്രിട്ടീച്ചറുടെ അനിയത്തി. രണ്ടാമത്തെ ലക്കത്തില്‍ ലീലയുടെ കവിതകള്‍ ചേര്‍ത്തു.''
ലീലയെപ്പറ്റി കേട്ടിട്ടുണ്ട്. കാലിന് സ്വാധീനമില്ലാത്ത കുട്ടിയായിരുന്നു. സ്‌കൂളിലൊന്നും പോയിട്ടില്ല. പക്ഷേ ഭാഷ നല്ലവണ്ണം വഴങ്ങിയിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സമാഹാരം ഇറങ്ങിയിരുന്നു. അപ്പോഴാണ് അവരുടെ കവിതകള്‍ വായിയ്ക്കുന്നത്. സുഗതകുമാരിയുടെ സ്വാധീനമുള്ള കവിതകള്‍.
''ലീലയ്ക്ക് കവിതകള്‍ പ്രവഹിയ്ക്കുകയായിരുന്നു. എഴുതിയെഴുതി എനിയ്ക്കും കഥകള്‍ വന്നു തുടങ്ങി. പഞ്ചായത്തിലെ ഓണാഘോഷമത്സരങ്ങള്‍ക്ക് ഞങ്ങള്‍ പരസ്പരം മത്സരിച്ചു. അതായത് ഞാന്‍ കഥയ്ക്കു പുറമേ കവിതയും ലീല കവിതയ്ക്കു പുറമേ കഥയും. കഥയ്ക്ക് എനിയ്ക്കും കവിതയ്ക്ക് ലീലയ്ക്കും മൂന്നുകൊല്ലം തുടര്‍ച്ചയായി ഒന്നാം സമ്മാനം കിട്ടി. അതോടെ ഞങ്ങള്‍ തമ്മില്‍ ഒത്തുതീര്‍പ്പായി. ലീലയുടെ കവിതകളും എന്റെ കഥകളുമായി നാലു ലക്കം മാസിക ഇറങ്ങി. അപ്പോള്‍ വായനക്കാര്‍ പറഞ്ഞു നിങ്ങള്‍ രണ്ടുപേര്‍ക്കും മാത്രം എഴുതാനാണെങ്കില്‍ മാസിക എന്തിനാണ്, നിങ്ങള്‍ തമ്മില്‍ പരസ്പരം എഴുതിയാല്‍പ്പോരേ എന്ന്. അത് ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു മാഷേ.''
വിനോദന്‍ വീണ്ടും വണ്ടി നിര്‍ത്തി. അയാള്‍ തികച്ചും സംസാരിയ്ക്കാനുള്ള മൂഡിലാണെന്ന് മനസ്സിലായി.
''കയ്യെഴുത്തു മാസിക മാത്രം പോരാ എന്ന് അഭിപ്രായമുണ്ടായി ജയനും ബാബുവിനും. ജയന് അഭിനയിയ്ക്കാന്‍ മോഹമുണ്ടായിരുന്നു. സി. എല്‍. ജോസിന്റെ 'വിഷക്കാറ്റ്' അവതരിപ്പിച്ചാലോ എന്നായി ആലോചന. അതിലെ ഡോക്ടറായി ജയന്‍ തന്നെ അഭിനയിച്ചു. പെണ്ണുങ്ങള്‍ കുട്ടികളേയും ഒക്കത്തെടുത്തുകൊണ്ടാണ് നാടകം കാണാന്‍ വന്നത്. ജയന്‍ കസറി. അവനെ നാട്ടിലെ പെണ്‍കുട്ടികളൊക്കെ പ്രേമിയ്ക്കാന്‍ തുടങ്ങി.''
സി. എല്‍. ജോസിന്റെ നാടകങ്ങള്‍ അക്കാലത്ത് ജനപ്രിയമായിരുന്നു. നായികയ്‌ക്കെതിരെ ആദര്‍ശവാദിയും സുന്ദരനുമായ യുവനായകന്‍. അയാള്‍ നാട്ടിന്‍പുറങ്ങളില്‍ നിരവധി ആരാധികമാരെ സൃഷ്ടിച്ചു. ആ വേഷമെടുക്കാന്‍ ചെറുപ്പക്കാര്‍ തമ്മില്‍ മത്സരമായിരുന്നു.
