2013, ജൂൺ 10, തിങ്കളാഴ്‌ച

                                    ചിതലരിച്ച പുസ്തകങ്ങള്‍

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേയ്ക്കും വെയിലാറിയിരുന്നു.  കിഴക്കേ മുറ്റത്തേയ്ക്ക് എത്തിച്ചു നോക്കി.  പഴയ ഒരു പുതപ്പില്‍ വിരിച്ച പത്രക്കടലാസ്സില്‍ തലങ്ങും വിലങ്ങും കിടക്കുന്നു പുസ്തകങ്ങള്‍.

ഇരിപ്പുമുറിയിലെ ഷെല്‍ഫില്‍ ചിതല്‍ കയറിയെന്നും പുസ്തകങ്ങള്‍ പലതും തിന്നുവെന്നും പറഞ്ഞ് സബിത വിളിച്ചിരുന്നു.  തല്‍ക്കാലം മുകള്‍ത്തട്ടില്‍ മാത്രമേ എത്തിയിട്ടുള്ളു. ആ പുസ്തകങ്ങള്‍ വാരിയെടുത്ത് വെയിലത്തിട്ടിട്ടുണ്ട്. എത്രയെണ്ണം കേടുവന്നിട്ടുണ്ടെന്ന് കൃത്യമായി അറിയില്ല.  ജോലി കഴിഞ്ഞെത്തിയിട്ട് വിശദമായി നോക്കാം.

വേഷം മാറി നേരെ മുറ്റത്തേയ്ക്കു ചെന്നു.  സി. വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തക'മാണ് ആദ്യമായി കണ്ണില്‍പ്പെട്ടത്.  ആദ്യത്തെ പതിപ്പാണ്.  പുസ്തകം മുഴുവന്‍ തിന്നുതീര്‍ത്തിരിയ്ക്കുന്നു. പക്ഷേ  പ്ലാസ്റ്റിക് കവറിട്ടതുകൊണ്ട് ചട്ട അതേപോലെ ബാക്കിവെച്ചു.  പലവട്ടം വായിച്ച പുസ്തകമാണ്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ 'താവളം തൊട്ട് താവളം വരെ'യും വൈശാഖന്റെ 'നൂല്‍പ്പാലം കടക്കുന്നവ'രും ബാക്കിയുണ്ടായില്ല.

മാധവിക്കുട്ടിയുടെ 'വര്‍ഷങ്ങള്‍ക്കു മു'മ്പും ഉടലോടെ സ്വര്‍ഗ്ഗത്തിലേയ്ക്കു പോയി. പക്ഷേ അതില്‍ അത്ര വിഷമം തോന്നിയില്ല.  അതിന്റെ പുതിയ പതിപ്പ് എപ്പോഴും ബുക് സ്റ്റാളില്‍ കിട്ടും.  അതുകൊണ്ട് അത്തരം പുസ്തകങ്ങള്‍ നഷ്ടപ്പെട്ടു എന്നു പറയാന്‍ വയ്യ.  സങ്കടം തോന്നിയത് ജി. ബാലചന്ദ്രന്റെ 'ഉണര്‍ന്ന മനസ്സുകളും കരിഞ്ഞുപോയ ഒരു പൂമൊട്ടും' കണ്ടപ്പോഴാണ്.  1986-ല്‍ ഡിസിബി ഇറക്കിയ പുസ്തകം.  വെറും 25 രൂപ.  ഇതും പലവട്ടം വായിച്ച പുസ്തകമാണ്.  പുതിയ പതിപ്പൊന്നും ഇറങ്ങിയതായി അറിവില്ല.  മനസ്സ് ഉണരുകയല്ല, കരിഞ്ഞുപോവുകയാണുണ്ടായത്.

മറ്റു പലതിന്റേയും വക്കുകള്‍ മുഴുവന്‍ കാര്‍ന്നു തിന്ന് ഉപയോഗശൂന്യമായിരിയ്ക്കുന്നു.  അതില്‍ ചന്ദ്രമതിയുടെ 'തട്ടാരക്കുടിയിലെ വിഗ്രഹങ്ങ'ളുമുണ്ട്.  ചന്ദ്രമതി സ്‌നേഹപൂര്‍വ്വം കയ്യൊപ്പിട്ടു തന്ന പുസ്തകം.  (ഇറങ്ങുന്ന എല്ലാ പുസ്തകങ്ങളും പരസ്പരം സമ്മാനിയ്ക്കാന്‍ ഞങ്ങള്‍ക്കിടയില്‍ മനസ്സുകൊണ്ട് ഒരു കരാറുണ്ട്.  അത് ഇതുവരെ ലംഘിച്ചിട്ടില്ല ഞങ്ങള്‍.)  പക്ഷേ അത്ഭുതം.  ചന്ദ്രമതി അതോടൊപ്പം എനിയ്‌ക്കെഴുതിയ കത്ത് അതേ പടി പുസ്തകത്തിലിരിയ്ക്കുന്നു.  നേര്‍ത്ത ചതുരക്കള്ളികളുള്ള കടലാസ്സില്‍ രണ്ടു പുറം നിറയെ കുനുകുനെ എഴുതിയ കത്ത്.  തീയതിയില്ല.  ഇന്റര്‍നെറ്റും ഈമെയിലും പ്രചാരമായിത്തുടങ്ങുന്ന കാലത്തെഴുതിയതാണ്.  ''എനിയ്ക്ക് ഈമെയില്‍ അഡ്രസ്സു തരൂ.  നമുക്ക് കുറച്ചുകൂടി അനായാസമായി വിവരങ്ങള്‍ കൈമാറാം'' എന്ന് കത്തില്‍ പറയുന്നുണ്ട്.  കത്തിന്റെ പുതിയ പതിപ്പൊന്നും കിട്ടില്ലല്ലോ.  അതുകൊണ്ട് കത്ത് എടുത്ത് സുരക്ഷിതമായ സ്ഥലത്തു വെച്ചു.

വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് 'ആനന്ദിന്റെ കഥക'ളും 'തെരുവിന്റെ കഥ'യും 'തോറ്റങ്ങ'ളുമാണ്. മൂന്നാമത്തെ തട്ടിലേയ്ക്ക് എത്താഞ്ഞതു ഭാഗ്യമായി.  അവിടെയാണ് കുഞ്ഞുക്കുട്ടന്‍ തമ്പുരാന്റെ ഭാഷാഭാരതവും വിദ്വാന്‍ ടി. പ്രകാശത്തിന്റെ ഗദ്യവിവര്‍ത്തനവും ഉള്ളത്.  ഓശാന പബ്ലിക്കേഷന്റെ ബൈബിളും ഡിസിബിയുടെ അഖിലവിജ്ഞാനകോശവും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.  ആചാര്യ നരേന്ദ്രദേവിന്റെ ഹിന്ദു എന്‍സൈക്ലോപീഡിയ മാത്രം ചിതലൊന്നു സ്വാദു നോക്കി.  പിടിയ്ക്കാഞ്ഞിട്ടോ എന്തോ കാര്യമായി തിന്നില്ല.

പുസ്തകങ്ങള്‍ സൂക്ഷിയ്ക്കുന്നത് ഒരു കലയാണ്.  വിലാസിനി അക്കാര്യത്തില്‍ ഒരാശാനായിരുന്നു എന്നു കേട്ടിട്ടുണ്ട്.  പുസ്തകങ്ങള്‍ കൃത്യമായി നമ്പറിട്ട് പട്ടിക ഉണ്ടാക്കി അടുക്കിവെയ്ക്കുമായിരുന്നു.  എല്ലാ പുസ്തകങ്ങളും തവിട്ടു നിറമുള്ള കടലാസ്സുകൊണ്ട് പൊതിഞ്ഞാണ് സൂക്ഷിയ്ക്കുക.  ഒരേ സമയം നാലു പുസ്തകങ്ങള്‍ ടൈം ടേബ്ള്‍ വെച്ച് വായിയ്ക്കുന്നതും വിലാസിനിയുടെ ശീലമായിരുന്നു.  പുസ്തകം കടം കൊടുക്കാന്‍ മടിയായിരുന്നു.  ചോദിയ്ക്കുന്നവരോട് ''പുസ്തകം നാരീശ്ചൈവ പരഹസ്തം ഗതം ഗതം'' എന്ന ശ്ലോകമായിരിയ്ക്കും അവിവാഹിതനായ വിലാസിനിയുടെ മറുപടി.

ആ ശ്ലോകം സ്ഥിരമായി ചൊല്ലുന്ന വേറെ ഒരാളുണ്ടായിരുന്നു.  വി. കെ. എന്‍.  സ്വന്തം പുസ്തകത്തിന്റെ ഒന്നിലധികം പ്രതികള്‍ ഉണ്ടായാലും അവ വായിയ്ക്കാന്‍ കൊടുക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല.  ചാനലിലെ ഒരു പരിപാടിയ്ക്കു വേണ്ടി പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രമെടുക്കണമെന്നു പറഞ്ഞപ്പോള്‍ വലിയ മടിയോടെയാണ് പഴയ ട്രങ്ക് തുറന്ന് അവ കാണിച്ചു തന്നത്.  പുസ്തകങ്ങള്‍ നഷ്ടപ്പെടാതിരിയ്ക്കണമെങ്കില്‍ അതു തന്നെയേ വഴിയുള്ളു എന്നതു ശരി.  പക്ഷേ ആരും വായിയ്ക്കുന്നില്ലെങ്കില്‍പ്പിന്നെ പുസ്തകത്തിന്റെ ജീവിതം എങ്ങനെയാണ് സഫലമാവുക?  അതുകൊണ്ട് എന്റെ കൂട്ടുകാരന്‍ വേണു (ഡോ. എ. വേണുഗോപാലന്‍) ഒരു പുസ്തകത്തിന്റെ തന്നെ ഒന്നിലധികം പ്രതികള്‍ വാങ്ങാറുണ്ട്.  തനിയ്ക്കു ബോധിച്ച പുസ്തകം ചുരുങ്ങിയത് പത്തുപേരെങ്കിലും വായിച്ചില്ലെങ്കില്‍ അയാള്‍ക്ക് സ്വസ്ഥത കിട്ടില്ല.  അതുകൊണ്ടുതന്നെ സ്വന്തം പുസ്തകങ്ങള്‍ എവിടെയാണ് എന്നതിന് ഒരു തിട്ടവും അയാള്‍ക്കുണ്ടാവുകയുമില്ല.

വേണുവിനേപ്പോലെ ഉദാരമതിയൊന്നുമല്ലെങ്കിലും വിലാസിനിയേപ്പോലെ കടുംപിടുത്തമൊന്നും എനിയ്ക്കുണ്ടായിരുന്നില്ല.  അതേസമയം അദ്ദേഹത്തിന്റെ ചിട്ടകളൊന്നും പാലിയ്ക്കാന്‍ എനിയ്ക്കു കഴിഞ്ഞതുമില്ല.  പതിനാറോ പതിനേഴോ കൊല്ലങ്ങള്‍ക്കു മുമ്പ് രണ്ടു ദിവസം മിനക്കെട്ട് പുസ്തകങ്ങള്‍ക്കൊരു രജിസ്റ്ററുണ്ടാക്കിയിരുന്നു.  പുസ്തകങ്ങള്‍ തപ്പിയെടുക്കാന്‍ ആ രജിസ്റ്റര്‍ വലിയ സഹായവുമായിരുന്നു.  എന്നാലും അവ അടുക്കി വെയ്ക്കുമ്പോള്‍ വിഷയക്രമമൊന്നും പാലിയ്ക്കാന്‍ പറ്റിയില്ല.  പുസ്തകത്തിന്റെ വലിപ്പമായിരുന്നു പലപ്പോഴും അതിനുള്ള മാനദണ്ഡം.

എന്നാലും പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടേയിരുന്നു.  നാലു ഷെല്‍ഫില്‍ അവ നിറഞ്ഞു.  അതോടെ ആദ്യമുണ്ടായിരുന്ന ക്രമം പോലും നഷ്ടമായി.  ഇടയില്‍നിന്ന് വലിച്ചെടുത്തും അതേ സ്ഥലത്തു തന്നെ തിരിച്ചു വെയ്ക്കാതെയും വന്നപ്പോള്‍ അടുക്കിവെച്ചതൊക്കെ വെറുതെയായി.  ഏതെങ്കിലും പുസ്തകം നോക്കണമെന്നു തോന്നിയാല്‍ സബിതയെ ആശ്രയിയ്ക്കും.  മിനിട്ടുകള്‍ക്കുള്ളില്‍ അവര്‍ അതെനിയ്ക്കു തപ്പിയെടുത്തു തരും എന്നതാണ് ഒരാശ്വാസം.

രജിസ്റ്റര്‍ പുതുക്കാനൊന്നും പിന്നെ മിനക്കെട്ടില്ല.  പലപ്പോഴും രജിസ്റ്ററിലെ പുസ്തകങ്ങള്‍ തന്നെ ഷെല്‍ഫിലില്ലെന്നു വന്നു.  ആരെങ്കിലും വായിയ്ക്കാന്‍ കൊണ്ടുപോയതാവും.  പുസ്തകങ്ങള്‍ കൊടുക്കുമ്പോള്‍ എവിടെയെങ്കിലും എഴുതിവെയ്ക്കുന്ന പതിവുണ്ടായിരുന്നില്ല.  കൊണ്ടുപോയവര്‍ പലരും കൃത്യമായി തിരിച്ചു കൊണ്ടുവന്നതുമില്ല.  ആകെ ക്രമം തെറ്റി.  രണ്ടാഴ്ച മുമ്പ് ടി. എം. പി. നെടുങ്ങാടിയുടെ (നാദിര്‍ഷാ) 'സിനിമ: കളിയും കാര്യവും' എന്ന പുസ്തകം ഒരാള്‍ക്ക് കാണിച്ചുകൊടുക്കാന്‍ വേണ്ടി തപ്പിനോക്കിയപ്പോള്‍ കാണാനില്ല.  നെടുങ്ങാടി മാഷടെ ശിഷ്യന്മാരായ ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ഇറക്കിയതാണ് ആ പുസ്തകം.  സബിത പോലും അടിയറവു പറഞ്ഞു.  ഇപ്പോള്‍ ചിതല്‍ തിന്ന പുസ്തകങ്ങള്‍ ഒന്നോടെ വാരിയെടുത്ത് ഇറയത്തേയ്ക്കിട്ടപ്പോള്‍ അതില്‍ കിടക്കുന്നു ആ പുസ്തകം.  ഭാഗ്യത്തിന് വലിയ പരിക്കൊന്നും പറ്റിയിട്ടില്ല.  പുറംചട്ടയിലെ മാഷടെ ചിരിയ്ക്കുന്ന ചിത്രം നോക്കി കുറച്ചു നേരം കുറ്റബോധത്തോടെയിരുന്നു.

ഈ കുറ്റബോധം ഇപ്പോള്‍ ഷെല്‍ഫിലേയ്ക്കു നോക്കുമ്പോഴൊക്കെ തോന്നാറുണ്ട്.  പുസ്തകങ്ങളില്‍ പലതും ഇനിയും വായിച്ചിട്ടില്ല.  വാങ്ങി വെച്ച പുസ്തകങ്ങള്‍ ഒരിയ്ക്കലും വായിയ്ക്കില്ല എന്നൊരു സിദ്ധാന്തം തന്നെയുണ്ടല്ലോ. എപ്പോള്‍ വേണമെങ്കിലും വായിയ്ക്കാം എന്നായാല്‍ വായന നടക്കില്ല.  വായിയ്ക്കാനാണെങ്കില്‍ പുസ്തകം കടം വാങ്ങുകയാണ് നല്ലത് എന്ന് കെ. വി. ബേബി പറഞ്ഞിട്ടുണ്ട്.

