2013, ജനുവരി 15, ചൊവ്വാഴ്ച


പാവം പാവം രാഷ്ട്രപതിമാര്‍!

നമ്മുടെ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയ്ക്ക് ഒരു മണിക്കൂര്‍ വിശ്രമിയ്ക്കാന്‍ രണ്ടു കോടി ഉറുപ്പിക ചെലവായി എന്നത് വലിയ വാര്‍ത്തയായിരിയ്ക്കുന്നു.  കുടിവെള്ളം പോലും കിട്ടാത്ത നാട്ടില്‍ നികുതിദായകരുടെ പണമെടുത്ത് ധൂര്‍ത്തടിയ്ക്കുകയാണ്, വലിയ ആളുകളുടെ കാര്യം വന്നാല്‍ സര്‍ക്കാരിന് ഒരു ലോപവുമില്ല എന്നു തുടങ്ങി നിരവധി ആക്ഷേപങ്ങളാണ് ഉയര്‍ന്നു വന്നത്.

അപ്പോള്‍ വാര്‍ത്ത വിശദമായി ഒന്നു വായിച്ചു നോക്കാന്‍ തന്നെ തീരുമാനിച്ചു.  ബെല്‍ഗാമിലെ ഓള്‍ഡ് സര്‍ക്യൂട്ട് ഹൗസ് മോടി പിടിപ്പിയ്ക്കാനാണ് ഈ തുക ചെലവഴിച്ചത്. രണ്ടു കോടിയൊന്നുമില്ല, വെറും 1.98 കോടിയേ ചെലവായിട്ടുള്ളു.  ഇതില്‍ത്തന്നെ 37 ലക്ഷം അതിന്റെ അറ്റകുറ്റപ്പണിയ്ക്കാണ് ചെലവാക്കിയത്. അതും ഒരു തുമ്പുമില്ലാതെ ചെലവാക്കിയതല്ല.  എല്ലാത്തിനും കൃത്യമായ കണക്കുണ്ട്. അഞ്ചു ലക്ഷം കര്‍ട്ടന്, ആറു ലക്ഷം മൂത്രപ്പുരയുടെ നിലം ഇഷ്ടിക വിരിയ്ക്കാന്‍, ഏഴര ലക്ഷം കിടക്കവിരിയ്ക്ക്,  നാലു ലക്ഷം ചുമരുകളില്‍ തൂക്കാനുള്ള  ചിത്രങ്ങള്‍ക്ക്.

ഇതൊക്കെ വലിയ സംഖ്യകളാണെന്ന് ആരും പറയുമെന്നു തോന്നുന്നില്ല.  അതും നമ്മുടെ രാഷ്ട്രപതിയ്ക്കു താമസിയ്ക്കാന്‍ വേണ്ടി.  കാര്യം ഒരു മണിക്കൂറേയുള്ളു എന്നു സമ്മതിയ്ക്കാം.  പക്ഷേ അതൊരു സമയം തന്നെയല്ലേ?  അര ദിവസത്തെ സന്ദര്‍ശനത്തിന് ഉത്തര കര്‍ണാടക സിറ്റിയില്‍ എത്തിയതായിരുന്നു രാഷ്ട്രപതി.  അവിടത്തെ സുവര്‍ണ വിധാന്‍ സൗധം ഉദ്ഘാടനം ചെയ്യാനാണ് എത്തിയത്. ചടങ്ങിനു ശേഷം  ഒരു മണിക്കൂര്‍  ഒന്നു വിശ്രമിയ്ക്കാനാണ് രാഷ്ട്രപതി ബെല്‍ഗാമിലെ ഓള്‍ഡ് സര്‍ക്യൂട്ട് ഹൗസില്‍ എത്തിയത്.  അതു തികച്ചും ന്യായം.  അല്ലെങ്കില്‍ അത്രയും നേരം ബസ് സ്റ്റാന്‍ഡിലെ ബെഞ്ചില്‍ കുത്തിയിരിയ്ക്കാന്‍ പറ്റുമോ അദ്ദേഹത്തിന് നമ്മളേപ്പോലെയുള്ള അലവലാതികളേപ്പോലെ?