''നമ്മുടെ പഞ്ചായത്ത് ഓണാഘോഷപരിപാടികള്‍ തുടങ്ങിയിട്ട് അപ്പോഴേയ്ക്കും രണ്ടു കൊല്ലമായിരുന്നു. അക്കൊല്ലം ഞങ്ങളുടെ ക്ലബ്ബും പങ്കെടുക്കാന്‍ തീരുമാനിച്ചു. എവിടെനിന്നാണ് ഇത്രയധികം കുട്ടികളും ചെറുപ്പക്കാരും വന്നത് എന്ന് ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. കലാപരിപാടികള്‍ക്കു മാത്രമല്ല സ്‌പോട്‌സില്‍ പങ്കെടുക്കാനും ധാരാളം ആളുകള്‍ വന്നു. ദേശമാകെ ഇളകി മറിഞ്ഞു. രാവും പകലും പരിശീലനങ്ങള്‍. സംഘം വളര്‍ന്നു വലുതായി ആല്‍ത്തറയില്‍ ഇരിയ്ക്കാന്‍ തന്നെ സ്ഥലമില്ലാതായി.''
ആല്‍ത്തറ അമ്പതാം വര്‍ഷം ആഘോഷിച്ചത് ഈയിടെയാണ്. ഞാനും പോയിരുന്നു. പഴയ ആളുകള്‍ അധികമുണ്ടായിരുന്നില്ല. പലരും മരിച്ചുപോയിരുന്നു. ചിലര്‍ നാട്ടിലുണ്ടായിരുന്നില്ല. രണ്ടു തലമുറയോളം അവിടെ ഒത്തുകൂടിയിരുന്നതാണല്ലോ. ഇപ്പോള്‍ അതിലെ പോവുമ്പോള്‍ ആല്‍ത്തറയിലെ വിജനത പഴയ ആളുകളുടെ മനസ്സില്‍ വിങ്ങലുണ്ടാക്കും.
''ആദ്യത്തെ കൊല്ലം ഞങ്ങള്‍ക്കായിരുന്നു കപ്പ്. പിന്നെ തുടര്‍ച്ചയായി മൂന്നു കൊല്ലവും ഞങ്ങള്‍ക്കു തന്നെ. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഒന്നാമതായാല്‍ കപ്പ് സ്ഥിരമാവും. അഞ്ചാമത്തെ വര്‍ഷം ഞങ്ങള്‍ രണ്ടാം സ്ഥാനത്തായി. അത് കരുതിക്കൂട്ടിയുള്ള ഒരു കളിയായിരുന്നു. കപ്പ് സ്ഥിരമായി കൊടുക്കാതിരിയ്ക്കാന്‍ ഭാരവാഹികള്‍ നടത്തിയ ഒരു കുത്തിത്തിരിപ്പ്. പ്രവര്‍ത്തകര്‍ക്കൊക്കെ നിരാശയായി. ക്ലബ്ബ് നിന്നു. അതോടെ കയ്യെഴുത്തു മാസികയും നിന്നു.''
വിനോദന്‍ എന്തൊക്കെയോ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിയ്ക്കുന്നതു പോലെ കുറച്ചുനേരം നിശ്ശബ്ദനായി. പിന്നെ തുടര്‍ന്നു.
