2013, ജൂൺ 10, തിങ്കളാഴ്‌ച

                                    ചിതലരിച്ച പുസ്തകങ്ങള്‍

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേയ്ക്കും വെയിലാറിയിരുന്നു.  കിഴക്കേ മുറ്റത്തേയ്ക്ക് എത്തിച്ചു നോക്കി.  പഴയ ഒരു പുതപ്പില്‍ വിരിച്ച പത്രക്കടലാസ്സില്‍ തലങ്ങും വിലങ്ങും കിടക്കുന്നു പുസ്തകങ്ങള്‍.

ഇരിപ്പുമുറിയിലെ ഷെല്‍ഫില്‍ ചിതല്‍ കയറിയെന്നും പുസ്തകങ്ങള്‍ പലതും തിന്നുവെന്നും പറഞ്ഞ് സബിത വിളിച്ചിരുന്നു.  തല്‍ക്കാലം മുകള്‍ത്തട്ടില്‍ മാത്രമേ എത്തിയിട്ടുള്ളു. ആ പുസ്തകങ്ങള്‍ വാരിയെടുത്ത് വെയിലത്തിട്ടിട്ടുണ്ട്. എത്രയെണ്ണം കേടുവന്നിട്ടുണ്ടെന്ന് കൃത്യമായി അറിയില്ല.  ജോലി കഴിഞ്ഞെത്തിയിട്ട് വിശദമായി നോക്കാം.

വേഷം മാറി നേരെ മുറ്റത്തേയ്ക്കു ചെന്നു.  സി. വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തക'മാണ് ആദ്യമായി കണ്ണില്‍പ്പെട്ടത്.  ആദ്യത്തെ പതിപ്പാണ്.  പുസ്തകം മുഴുവന്‍ തിന്നുതീര്‍ത്തിരിയ്ക്കുന്നു. പക്ഷേ  പ്ലാസ്റ്റിക് കവറിട്ടതുകൊണ്ട് ചട്ട അതേപോലെ ബാക്കിവെച്ചു.  പലവട്ടം വായിച്ച പുസ്തകമാണ്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ 'താവളം തൊട്ട് താവളം വരെ'യും വൈശാഖന്റെ 'നൂല്‍പ്പാലം കടക്കുന്നവ'രും ബാക്കിയുണ്ടായില്ല.

മാധവിക്കുട്ടിയുടെ 'വര്‍ഷങ്ങള്‍ക്കു മു'മ്പും ഉടലോടെ സ്വര്‍ഗ്ഗത്തിലേയ്ക്കു പോയി. പക്ഷേ അതില്‍ അത്ര വിഷമം തോന്നിയില്ല.  അതിന്റെ പുതിയ പതിപ്പ് എപ്പോഴും ബുക് സ്റ്റാളില്‍ കിട്ടും.  അതുകൊണ്ട് അത്തരം പുസ്തകങ്ങള്‍ നഷ്ടപ്പെട്ടു എന്നു പറയാന്‍ വയ്യ.  സങ്കടം തോന്നിയത് ജി. ബാലചന്ദ്രന്റെ 'ഉണര്‍ന്ന മനസ്സുകളും കരിഞ്ഞുപോയ ഒരു പൂമൊട്ടും' കണ്ടപ്പോഴാണ്.  1986-ല്‍ ഡിസിബി ഇറക്കിയ പുസ്തകം.  വെറും 25 രൂപ.  ഇതും പലവട്ടം വായിച്ച പുസ്തകമാണ്.  പുതിയ പതിപ്പൊന്നും ഇറങ്ങിയതായി അറിവില്ല.  മനസ്സ് ഉണരുകയല്ല, കരിഞ്ഞുപോവുകയാണുണ്ടായത്.