രാഷ്ട്രപതിമാരും മന്ത്രിമാരും നമ്മളേപ്പോലെ സാധാരണക്കാരാണ് എന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു എനിയ്ക്കും കുറേക്കാലം മുമ്പുവരെ. അതു മാറിയത് ഇരുപതു കൊല്ലം മുമ്പാണ്. ഒരു പത്രവാര്‍ത്തയാണ് എന്റെ കണ്ണു തുറപ്പിച്ചത്. അന്നത്തെ ഉപരാഷ്ട്രപതി കെ. ആര്‍. നാരായണന്‍ കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്ക്ക് വരുന്നതിനേക്കുറിച്ചായിരുന്നു വാര്‍ത്ത. അത് ഇങ്ങനെ: ''ഉപരാഷ്ട്രപതിയ്ക്ക് ചികിത്സയ്ക്കുള്ള മരുന്നുകള്‍ പ്രത്യേകം ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുകയാണ്.  ഉപരാഷ്ട്രപതിയ്ക്കാവുമ്പോള്‍ മരുന്നുകളില്‍ കലര്‍പ്പു പാടില്ലല്ലോ.''

തീര്‍ച്ചയായും പാടില്ല. കലര്‍പ്പുള്ള മരുന്നു കൊടുത്ത് ഉപരാഷ്ട്രപതിയ്ക്ക് ജീവഹാനിയോ മറ്റോ സംഭവിച്ചാല്‍ എന്തെന്ത് അനിഷ്ടസംഭവങ്ങള്‍ തന്നെ ഉണ്ടാവില്ല?  പ്രത്യേകിച്ച് വിലയൊന്നുമില്ലാത്ത നമ്മുടെ ജീവന്‍ പോലെയാണോ ഉപരാഷ്ട്രപതിയുടെ ജീവന്‍?

ഇവിടെ ഉപരാഷ്ട്രപതി പോലുമല്ല, രാഷ്ട്രപതിയുടെ ജീവനാണ് വിഷയം. രാഷ്ട്രപതിയുടെ മൂക്കു വിയര്‍ക്കുന്നതു പോലും രാഷ്ട്രത്തിന്റെ ഭാവിയെ ബാധിയ്ക്കുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ഒരു മണിക്കൂര്‍ താമസസൗകര്യമൊരുക്കാന്‍ 1.98 കോടി ചെലവാക്കിയതില്‍ എന്താണ് തെറ്റ്?

എന്നിട്ടും കാര്യമുണ്ടായില്ല.  ജനതാ ദള്‍ (എസ്) നേതാവ് ലക്കപ്പ ഗൗഡയ്ക്ക് അതിഷ്ടപ്പെട്ടില്ല.  താന്‍ ഒരിയ്ക്കലും രാഷ്ടപതിയാവാന്‍ പോവുന്നില്ല എന്ന് ലക്കപ്പയ്ക്ക് അത്ര ഉറപ്പുണ്ടാവണം.  അവിടെയും നിന്നില്ല.  വന്നു ഒരു ഭീമപ്പ.  ഭീമപ്പ ഗദാദ് വിവരാവകാശക്കമ്മീഷനില്‍ ആവശ്യപ്പെട്ടാണ് ചെലവു വിവരങ്ങള്‍ പുറത്തുവന്നത്.

ബെല്‍ഗാമില്‍  രണ്ടു സര്‍ക്യൂട്ട് ഹൗസുകളുണ്ടത്രേ.  2011-ല്‍ ലോക കന്നടസമ്മേളനത്തിനു വേണ്ടി അതില്‍ ആദ്യത്തേത് 50 ലക്ഷം ചെലവാക്കി മോടി പിടിപ്പിച്ചിരുന്നുവത്രേ. രാഷ്ട്രപതിയ്ക്ക് അതില്‍ താമസിച്ചാല്‍ മതിയായിരുന്നില്ലേ എന്നാണ് ഭീമപ്പയുടെ ചോദ്യം.

അതെന്തു ചോദ്യമാണ് അപ്പേ എന്നു ചോദിയ്ക്കാന്‍ തോന്നി.  രണ്ടു വര്‍ഷം മുമ്പ് മോടി പിടിപ്പിച്ചതൊക്കെ ഇപ്പോള്‍ എങ്ങനെയായിട്ടുണ്ടാവുമെന്ന് നമുക്കറിയില്ലേ?  നമ്മുടെ രാജ്യമല്ലേ?  എന്തെല്ലാം തട്ടിക്കൂട്ടലാണ് അന്നു നടന്നിട്ടുണ്ടാവുക?  അങ്ങനെ അലുക്കലുക്കായ കെട്ടിടത്തില്‍ നമ്മുടെ രാഷ്ട്രപതിയെ താമസിപ്പിച്ചാല്‍ ആര്‍ക്കാണ് കുറച്ചില്‍? ഭീമപ്പ തന്നെ ഒന്നാലോചിയ്ക്കട്ടെ.