അമ്മു ഒരുവിധം വായിയ്ക്കാറുണ്ട്.  കാലശേഷം ഈ പുസ്തകങ്ങള്‍ അവള്‍ക്കുള്ളതു തന്നെ.  പക്ഷേ പുതുജീവിതക്രമത്തില്‍ സ്ഥിരമായ താവളം എവിടെയായിരിയ്ക്കും?  അതുവരെ ഈ പുസ്തകങ്ങള്‍ ചിതലില്‍നിന്ന് സംരക്ഷിയ്ക്കാനാവുമോ?

അസ്ഥിരമായ താവളം അമ്മുവിന്റെ മാത്രം കാര്യമല്ല.  ഇടയ്ക്കിടെ വീടു മാറുമ്പോള്‍ വീട്ടു സാധനങ്ങളോടൊപ്പം പുസ്തകങ്ങളും കെട്ടിക്കൊണ്ടു പോവുന്നത് അത്ര സുഖമുള്ള കാര്യമല്ല.  അതുകൊണ്ടാണ് സ്ഥിരമായ വീടുണ്ടാവുന്നതു വരെ ഇനി പുസ്തകങ്ങള്‍ വാങ്ങുന്നില്ല എന്ന് വേണു തീരുമാനിച്ചത്.  എന്നിട്ടോ? ഇക്കഴിഞ്ഞ വരവില്‍പ്പോലും ഒരു സഞ്ചി നിറയെ പുസ്തകങ്ങള്‍ വാങ്ങിയാണ് ബോംബെയിലേയ്ക്കു മടങ്ങിയത്.  

മുറ്റത്ത് പുസ്തകങ്ങള്‍ അനാഥമായി കിടക്കുകയാണ്.  ഇരുട്ടു പരക്കുന്നതിനു മുമ്പ് അവ തിരിച്ചെടുത്തു വെയ്ക്കണം.  ഓരോന്നോരോന്നായി എടുത്ത് പരിശോധിച്ചു തുടങ്ങി.  നീല റെക്‌സിന്‍  കൊണ്ട് ബൈന്‍ഡ് ചെയ്ത തടിച്ച പുസ്തകം കയ്യിലെത്തി. അത് 'യയാതി'യായിരുന്നു എന്നു കണ്ട് അമ്മു നെഞ്ചത്തു കൈവെച്ചു.  അവള്‍ ചുരുങ്ങിയത് ഒരു ഡസന്‍ പ്രാവശ്യമെങ്കിലും വായിച്ച പുസ്തകമാണ്.  ഭാഗ്യത്തിന് അക്ഷരങ്ങള്‍ കാര്യമായി നഷ്ടപ്പെട്ടിട്ടില്ല.  'യയാതി' ബുക് സ്റ്റാളുകളില്‍ എപ്പോഴും ലഭ്യമാണെന്നും പുതിയതു വാങ്ങാമെന്നും ഞാന്‍ സമാധാനിപ്പിച്ചെങ്കിലും അമ്മുവിന് സങ്കടം തീര്‍ന്നില്ല.  28 ഉറുപ്പിക വിലയുള്ള ആ പുസ്തകം (പ്രസാധനം: എസ്. പി. സി. എസ്.)  'യയാതി'യുടെ  ആദ്യത്തെ പതിപ്പാണ്.  അതിനോട് അവള്‍ക്ക് ഒരു പ്രത്യേകമമതയുണ്ട്. അതുകൊണ്ട് ബൈന്‍ഡറുടെ കയ്യില്‍ക്കൊടുത്ത് അരികുകള്‍ അരിഞ്ഞുവാങ്ങാം എന്ന് തീരുമാനിച്ചു.  

അങ്ങനെ ചെയ്യാന്‍ വേറേയും ഉണ്ടായിരുന്നു പുസ്തകങ്ങള്‍.  അവയെല്ലാം അടുക്കി മാറ്റി വെച്ചു.  വലിയ കുഴപ്പമൊന്നും പറ്റാത്തവ വേറെ വെച്ചു.  തീരെ നശിച്ചുപോയവയാണ് മറ്റു ചിലത്. അവ വാരിയെടുത്ത് മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്ന കുഴിയിലേയ്ക്കിട്ടു.

പുസ്തകങ്ങളില്‍ ചിതല്‍ വരാത്ത കാലം വരുന്നുണ്ട്.  ഇ-ബുക്കുകള്‍ പ്രചാരത്തില്‍ വരുമ്പോള്‍ ചിതലിന് അവ തിന്നാന്‍ കിട്ടില്ല.  അവ സൂക്ഷിയ്ക്കാന്‍ വലിയ വലിയ ഷെല്‍ഫുകള്‍ പണിയേണ്ടിവരില്ല.  രജിസ്റ്ററും വേണ്ടിവരില്ല.  പുസ്തകങ്ങള്‍ ആരും കടം വാങ്ങാന്‍ വരില്ലല്ലോ.

എന്നാലും ഈ പുസ്തകത്തിന്റെ പോലെ അവ നമുക്ക് തൊട്ടുനോക്കാന്‍ കഴിയില്ല.  പുതിയ പുസ്തകത്തിന്റെ മണം അനുഭവിയ്ക്കാനാവില്ല.  ഷെല്‍ഫില്‍ അടുക്കി വെച്ച പുസ്തകങ്ങള്‍ ഇതുപോലെ നോക്കിനില്‍ക്കാനാവില്ല.  ഇഷ്ടപ്പെട്ടവര്‍ക്ക് കയ്യൊപ്പോടെ സമ്മാനിയ്ക്കാനുമാവില്ല.

വലിയ പരിക്കൊന്നും പറ്റാത്ത പുസ്തകങ്ങള്‍ നനഞ്ഞ തുണികൊണ്ട് തുടച്ച് അകത്തേയ്ക്കു വെയ്ക്കുമ്പോള്‍ ഞാന്‍ വിചാരിച്ചു:  പുസ്തകം വായിയ്ക്കാനുള്ളതു മാത്രമല്ല. എത്രയൊക്കെ സൗകര്യമുണ്ടായാലും കടലാസ്സുകൊണ്ടുള്ള ഈ പുസ്തകങ്ങള്‍ നിലനില്‍ക്കുക തന്നെ ചെയ്യും.  എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ഇവ സൂക്ഷിച്ചേ തീരൂ.

ടെലഫോണ്‍ ഡയറക്ടറി തുറന്ന് ഞാന്‍ പെസ്റ്റ് കണ്‍ട്രോള്‍ ഇന്ത്യയുടെ നമ്പര്‍ തപ്പിയെടുത്തു.

...................

2013, ജൂൺ 4, ചൊവ്വാഴ്ച

                      ആര്‍ക്കു വേണ്ടിയാണ് ഈ ഉത്സവം?

സ്‌കൂള്‍ മാനേജര്‍ നേരത്തേത്തന്നെ എത്തിയിരുന്നു. പ്രധാനാദ്ധ്യാപികയുടെ മുറിയില്‍ അദ്ദേഹം എന്നെ സ്വീകരിച്ചു.  പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, വാര്‍ഡ് മെമ്പര്‍, പി. ടി. എ. പ്രസിഡണ്ട്,  സര്‍വ്വീസ് സഹകരണബാങ്ക് ചെയര്‍മാന്‍ എന്നു തുടങ്ങി എല്ലാ അതിഥികളും എത്തിച്ചേര്‍ന്നിരുന്നു.  പ്രധാനാദ്ധ്യാപിക എല്ലാവരോടും കുശലം പറഞ്ഞ് തന്റെ കസേരയ്ക്കരികെ നിന്നു.

''ആനയൊക്കെയായി കാര്യമായിട്ടാണല്ലോ അല്ലേ?'' ഞാന്‍ അവരോടു ചോദിച്ചു.

''കഴിഞ്ഞ കൊല്ലം ആനയെ കിട്ടാത്തതിന് പേരന്റ്‌സ് ഞങ്ങളെ ചീത്ത വിളിച്ചു. ആനയില്ലെങ്കില്‍ കുട്ടികളെ വേറെ സ്‌കൂളില്‍ ചേര്‍ക്കുമെന്നു ഭീഷണിപ്പെടുത്തി.  ഇക്കൊല്ലം ഏതായാലും അത് ഞങ്ങള്‍ സംഘടിപ്പിച്ചു. അതിനുള്ള ക്രെഡിറ്റ് രമേശനാണ്,'' പ്രധാനാദ്ധ്യാപിക പി. ടി. എ. പ്രസിഡണ്ടിനെ ചൂണ്ടിക്കാണിച്ചു.

''അതു പിന്നെ, ആനയ്ക്ക് ആന തന്നെ വേണ്ടേ?'' പ്രസിഡണ്ട് ഒന്നിളകിയിരുന്നു. ''മുപ്പതുറുപ്പിക ഏക്കത്തിനു പോണ ആനയാണ്.  ഇത് പൂരക്കാലമല്ലാത്തതിനാല്‍ അഞ്ചുറുപ്പികയ്ക്കു കിട്ടി.  നെറ്റിപ്പട്ടത്തിനും കുടയ്ക്കും കൂടി ഒരുറുപ്പിക വേറേയുമായി.''  

സ്‌കൂളിലേയ്ക്ക് എത്തിയപ്പോള്‍ത്തന്നെ കണ്ടത് നെറ്റിപ്പട്ടം കെട്ടിയ വലിയ ഒരാനയെയാണ്.  സ്ഥലം തെറ്റിയോ എന്ന് ശങ്കിച്ചു.  ഇല്ല, സ്‌കൂള്‍ തന്നെയാണ്.  ആനയെ പേടിച്ചിട്ടാണാവോ കുട്ടികള്‍ മതിലിനോടു ചേര്‍ന്നു നില്‍ക്കുകയാണ്.  മിടുക്കികളെന്നു തോന്നിപ്പിയ്ക്കുന്ന അദ്ധ്യാപികമാര്‍ അവരെ പ്രത്യേകതരം ഒരു തൊപ്പി അണിയിയ്ക്കുന്ന ഉദ്യമത്തിലായിരുന്നു.  മുറ്റത്തിന്റെ ഒരറ്റത്ത് രക്ഷിതാക്കള്‍ കൂട്ടംകൂടിനിന്നു.  പ്യൂണ്‍ മറ്റു ചില സഹായികളോടൊപ്പം ബലൂണുകള്‍ വീര്‍പ്പിയ്ക്കുകയാണ്.   പശ്ചാത്തലത്തില്‍ ഏതോ പാട്ട് അലമുറയിടുന്നുണ്ട്.

ആദ്യമായാണ് ഒരു പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്നത്.  അതിന്റെ ഒരങ്കലാപ്പ് എനിയ്ക്കുണ്ടായിരുന്നു.  ഞങ്ങളുടെയൊക്കെ പഠനകാലത്ത് ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല.  സ്‌കൂള്‍ തുറക്കുന്ന ദിവസം സമയത്തിനു തന്നെ പഴയ ക്ലാസ്സ് മുറിയില്‍ ഹാജരാവും.  ക്ലാസ്സ് കൂടിക്കഴിഞ്ഞാല്‍ ക്ലാസ്സ് ടീച്ചര്‍ വന്ന് പേരുകള്‍ വിളിയ്ക്കും.  വിളിയ്ക്കപ്പെട്ടവര്‍ ക്ലാസ്സ് കയറ്റം കിട്ടിയവരാണ്.  അവരോട് ഇനി ചെന്നിരിയ്‌ക്കേണ്ട ക്ലാസ്സിലേയ്ക്ക് നടന്നുകൊള്ളാന്‍ പറയും.  ആറോ ഏഴോ കുട്ടികള്‍ തോറ്റിട്ടുണ്ടാവും.  തോറ്റവര്‍ അത് മുമ്പേ അറിഞ്ഞിട്ടുള്ളതുകൊണ്ട് പ്രത്യേകിച്ച് ഒരു ഭാവഭേദവുമില്ലാതെയാണ് ക്ലാസ്സിലിരിയ്ക്കുക.  എന്നാലും അവരെ പിരിഞ്ഞു പോവുമ്പോള്‍ ചെറിയൊരു സങ്കടം തോന്നും.

മഴ പെയ്യുന്നുണ്ടാവും. കുട നിവര്‍ത്തി പുതിയ ക്ലാസ്സിലേയ്ക്കു പോകുമ്പോള്‍ ചെറിയ ഒരു സന്തോഷമൊക്കെ തോന്നും. അപ്പോഴും പുതിയ ക്ലാസ്സ് ടീച്ചര്‍ എങ്ങനെയുള്ള ആളാണാവോ എന്ന ഉല്‍ക്കണ്ഠയുണ്ടാവും.  ആദ്യത്തെ ദിവസം ക്ലാസ്സൊന്നുമുണ്ടാവില്ല.  ഹാജരെടുത്ത് ടീച്ചര്‍ ക്ലാസ്സ് വിടും.  ഉച്ചയ്ക്ക് ഊണിനുള്ള സമയമാവുമ്പോഴേയ്ക്കും വീട്ടില്‍ തിരിച്ചെത്തും.  പുത്തന്‍ കടലാസ്സിന്റെ  വാസനയുള്ള പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളും ചോറ്റുപാത്രവുമക്കെയായി പിറ്റേന്നാണ് ക്ലാസ്സ് ശരിയ്ക്കു തുടങ്ങുക.

''ആനയുണ്ടെങ്കില്‍ മേളവും വേണ്ടതാണ്,'' പി. ടി. എ. പ്രസിഡണ്ട് തുടരുകയായിരുന്നു.  ''പക്ഷേ മാരാമ്മാര്‍ക്കൊക്കെ വലിയ ഡിമാന്റ്.  അപ്പോള്‍ മേളം വേണ്ടെന്നു വെച്ചു.''

പി. ടി. എ. പ്രസിഡണ്ടിന്റെ വിശേഷം പറച്ചില്‍ മുറിച്ചുകൊണ്ട് രണ്ടു ടീച്ചര്‍മാര്‍ ചായയും പലഹാരങ്ങളുമായി പ്രധാനാദ്ധ്യാപികയുടെ മുറിയിലേയ്ക്കു വന്നു. പ്രധാനാദ്ധ്യാപിക എല്ലാവര്‍ക്കും ചായ പകര്‍ന്നു.  സ്‌കൂളിന് നൂറ്റിമൂന്നു വര്‍ഷത്തെ പഴക്കമുണ്ട് എന്ന് സല്‍ക്കാരത്തിനിടയ്ക്ക്  അറിയിച്ചു.  എന്നാലും ഇപ്പോഴും ഏഴു ക്ലാസ്സു വരെയേ ഉള്ളു.  ഹൈസ്‌കൂളാക്കാന്‍ പലവട്ടം ശ്രമിച്ചതാണ്.  ഇതുവരെ നടന്നിട്ടില്ല.