മറ്റു പലതിന്റേയും വക്കുകള്‍ മുഴുവന്‍ കാര്‍ന്നു തിന്ന് ഉപയോഗശൂന്യമായിരിയ്ക്കുന്നു.  അതില്‍ ചന്ദ്രമതിയുടെ 'തട്ടാരക്കുടിയിലെ വിഗ്രഹങ്ങ'ളുമുണ്ട്.  ചന്ദ്രമതി സ്‌നേഹപൂര്‍വ്വം കയ്യൊപ്പിട്ടു തന്ന പുസ്തകം.  (ഇറങ്ങുന്ന എല്ലാ പുസ്തകങ്ങളും പരസ്പരം സമ്മാനിയ്ക്കാന്‍ ഞങ്ങള്‍ക്കിടയില്‍ മനസ്സുകൊണ്ട് ഒരു കരാറുണ്ട്.  അത് ഇതുവരെ ലംഘിച്ചിട്ടില്ല ഞങ്ങള്‍.)  പക്ഷേ അത്ഭുതം.  ചന്ദ്രമതി അതോടൊപ്പം എനിയ്‌ക്കെഴുതിയ കത്ത് അതേ പടി പുസ്തകത്തിലിരിയ്ക്കുന്നു.  നേര്‍ത്ത ചതുരക്കള്ളികളുള്ള കടലാസ്സില്‍ രണ്ടു പുറം നിറയെ കുനുകുനെ എഴുതിയ കത്ത്.  തീയതിയില്ല.  ഇന്റര്‍നെറ്റും ഈമെയിലും പ്രചാരമായിത്തുടങ്ങുന്ന കാലത്തെഴുതിയതാണ്.  ''എനിയ്ക്ക് ഈമെയില്‍ അഡ്രസ്സു തരൂ.  നമുക്ക് കുറച്ചുകൂടി അനായാസമായി വിവരങ്ങള്‍ കൈമാറാം'' എന്ന് കത്തില്‍ പറയുന്നുണ്ട്.  കത്തിന്റെ പുതിയ പതിപ്പൊന്നും കിട്ടില്ലല്ലോ.  അതുകൊണ്ട് കത്ത് എടുത്ത് സുരക്ഷിതമായ സ്ഥലത്തു വെച്ചു.

വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് 'ആനന്ദിന്റെ കഥക'ളും 'തെരുവിന്റെ കഥ'യും 'തോറ്റങ്ങ'ളുമാണ്. മൂന്നാമത്തെ തട്ടിലേയ്ക്ക് എത്താഞ്ഞതു ഭാഗ്യമായി.  അവിടെയാണ് കുഞ്ഞുക്കുട്ടന്‍ തമ്പുരാന്റെ ഭാഷാഭാരതവും വിദ്വാന്‍ ടി. പ്രകാശത്തിന്റെ ഗദ്യവിവര്‍ത്തനവും ഉള്ളത്.  ഓശാന പബ്ലിക്കേഷന്റെ ബൈബിളും ഡിസിബിയുടെ അഖിലവിജ്ഞാനകോശവും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.  ആചാര്യ നരേന്ദ്രദേവിന്റെ ഹിന്ദു എന്‍സൈക്ലോപീഡിയ മാത്രം ചിതലൊന്നു സ്വാദു നോക്കി.  പിടിയ്ക്കാഞ്ഞിട്ടോ എന്തോ കാര്യമായി തിന്നില്ല.

പുസ്തകങ്ങള്‍ സൂക്ഷിയ്ക്കുന്നത് ഒരു കലയാണ്.  വിലാസിനി അക്കാര്യത്തില്‍ ഒരാശാനായിരുന്നു എന്നു കേട്ടിട്ടുണ്ട്.  പുസ്തകങ്ങള്‍ കൃത്യമായി നമ്പറിട്ട് പട്ടിക ഉണ്ടാക്കി അടുക്കിവെയ്ക്കുമായിരുന്നു.  എല്ലാ പുസ്തകങ്ങളും തവിട്ടു നിറമുള്ള കടലാസ്സുകൊണ്ട് പൊതിഞ്ഞാണ് സൂക്ഷിയ്ക്കുക.  ഒരേ സമയം നാലു പുസ്തകങ്ങള്‍ ടൈം ടേബ്ള്‍ വെച്ച് വായിയ്ക്കുന്നതും വിലാസിനിയുടെ ശീലമായിരുന്നു.  പുസ്തകം കടം കൊടുക്കാന്‍ മടിയായിരുന്നു.  ചോദിയ്ക്കുന്നവരോട് ''പുസ്തകം നാരീശ്ചൈവ പരഹസ്തം ഗതം ഗതം'' എന്ന ശ്ലോകമായിരിയ്ക്കും അവിവാഹിതനായ വിലാസിനിയുടെ മറുപടി.