അല്ലെങ്കില്‍ ലക്കപ്പയും ഭീമപ്പയും രാഷ്ട്രപതി ഭവന്‍ ഒന്നു ചെന്നു കാണട്ടെ.  അവിടത്തെ സൗകര്യങ്ങളുടെ എത്ര ചെറിയ അംശമാണ് ഈ രണ്ടു സര്‍ക്യൂട്ട് ഹൗസുകളില്‍ ഉള്ളതെന്ന് അപ്പോള്‍ മനസ്സിലാവും.  ആ ഒരു മണിക്കൂര്‍ തന്നെ രാഷ്ട്രപതി എത്ര വൈഷമ്മ്യത്തോടെയാവും കഴിച്ചു കൂട്ടിയതെന്നും അപ്പോള്‍ അറിയും.  അതൊക്കെ അവര്‍ പ്രജകള്‍ക്കു വേണ്ടി സഹിയ്ക്കുന്ന ത്യാഗമാണ്.  അതൊന്നുമറിയാതെ വെറുതെ ഇങ്ങനെ ആരോപണങ്ങള്‍ ഉന്നയിയ്ക്കുന്നതു ശരിയാണോ?

അല്ലെങ്കിലും ഇപ്പോള്‍ രാഷ്ട്രപതിമാരെ ആര്‍ക്കും ഒരു വിലയുമില്ലാതായിട്ടുണ്ട്.  ഇതിനു മുമ്പത്തെ രാഷ്ട്രപതി അധികാരത്തിലിരുന്ന അഞ്ചു കൊല്ലം കുറച്ചു വിദേശരാജ്യങ്ങള്‍ കാണാന്‍ പോയപ്പോള്‍ അതിനേക്കുറിച്ചായി പരാതികള്‍.  പാവം പ്രതിഭാ പാട്ടീല്‍.  പ്രത്യേകിച്ച് ഒരു പണിയൊന്നുമില്ലാതെ മുഷിഞ്ഞപ്പോള്‍ ഒന്നു പുറത്തിറങ്ങി വരാം എന്നു വിചാരിച്ചതാണ്.  ഇന്ത്യയിലൊക്കെ എന്തു കാണാന്‍?  അതുകൊണ്ട് യാത്ര വിദേശത്തേയ്ക്കാക്കാം എന്നു വെച്ചു.  അപ്പോള്‍ ഭര്‍ത്താവിനെ കൂടെക്കൂട്ടാം എന്നും വെച്ചു.  മക്കളും മക്കളുടെ മക്കളുമൊക്കെ ഒപ്പം പുറപ്പെട്ടതിന് അവരെ കുറ്റം പറയാമോ?  അഞ്ചു കൊല്ലത്തേയ്‌ക്കേ ഈ രാഷ്ട്രപതിസ്ഥാനമുള്ളു എന്ന് അവര്‍ക്കറിയാം.  അതു കഴിഞ്ഞാല്‍ ഏതെങ്കിലും വിദേശരാജ്യത്തേയ്ക്കു പോണമെങ്കില്‍ കയ്യില്‍നിന്ന് ചില്വാനം എടുക്കേണ്ടിവരും.  അതുകൊണ്ട് അവരും പുറപ്പെട്ടു.  അതിനാണ് ഈ പുകിലുകള്‍!  രാഷ്ട്രപതിയായതുകൊണ്ട് ലോകം കാണരുത് എന്നൊന്നുമില്ലല്ലോ.