''ബാബുവിന് സര്‍ക്കാര്‍ ജോലി കിട്ടി. ജയനും രാജുവും ജോലി തേടി ബോംബെയ്ക്കു പോയി. മാസിക നിന്നതോടെ ഞങ്ങളുടെ കഥയും കവിതയും ഒക്കെ നിന്നു. ലീലയെ കാണാനുള്ള അവസരവും നിന്നു. രണ്ടു നാഴിക നടന്നാല്‍ അവരുടെ വീട്ടിലെത്തും. പക്ഷേ ഒരു കാരണവും ഇല്ലാതെ ചെല്ലാന്‍ വയ്യല്ലോ. കുറച്ചു വിഷമം തോന്നി. അപ്പോഴാണ് ലീലയുടെ ഒരു കത്ത് പോസ്റ്റുമാന്‍ തരുന്നത്. അന്നു തന്നെ ഞാന്‍ മറുപടിയെഴുതി. പിന്നെ കത്തുകളുടെ ഒരു പ്രവാഹമായിരുന്നു. എട്ടും പത്തും പന്ത്രണ്ടും പേജുകളുള്ള എഴുത്തുകള്‍. പരസ്പരം കാണലൊന്നുമില്ല. എഴുത്തോടെഴുത്തു തന്നെ. അതിന്റെ ലഹരിയിലിരിയ്‌ക്കെ ഒരു ദിവസം സാവിത്രിട്ടീച്ചര്‍ എന്റെ വീട്ടില്‍ വന്നു. ലീലയ്ക്ക് കല്യാണാലോചനയുണ്ടെന്നും ഇനി കത്തുകള്‍ വേണ്ടെന്നും പറഞ്ഞു. കത്തെഴുത്ത് അതോടെ നിര്‍ത്തി.''
വിനോദന്‍ വണ്ടി വീണ്ടും മുന്നോട്ടെടുത്തു.
''പക്ഷേ ലീലയുടെ കല്യാണം നടന്നില്ല. കാലിന് സ്വാധീമില്ലാത്ത കുട്ടിയായതുകൊണ്ടാവാം നടക്കാതെ പോയത്. ഞാന്‍ അതിനിടയ്ക്ക് കല്യാണം കഴിച്ചു. രണ്ടു കുട്ടികളും ആയി. ക്ലാസ്സും ട്യൂഷനും കഴിഞ്ഞാല്‍ പിന്നെ ഒന്നിനും സമയമില്ല അവര്‍ക്കൊക്കെ. നമ്മളോ പഠിച്ചില്ല. അവരെങ്കിലും നന്നായിക്കോട്ടെ എന്നു പറയും ഭാര്യ. അതും ശരിയാവാം. പക്ഷേ പഠിപ്പു മാത്രം മതിയോ മാഷേ?''
എനിയ്ക്ക് ഉത്തരം പറയാന്‍ തോന്നിയില്ല.
''നാടകം കളി, വായനശാല, കയ്യെഴുത്തു മാസിക. പലപ്പോഴും വീട്ടിലെത്തുക അര്‍ദ്ധരാത്രിയിലാണ്. എല്ലാവരും ഉറങ്ങിയിട്ടുണ്ടാവും. അമ്മ അടച്ചുവെച്ച ചോറെടുത്ത് കഴിയ്ക്കും. രാവിലെ ഇറങ്ങുമ്പോള്‍ അച്ഛനും ഒന്നും ചോദിയ്ക്കാറില്ല. ചോദിച്ചിട്ടും പറഞ്ഞിട്ടും ഒന്നും ഒരു കാര്യവുമില്ല എന്നു വെച്ചിട്ടാവും. പക്ഷേ നാട്ടുകാര്‍ക്കൊക്കെ വേണമായിരുന്നു ഞങ്ങളെ. എനിയ്ക്കാണെങ്കില്‍ എഴുത്തുകാരന്‍ എന്ന പേരുമുണ്ടായിരുന്നു.''
''ഇപ്പോള്‍ എഴുത്തൊക്കെ നിര്‍ത്തിയോ വിനോദന്‍?'' ഞാന്‍ ചോദിച്ചു.
''കുറച്ചൊക്കെ എഴുതിയിരുന്നു അഞ്ചു കൊല്ലം മുമ്പു വരെ. അതൊക്കെ സെക്‌സുള്ള കഥകളാണ്. അതിന് വായനക്കാര്‍ ധാരാളമുണ്ട് ഇപ്പോഴും. ഒരു മാസികയില്‍ എന്റെ ചെറിയ നോവലുകള്‍ വന്നിരുന്നു. ഇടയ്ക്കിടെ ആ മാസിക റെയ്ഡില്‍ പിടിയ്ക്കും. ഇപ്പോള്‍ പൂട്ടിപ്പോയി. അതോടെ എന്റെ നോവലെഴുത്തും നിന്നു.'' എന്തോ ഓര്‍മ്മിച്ച് വിനോദന്‍ ചിരിച്ചു. ''പണ്ട് ഓണാഘോഷമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഞങ്ങള്‍ പറയാറുണ്ട്, മാധവേട്ടനാണ് കഥ നോക്കണതെങ്കില്‍ ആദ്യത്തെ പേരഗ്രാഫില്‍ത്തന്നെ സാരി അഴിയ്ക്കാന്‍ തുടങ്ങണമെന്ന്. തമാശ പറഞ്ഞുപറഞ്ഞ് എന്റെ ഗതിയും അതുതന്നെയായി.''