ആ ശ്ലോകം സ്ഥിരമായി ചൊല്ലുന്ന വേറെ ഒരാളുണ്ടായിരുന്നു.  വി. കെ. എന്‍.  സ്വന്തം പുസ്തകത്തിന്റെ ഒന്നിലധികം പ്രതികള്‍ ഉണ്ടായാലും അവ വായിയ്ക്കാന്‍ കൊടുക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല.  ചാനലിലെ ഒരു പരിപാടിയ്ക്കു വേണ്ടി പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രമെടുക്കണമെന്നു പറഞ്ഞപ്പോള്‍ വലിയ മടിയോടെയാണ് പഴയ ട്രങ്ക് തുറന്ന് അവ കാണിച്ചു തന്നത്.  പുസ്തകങ്ങള്‍ നഷ്ടപ്പെടാതിരിയ്ക്കണമെങ്കില്‍ അതു തന്നെയേ വഴിയുള്ളു എന്നതു ശരി.  പക്ഷേ ആരും വായിയ്ക്കുന്നില്ലെങ്കില്‍പ്പിന്നെ പുസ്തകത്തിന്റെ ജീവിതം എങ്ങനെയാണ് സഫലമാവുക?  അതുകൊണ്ട് എന്റെ കൂട്ടുകാരന്‍ വേണു (ഡോ. എ. വേണുഗോപാലന്‍) ഒരു പുസ്തകത്തിന്റെ തന്നെ ഒന്നിലധികം പ്രതികള്‍ വാങ്ങാറുണ്ട്.  തനിയ്ക്കു ബോധിച്ച പുസ്തകം ചുരുങ്ങിയത് പത്തുപേരെങ്കിലും വായിച്ചില്ലെങ്കില്‍ അയാള്‍ക്ക് സ്വസ്ഥത കിട്ടില്ല.  അതുകൊണ്ടുതന്നെ സ്വന്തം പുസ്തകങ്ങള്‍ എവിടെയാണ് എന്നതിന് ഒരു തിട്ടവും അയാള്‍ക്കുണ്ടാവുകയുമില്ല.

വേണുവിനേപ്പോലെ ഉദാരമതിയൊന്നുമല്ലെങ്കിലും വിലാസിനിയേപ്പോലെ കടുംപിടുത്തമൊന്നും എനിയ്ക്കുണ്ടായിരുന്നില്ല.  അതേസമയം അദ്ദേഹത്തിന്റെ ചിട്ടകളൊന്നും പാലിയ്ക്കാന്‍ എനിയ്ക്കു കഴിഞ്ഞതുമില്ല.  പതിനാറോ പതിനേഴോ കൊല്ലങ്ങള്‍ക്കു മുമ്പ് രണ്ടു ദിവസം മിനക്കെട്ട് പുസ്തകങ്ങള്‍ക്കൊരു രജിസ്റ്ററുണ്ടാക്കിയിരുന്നു.  പുസ്തകങ്ങള്‍ തപ്പിയെടുക്കാന്‍ ആ രജിസ്റ്റര്‍ വലിയ സഹായവുമായിരുന്നു.  എന്നാലും അവ അടുക്കി വെയ്ക്കുമ്പോള്‍ വിഷയക്രമമൊന്നും പാലിയ്ക്കാന്‍ പറ്റിയില്ല.  പുസ്തകത്തിന്റെ വലിപ്പമായിരുന്നു പലപ്പോഴും അതിനുള്ള മാനദണ്ഡം.

എന്നാലും പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടേയിരുന്നു.  നാലു ഷെല്‍ഫില്‍ അവ നിറഞ്ഞു.  അതോടെ ആദ്യമുണ്ടായിരുന്ന ക്രമം പോലും നഷ്ടമായി.  ഇടയില്‍നിന്ന് വലിച്ചെടുത്തും അതേ സ്ഥലത്തു തന്നെ തിരിച്ചു വെയ്ക്കാതെയും വന്നപ്പോള്‍ അടുക്കിവെച്ചതൊക്കെ വെറുതെയായി.  ഏതെങ്കിലും പുസ്തകം നോക്കണമെന്നു തോന്നിയാല്‍ സബിതയെ ആശ്രയിയ്ക്കും.  മിനിട്ടുകള്‍ക്കുള്ളില്‍ അവര്‍ അതെനിയ്ക്കു തപ്പിയെടുത്തു തരും എന്നതാണ് ഒരാശ്വാസം.