ചടങ്ങ് തുടങ്ങാനുള്ള സമയമായി.  ഞങ്ങള്‍ മുറ്റത്തേയ്ക്ക് ആനയിയ്ക്കപ്പെട്ടു.  കുരുത്തോല കെട്ടി അലങ്കരിച്ച പൂന്തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന ആന തുമ്പിക്കയ്യുയര്‍ത്തി എല്ലാവരേയും അഭിവാദ്യം ചെയ്തു.  അല്‍പം പേടിയോടെയാണെങ്കിലും വീര്‍പ്പിച്ച  ബലൂണുകള്‍ കയ്യില്‍പ്പിടിച്ച് കുട്ടികള്‍ ചുറ്റും നിന്നു.  മൂന്നു ടീച്ചര്‍മാര്‍ ചേര്‍ന്നുനിന്ന് പ്രവേശനോത്സവഗാനം ആലപിച്ചു.  പിന്നെ എല്ലാ   ടീച്ചര്‍മാരും കുട്ടികളോടൊപ്പം ചേര്‍ന്ന് വര്‍ണ്ണബലൂണുകള്‍ പറത്തി.  ആകാശത്ത് അവ പാറിനടക്കുന്നത് എല്ലാവരും സന്തോഷത്തോടെ നോക്കിനിന്നു. പിന്നെ മിഠായി വിതരണം.  തുടര്‍ന്ന് മാലപ്പടക്കം.

ഉത്സവത്തിനു കൊടിയേറിക്കഴിഞ്ഞിരിയ്ക്കുന്നു.  പക്ഷേ പ്രവേശനത്തിനെത്തിയ കുട്ടികളുടെ മുഖത്ത് ആഹ്ലാദത്തിനു പകരം അമ്പരപ്പായിരുന്നു.  അകലെ നില്‍ക്കുന്ന അച്ഛനമ്മമാരെ നോക്കി അവരില്‍ച്ചിലര്‍ കരഞ്ഞു.  മറ്റു ചിലരാവട്ടെ ഉച്ചത്തില്‍ നിലവിളിയ്ക്കുന്നുമുണ്ട്.

മുറ്റത്തെ ചടങ്ങു കഴിഞ്ഞപ്പോള്‍ അതിഥികള്‍ ഓഡിറ്റോറിയത്തിലേയ്ക്ക്  ആനയിയ്ക്കപ്പെട്ടു.  പ്രാര്‍ത്ഥന കഴിഞ്ഞ് പ്രധാനാദ്ധ്യാപികയുടെ സ്വാഗതവും കഴിഞ്ഞ് സ്‌കൂള്‍ മാനേജരുടെ അത്യുജ്ജ്വലമായ അദ്ധ്യക്ഷപ്രസംഗം.  കേരളം ഭ്രാന്താലയമാണ് എന്നു പറഞ്ഞത് ആരാണ് എന്ന് അദ്ദേഹം കുട്ടികളോട് ആരാഞ്ഞു.  അദ്ദേഹത്തിന്റെ നൂറ്റമ്പതാം പിറന്നാള്‍ വര്‍ഷമാണ് ഇതെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി.  നരേന്ദ്രന്റെ ബുദ്ധിശക്തിയും വിവേകവും ഉള്‍ക്കൊള്ളാന്‍ ആഹ്വാനം ചെയ്ത് അദ്ദേഹം പ്രസംഗമവസാനിപ്പിച്ചപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിരുന്നു.  ഇനി ഉദ്ഘാടനമായി.

എഴുന്നേറ്റപ്പോഴാണ് ഹാള്‍ മുഴുവനോടെ കണ്ടത്.  ചെറിയ സദസ്സാണ്.  ജില്ലാ  ആസ്ഥാനത്ത് പ്രവേശനോത്സവം വന്‍തോതില്‍ അരങ്ങേറുന്നുണ്ട് എന്ന വാര്‍ത്ത കണ്ടിരുന്നു.  എം. പി.യും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മറ്റ് മെമ്പര്‍മാരും എം. എല്‍. എ.യും വിദ്യാഭ്യാസവകുപ്പിലെ അധികാരികളും മറ്റും മറ്റുമായി രണ്ടു ഡസന്‍ പേരാണ് വേദിയിലേയ്ക്കുള്ളത്.  അതിനു മുമ്പ് ബാന്‍ഡ് വാദ്യത്തിന്റേയും  ശിങ്കാരിമേളത്തിന്റേയും  നാടന്‍ കലാരൂപങ്ങളുടേയും അകമ്പടിയോടെ മുത്തുക്കുട ചൂടിയ കുട്ടികളുടെ ഘോഷയാത്ര. അതിന്റെ തത്സമയസംപ്രേഷണം ലോക്കല്‍ ചാനലുകളിലുണ്ടാവുമെന്ന് അറിയിപ്പുണ്ടായിരുന്നു.  ഘോഷയാത്രയുടെ ഫലമായി തൃശ്ശൂര്‍ നഗരത്തിലെ ഗതാഗതം രാവിലെത്തന്നെ സ്തംഭിച്ചിട്ടുണ്ട്.  ഇവിടത്തെ ചടങ്ങു കഴിഞ്ഞ് ജോലിയ്‌ക്കെത്താന്‍ കുറച്ച് ഞെരുങ്ങുമെന്ന് ഉറപ്പായി.

ഗതാഗതസ്തംഭനമൊന്നും പതിവില്ലെങ്കിലും എഴുത്തിനിരുത്തലും ഇങ്ങനെയൊക്കെയാണ്.  പേരു കേട്ട അമ്പലങ്ങളില്‍ വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ചാണ് ആദ്യാക്ഷരം കുറിയ്ക്കപ്പെടുന്നത്. തിരുവുള്ളക്കാവില്‍ രാവിലെ നാലുമണിയ്ക്കു മുമ്പു തന്നെ ഉറക്കം തെളിയാത്ത  കുട്ടികളേയുമെടുത്ത് അച്ഛനമ്മമാരെത്തും.  അമ്പലങ്ങളില്‍ മാത്രമല്ല പള്ളികളിലും സാഹിത്യ അക്കാദമിയിലും തുഞ്ചന്‍ പറമ്പിലും പത്രങ്ങളായ പത്രങ്ങളുടെയൊക്കെ ആപ്പീസുകളില്‍ വെച്ചുമുള്ള വിദ്യാരംഭച്ചടങ്ങുകളൊക്കെ വലിയ ഘോഷത്തോടെയാണ് നടക്കുന്നത്. (എന്തും കച്ചവടമാക്കാന്‍ ചെട്ടിമിടുക്കുള്ള ഒരു പത്രം രജിസ്റ്റ്രേഷന്‍ ഫീസ് പോലും ഏര്‍പ്പെടുത്തി.)  അവിടെയൊക്കെ പ്രസിദ്ധരോ അല്ലാത്തവരോ ആയ എഴുത്തുകാരാണ് കുട്ടികളുടെ നാവില്‍ ആദ്യാക്ഷരമെഴുതിയ്ക്കുക. അവരേക്കൊണ്ടെഴുതിച്ചാല്‍ തങ്ങളുടെ കുട്ടി സരസ്വതീവിലാസമുള്ളവരാവുമെന്ന ആശയോടെ കുട്ടിയേയുമെടുത്ത് തങ്ങളുടെ ഊഴം കാത്ത് ക്ഷമയോടെ നില്‍ക്കുന്ന അച്ഛനമ്മമാരുടെ നീണ്ട നിര കാണാം. 'ആദ്യാക്ഷരത്തിന്റെ മാധുര്യം'   എന്ന അടിക്കുറിപ്പിനു താഴെ വാവിട്ടു നിലവിളിയ്ക്കുന്ന കുട്ടികളുടെ ചിത്രങ്ങളാണ് പിറ്റേന്ന് പത്രങ്ങളില്‍ അധികവും കാണാറുള്ളത്.

ആദ്യാക്ഷരം കുറിയ്ക്കുമ്പോള്‍ അല്‍പം ശാന്തതയുള്ള അന്തരീക്ഷം കുട്ടികള്‍ക്കു വേണം എന്ന് ഇന്ന് ആരും ഓര്‍ക്കാറില്ല.  ഉത്സവപ്പറമ്പില്‍ വെച്ചു തന്നെ വേണം  ഈ അഭ്യാസം എന്ന് അവര്‍ക്കു നിര്‍ബ്ബന്ധമാണ്.  വീട്ടിലെ ശ്രീലകത്തോ അല്ലെങ്കില്‍ ഏതെങ്കിലും മുറിയിലോ ഇരുന്ന് ഈ ചടങ്ങ് നടത്തിയാല്‍ പോരേ എന്ന് ചോദിയ്ക്കരുത്.  എത്രയും ഘോഷമാക്കാനാവുമോ അത്രയും ഘോഷമാക്കണം.

പഠിപ്പു മാത്രമല്ല, പരീക്ഷയും ഇന്ന് ഉത്സവമാണല്ലോ. കുവൈറ്റ് യുദ്ധം തുടങ്ങുന്നു എന്ന മട്ടിലാണ് പത്താം ക്ലാസ്സ് പരീക്ഷയേപ്പറ്റി വാര്‍ത്ത കൊടുക്കുക.  പരീക്ഷാഫലവും അതെ.  പത്രസമ്മേളനം നടത്തി അത് പ്രഖ്യാപിയ്ക്കുന്നത് തന്റെ അവകാശമാണെന്ന് നമ്മുടെ വിദ്യാഭ്യാസമന്ത്രിമാര്‍ എങ്ങനെയോ ധരിച്ചുവശായിട്ടുണ്ട്.  ഒന്നാം റാങ്കുകിട്ടിയ കുട്ടിയെ വിവരമറിയിയ്ക്കാന്‍ വീട്ടില്‍ച്ചെന്ന് കോളിങ്ങ് ബെല്ലടിച്ച്  കാത്തുനില്‍ക്കുന്നതുവരെയെത്തിയിരുന്നു മന്ത്രിയുടെ കൃത്യാന്തരങ്ങള്‍.   റാങ്ക് വേണ്ട എന്നു വെച്ചതോടെ അതിന്റെ പകിട്ട് മങ്ങിപ്പോയി.

മനസ്സിലുള്ളതൊന്നും തുറന്നു പറയാന്‍ പറ്റിയ വേദിയല്ലല്ലോ പ്രസംഗപീഠം. അല്ലെങ്കിലും മുന്നിലിരിയ്ക്കുന്ന നിഷ്‌ക്കളങ്കര്‍ക്ക്  പകരാന്‍ പറ്റിയതൊന്നുമല്ല ഈ വിപരീതചിന്തകള്‍.  അവരാണെങ്കില്‍ വിവേകാനന്ദചരിതം കേട്ടതിന്റെ ക്ഷീണത്തിലാണ്. അല്ലെങ്കില്‍ പരസ്പരം വിശേഷം പങ്കുവെയ്ക്കുന്നതിന്റെ ഉത്സാഹത്തില്‍ അവര്‍ വല്ലതും കേള്‍ക്കുന്നുണ്ടോ ആവോ.  ഏതായാലും അവര്‍ക്ക് മംഗളം നേരുന്നതിനപ്പുറം ഉദ്ഘാടകന് ചുമതലയൊന്നുമില്ല.  അത് എത്രയം ഹ്രസ്വമാക്കുന്നുവോ അത്രയും നല്ലത്.

പിന്നെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ആശംസകള്‍.  ഇതിനിടെ വാര്‍ഡ്‌മെമ്പര്‍ മൂന്നു ക്ലാസ്സുകളിലേയ്ക്ക് ഫാന്‍ സംഭാവന ചെയ്ത പ്രഖ്യാപനത്തിന് നല്ല കയ്യടി കിട്ടി.  പിന്നെ നന്ദി.  അതിനു ശേഷമായിരുന്നു സ്‌കൂള്‍ ബാഗിന്റേയും പാഠപുസ്തകങ്ങളുടേയും വിതരണം.  എല്ലാം തീര്‍ന്നപ്പോള്‍ പന്ത്രണ്ടു മണി.

അധികാരികളോടു യാത്ര പറഞ്ഞ് ഹാളിനു പുറത്തു കടന്നു. ആനയെ കൊണ്ടുപോയിരിയ്ക്കുന്നു.  എന്നാലും ആനപ്പിണ്ഡം കിടക്കുന്നുണ്ട്.  അതു മാത്രമല്ല, മുറ്റത്ത് ഉത്സവത്തിന്റെ അവശേഷിപ്പുകളെല്ലാമുണ്ട്.  പൊട്ടിയ ബലൂണുകള്‍, കുരുത്തോലക്കഷ്ണങ്ങള്‍, മിഠായിക്കടലാസ്സുകള്‍.

കുട്ടികള്‍ അപ്പോഴും നിലവിളിയ്ക്കുകയാണ്.  കയ്യിലെ ബലൂണും വായിലെ മധുരവുമൊന്നും അവരെ സമാധാനിപ്പിച്ചില്ല. വീട്ടിലെ സന്തോഷത്തിന്റെ അന്തരീക്ഷം എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടുവെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ടാവണം.  എന്നും ഈ മധുരവും വര്‍ണ്ണബലൂണുകളും ഉണ്ടാവില്ലെന്നു കൂടി അവര്‍ മനസ്സിലാക്കിയോ ആവോ!

റോഡിലെത്തിയപ്പോഴും കുട്ടികളുടെ നിലവിളി എന്നെ പിന്തുടര്‍ന്നു.

.............................


2013, മേയ് 19, ഞായറാഴ്‌ച


അവര്‍ എതിരെ വരുന്നുണ്ട് 

  അകലെ നിന്നേ കണ്ടു: അനിലന്‍ എതിരെ വരുന്നുണ്ട്.  പതിവു പോലെ തിരക്കിട്ടാണ് നടത്തം.  അല്‍പം വളവുള്ള കാലുകള്‍, വിണ്ടു കീറിയ കാലില്‍ ചെരുപ്പില്ല. കയ്യിനും വളവുണ്ട്.  മുഷിഞ്ഞ ഷര്‍ട്ടും ലുങ്കിയും.  കുളിച്ചിട്ട് വര്‍ഷങ്ങളായിട്ടുണ്ടാവും.  ശൂന്യമായ നോട്ടത്തിലും എന്നെ തിരിച്ചറിയും.  അടുത്തെത്തിയാല്‍ പൊടുന്നനെ നില്‍ക്കും.  ചോദിയ്ക്കും:  ''എന്തെങ്കിലും ഉണ്ടോ സാറേ?''

ഷര്‍ട്ടിന്റെ പോക്കറ്റില്‍ പത്തു രൂപയില്ലല്ലോ എന്നാണ് ആദ്യം തന്നെ ഓര്‍മ്മിച്ചത്.  പത്തു രൂപയില്‍ക്കുറഞ്ഞൊന്നും അനിലന്‍ വാങ്ങാറില്ല.  ഒരു തവണ അഞ്ചു രൂപ കൊടുത്തപ്പോള്‍ തല ചൊറിഞ്ഞുനിന്നു.  ''ചായുടിയ്ക്കാന്‍'' ആണ് പണം ചോദിയ്ക്കാറുള്ളത്.  ചായയ്ക്കിപ്പോള്‍ ആറോ ഏഴോ ഉറുപ്പികയുണ്ട് ഏതു ചായക്കടയിലും.  അപ്പോള്‍ അഞ്ചു രൂപ കിട്ടിയിട്ട് അയാള്‍ എന്തു ചെയ്യാനാണ്!  ഒരഞ്ചു കൂടി കൊടുത്തപ്പോഴേ അയാള്‍ പോയുള്ളു.