ഓട്ടോറിക്ഷ കൊക്കാലെയില്‍ എത്തിയപ്പോള്‍ ട്രാഫിക് ജാമില്‍ നിരങ്ങാന്‍ തുടങ്ങി. ഞാന്‍ സമയം നോക്കി. വണ്ടിയ്ക്ക് ഇനിയും അര മണിക്കൂര്‍ ഉണ്ട്.
''മാഷ് എഴുതിയതൊന്നും ഞാന്‍ വായിച്ചിട്ടില്ല,'' വിനോദന്‍ തുടര്‍ന്നു. ''ഞാന്‍ പറഞ്ഞില്ലേ, ഇപ്പോള്‍ ആ ലോകത്തുനിന്നൊക്കെ അകന്നുപോയി. ഞങ്ങള്‍ തമ്മിലുള്ള അടുപ്പം ഇപ്പോള്‍ പഴങ്കഥയാണെങ്കിലും ലീലയുടെ മരണം എന്നെ വല്ലാതെ കുഴക്കിക്കളഞ്ഞു. ഒന്നിനും ഒരര്‍ത്ഥവുമില്ലാത്തതുപോലെ.''
പുസ്തകം പ്രസിദ്ധീകരിച്ച് രണ്ടാം മാസത്തിലാണ് ലീല മരിച്ചത്. പ്രകാശനം ചെറിയ തോതിലൊക്കെ നടന്നിരുന്നു. പത്രത്തിന്റെ അനുബന്ധങ്ങളില്‍ വാര്‍ത്തയും ചിത്രങ്ങളും വന്നിരുന്നു. 'കാലില്ലാത്ത കവയിത്രി', 'നാട്ടിന്‍പുറത്തെ സുഗതകുമാരി' എന്നൊക്കെ അല്‍പം അതിശയോക്തി കലര്‍ന്ന ലേഖനങ്ങളായിരുന്നു അവ. മരിച്ചപ്പോള്‍ വാര്‍ത്ത ചരമപ്പേജിലെ ഒറ്റക്കോളത്തില്‍ ഒതുങ്ങി.
''ലീല എഴുതിയ നാല്‍പ്പത്തെട്ടു കത്തുകള്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്,'' വിനോദന്‍ പറഞ്ഞു. ''എന്റെ ഭാര്യ അതൊക്കെ വായിച്ചിട്ടുണ്ട്. അത് ഞാന്‍ കത്തിച്ചു കളയാന്‍ പുറപ്പെട്ടപ്പോള്‍ അവള്‍ തന്നെയാണ് തടഞ്ഞത്. അതവിടെ ഇരുന്നോട്ടെ എന്ന് അവള്‍ പറഞ്ഞു. അവള്‍ക്ക് എന്നെ നല്ലവണ്ണം മനസ്സിലായിട്ടുണ്ട് മാഷേ.''
ഓട്ടോറിക്ഷ റെയില്‍വേ സ്റ്റേഷനില്‍ എത്തി നിന്നു.
''ഞാന്‍ നില്‍ക്കുന്നില്ല,'' പെട്ടി ഇറക്കിക്കഴിഞ്ഞ് വിനോദന്‍ പറഞ്ഞു. ''ചെക്കനെ ട്യൂഷന്‍ സെന്ററില്‍ കൊണ്ടാക്കണം. പെണ്ണിനെ ഡാന്‍സ് ക്ലാസ്സില്‍നിന്ന് തിരിച്ചുകൊണ്ടുവരികയും വേണം.''
***************************************************