രജിസ്റ്റര്‍ പുതുക്കാനൊന്നും പിന്നെ മിനക്കെട്ടില്ല.  പലപ്പോഴും രജിസ്റ്ററിലെ പുസ്തകങ്ങള്‍ തന്നെ ഷെല്‍ഫിലില്ലെന്നു വന്നു.  ആരെങ്കിലും വായിയ്ക്കാന്‍ കൊണ്ടുപോയതാവും.  പുസ്തകങ്ങള്‍ കൊടുക്കുമ്പോള്‍ എവിടെയെങ്കിലും എഴുതിവെയ്ക്കുന്ന പതിവുണ്ടായിരുന്നില്ല.  കൊണ്ടുപോയവര്‍ പലരും കൃത്യമായി തിരിച്ചു കൊണ്ടുവന്നതുമില്ല.  ആകെ ക്രമം തെറ്റി.  രണ്ടാഴ്ച മുമ്പ് ടി. എം. പി. നെടുങ്ങാടിയുടെ (നാദിര്‍ഷാ) 'സിനിമ: കളിയും കാര്യവും' എന്ന പുസ്തകം ഒരാള്‍ക്ക് കാണിച്ചുകൊടുക്കാന്‍ വേണ്ടി തപ്പിനോക്കിയപ്പോള്‍ കാണാനില്ല.  നെടുങ്ങാടി മാഷടെ ശിഷ്യന്മാരായ ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ഇറക്കിയതാണ് ആ പുസ്തകം.  സബിത പോലും അടിയറവു പറഞ്ഞു.  ഇപ്പോള്‍ ചിതല്‍ തിന്ന പുസ്തകങ്ങള്‍ ഒന്നോടെ വാരിയെടുത്ത് ഇറയത്തേയ്ക്കിട്ടപ്പോള്‍ അതില്‍ കിടക്കുന്നു ആ പുസ്തകം.  ഭാഗ്യത്തിന് വലിയ പരിക്കൊന്നും പറ്റിയിട്ടില്ല.  പുറംചട്ടയിലെ മാഷടെ ചിരിയ്ക്കുന്ന ചിത്രം നോക്കി കുറച്ചു നേരം കുറ്റബോധത്തോടെയിരുന്നു.

ഈ കുറ്റബോധം ഇപ്പോള്‍ ഷെല്‍ഫിലേയ്ക്കു നോക്കുമ്പോഴൊക്കെ തോന്നാറുണ്ട്.  പുസ്തകങ്ങളില്‍ പലതും ഇനിയും വായിച്ചിട്ടില്ല.  വാങ്ങി വെച്ച പുസ്തകങ്ങള്‍ ഒരിയ്ക്കലും വായിയ്ക്കില്ല എന്നൊരു സിദ്ധാന്തം തന്നെയുണ്ടല്ലോ. എപ്പോള്‍ വേണമെങ്കിലും വായിയ്ക്കാം എന്നായാല്‍ വായന നടക്കില്ല.  വായിയ്ക്കാനാണെങ്കില്‍ പുസ്തകം കടം വാങ്ങുകയാണ് നല്ലത് എന്ന് കെ. വി. ബേബി പറഞ്ഞിട്ടുണ്ട്.

അമ്മു ഒരുവിധം വായിയ്ക്കാറുണ്ട്.  കാലശേഷം ഈ പുസ്തകങ്ങള്‍ അവള്‍ക്കുള്ളതു തന്നെ.  പക്ഷേ പുതുജീവിതക്രമത്തില്‍ സ്ഥിരമായ താവളം എവിടെയായിരിയ്ക്കും?  അതുവരെ ഈ പുസ്തകങ്ങള്‍ ചിതലില്‍നിന്ന് സംരക്ഷിയ്ക്കാനാവുമോ?

അസ്ഥിരമായ താവളം അമ്മുവിന്റെ മാത്രം കാര്യമല്ല.  ഇടയ്ക്കിടെ വീടു മാറുമ്പോള്‍ വീട്ടു സാധനങ്ങളോടൊപ്പം പുസ്തകങ്ങളും കെട്ടിക്കൊണ്ടു പോവുന്നത് അത്ര സുഖമുള്ള കാര്യമല്ല.  അതുകൊണ്ടാണ് സ്ഥിരമായ വീടുണ്ടാവുന്നതു വരെ ഇനി പുസ്തകങ്ങള്‍ വാങ്ങുന്നില്ല എന്ന് വേണു തീരുമാനിച്ചത്.  എന്നിട്ടോ? ഇക്കഴിഞ്ഞ വരവില്‍പ്പോലും ഒരു സഞ്ചി നിറയെ പുസ്തകങ്ങള്‍ വാങ്ങിയാണ് ബോംബെയിലേയ്ക്കു മടങ്ങിയത്.  