അയാള്‍ എന്തിനാണ് ഇത്ര തിരക്കിട്ട് നടക്കുന്നതെന്ന് എനിയ്ക്കിനിയും മനസ്സിലായിട്ടില്ല.  വീട്ടില്‍ അമ്മ മാത്രമേയുള്ളു. വള്ളി ഇപ്പോള്‍ ജോലിയ്ക്കു പോകാറില്ല.  പുല്ലരിയലായിരുന്നു ജോലി.  ഒരു ദിവസം പുല്ലരിയുമ്പോള്‍ പാമ്പുവിഷം തീണ്ടിയതിനു ശേഷം കുറേക്കാലം അവര്‍ കിടപ്പിലായിരുന്നു. രോഗം ഭേദമായെങ്കിലും അവര്‍ അതോടെ പുറത്തിറങ്ങാതായി. ആകെയുള്ള മകനാണ് അനിലന്‍.  അയാളാണെങ്കില്‍ കുറേ കൊല്ലങ്ങളായി ഇങ്ങനെയാണ്.  ചെറുപ്പത്തില്‍ കഞ്ചാവു വലിച്ചതിന്റെ ബാക്കിയായി മനോനില തെറ്റിയതാണ് അനിലന്.  ഇടയ്ക്ക് ബോധം വരുമ്പോള്‍ തന്നെ കളിയാക്കുന്ന കുട്ടികളോട് അനിലന്‍ പറയും:  ''ചിരിയ്ക്കണ്ട.  കഞ്ചാവടിച്ചിട്ടു പറ്റിയതാണ്.  നിങ്ങളും സൂക്ഷിച്ചോ.''

വല്ല പറമ്പിലുമുള്ള പുല്ലരിഞ്ഞെടുത്തു വിറ്റ കാശുകൊണ്ടാണ് വള്ളി അനിലനെ പുലര്‍ത്തിയിരുന്നത്.  വള്ളിയുടെ ഭര്‍ത്താവ് എന്നോ മരിച്ചു പോയിരുന്നു.  അനിലന്‍ കല്ലു ചുമക്കാന്‍ പോയിരുന്നതാണ്.  അത്യാവശ്യം വാര്‍ക്കപ്പണിയും വശമായിരുന്നു.  അതിനിടയിലാണ് കഞ്ചാവുവലിക്കാരുടെ കൂട്ടുകെട്ടില്‍പ്പെട്ടത്.

കഞ്ചാവല്ലെങ്കില്‍ കള്ളുകുടിയാണ് ഞങ്ങളുടെ നാട്ടിലെ പ്രധാനവ്യാപാരം.  ഞങ്ങളുടെ അയല്‍വാസി കണ്ടാത്തന്റെ മകന്‍ ശശി കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് സൈക്കിളില്‍ എന്നെ ചേയ്‌സ് ചെയ്ത് അടുത്തെത്തി നിന്നത്.  ''മാഷേ, നൂറു രൂപ വേണം,'' കിതച്ചുകൊണ്ട് ശശി പറഞ്ഞു.  ''അത്യാവശ്യമാണ്.''  സമയം സന്ധ്യയായിരുന്നു.  നാട്ടിലുള്ള ചെറുവാല്യക്കാര്‍ അടുത്തുള്ള 'സവേര'യിലേയ്ക്ക് ചേക്കേറുന്ന സമയമാണ്.   ''എന്താ കാര്യം,'' ഞാന്‍ ചോദിച്ചു.  ''കാര്യമൊക്കെ പിന്നെപ്പറയാം, മാഷ് കാശെടുക്കൂ,''  ശശി അക്ഷമനായിരുന്നു.  ''അടുത്ത ബുധനാഴ്ച മടക്കിത്തരാം,'' കാശ് വാങ്ങി സൈക്കിളില്‍ കയറുമ്പോള്‍ ശശി പറഞ്ഞു.  അയാള്‍ക്ക് സംസാരിയ്ക്കാന്‍പോലും സമയമില്ലായിരുന്നു.

എത്ര ബുധനാഴ്ചകള്‍ കടന്നുപോയി എന്നു തിട്ടമില്ല.  ശശി എന്നെ കാണുമ്പോഴൊക്കെ ഒഴിഞ്ഞുനടക്കാന്‍ തുടങ്ങി.  പിന്നെ ഒരിയ്ക്കല്‍ വിചാരിയ്ക്കാതെ മുമ്പില്‍ വന്നു പെട്ടു.  ''സോറി മാഷേ, പണം ഒത്തില്ല.  അതുകൊണ്ടാണ്,'' മുണ്ടിന്റെ മടിക്കുത്തഴിച്ച് താഴത്തിട്ട് ശശി പറഞ്ഞു.  ''രണ്ടാഴ്ച, അതു വിട്ടു പോവില്യ.''

പണത്തിന് പലര്‍ക്കും ആവശ്യമുണ്ട്.  പക്ഷേ കാരണങ്ങള്‍ പലതാണ്.  ആന്റോ മദ്യപിയ്ക്കുമെന്ന് ഇതുവരെ തോന്നിയിട്ടില്ല.  പക്ഷേ അയാളുടെ അമ്മയ്ക്ക് എന്നും അസുഖമാണ്.  ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.  പത്തിരുപതു കൊല്ലം മുമ്പുതന്നെ കഥ അതാണ്.  വല്ലച്ചിറ ഓണാഘോഷക്കമ്മിറ്റിയുടെ പ്രവര്‍ത്തകനായി ഇരിയ്‌ക്കേയാണ് ആന്റോവിനെ പരിചയം.  ഒരിയ്ക്കല്‍ പെട്ടെന്ന് വീട്ടില്‍ വന്നു.  ''അമ്മച്ചി ആശൂത്രീലാണ്.  ഒരു ഇരുന്നൂറു രൂപ വേണം. അടുത്ത ആഴ്ച മടക്കിത്തരാം.''  അന്ന് എന്റെ ശമ്പളം എഴുന്നൂറ്റമ്പതുറുപ്പികയാണ്.  ഇരുന്നൂറുറുപ്പികയെടുത്ത് കൊടുത്തപ്പോള്‍ വീട്ടു ബജറ്റ് ആകെ തകിടം മറിഞ്ഞു.  ആന്റോ ആ പണം മടക്കിത്തന്നില്ല.  മാത്രമല്ല പിന്നെ എന്നെ കണ്ടാല്‍ അറിയാതെയായി.  ബസ് സ്റ്റോപ്പിലോ വഴിയരികിലോ കണ്ടാല്‍ മുഖം തിരിയ്ക്കും.  കുറേ കാലം കഴിഞ്ഞ് ഒരിയ്ക്കല്‍ ബസ്സില്‍ വെച്ചു കണ്ടപ്പോള്‍ എവിടെനിന്നാണ് വരുന്നതെന്നു  ഞാന്‍ കുശലം ചോദിച്ചു.  എടപ്പാളിലെ ഒരു ജുവല്ലറിയില്‍ തല്‍ക്കാലം ഒരു ജോലിയ്ക്കു പോവുന്നുണ്ടെന്നായിരുന്നു മറുപടി.  എന്തായാലും അയാള്‍ എന്റെ ചോദ്യത്തിനു മറുപടി പറഞ്ഞുവല്ലോ.  അപ്പോള്‍ എന്നെ മറന്നിട്ടില്ലല്ലോ എന്നു ഞാന്‍ സന്തോഷിച്ചു.

ആന്റോ എന്നും ദാരിദ്ര്യത്തിന്റെ മുഖമായിരുന്നു. നല്ല ഉയരം.  നീണ്ട മുഖം.  ഒട്ടിയ കവിളത്ത് വടിയ്ക്കാത്ത രോമങ്ങള്‍. ശോഷിച്ച ഉടല്‍.  കണ്ടാല്‍ രണ്ടു ദിവസമായി പട്ടിണിയാണെന്നു തോന്നും.

എടപ്പാളിലെ ജുവല്ലറിയില്‍ എത്ര കാലം പോയി എന്നറിയില്ല.  പിന്നെപ്പിന്നെ വഴിയരികിലെ സ്ഥിരമായ സാന്നിദ്ധ്യമായി ആന്റോ.  ആരോടെങ്കിലും സംസാരിച്ചു കൊണ്ടു നില്‍ക്കുകയാവും.  അമ്മയ്ക്ക് ഇപ്പോള്‍ എങ്ങനെയുണ്ടോ ആവോ എന്ന് ഒരു ദിവസം ഞാന്‍ വെറുതെ ആലോചിച്ചു.

പിറ്റേന്ന് ആരോ കാണാന്‍ വന്നിട്ടുണ്ടെന്ന് ഓഫീസിലെ റിസപ്ഷനിസ്റ്റ് അറിയിച്ചപ്പോള്‍ ഞാന്‍ പൂമുഖത്തേയ്ക്കു ചെന്നു.  അത് ആന്റോ ആയിരുന്നു.  ''അമ്മച്ചിയ്ക്കു സുഖമില്ല. അമലേലാണ്.  ഇരുന്നൂറ് രൂപയെങ്കിലും വേണം.  മരുന്ന് വാങ്ങാന്‍ കാശില്യ.''  വേറെ ഒന്നും ആലോചിയ്ക്കാതെ പോക്കറ്റില്‍നിന്ന് ഇരുന്നൂറുറുപ്പികയെടുത്തു കൊടുത്തു.  ''അടുത്ത ആഴ്ച ഒരു കുറി വട്ടെത്താനുണ്ട്.  അപ്പൊ മടക്കിത്തരാം,'' കിട്ടിയ പണവും കൊണ്ട് ആന്റോ വേഗം ഇറങ്ങിപ്പോയി.

എന്താണ് ഈ ഇരുന്നൂറുറുപ്പികയുടെ കണക്ക് എന്ന് ഞാന്‍ തമാശയോടെ ചിന്തിച്ചു.  ഏതായാലും ഇരുപതു കൊല്ലം മുമ്പുള്ള ഇരുന്നൂറുറുപ്പികയുടെ വില ഇന്നത്തെ ഇരുന്നൂറിനില്ല.  ഇന്ന് ഇരുന്നൂറുറുപ്പികയ്ക്ക് എന്തു മരുന്നു കിട്ടാനാണ്!  ഒരുപക്ഷേ എന്നേപ്പോലെത്തന്നെ മറ്റു പലരേയും ആന്റോ സമീപിയ്ക്കുന്നുണ്ടാവണം.

രണ്ടു  ദിവസമേ കഴിഞ്ഞുള്ളു.  വീണ്ടും റിസപ്ഷനില്‍നിന്ന് അറിയിപ്പ്.  ആന്റോ തന്നെ.  ഞാന്‍ അല്‍പം തിരക്കിലായിരുന്നു.  ആന്റോ പതിവുപോലെ പരവശനായി റിസപ്ഷനില്‍ ഇരിയ്ക്കുന്നു.  ''അമ്മച്ചിയ്ക്ക് കൂടുതലാണ്.  ഡോക്ടര്‍മാര്‍ക്ക് ഒന്നും കണ്ടുപിടിയ്ക്കാനായിട്ടില്ല.  അവര് കൊണ്ടുപോയിക്കോളാന്‍ പറഞ്ഞു.  അമൃതേലിയ്ക്ക് എഴുത്തു തന്നിട്ടുണ്ട്.''  കൂടുതല്‍ കേള്‍ക്കാനുള്ള അക്ഷമ എന്റെ മുഖത്തുനിന്ന് അയാള്‍ വായിച്ചെടുത്തുവെന്നു തോന്നുന്നു.  ആന്റോ പറഞ്ഞു.  ''ആയിരത്തിമുന്നൂറ് കൊടുക്കണം അമലേല്.''  എന്തുവേണം എന്ന് ആലോചിയ്ക്കുമ്പോള്‍ ആന്റോ തുടര്‍ന്നു:  ''നിങ്ങള് എന്തുവേണംച്ചാ ചെയ്യ്.  അടുത്താഴ്ച കുറീണ്ട്.  ഞാന്‍ വീട്ടിക്കോളാം.''  അപ്പോള്‍ കയ്യിലുണ്ടായിരുന്നത് അഞ്ഞൂറുറുപ്പികയാണ്.  ആയിരത്തിമുന്നൂറിന് ഇനിയും പോണം എണ്ണൂറു കൂടി.  ആയത് ആയിക്കോട്ടെ എന്നു വെച്ച് അഞ്ഞൂറു കൊടുത്തു.

അത് തീരെ ബുദ്ധിശൂന്യമായ പണിയായിപ്പോയി എന്ന് പിന്നീടാണ് എനിയ്ക്കു മനസ്സിലായത്.  ആന്റോ ഇപ്പോള്‍ എന്നെ വീണ്ടും തിരിച്ചറിയാതായിരിയ്ക്കുന്നു.  നേര്‍ക്കു നേര്‍ എത്തിയാല്‍ ഉടനെ മുഖം തിരിയ്ക്കും.  എഴുന്നൂറുറുപ്പികയ്ക്ക് ആന്റോവുമായുള്ള സൗഹൃദം ഞാന്‍ വീണ്ടും നഷ്ടപ്പെടുത്തിയിരിയ്ക്കുന്നു.

ശശി ആന്റോയേപ്പോലെയല്ല.  കണ്ടാല്‍ ചിരിയ്ക്കും.  എന്തെങ്കിലും ജോലിയ്ക്കു പോവുന്നുണ്ടോ എന്നറിയില്ല.  ഭാര്യ അംഗന്‍വാടിയില്‍ കഞ്ഞിവെയ്ക്കാന്‍ പോവുന്നതുകൊണ്ട് വലിയ ദാരിദ്ര്യമില്ല എന്നു തോന്നുന്നു.  പലപ്പോഴും ഭാര്യയുമായി വഴക്കുകൂടുന്നതു കേള്‍ക്കാം.  ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോള്‍ ശശിയുടെ വീടു കടന്നു പോണം. പലപ്പോഴും ഇറയത്തുതന്നെയുണ്ടാവും അയാള്‍.   കണ്ടാത്തന്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ ശശിയുടെ വഴക്ക് എപ്പോഴും അച്ഛനോടായിരുന്നു.  ചോദിയ്ക്കുന്ന കാശ് കൊടുക്കാത്തതിനാവും കണ്ടാത്തന്റെ പരാതി.  ഒരിയ്ക്കല്‍ അതിലൂടെ പോവുമ്പോള്‍ കണ്ടാത്തന്‍ വീട്ടില്‍നിന്ന് ഇറങ്ങിനിന്നു.  ''തംബ്രാനേ, കുറച്ച് കാശുണ്ടോ.  പൊകല വാങ്ങാനാണ്.  ചെക്കന്‍ ചോയ്ച്ചിട്ട് തര്ണ്‌ല്യ.'' പണം കൊടുത്തപ്പോള്‍ കണ്ടാത്തന്‍ പറഞ്ഞു:  ''ഇദ് എനിയ്ക്ക്  മടക്കിത്തരാന്‍ പറ്റീന്ന് വര്‌ല്യ.  എന്നാലും ഞാനിത് മറക്ക്‌ല്യ തംബ്രാനേ.''  അധികം വൈകാതെ കണ്ടാത്തന്‍ മരിച്ചു.