അവിടെയും വന്നു വിവരാവകാശക്കാര്‍.  ഇവരേക്കൊണ്ടു തോറ്റു.  രാഷ്ട്രപതിയുടെ കുടുംബം എത്ര വിദേശരാജ്യങ്ങള്‍ കണ്ടു, യാത്രയ്ക്ക് ഒട്ടാകെ എത്ര ചെലവായി എന്നൊക്കെ അവര്‍ക്കറിയണം.  ഇരുപത്തിരണ്ടു രാജ്യങ്ങള്‍ കണ്ടു, അവസാനം നടത്തിയ യാത്ര കൂടി കൂട്ടിയാല്‍ 223 കോടി ചെലവാക്കി എന്നൊക്കെ വിവരം കിട്ടി.  അതുകൊണ്ടെന്തുണ്ടായി?  ഒന്നുമുണ്ടായില്ല. അവര്‍ രാജ്യങ്ങള്‍ കണ്ടു; അത്ര തന്നെ.  എന്നിട്ടും പ്രതിഭാ പാട്ടീലിനെ വിട്ടില്ല പരദൂഷണക്കാര്‍.  അവര്‍ ജോലി ഒഴിഞ്ഞുപോവുമ്പോള്‍ രാഷ്ട്രപതി ഭവനില്‍നിന്ന് വിരിപ്പും പുതപ്പുമൊക്കെയായി നിരവധി സാധനങ്ങള്‍ കടത്തിക്കൊണ്ടു പോവാന്‍ ശ്രമിച്ചുവത്രേ.  കൊണ്ടുപോയിക്കോട്ടെ, അഞ്ചുകൊല്ലം രാഷ്ട്രപതിയായി നമ്മളെ സേവിച്ച ആളല്ലേ എന്നു കരുതി ക്ഷമിയ്ക്കുകയല്ലേ വേണ്ടിയിരുന്നത്?  അതിനു പകരം അവര്‍ കൊണ്ടുപോയതൊക്കെ തിരിച്ച് ഇടുവിച്ചു കണ്ണില്‍ ചോരയില്ലാത്തവര്‍.  അവര്‍ ഉപയോഗിച്ച വിരിപ്പും പുതപ്പും സോപ്പുമൊക്കെ രാഷ്ട്രപതിഭവനില്‍ വെച്ചിട്ട് എന്താണ് കാര്യമെന്നു മനസ്സിലായില്ല.  പ്രണബ്കുമാര്‍ മുഖര്‍ജിയ്ക്ക് അവയൊക്കെ ഉപയോഗിയ്ക്കാന്‍ പറ്റുമോ?

അല്ലെങ്കിലും പരാക്രമം പെണ്ണുങ്ങളോടാണ്.  രാഷ്ട്രപതിയാവണമെന്നില്ല, രാഷ്ട്രപതിയുടെ ഭാര്യയായാലും മതി.  കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്   വരാഹഗിരി വെങ്കിടഗിരി കോട്ടക്കലില്‍ ചികിത്സയ്ക്കു വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സരസ്വതി ഗിരിയും ഒപ്പമുണ്ടായിരുന്നു.  അവര്‍ കോഴിക്കോട്ടു പോയി അത്യാവശ്യം ചില സാധനങ്ങളൊക്കെ വാങ്ങി തിരിച്ചുപോരുമ്പോള്‍ ബില്ല് അടച്ചില്ലത്രേ. എന്തെല്ലാം കാര്യങ്ങള്‍ ഓര്‍ക്കാനുള്ള ആളാണ്!  അതിനിടയില്‍ മറന്നതാവാനേ വഴിയുള്ളു.   അതുകൊണ്ട് എന്തുണ്ടായി?  പിന്നെ സരസ്വതി ഗിരി കോഴിക്കോട്ടെത്തിയെന്നു കേട്ടാല്‍ത്തന്നെ കടകളൊക്കെ ഷട്ടറിടാന്‍ തുടങ്ങി പോല്‍.  അവര്‍ക്ക് പിന്നീട് ഒരു സോപ്പു പോലും കോഴിക്കോട്ടുനിന്ന് വാങ്ങാന്‍ കഴിഞ്ഞില്ലത്രേ.  പാവം അവര്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവണം!