മുറ്റത്ത് പുസ്തകങ്ങള്‍ അനാഥമായി കിടക്കുകയാണ്.  ഇരുട്ടു പരക്കുന്നതിനു മുമ്പ് അവ തിരിച്ചെടുത്തു വെയ്ക്കണം.  ഓരോന്നോരോന്നായി എടുത്ത് പരിശോധിച്ചു തുടങ്ങി.  നീല റെക്‌സിന്‍  കൊണ്ട് ബൈന്‍ഡ് ചെയ്ത തടിച്ച പുസ്തകം കയ്യിലെത്തി. അത് 'യയാതി'യായിരുന്നു എന്നു കണ്ട് അമ്മു നെഞ്ചത്തു കൈവെച്ചു.  അവള്‍ ചുരുങ്ങിയത് ഒരു ഡസന്‍ പ്രാവശ്യമെങ്കിലും വായിച്ച പുസ്തകമാണ്.  ഭാഗ്യത്തിന് അക്ഷരങ്ങള്‍ കാര്യമായി നഷ്ടപ്പെട്ടിട്ടില്ല.  'യയാതി' ബുക് സ്റ്റാളുകളില്‍ എപ്പോഴും ലഭ്യമാണെന്നും പുതിയതു വാങ്ങാമെന്നും ഞാന്‍ സമാധാനിപ്പിച്ചെങ്കിലും അമ്മുവിന് സങ്കടം തീര്‍ന്നില്ല.  28 ഉറുപ്പിക വിലയുള്ള ആ പുസ്തകം (പ്രസാധനം: എസ്. പി. സി. എസ്.)  'യയാതി'യുടെ  ആദ്യത്തെ പതിപ്പാണ്.  അതിനോട് അവള്‍ക്ക് ഒരു പ്രത്യേകമമതയുണ്ട്. അതുകൊണ്ട് ബൈന്‍ഡറുടെ കയ്യില്‍ക്കൊടുത്ത് അരികുകള്‍ അരിഞ്ഞുവാങ്ങാം എന്ന് തീരുമാനിച്ചു.  

അങ്ങനെ ചെയ്യാന്‍ വേറേയും ഉണ്ടായിരുന്നു പുസ്തകങ്ങള്‍.  അവയെല്ലാം അടുക്കി മാറ്റി വെച്ചു.  വലിയ കുഴപ്പമൊന്നും പറ്റാത്തവ വേറെ വെച്ചു.  തീരെ നശിച്ചുപോയവയാണ് മറ്റു ചിലത്. അവ വാരിയെടുത്ത് മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്ന കുഴിയിലേയ്ക്കിട്ടു.

പുസ്തകങ്ങളില്‍ ചിതല്‍ വരാത്ത കാലം വരുന്നുണ്ട്.  ഇ-ബുക്കുകള്‍ പ്രചാരത്തില്‍ വരുമ്പോള്‍ ചിതലിന് അവ തിന്നാന്‍ കിട്ടില്ല.  അവ സൂക്ഷിയ്ക്കാന്‍ വലിയ വലിയ ഷെല്‍ഫുകള്‍ പണിയേണ്ടിവരില്ല.  രജിസ്റ്ററും വേണ്ടിവരില്ല.  പുസ്തകങ്ങള്‍ ആരും കടം വാങ്ങാന്‍ വരില്ലല്ലോ.

എന്നാലും ഈ പുസ്തകത്തിന്റെ പോലെ അവ നമുക്ക് തൊട്ടുനോക്കാന്‍ കഴിയില്ല.  പുതിയ പുസ്തകത്തിന്റെ മണം അനുഭവിയ്ക്കാനാവില്ല.  ഷെല്‍ഫില്‍ അടുക്കി വെച്ച പുസ്തകങ്ങള്‍ ഇതുപോലെ നോക്കിനില്‍ക്കാനാവില്ല.  ഇഷ്ടപ്പെട്ടവര്‍ക്ക് കയ്യൊപ്പോടെ സമ്മാനിയ്ക്കാനുമാവില്ല.

വലിയ പരിക്കൊന്നും പറ്റാത്ത പുസ്തകങ്ങള്‍ നനഞ്ഞ തുണികൊണ്ട് തുടച്ച് അകത്തേയ്ക്കു വെയ്ക്കുമ്പോള്‍ ഞാന്‍ വിചാരിച്ചു:  പുസ്തകം വായിയ്ക്കാനുള്ളതു മാത്രമല്ല. എത്രയൊക്കെ സൗകര്യമുണ്ടായാലും കടലാസ്സുകൊണ്ടുള്ള ഈ പുസ്തകങ്ങള്‍ നിലനില്‍ക്കുക തന്നെ ചെയ്യും.  എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ഇവ സൂക്ഷിച്ചേ തീരൂ.

ടെലഫോണ്‍ ഡയറക്ടറി തുറന്ന് ഞാന്‍ പെസ്റ്റ് കണ്‍ട്രോള്‍ ഇന്ത്യയുടെ നമ്പര്‍ തപ്പിയെടുത്തു.

...................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