ഇന്നലെ എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല.  രാവിലെ ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു.  എതിരെ എവിടെനിന്നോ ശശി വന്നു.  ഞാന്‍ മുഖത്തു നോക്കി ചിരിച്ചു.  പക്ഷേ ശശി ചിരിച്ചില്ല.  ''ഒന്ന് പെടയ്ക്കാണ്ടിരിയ്ക്ക് മാഷേ,'' ശശി ഒച്ച വെച്ചു.  ''ഞാന്‍ മടക്കിത്തര്‌ല്യേ കാശ്.  അതിങ്ങനെ എപ്പോഴും ഓര്‍മ്മിപ്പിയ്ക്കാണ്ടിരിയ്‌ക്ക്വോ.  അല്ലാ, മാഷക്ക് എന്നെ വിശ്വാസല്യേ.''

വിശ്വാസമില്ല എന്നു പറയണോ?  ഞാന്‍ ചുറ്റും നോക്കി.  ബസ്സു കയറാന്‍ വന്ന ആളുകള്‍ മൂന്നാലു പേര്‍ നില്‍ക്കുന്നുണ്ട്.  അവര്‍ ഞാന്‍ എന്തു പറയും എന്നു നോക്കുകയാണ്.  തല്‍ക്കാലം ഒന്നും പറയാനാവാതെ നില്‍ക്കുമ്പോള്‍ ശശി തുടര്‍ന്നു.  ''നൂറു രൂപ.  അതല്ലേ വേണ്ടൂ?  അതിനാണ് ഈ ഒച്ചപ്പാട്.  കുറേയായി ഞാന്‍ സഹിയ്ക്ക്ണൂ.  എല്ലാത്തിനും ഒരു മര്യാദയൊക്കെയില്യേ?''

അയാള്‍ പിന്തുണയ്ക്കായി അവിടെ നില്‍ക്കുന്നവരെയൊക്കെ നോക്കി.  ഇപ്പോള്‍ എല്ലാവരും എന്നെ ശ്രദ്ധിയ്ക്കുകയാണ്.  തല താഴ്ത്തി നില്‍ക്കുന്ന  എന്നെ അവര്‍ ഏതോ നികൃഷ്ടജീവിയേപ്പോലെയാണ് നോക്കുന്നത് എന്ന് എനിയ്ക്കു തോന്നി.  ഭാഗ്യത്തിന് അധികം വൈകാതെ ബസ്സ് വന്നു.  കൂടുതല്‍ മാനക്കേടിന് ഇട കൊടുക്കാതെ ബസ്സില്‍ക്കയറി ഞാന്‍ യാത്രക്കാരുടെ കൂട്ടത്തില്‍ രക്ഷ നേടി.  ബസ്സു വിട്ടപ്പോഴേ സമാധാനമായുള്ളു.  ഇനി ശശിയുടെ മുന്നില്‍ച്ചെന്നു പെടാതെ നോക്കണം.

അനിലന്‍ അടുത്തെത്താറായി.  കയ്യില്‍ പത്തുറുപ്പികയുടെ നോട്ടില്ല എന്ന അറിവ് എന്നെ ആശങ്കാകുലനാക്കി.  അപ്പോള്‍ ഒരു പോംവഴി തോന്നി.  ഇവിടെനിന്ന് വലത്തോട്ടു തിരിഞ്ഞാല്‍ ഞെരൂക്കാവ് അമ്പലത്തിന്റെ അരികിലൂടെ ഒരു വഴിയുണ്ട്.  അതിലേ പോയാലും ഊരകത്തെത്താം.  അനിലനില്‍നിന്ന് രക്ഷപ്പെടാം.  വലത്തോട്ടു തിരിഞ്ഞാലോ?

പിന്നെ തോന്നി.  അനിലന്‍ ഏതായാലും സവേരയിലേയ്ക്കു പോവാനല്ലല്ലോ പണം ചോദിയ്ക്കുന്നത്.  അമ്മയ്ക്കു കൊടുക്കാനായിട്ടല്ലായിരിയ്ക്കാം. എന്നാലും ഒരു ചായയ്ക്കുള്ള പണം മാത്രമാണല്ലോ അയാള്‍ ചോദിയ്ക്കുന്നത്.  കൊടുക്കാതിരുന്നാല്‍ പാപമാണ്.

അനിലന്‍ അടുത്തെത്തിക്കഴിഞ്ഞിരുന്നു.  പതിവു ചോദ്യം:  ''വല്ലതും ഉണ്ടോ സാറേ?''  ഞാന്‍ പോക്കറ്റില്‍നിന്ന് ഇരുപതുറുപ്പികയുടെ നോട്ടെടുത്തു അനിലനു കൊടുത്ത് നടക്കാന്‍ തുടങ്ങി.

''സാറേ,'' അനിലന്‍ പിന്നില്‍നിന്ന് വിളിച്ചു.  തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ ഷര്‍ട്ടിന്റെ കീശയില്‍നിന്ന് കുറച്ചു നോട്ടുകളെടുത്ത് തിരയുകയാണ്.  അതില്‍നിന്ന് പത്തുറുപ്പികയുടെ ഒരു നോട്ടെടുത്ത് എനിയ്ക്കു നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു:  ''സാറേ, ദാ ബാക്കി.  ഇദ് കയ്യില് വെച്ചോളോ.''

അമ്പരന്നു നിന്ന എന്റെ കീശയില്‍ പത്തുരൂപയുടെ നോട്ട് കുത്തിത്തിരുകി അനിലന്‍ തിരക്കിട്ട് തിരിഞ്ഞുനടന്നു.  
...............................................

2013, മേയ് 7, ചൊവ്വാഴ്ച


                              വീട് എന്നു പറയരുത്!

എന്റെ വീട്ടിലേയ്ക്കു പോവുന്ന വഴി കൊറ്റിക്കല്‍ അയ്യപ്പന്റെ തറവാട്ടു മുറ്റത്ത് വലിയൊരു പരസ്യപ്പലക ഉയര്‍ന്നിരിയ്ക്കുന്നു.  'റോസ് ഗാര്‍ഡന്‍സ്' എന്ന ചുവന്ന അക്ഷരങ്ങള്‍ക്കു താഴെ ഭംഗിയുള്ള ഏതാനും കെട്ടിടങ്ങളുടെ രൂപരേഖ. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും വിലാസവും ഉണ്ട്. അതിന്റെ താഴെ ഇത്രയും വിവരങ്ങള്‍: ആറാട്ടുപുഴ അമ്പലത്തിലേയ്ക്ക് രണ്ടു കിലോമീറ്റര്‍, പല്ലിശ്ശേരി പള്ളിയിലേയ്ക്ക് മൂന്ന്, ഊരകത്തെ മുസ്ലിം പള്ളിയിലേയ്ക്ക് രണ്ട്, സാന്റാ മരിയ അക്കാദമിയിലേയ്ക്ക് ഒന്ന്, തൃശ്ശൂര്‍ പട്ടണത്തിലേയ്ക്ക് പതിമൂന്ന്, നാഷണല്‍ ഹൈവേയിലേയ്ക്ക് ആറ്, നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്ക്ക് മുപ്പത്തിരണ്ട്.  

അയ്യപ്പന്റെ തറവാട്ടില്‍ ആള്‍ത്താമസം ഇല്ലാതായിട്ട് ഒരു കൊല്ലത്തോളമായിരുന്നു.  അയ്യപ്പന്റെ പേരക്കുട്ടി കൊച്ചനിയനും കുടുംബവും മാത്രമായിരുന്നു  കുറച്ചു കാലമായി അവിടത്തെ അന്തേവാസികള്‍.  എട്ടുമുനയിലുള്ള ഒരു പഞ്ചകര്‍മ്മ സെന്ററില്‍ തെറാപ്പിസ്റ്റ് ആണ് കൊച്ചനിയന്‍.  അവിടേയ്ക്കു താമസം മാറ്റാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടെന്ന് കുറച്ചു കാലം മുമ്പ് അയാള്‍ എന്നോടു പറഞ്ഞിരുന്നു.  ഭാര്യവീട് അവിടെയാണ്.

താമസം മാറ്റുന്നതിനു മുമ്പേ തന്നെ കൊച്ചനിയന്‍ തറവാട്ടു വളപ്പിലുള്ള മരങ്ങള്‍ ഓരോന്നായി മുറിച്ചു വിറ്റു തുടങ്ങിയിരുന്നു.  ആറേഴു പ്ലാവുകളും അത്ര തന്നെ മാവുകളും.  പിന്നെ ബാക്കിയുണ്ടായിരുന്നത് കുറച്ചു കശുമാവുകളാണ്.  അതും കഴിഞ്ഞമാസം മുറിയ്ക്കുന്നതു കണ്ടപ്പോള്‍ എന്തൊക്കെയോ  ചിലതു സംഭവിയ്ക്കാന്‍ പോവുകയാണെന്ന് എനിയ്ക്കു തോന്നിയിരുന്നു.

അയ്യപ്പന്‍ മരിച്ചുപോയിട്ട് പത്തുപന്ത്രണ്ടു കൊല്ലമായിട്ടുണ്ടാവും.  രാവിലെ സ്‌കൂളില്‍ പോവുമ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ അയ്യപ്പന്‍  എതിരെ വരും.  അയ്യപ്പന്റെ കയ്യില്‍ ചാട്ടയും ചുമലില്‍ കലപ്പയുമുണ്ടാവും.  കനത്ത ശബ്ദത്തില്‍ പോത്തുകളെ തെളിച്ചുകൊണ്ട് അയ്യപ്പന്‍ നടക്കും.  അയ്യപ്പന്റെ കടഞ്ഞെടുത്തതു പോലെയുള്ള ഉറച്ച ദേഹം എനിയ്ക്ക് ഒരു കാഴ്ചയായിരുന്നു.

അര നാഴിക അകലെയുള്ള മണ്ടേമ്പാടത്തേയ്ക്കായിരുന്നു അയ്യപ്പന്റെ യാത്ര.  അവിടെ പത്തുപറയ്ക്ക് കൃഷിയുണ്ട് അയ്യപ്പന്.  പോത്തുകള്‍ക്കും അയ്യപ്പനും പിന്നിലായി അയ്യപ്പന്റെ മകന്‍ കുഞ്ഞന്‍ നടക്കും. അയാളുടെ കയ്യില്‍ കൈക്കോട്ടും അരിവാളും മറ്റ് ആയുധങ്ങളും ഉണ്ടാവും. കുഞ്ഞന്‍ ബധിരമൂകനാണ്.  എന്നെ കണ്ടാല്‍ വികൃതമായ ശബ്ദത്തില്‍ സ്‌നേഹം നടിയ്ക്കും.  കല്യാണം കഴിച്ചിട്ടില്ല.  അച്ഛന്റെ ഒപ്പം നിന്ന് പകലന്തിയോളം അദ്ധ്വാനിയ്ക്കും.

അയ്യപ്പന് മക്കള്‍ ആറു പേരായിരുന്നു.  കുഞ്ഞനു താഴെ മാധവന്‍.  പിന്നെ മൂന്നു പെണ്‍മക്കള്‍. അവരെ അകലെ എവിടേയ്‌ക്കോ കല്യാണം കഴിച്ചു കൊടുത്തു. അവര്‍ക്കു താഴെ വിജയന്‍.  വിജയന്‍ സ്‌കൂളില്‍ എന്റെയൊപ്പമാണ് പഠിച്ചിരുന്നത്.

അയ്യപ്പന്റെ ഭാര്യ ലക്ഷ്മി വിജയനെ പ്രസവിച്ച പാടേ മരിച്ചുപോയി. കൈക്കുഞ്ഞായ വിജയന്‍. എവിടെയുമെത്തിയിട്ടില്ലാത്ത മറ്റു മക്കള്‍.   അയ്യപ്പനെ അതൊന്നും തളര്‍ത്തിയില്ല. അയാള്‍ രാപ്പകല്‍ അദ്ധ്വാനിച്ചു. പാടത്തെ കൃഷിയ്ക്കു പുറമേ പാല്‍ക്കച്ചവടവുമുണ്ടായിരുന്നു.  മൂന്നു വീതം പശുക്കളും എരുമകളും.   ഒരേക്കറോളം വരുന്ന പുരയിടത്തില്‍ നിറയെ ഫലവൃക്ഷങ്ങളുണ്ടായിരുന്നു.  വേനല്‍ക്കാലത്ത് അതിലൂടെ കടന്നു പോവുന്നവര്‍ ചക്കയും മാങ്ങയും മണം പിടിയ്ക്കും.  പറമ്പില്‍ മത്തനും കുമ്പളവും വെണ്ടയും വഴുതിനയും കയ്പയും പടവലവും കായ്ച്ചുനിന്നു.  മുറ്റത്ത് അമരപ്പന്തല്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു.

കൊയ്ത്തു കഴിഞ്ഞാല്‍ അയ്യപ്പന്റെ വീട്ടില്‍ ഉത്സവമായി.  കറ്റ മെതിയും നെല്ലു പേറ്റിക്കൊഴിയ്ക്കലും  പുഴുങ്ങലും ചിക്കലുമൊക്കെയായി മക്കളും പേരക്കുട്ടികളും ഉത്സവത്തില്‍ പങ്കെടുക്കും.  ഉണങ്ങാനിട്ട വൈക്കോല്‍ ഏറെ നാള്‍ കഴിയും മുമ്പേ  തുറുവിന്റെ രൂപം കൈക്കൊള്ളും.

അയ്യപ്പന്റെ മരണം പെട്ടെന്നായിരുന്നു.  അന്നു രാവിലെയും പാടത്തു പോയിരുന്നു.  വെയിലാറി പണി നിര്‍ത്തി പാടത്തുനിന്നു കയറി പുഴയിലേയ്ക്കു നടന്നു.  പോത്തുകളെ  ചകിരി തേച്ച് കുളിപ്പിച്ചു.  പീച്ചിങ്ങ തേച്ച് സ്വയം കുളിച്ചു. സന്ധ്യയോടെ വീട്ടിലെത്തി. പോത്തുകളെ തൊഴുത്തില്‍ മുളച്ചു.  പശുക്കള്‍ക്ക് പരുത്തിക്കുരുവും പിണ്ണാക്കും കൊടുത്തു. തിന്നാന്‍ വൈക്കോല്‍  ഇട്ടുകൊടുത്തു.  എട്ടു മണിയ്ക്ക് പച്ചമുളക് അരച്ചു ചേര്‍ത്ത നാളികേരച്ചമ്മന്തി കൂട്ടി ഒരു കവിടിക്കിണ്ണം നിറയെ പൊടിയരിക്കഞ്ഞി കുടിച്ചു.  എട്ടരയോടെ ഉറങ്ങാന്‍ കിടന്നു.  രാവിലെ പശുക്കള്‍ അമറുന്നതു കേട്ടാണ് അച്ഛന്‍ ഉണര്‍ന്നില്ലല്ലോ എന്ന് മാധവന്‍ അറിഞ്ഞത്.