രാഷ്ട്രപതിമാരുടെ കാര്യം ആലോചിയ്ക്കുമ്പോള്‍ കരച്ചില്‍ വരും.  ആഘോഷമായിട്ടാണ് അധികാരക്കസേരയില്‍ ഇരുത്തുക.  പിന്നെ തുടങ്ങുകയായി ദ്രോഹം.  വലിയ വിപ്ലവമുണ്ടാക്കി സിന്‍ഡിക്കേറ്റിനെ (മാധ്യമസിന്‍ഡിക്കേറ്റല്ല) മുട്ടുകുത്തിച്ച  ഇന്ദിരാഗാന്ധി വരാഹഗിരി വെങ്കിടഗിരിയെ പിന്തുണച്ചാണ് രാഷ്ട്രപതിയാക്കിയത്.  അഞ്ചുകൊല്ലം കഴിഞ്ഞപ്പോള്‍ ഒരിയ്ക്കല്‍ക്കൂടി രാഷ്ട്രപതിയായാല്‍ക്കൊള്ളാം എന്നുണ്ടായിരുന്നു ഗിരിയ്ക്ക്. പാവം, ആര്‍ക്കും മോഹം തോന്നില്ലേ! സമ്മതിച്ചില്ല ഇന്ദിരാഗാന്ധി.  ഫക്രുദ്ദീന്‍ അലി അഹമ്മദിനെ രാഷ്ട്രപതിയാക്കി. അടിയന്തിരാവസ്ഥയില്‍ കുളിമുറിയില്‍ ഇരുന്നുപോലും ഓര്‍ഡിനന്‍സ് ഒപ്പിട്ടുകൊടുക്കുന്നു എന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആക്ഷേപം.  ഒപ്പിട്ടുകൊടുക്കാതിരുന്നാലുള്ള ഭവിഷ്യത്ത് നല്ലവണ്ണം മനസ്സിലാക്കിയിരുന്നു ഫക്രുദ്ദീന്‍ അലി.  എന്നിട്ടും അദ്ദേഹത്തെ വെറുതെ കളിയാക്കിക്കൊണ്ടിരുന്നു. താല്‍ക്കാലിക രാഷ്ട്രപതിയായ ബി. ഡി. ജട്ടിയേയും വെറുതെ വിട്ടില്ല.  പേരില്‍പ്പിടിച്ചായിരുന്നു പരിഹാസമെന്നു മാത്രം. ഗ്യാനി സെയില്‍ സിങ്ങിനെ സുവര്‍ണ്ണക്ഷേത്രത്തില്‍ പിടിച്ചിരുത്തി ചെരിപ്പു തുടപ്പിയ്ക്കുക വരെയുണ്ടായി.  പ്രായാധിക്യം കൊണ്ടും ചെറിയ അംഗവൈകല്യം കൊണ്ടും ചെറിയ ഞൊണ്ടലുണ്ടായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മ്മ ഓരോരിടത്തു വീഴുമ്പോഴൊക്കെ ക്യാമറയുമായെത്തി പത്രക്കാര്‍.  രാഷ്ട്രപതിയാണെങ്കിലും വീഴുന്നതു കാണാന്‍ രസമുണ്ടത്രേ.  ഗുജറാത്തിലെ അക്രമങ്ങള്‍ക്ക് മോദിയെ വിമര്‍ശിച്ചില്ല എന്നതായിരുന്നു കെ. ആര്‍. നാരായണനുണ്ടായിരുന്ന കുറ്റം.  രണ്ടാം വട്ടം രാഷ്ട്രപതിസ്ഥാനം മോഹിച്ചാണത്രേ അങ്ങനെ ചെയ്തത്. കുട്ടികളേക്കൊണ്ട് ചോദ്യം ചോദിപ്പിച്ച് ആളാവാന്‍ നോക്കുന്നു എന്ന് അബ്ദുള്‍ കലാമിനേപ്പറ്റി ദൂഷ്യം പറഞ്ഞു.  എന്തിന് കലാമിന്റെ മുടി ശരിയല്ല എന്നുവരെ പറഞ്ഞു പരദൂഷണക്കാര്‍.  ഒക്കെ ഒന്നു ശാന്തമായി എന്നു വിചാരിച്ചതാണ്.  അപ്പോള്‍ അതാ, പ്രണബ്കുമാര്‍ മുഖര്‍ജി ഒന്നു ബെല്‍ഗാം വരെ ചെന്നപ്പോഴേയ്ക്കും ഇളകിവന്നിരിയ്ക്കുന്നു ലക്കപ്പയും ഭീമപ്പയും.

ഈ പോക്കു പോയാല്‍ ഇന്ത്യയില്‍ രാഷ്ട്രപതിയാവാന്‍ ആളെക്കിട്ടുമെന്നു തോന്നുന്നില്ല.  ഈ ലക്കപ്പയും ഭീമപ്പയും അനുഭവിയ്ക്കും തീര്‍ച്ച.

.....................................



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