അയ്യപ്പന്റെ മരണം  തറവാട്ടില്‍ മരണങ്ങളുടെ ഒരു പരമ്പരയുടെ തൊടുത്തു.  അടുത്ത രണ്ടു കൊല്ലത്തിനുള്ളില്‍ മാധവന്‍  മരിച്ചു.  അതോടെ കൃഷി നടത്താന്‍ ആളില്ലാതായി.  മാധവന്റെ ഭാര്യയേയും കുട്ടികളേയും അവരുടെ ആങ്ങള കൂട്ടിക്കൊണ്ടുപോയി.    കിടപ്പിലായ കുഞ്ഞനും മരിച്ചുപോയി.  പുറത്തെവിടെയോ ജോലിയുണ്ടായിരുന്ന വിജയന്‍ മടങ്ങിയെത്തി തറവാട്ടില്‍നിന്നു ഭാഗം കിട്ടിയ ഭൂമിയില്‍ ചെറിയ ഒരു പുര വെച്ചു.  തീയേറ്ററുകളിലേയ്ക്ക് ഫിലിം എത്തിയ്ക്കുന്ന ജോലിയെടുത്തു കുറച്ചുകാലം. അതൊന്നും പച്ച പിടിച്ചില്ല.  ഭാര്യ രണ്ടു പശുക്കളെ വളര്‍ത്തി പാലു വിറ്റ് ജീവിയ്ക്കാന്‍ നോക്കിയെങ്കിലും അവരും താമസിയാതെ മരിച്ചു.  അതോടെ വിജയന്‍ പശുക്കളെ വിറ്റു.  രണ്ട് ആണ്‍മക്കളില്‍ മൂത്തവന്‍ ഓട്ടോ റിക്ഷ വാങ്ങി.  രണ്ടാമന്‍ പണിയൊന്നുമെടുക്കാതെ തെണ്ടിനടക്കുകയാണെന്ന് എന്നെ കാണുമ്പോഴൊക്കെ വിജയന്‍ പരാതി പറഞ്ഞു. പക്ഷേ അവന്‍ എങ്ങനെയൊക്കെയോ പണമുണ്ടാക്കുന്നുണ്ടെന്ന് അത്ഭുതം കൊണ്ടു.  കൂട്ടുകെട്ട് അവനെ പലപ്പോഴും പോലീസ് സ്റ്റേഷനിലെത്തിയ്ക്കുന്നുണ്ടെന്ന് പിന്നീടു കേട്ടു.  

മാധവന്റെ മകന്‍ ഉണ്ണിക്കൃഷ്ണന് കെ. എഫ്. സിയില്‍ കയറ്റിറക്കു ജോലിയുണ്ട്. അയാള്‍ തറവാട്ടില്‍നിന്ന് കുറച്ചകലെ സ്വന്തം പുര പണിത് താമസിയ്ക്കുകയാണ്. വല്ലപ്പോഴും ബസ് സ്റ്റോപ്പില്‍ വെച്ചുകാണുമ്പോള്‍ വിശേഷങ്ങള്‍ ചോദിയ്ക്കും.  ഇന്നു രാവിലെ കണ്ടപ്പോള്‍ തറവാട്ടു മുറ്റത്തെ ബോര്‍ഡിനേക്കുറിച്ച് അന്വേഷിച്ചു.

''കൊച്ചനിയന് തറവാടിനോട് ഒരു സ്‌നേഹവുമില്ല,''  ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.  ''ഇത്ര തിരക്കു പിടിയ്ക്കണ്ട എന്നു പറഞ്ഞതാണ് ഞങ്ങള്‍.  അതവന്‍ കേട്ടില്ല.  നഷ്ടത്തിലാണ് കൊടുത്തത്.''

മാധവന്‍ മരിച്ചപ്പോള്‍ കൊച്ചനിയന്‍  ആദ്യം ചെയ്തത് പശുക്കളെ വില്‍ക്കുകയാണ്.  പോത്തുകളെ മുമ്പേത്തന്നെ വിറ്റിരുന്നു.  മണ്ടേമ്പാടത്തെ മണ്ണ് ഓട്ടു കമ്പനിക്കാര്‍ക്ക് കൊടുത്ത് നിലം കൃഷി ചെയ്യാന്‍ പറ്റാതായപ്പോള്‍ പോത്തുകളുടെ ആവശ്യമില്ലാതായിരുന്നു.  പശുക്കളും പോത്തുകളും ഇല്ലാതായപ്പോള്‍ കൊച്ചനിയന്‍ തൊഴുത്ത് പൊളിച്ചുകളഞ്ഞു.    

''വലിയ വിലയാണ് പറയുന്നത്,'' ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.  ''ഇരുപത്തഞ്ചാണത്രേ.''

''ആ വിലയ്‌ക്കൊക്കെ വാങ്ങാന്‍ ആളുണ്ടാവുമോ?''

''ഉണ്ടാവുമോന്നോ? നല്ല കാര്യായി,''  ഉണ്ണിക്കൃഷ്ണന്‍ ചിരിച്ചു.  ''എല്ലാം വിറ്റുപോയീത്രേ.  ആര്‍ക്കാ ഇപ്പൊ പണത്തിന് പഞ്ഞം?''

''ആകെ എത്ര വീടുകളുണ്ട്?'' ഞാന്‍ ചോദിച്ചു.

''എട്ടെണ്ണം,'' ഉണ്ണിക്കൃഷ്ണന്‍ വീണ്ടും ചിരിച്ചു. ''വീടുകളല്ല കേട്ടോ.  വില്ലകളാണ്. വീടുകളൊക്കെ നമ്മളേപ്പോലെയുള്ള പാവങ്ങള്‍ക്കുള്ളതല്ലേ!''

എനിയ്ക്ക് ഒരു കാര്‍ട്ടൂണ്‍ ഓര്‍മ്മ വന്നു.  ഒരു പുരയുടെ മുന്നില്‍ മൂന്നു പേര്‍ നില്‍ക്കുന്നു.  ഗേറ്റില്‍ 'ബാബുവില്ല' എന്ന് എഴുതിവെച്ചിട്ടുണ്ട്.  മൂന്നു പേരിലൊരാള്‍ പറയുന്നു:  ''ഞാനപ്പൊഴേ പറഞ്ഞതാണ് അവന്‍ ഉണ്ടോ എന്നു ചോദിച്ചിട്ടു പുറപ്പെട്ടാല്‍ മതിയെന്ന്!''

വില കുറഞ്ഞ ഫലിതമാവാം.  പക്ഷേ അതില്‍ ചില കാര്യങ്ങളുണ്ട്.  ആള്‍ത്താമസമില്ലാത്ത വീടുകള്‍ കൊണ്ട് നിറയുകയാണത്രേ കേരളം.  ഇപ്പോള്‍ അത്തരം പതിമ്മൂന്നു ലക്ഷത്തോളം വീടുകളുണ്ടെന്നാണ് കണക്ക്. മറുനാട്ടില്‍ ജീവിയ്ക്കുന്നവര്‍ക്ക് നാട്ടില്‍ ഒരു വീട് സ്വപ്നമാണ്.  വളരെ മിനക്കെട്ട് വീടു പണിത് അല്ലെങ്കില്‍ വില്ല വാങ്ങി അവരതു സാക്ഷാല്‍ക്കരിയ്ക്കുന്നു.  പിന്നെ പുതിയ വീട് പൂട്ടിയിട്ട് മറുനാട്ടിലേയ്ക്കു തന്നെ മടങ്ങുന്നു.

''വാങ്ങിയത് ആരും നമ്മുടെ നാട്ടുകാരല്ല,'' ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ''നമ്മുടെ നാട്ടുകാര്‍ക്ക് എവിടെയാ കാശ്?'' പിന്നെ ഒന്ന് ആലോചിച്ച് അയാള്‍ തുടര്‍ന്നു: ''നമ്മുടെ നാട്ടില്‍ ഇനി നമ്മളൊന്നുമാവില്ല അല്ലേ!''

വില്ലകളും ഫ്‌ളാറ്റുകളും നമുക്ക് നിക്ഷേപങ്ങളാണ്.  ഒരിയ്ക്കലും താമസിയ്ക്കാന്‍ കഴിയില്ല എന്ന ഉറപ്പോടെത്തന്നെയാണ് കൊട്ടാരങ്ങള്‍ പണിയുന്നത്.  എന്നിട്ടും ഒരിയ്ക്കല്‍ നാട്ടില്‍ വന്നു താമസിയ്ക്കാന്‍ കഴിയുമെന്ന് സ്വപ്നം കാണുന്നു. ഇല്ലെങ്കിലെന്താ, നാട്ടിലെ വീട് മറിച്ചു വിറ്റാല്‍ കോടികള്‍ കിട്ടുമല്ലോ എന്ന് കണക്കു കൂട്ടുന്നു.  ധനികത്വം ഒരു സങ്കല്‍പ്പമാണല്ലോ.  വില്ലകള്‍ സമ്പത്തിന്റേയും  അന്തസ്സിന്റേയും അടയാളങ്ങളാണ്.

''മുന്‍പൊന്നും കേട്ടിട്ടില്ല, ഉവ്വോ? എവിടുന്നു വന്നതാണ് ഈ വാക്ക്?''

ഞാന്‍ വെറുതെ ചിരിച്ചു.

ഇംഗ്ലീഷില്‍ വീടിന് 'ഹൗസ്'  എന്നും 'ഹോം' രണ്ടു വാക്കുകളുണ്ട്.  രണ്ടും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ചിലപ്പോള്‍ ഞാന്‍ കുട്ടികളോടു ചോദിയ്ക്കാറുണ്ട്. അവര്‍ക്കറിയില്ല. അപ്പോള്‍ വിശദീകരിയ്ക്കും:  ഹൗസ് എന്നാല്‍ താമസസ്ഥലമേ ആവുന്നുള്ളു.  ആള്‍ത്താമസമുള്ള സ്ഥലമാണ് ഹോം. മലയാളത്തിലാണെങ്കില്‍ 'പുര' എന്നും 'വീട്' എന്നും പറയാം.

അല്ല. 'വില്ല' എന്നും 'വീട്' എന്നും പറയാം.  'വില്ല' എന്നതില്‍ത്തന്നെ  ഇല്ല എന്ന ഒരു ശബ്ദമുണ്ടല്ലോ!

..............................

2013, മാർച്ച് 27, ബുധനാഴ്‌ച


                 നമ്മളെ ഭരിയ്ക്കാന്‍ നമ്മുടെ മലയാളം 

കൊല്ലങ്ങള്‍ക്കു മുമ്പാണ്. എന്നു വെച്ചാല്‍ ആയിരത്തിത്തൊള്ളായിരത്തി അറുപത്തേഴില്‍.  ചേര്‍പ്പ് ഹൈസ്‌കൂളില്‍ ഹെഡ് മാഷായിരുന്ന അച്ഛന് വിദ്യാഭ്യാസവകുപ്പില്‍നിന്ന് ഒരു കത്തു കിട്ടി.  ഭരണഭാഷ മലയാളമാക്കുന്നതില്‍ നിങ്ങള്‍ എന്തൊക്കെ നടപടി എടുത്തു എന്നു ബോധിപ്പിയ്ക്കാനുള്ള ആജ്ഞയായിരുന്നു അത്.  ഒരു നടപടിയും എടുത്തിട്ടില്ലെങ്കില്‍ ആ കുറ്റത്തിന് വിശദീകരണവും ചോദിച്ചിരുന്നു കത്തില്‍.

കത്ത് പക്ഷേ ഇംഗ്ലീഷിലായിരുന്നു.  എന്തുകൊണ്ടാണോ ഈ കത്ത് നിങ്ങള്‍ക്ക് ഇംഗ്ലീഷിലെഴുതേണ്ടിവന്നത് അതു തന്നെയാണ് അമാന്തത്തിനു കാരണം എന്ന് അച്ഛന്‍ ഇംഗ്ലീഷില്‍ത്തന്നെ മറുപടിയെഴുതി.

ഭരണകാര്യങ്ങളില്‍ മലയാളം അത്രയൊന്നും പ്രചാരത്തിലില്ലാതിരുന്ന കാലമായിരുന്നു അത്.  എന്നാല്‍ അക്കാലത്തു തന്നെ അതിനുള്ള ഉത്സാഹം തുടങ്ങിയിരുന്നു എന്ന് ആ സംഭവം ഓര്‍മ്മിപ്പിയ്ക്കുന്നുണ്ട്.  ടൈപ് റൈറ്ററിനു വഴങ്ങാന്‍ തക്കവണ്ണം മലയാളലിപി പരിഷ്‌കരിയ്ക്കാന്‍ വേണ്ടി ശൂരനാട് കുഞ്ഞന്‍പിള്ളയെ അദ്ധ്യക്ഷനാക്കി ഒരു കമ്മിറ്റി ഉണ്ടാക്കിയ ഇ. എം. എസ്. സര്‍ക്കാര്‍ ഭരിയ്ക്കുന്ന കാലമായിരുന്നു.

സര്‍ക്കാര്‍ജോലി കിട്ടണമെങ്കില്‍ മലയാളം അറിഞ്ഞിരിയ്ക്കണം എന്ന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വന്ന വാര്‍ത്ത വായിച്ചപ്പോഴാണ് ഇതെല്ലാം ഓര്‍മ്മ വന്നത്.  മലയാളം ഭരണഭാഷയാക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് ഈ ഉത്തരവ്.

പക്ഷേ മനസ്സിലാവാത്തത് മറ്റൊന്നാണ്.  എന്നു മുതലാണ് നമ്മുടെ ഭരണഭാഷ ഇംഗ്ലീഷായത്?    ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിനു മുമ്പും ഇവിടെ ഭരണമുണ്ടായിരുന്നു.  മലയാളമായിരുന്നു ഭാഷ.  അവര്‍ വന്നതിനു ശേഷവും മലയാളം തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത് എന്ന് പഴയ രേഖകളിലെ   ഉരുട്ടിയുരുട്ടിയെഴുതിയ മലയാളം ലിപി കണ്ടാല്‍ മനസ്സിലാവും.  അന്നൊക്കെ നല്ല കയ്യക്ഷരമുള്ളവര്‍ക്ക് ഉദ്യോഗത്തിന് മുന്‍ഗണനയുമുണ്ടായിരുന്നു.

പിന്നെ എന്നാണ് മലയാളം ഇറങ്ങിപ്പോയത്?  എപ്പോഴാണ് ഇംഗ്ലീഷ് കയറിപ്പറ്റിയത്?  അത് സര്‍ക്കാരാപ്പീസുകളിലെ പൊതുജനം ശത്രു എന്ന സമീപനത്തിന്റെ ഭാഗമായിട്ടാണോ?  സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത ഭാഷ ഉപയോഗിയ്ക്കുകയാണല്ലോ അവരെ അകറ്റിനിര്‍ത്താനുള്ള ഏറ്റവും നല്ല വഴി.

ഏതായാലും മലയാളം തിരിച്ചുപിടിയ്‌ക്കേണ്ടത് ആവശ്യമായി വന്നുവെന്നത് യാഥാര്‍ത്ഥ്യം. അതിനിടെ കയ്യെഴുത്ത് ഇറങ്ങിപ്പോയി ടൈപ് റൈറ്റര്‍ സ്ഥലം പിടിച്ചിരുന്നു. മലയാളമാവട്ടെ ആ യന്ത്രത്തിനു വഴങ്ങിയില്ല. ബെഞ്ചമിന്‍ ബെയ്‌ലി രൂപകല്‍പന ചെയ്ത അറുന്നൂറോളം അച്ചുകളില്‍ പരന്നുകിടക്കുകയായിരുന്നു നമ്മുടെ ഭാഷ.  ശൂരനാട് കുഞ്ഞന്‍പിള്ളയുടെ കമ്മിറ്റി അത് ഇരുന്നൂറിനു താഴെയാക്കിക്കുറച്ചു.  പിന്നീട് 1969-ല്‍ നിയമിയ്ക്കപ്പെട്ട മറ്റൊരു കമ്മിറ്റി അത് 90 ആക്കി ടൈപ് റൈറ്ററുമായി മെരുക്കി.  'പ്‌റതിഫലത്തിന്റെ കാര്‌യത്തില്‍  താങ്കള്ക്കിഷ്ടമെങ്ങനെയോ അങ്ങനെ ചെയ്‌യുന്‌നത് എനിക്ക് സമ്മതമാണെന്‌ന് പറയേണ്ടതില്‌ലല്‌ലോ' എന്ന മട്ടിലായിരുന്നു അന്നത്തെ ടൈപ് റൈറ്ററിലെ എഴുത്ത്.    

കംപ്യൂട്ടര്‍ എന്ന  ഉപകരണം ഇത്രത്തോളം പ്രചാരത്തിലെത്തുമെന്നും നമ്മുടെ ഭാഷ അതിനു വഴങ്ങിക്കൊടുക്കും എന്നും സങ്കല്‍പ്പിയ്ക്കാന്‍ കഴിയാത്ത കാലത്തായിരുന്നു ആ പരിഷ്‌കാരങ്ങള്‍. ഇതിനിടെ വിളംബരങ്ങള്‍ സൈക്ലോസ്റ്റൈല്‍ എന്ന ഉപകരണത്തിലടിച്ച സര്‍ക്കുലറുകള്‍ക്കു വഴിമാറിക്കൊടുത്തിരുന്നു.  തൊണ്ണൂറുകളില്‍ കംപ്യൂട്ടര്‍ പ്രചാരത്തിലായതോടെ ടൈപ് റൈറ്ററും സൈക്ലോസ്റ്റൈല്‍ യന്ത്രവും കാലഹരണപ്പെട്ടു.  ഇന്റര്‍നെറ്റ് വ്യാപകമായി.  മലയാളം കംപ്യൂട്ടിങ്ങിനു വേണ്ടി കുറച്ച് ചെറുപ്പക്കാര്‍ അരയും തലയും മുറുക്കി ഇറങ്ങി.  കെ. എച്ച്. ഹുസൈന്‍, ആര്‍. ചിത്രജകുമാര്‍, എന്‍. ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ രചന അക്ഷരവേദി പഴയ മലയാള ലിപിയെ വീണ്ടെടുത്തു.  ഹിരണ്‍ വേണുഗോപാല്‍, പി. സുരേഷ്, കെവിന്‍, സിജി, വിശ്വപ്രഭ തുടങ്ങി നിരവധി ആളുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചു. ഭാഷാകംപ്യൂട്ടിങ്ങില്‍ നമുക്കുണ്ടായ നേട്ടം ഒരു സര്‍ക്കാര്‍ ഏജന്‍സിയും ചെയ്തതല്ല.  ജോലിത്തിരക്കിനിടെ ഒരു പ്രതിഫലവും പറ്റാതെ രാവു പകലാക്കി  ഈ ഉത്സാഹികള്‍ ഉണ്ടാക്കിയെടുത്തതാണ്.  അവരുടെ സേവനത്തിന് എത്ര വില കൊടുത്താലും മതിയാവില്ല.  അതേസമയം അവര്‍ക്ക് എന്തെങ്കിലും പുരസ്‌കാരമോ ആദരമോ കൊടുക്കാന്‍ പോലും  ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

രണ്ടാമത്തെ പ്രതിബന്ധം മലയാളവാക്കുകളുടെ ക്ഷാമമായിരുന്നു.  ഭരണത്തിനു  വേണ്ടിയല്ലെങ്കിലും ശാസ്ത്ര-സാങ്കേതികവിഷയങ്ങള്‍ക്കു വേണ്ടി ഭാഷയ്ക്ക് ആവശ്യമായ വാക്കുകളുണ്ടാക്കുക എന്ന ദൗത്യമാണ് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനുണ്ടായിരുന്നത്.  ഇന്‍സ്റ്റിറ്റിയൂട്ട് എന്ന വാക്കിനുള്ള മലയാളം പോലും അതിനു കണ്ടെത്താനായില്ല എന്ന് നമ്മള്‍ പറയാറുണ്ടല്ലോ.  ഏതായാലും പുതിയ വാക്കുകള്‍ കാര്യമായി പ്രയോഗത്തില്‍ വന്നില്ല എന്നത് സത്യമാണ്.  അവിടത്തെ രണ്ടു പ്രബലവിഭാഗങ്ങളില്‍ ഒന്ന് സംസ്‌കൃതത്തോടും മറ്റേത് ഇംഗ്ലീഷിനോടും ആധമര്‍ണ്യം പുലര്‍ത്തിയതുകൊണ്ടാവണം അത്.

സംസ്‌കൃതവും ഇംഗ്ലീഷുമല്ലാതെ നല്ല മലയാളിത്തമുള്ള വാക്കുകളായിരുന്നു നമുക്ക് ആവശ്യം. ഉദാഹരണം റാന്തല്‍ തന്നെ. Lantern എന്ന വാക്കില്‍നിന്ന് ലാന്തറും അതില്‍നിന്ന് റാന്തലും രൂപപ്പെട്ടതിന്റെ ഭംഗി നോക്കുക.  അത്തരം നല്ല ഒരു വാക്കുപോലും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന് സംഭാവന ചെയ്യാനായില്ല.  Chandelier എന്ന വാക്കിനുള്ള  മലയാളമായ  ബഹുശാഖാദീപം എന്ന വാക്കൊന്നും വായില്‍ക്കൊള്ളുന്നതായിരുന്നില്ല.    

ഇതിനൊക്കെപ്പുറമേ ഔദ്യോഗികഭാഷ ഒന്നു വേറെയാണ്.  ഔദ്യോഗികമായ കാര്യങ്ങള്‍ക്കുള്ള ഇംഗ്ലീഷ് ശൈലിയ്ക്ക് officialese എന്ന് പേരുണ്ട്. അത് നല്ല ഇംഗ്ലീഷാണ് എന്നു പറയാന്‍ വയ്യ.  ഇംഗ്ലീഷ് ശൈലിയെ അനുകരിച്ച് yours faithfully-ക്ക്  മലയാളം അന്വേഷിച്ചു നടക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്.  സംവേദനക്ഷമമായ പുതിയൊരു ഭാഷാരീതി കണ്ടെത്തുകയാണ്.  മലയാളം ഇപ്പോള്‍ ശ്രേഷ്ഠഭാഷയാവാന്‍ പോവുന്നതു കൊണ്ട്  ഇതും  ശ്രേഷ്ഠമാക്കിക്കളയാം എന്നു വിചാരിയ്‌ക്കേണ്ട.  അതിന് സാഹിത്യഭംഗിയല്ല ആവശ്യം.  കാര്യങ്ങളുടെ സംവേദനം നടക്കുകയാണ്. (അതിനിടെ classical language-ന് ആരാണ് ശ്രേഷ്ഠഭാഷ എന്ന വാക്കു കണ്ടെത്തിയത്?  classical എങ്ങനെ ശ്രേഷ്ഠമാവും?)

ഔദ്യോഗികഭാഷയ്ക്ക്  അധികാരത്തിന്റെ സ്വരമാണ്. സര്‍ക്കാര്‍ ആപ്പീസുകളില്‍നിന്ന് അറിയിപ്പുകള്‍ കിട്ടുമ്പോള്‍ നമ്മള്‍ അസ്വസ്ഥരാവുന്നത് അതുകൊണ്ടാണ്.  ഇംഗ്ലീഷിന്റെ മാത്രം കാര്യമല്ല.  മലയാളത്തിനും അത് ബാധകമാണ്.  വര്‍ഷങ്ങള്‍ക്കുമുമ്പ് സഞ്ജയന്‍ അതിനേക്കുറിച്ച് പറയുന്നുണ്ട്   'കണ്ണുനീര്‍സമേതം' എന്ന ലേഖനത്തില്‍.  ''താങ്കളുടെ മാസംതോറുമുള്ള വരവു ......  ഉറുപ്പികയാണെന്നു വിശ്വസിയ്ക്കയാല്‍ 193.... സെപ്‌തെമ്പര്‍ 30-ാന്തി അവസാനിയ്ക്കുന്ന അരക്കൊല്ലത്തെയ്ക്കു ഡിസ്റ്റ്രിക്ട് മുനിസിപ്പാലിറ്റീസ് ആക്ട് 4-ാം പട്ടിക 16 ചട്ടപ്രകാരം താങ്കള്‍ക്ക് ക. ണ. നികുതി കെട്ടിയ വിവരം അറിയിക്കുന്നു.  ആകയാല്‍ ഈ നോട്ടീസ്സ് നടത്തിയ തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ ക. ണ. അടക്കേണ്ടതാകുന്നു.''  എന്നാണ് നോട്ടീസിന്റെ തുടക്കം.  അവിടെ നിന്നില്ല.  ''ആയത് ആ അവധിയ്ക്കുള്ളില്‍ അടയ്ക്കാതിരിയ്ക്കുകയും അത് അടയ്ക്കാതിരിപ്പാന്‍ താങ്കള്‍ മതിയായ കാരണം കാണിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്ന പക്ഷം താങ്കളുടെ മുതല്‍ ജപ്തി ചെയ്‌വാനായി ഒരു വാറണ്ട് അയയ്ക്കുന്നതും ആ വക ഓരോ വാറണ്ടിനും രണ്ടണ ഫീസ്സു വസൂലാക്കുന്നതും ആകുന്നു.  നികുതിയും ഫീസും പിന്നേയും അടയ്ക്കാതിരുന്നാല്‍ താങ്കളുടെ മുതല്‍ ജപ്തി ചെയ്‌വാന്‍ ഇടവരികയും ചെയ്യും.  പ്രസ്തുത ആക്ട് 4-ാം പട്ടിക 30 മുതല്‍ 34 വരെയുള്ള ചട്ടങ്ങള്‍ നോക്കുക.''  സഞ്ജയന്റെ ലേഖനത്തിലെ അതിശയോക്തി മാറ്റിവെച്ചാല്‍ത്തന്നെ ഇതാണ് വ്യവഹാരഭാഷ എന്ന് നമുക്കറിയാം.  അടയ്ക്കില്ലെന്ന് താന്‍ പറഞ്ഞില്ലല്ലോ എന്നും എന്നിട്ടും എന്തിന് ഈ ക്രൂരമായ ഭാഷ ഉപയോഗിച്ചു എന്നുമാണ് സഞ്ജയന്‍ മുനിസിപ്പാലിറ്റിയോട് കണ്ണുനീരോടെ ചോദിയ്ക്കുന്നത്.

ഈ അധികാരസ്വരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.  വൈദ്യുതിയുടേയോ ഫോണിന്റേയോ ബില്ലുകളില്‍ ഇത്തരം മുന്നറിയിപ്പുകള്‍ നമുക്കു കിട്ടാറുണ്ട്.  ഇംഗ്ലീഷിന്റെ ഗരിമയില്‍ ഇത് അധികം ചോദ്യം ചെയ്യപ്പെടാതെ പോയേക്കാം.  പക്ഷേ ഭരണഭാഷ മലയാളമാക്കുമ്പോള്‍ ഇത്തരം ഭാഷ തന്നെ ഉപയോഗിയ്‌ക്കേണ്ടതുണ്ടോ?  കുറച്ചെങ്കിലും അടുപ്പത്തിന്റെ ഭാഷ ഉപയോഗിയ്ക്കാന്‍ നമുക്കു കഴിയില്ലേ?  ഇല്ലെങ്കില്‍ കടുപ്പം കുറയ്ക്കുകയെങ്കിലും ചെയ്യാവുന്നതല്ലേ? സര്‍ക്കാര്‍ ആപ്പീസുകള്‍ കൂടുതല്‍ക്കൂടുതല്‍ ജനമൈത്രികളായി മാറ്റിക്കൊണ്ടിരിയ്ക്കുമ്പോള്‍ പ്രത്യേകിച്ചും.

പുതിയ ഉത്തരവു പ്രകാരം സര്‍ക്കാര്‍ജോലി ലഭിച്ച് നാലു കൊല്ലത്തിനകം മലയാളപ്പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുണ്ട്. അത് ന്യായവുമാണ്.  പക്ഷേ പരീക്ഷയുടെ രീതി എന്താണെന്ന് ഒരു രൂപവും കിട്ടിയിട്ടില്ല. എസ്. കെ. പൊറ്റെക്കാടിന്റെ 'കാപ്പിരികളുടെ നാട്ടില്‍' എന്ന പുസ്തകത്തില്‍ ഒരു കഥ പറയുന്നുണ്ട്.  കിഴക്കേ ആഫ്രിക്കയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ആറു മാസത്തിനകം സ്വഹിലി പരീക്ഷ ജയിയ്ക്കണമെന്ന് നിയമമുണ്ടത്രേ.  വെള്ളക്കാരനായ മി. തോംസന്റെ പരീക്ഷകന്‍ അയാളുടെ സുഹൃത്തായിരുന്നു.  ബുദ്ധിമുട്ടിയ്ക്കില്ലെന്നും രണ്ടു ചോദ്യം മാത്രമേ ചോദിയ്ക്കൂ എന്നും സുഹൃത്ത് വാക്കു കൊടുത്തു.  പുറത്തു നില്‍ക്കുന്ന വേലക്കാരന്‍കുട്ടിയെ അകത്തേയ്ക്കു വിളിയ്ക്കാനായിരുന്നു വാചാപരീക്ഷയിലെ ആദ്യത്തെ ചോദ്യം.  തോംസണ്‍ ''കൂജാ ഹാപ്പാ'' എന്ന് ആജ്ഞാപിച്ചു.  പയ്യന്‍ അകത്തുവന്നു.  50%  മാര്‍ക്കായി.  ഇനി അവനെ പുറത്തേയ്ക്കയയ്ക്കണം.  പക്ഷേ 'കൂജാ ഹാപ്പ'യോടെ സായ്‌വിന്റെ വൊക്കാബുലറി തീര്‍ന്നുപോയിരുന്നു.  സായ്‌വിന് വേറെയൊന്നും തോന്നിയില്ല.  മുറിയ്ക്കു പുറത്തേയ്ക്കു കടന്ന് വീണ്ടും ''കൂജാ ഹാപ്പാ'' എന്ന് ആജ്ഞാപിച്ചു.   വേലക്കാരന്‍ പുറത്തുപോയി!  തോംസണ്‍ നൂറില്‍ നൂറു മാര്‍ക്ക് വാങ്ങി പരീക്ഷ ജയിയ്ക്കുകയും ചെയ്തു.

ഇങ്ങനെ ഒരു പ്രഹസനമൊന്നുമാവില്ല നമ്മുടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന യോഗ്യതാപ്പരീക്ഷ എന്ന് ആശിയ്ക്കുക. സകലമാന സാക്ഷ്യപത്രങ്ങള്‍ക്കുമായി നൂറുനൂറു സര്‍ക്കാരാപ്പീസുകള്‍ കയറിയിറങ്ങുന്നവരോട് അവര്‍ക്കു മനസ്സിലാവുന്ന ഭാഷ പറയണം.  അതിന് അവരെ പ്രാപ്തരാക്കുന്ന രീതിയിലാവണമല്ലോ ആ പഠനം. അതിന് സാക്ഷരതാസംരംഭത്തിലേപ്പോലെ  മലയാളത്തില്‍ ഒപ്പിടാന്‍ പഠിച്ചാല്‍ മതിയാവില്ല.

ഭരണഭാഷ നടപ്പിലാക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി.  അതിന്റെ അമ്പതാം വര്‍ഷം ആഘോഷിയ്ക്കുന്ന വേളയില്‍ എന്തുകൊണ്ട് അതു നടപ്പാക്കാന്‍ അമാന്തം നേരിട്ടു എന്ന് അതാത് വകുപ്പുകളിലേയ്ക്ക്  ചെല്ലുന്ന അന്വേഷണക്കത്തുകളെങ്കിലും മലയാളഭാഷയില്‍ എഴുതപ്പെടുമെന്ന് ആശിയ്ക്കാം അല്ലേ?
...........................




2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച


                ഫ്‌ളെക്‌സ് നേതാവിനൊപ്പം അല്‍പനേരം 

കോണ്‍ഗ്രസ്സ് പുനസ്സംഘടനയ്ക്കു ശേഷം പാതകളുടെ ഇരുവശങ്ങളിലും ചിത്രങ്ങളാണ്. വെളുവെളുത്ത വേഷം.  അതിലും വെളുക്കെയുള്ള ചിരി.  വെറുതെയങ്ങനെ  നോക്കി നില്‍ക്കാന്‍ തോന്നും.  അത്ര ഐശ്വര്യമുള്ള മുഖങ്ങളാണ്.  വെറുതെയല്ല ഇവര്‍ക്ക് ഇത്രയധികം ആരാധകരുണ്ടായത്.

ഞങ്ങളുടെ നാട്ടില്‍  ഏറ്റവും കൂടുതല്‍ ഫ്‌ളെക്‌സുകള്‍ ശ്രീ കെ. ആര്‍.  കൃഷ്ണദാസിന്റേതാണ്. മറ്റുള്ളവരേപ്പോലെയല്ല. കുണ്ടനിടവഴികളില്‍പ്പോലും അദ്ദേഹത്തിന് ആരാധകരുണ്ട്.  കൈകൂപ്പി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രങ്ങളാണ് അധികവും. 'അര്‍ഹതയ്ക്കുള്ള അംഗീകാരം' എന്ന് അടിക്കുറിപ്പ്.  കുറച്ചു കൂടി വലിയ ഫ്‌ളെക്‌സുമുണ്ട്.  അതില്‍ ഇടത്തെ കൈകൊണ്ട് മുണ്ടിന്‍തുമ്പ് പാതി ഉയര്‍ത്തിപ്പിടിച്ചും വലത്തെ കൈ ഉയര്‍ത്തി അഭിവാദ്യമര്‍പ്പിച്ചും നില്‍ക്കുകയാണ് ശ്രീ കൃഷ്ണദാസ്.  'പോരാട്ടം നിലയ്ക്കുന്നില്ല' എന്ന് മലയാളത്തിലും 'THE FIGHT NEVER ENDS' എന്ന് ഇംഗ്ലീഷിലും എഴുതിവെച്ചിട്ടുണ്ട്. ഏറ്റവും താഴെ ഫ്‌ളെക്‌സ് സ്ഥാപിച്ചവരുടെ വിവരങ്ങളാണ്: യൂത്ത് കോണ്‍ഗ്രസ്സ്, ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി.  

ശ്രീ കൃഷ്ണദാസിന് യുവജനത്തിന്റേയും വയോജനത്തിന്റേയും ആരാധന ഒരുപോലെ പിടിച്ചു പറ്റാന്‍ കഴിഞ്ഞത് ചില്ലറ കാര്യമല്ല.  എങ്ങനെയും അതിന്റെ രഹസ്യം അറിയണമെന്ന് എനിയ്ക്കു തോന്നി.  

അദ്ദേഹത്തിന്റെ  നാട്ടിലേയ്ക്കുള്ള ബസ്സില്‍ കയറിക്കഴിഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത്.  നല്ല തിരക്കുള്ള ആളല്ലേ. ശ്രീ കൃഷ്ദാസിനെ വിളിച്ച്  സമയം ഉറപ്പിച്ചതിനു ശേഷം വേണ്ടിയിരുന്നു യാത്ര.  ചുരുങ്ങിയത് അദ്ദേഹം വീട്ടില്‍ത്തന്ന ഉണ്ടെന്നെങ്കിലും ഉറപ്പു വരുത്തണമല്ലോ.  ഇനി  ഉണ്ടെങ്കില്‍ത്തന്നെ ആരാധകരുടെ തിരക്കൊഴിഞ്ഞ് കാണാന്‍ സൗകര്യപ്പെടുമെന്നതിന് എന്താണുറപ്പ്?

ഏതായാലും ഭാഗ്യം പരീക്ഷിയ്ക്കുക തന്നെ എന്ന് ഉറപ്പിച്ചു.

ബസ്സില്‍നിന്ന് ഇറങ്ങിയത് ഫ്‌ളെക്‌സുകളുടെ ഇടയിലേയ്ക്കാണ്.  നാലു വശവും കൃഷ്ണദാസിന്റെ ചിരിയ്ക്കുന്ന മുഖം.  നാല്‍ക്കവലയില്‍നിന്ന് കിഴക്കോട്ടുള്ള വഴിയില്‍ ഫ്‌ളെക്‌സുകളുടെ ഒരു നിര തന്നെ കണ്ടതുകൊണ്ട് ആ ദിശയില്‍ത്തന്നെ നടന്നു.

ശ്രീ കൃഷ്ണദാസിന്റെ വീട്ടിലെത്തിയപ്പോള്‍  സന്ധ്യയാവാറായിരുന്നു.  ഭാഗ്യം.  അദ്ദേഹം വീട്ടുമുറ്റത്തു തന്നെയുണ്ട്. കൈകൂപ്പിയാണ് നില്‍പ്പ്.  ഒരുവേള അതും ഫ്‌ളെക്‌സാണോ എന്ന് എനിയ്ക്ക് ഒരു സ്ഥലജലഭ്രമമുണ്ടായി.  പരിഭ്രമം കൊണ്ട് നാലുപാടും നോക്കിയപ്പോള്‍ ശ്രീ കൃഷ്ണദാസ് തന്നെ എന്റെ അരികിലെത്തി.  ഞാന്‍ സ്വയം പരിചയപ്പെടുത്തി.

''എന്നും പുതിയ പുതിയ ആരാധകര്‍ വരുന്നു,'' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.  ''ഇപ്പോള്‍ അതിന് ഒരു കണക്കുമില്ലാതായിട്ടുണ്ട്.    ഇതാ, എന്റെ മുറ്റത്ത് നിറഞ്ഞുനില്‍ക്കുകയായിരുന്നു ഈ നിമിഷം വരെ.  സമയം വൈകി, ഇനി എല്ലാവരും വീട്ടില്‍പ്പോവൂ എന്ന് എല്ലാവരോടും കെഞ്ചുകയായിരുന്നു ഞാന്‍.''

നേതാവ് കെഞ്ചിയതു നന്നായി എന്നു തോന്നി.  എനിയ്ക്ക് സൗകര്യംപോലെ സംസാരിയ്ക്കാറായല്ലോ. ഞാന്‍ ചുറ്റും നിരീക്ഷിച്ചു.  ആരാധകരില്ലെങ്കിലും മുറ്റത്ത് ഒരിഞ്ചു സ്ഥലം പോലും ബാക്കിയില്ല.  നിറയെ ഫ്‌ളെക്‌സുകളാണ്.  താല്‍ക്കാലികമായി ഉണ്ടാക്കിയതെന്നു തോന്നിപ്പിയ്ക്കുന്ന തകരഷെഡ്ഡില്‍ അവ അട്ടിയട്ടിയായി ഇട്ടിരിയ്ക്കുന്നു.  ഫ്രെയിമുകള്‍ക്കു വേണ്ടിയുള്ള ട്രില്ലീസുകള്‍  അടുക്കിയടുക്കി വെച്ചിട്ടുണ്ട്.  അരികില്‍ത്തന്നെ ഒരു പീഞ്ഞപ്പെട്ടി നിറയെ മുള്ളാണികള്‍.  ചുറ്റിക, ഉളി, അറക്കവാള്‍ തുടങ്ങി പലതരം ആയുധങ്ങള്‍  നിലത്തു കിടക്കുന്നുണ്ട്.

''ഇന്നത്തെ പണി തീര്‍ന്നു,'' ഞാന്‍ പണിപ്പുരയിലേയ്ക്കു നോക്കുന്നതു കണ്ട്  ശ്രീ കൃഷ്ണദാസ് പറഞ്ഞു.  ''ഞാന്‍ പറഞ്ഞില്ലേ ആരാധകര്‍ ഇപ്പോള്‍ പോയതേയുള്ളു.  അവര്‍ക്കും കുഞ്ഞുകുട്ടി പ്രാരബ്ധങ്ങളൊക്കെ ഉള്ളതല്ലേ.  പോരാത്തതിന് വൈകുന്നേരം ആറുമണിയ്ക്കു ശേഷം പണിയരുത് എന്ന് ഞാന്‍ കണിശമായി പറഞ്ഞിട്ടുണ്ട് അവരോട്.  അദ്ധ്വാനത്തിനും ഒരതിരു വേണ്ടേ?  തൊഴിലാളികളുടെ ക്ഷേമത്തില്‍ എനിയ്ക്ക് അല്ലെങ്കിലും അങ്ങേയറ്റം ശ്രദ്ധയുണ്ട്.''

ശ്രീ കൃഷ്ണദാസ് എന്റെ കൈപിടിച്ചു.  ''നമുക്ക് അകത്തേയ്ക്കു പോവാം. ആരാധകരെ ഞാന്‍ പുറത്തുനിര്‍ത്തി സംസാരിയ്ക്കാറില്ല.  വരൂ.''

അദ്ദേഹം എന്നെ അകത്തേയ്ക്ക് ആനയിച്ചു.  അകത്തും ശ്രീ കൃഷ്ണദാസിന്റെ ഫ്‌ളെക്‌സുകള്‍ കുത്തിയും ചാരിയും വെച്ചിട്ടുണ്ട്.  ചുമരില്‍ പൂര്‍ണകായചിത്രം.

''ഒന്നും വേണ്ടെന്നു പറഞ്ഞതാണ്,'' ഞാന്‍ ചുറ്റും നോക്കുന്നതു കണ്ട് ശ്രീ കൃഷ്ണദാസ് പറഞ്ഞു.  ''പക്ഷേ ആരാധകര്‍ സമ്മതിയ്ക്കുന്നില്ല.  എന്തു ചെയ്യാം! എല്ലാം സഹിയ്ക്കുക തന്നെ.''

''അങ്ങയുടെ ചിത്രം ഇല്ലാത്ത ഒരു തെരുവു പോലുമില്ല ഇന്ന് കേരളത്തില്‍,'' ഞാന്‍ പറഞ്ഞു.  ''ഈ ആരാധനയുടെ രഹസ്യം അറിയാനാണ് ഞാന്‍ വന്നത്.''

''തീര്‍ച്ചയായും,'' കൃഷ്ണദാസ് മുറിയുടെ മൂലയില്‍ ചുരുട്ടിവെച്ചിരുന്ന ഫ്‌ളെക്‌സ് എടുത്തു നിവര്‍ത്തി.  ''എനിയ്ക്കതു മനസ്സിലാവുന്നുണ്ട്.  ഒരു തരത്തില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.  അത്തരത്തിലാണ് ഞാന്‍ അവരെ സേവിയ്ക്കുന്നത്.  സേവനം, അതുമാത്രമാണ് എന്റെ ലക്ഷ്യം.''

''ഒരു രാഷ്ട്രീയനേതാവിന് സ്വന്തം ജീവിതവും ജീവനുമൊക്കെ ജനങ്ങള്‍ കഴിഞ്ഞേയുള്ളു.''

''നിങ്ങള്‍ പറഞ്ഞതു ശരിയാണ്,'' വലിയ ഒരു ഫ്രെയിം നിലത്ത് പരത്തിവെച്ച് കൃഷ്ണദാസ് പറഞ്ഞു.  ''പക്ഷേ എല്ലാ നേതാക്കന്മാരും എന്നേപ്പോലെയാവണമെന്നില്ല.  ഉദാഹരണത്തിന് ശ്രീ ദേവദേവന്‍.  അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എന്തൊക്കെയോ ഗൂഢലക്ഷ്യം വെച്ചുള്ളതാണെന്ന് ഞാന്‍ പറയാതെത്തന്നെ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ.''

''അതു ശരിയാവാം,'' ഞാന്‍ പറഞ്ഞു.  ''പക്ഷേ ശ്രീ ദേവദേവന്റെ ചിത്രങ്ങളുമുണ്ടല്ലോ നാട്ടില്‍ നിറയെ.''

''ഉവ്വുവ്വ്,'' ചെറിയ ഒരു പെട്ടിയില്‍നിന്ന് കുറച്ച് മുള്ളാണി കയ്യിലെടുത്ത് ശ്രീ  കൃഷ്ണദാസ് പറഞ്ഞു.  ''എല്ലാം ശ്രീ ദേവദേവന്‍ സ്വയം സ്ഥാപിയ്ക്കുന്നതല്ലേ.  കേട്ടിടത്തോളം മൂന്നു ലക്ഷം ചെലവാക്കിക്കഴിഞ്ഞിരിയ്ക്കുന്നു.''

''സ്വയം പണമിറക്കി സ്വന്തം ചിത്രം സ്ഥാപിയ്ക്കുകയോ!''

''നിങ്ങള്‍ക്ക് വിശ്വസിയ്ക്കാനാവുന്നില്ല അല്ലേ,'' മുള്ളാണി സശ്രദ്ധം പട്ടികയിലേയ്ക്ക് അടിച്ചു കയറ്റിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു.  ''നൂറ്റമ്പത്തിരണ്ട് സെക്രട്ടറിമാരെയാണല്ലോ നിയമിച്ചിരിയ്ക്കുന്നത്.  അതിലൊരാള്‍ ഞാനാവുമെന്ന്  ശ്രീ ദേവദേവന്‍ പ്രതീക്ഷിച്ചിരുന്നില്ല.''

''അതെന്താണങ്ങനെ? അര്‍ഹതയ്ക്കുള്ള അംഗീകാരമായിരുന്നില്ലേ അത്? അത് അങ്ങയുടെ പോസ്റ്ററില്‍ വ്യക്തമായി എഴുതിയിട്ടുണ്ടല്ലോ.''

''ഉവ്വ്.  പക്ഷേ ശ്രീ ദേവദേവന് അതു മനസ്സിലാവണ്ടേ? എന്റെ ആരാധകര്‍ സ്ഥാപിയ്ക്കുന്ന ഫ്‌ളെക്‌സുകള്‍ കണ്ട് അദ്ദേഹം അസ്വസ്ഥനായി.  ഇങ്ങനെ പോയാല്‍ തന്റെ സ്ഥിതി പരുങ്ങലിലാവുമെന്ന് അദ്ദേഹത്തിനു തോന്നിയിരിയ്ക്കണം.''

''പക്ഷേ അങ്ങേയ്ക്ക് അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശ്യലക്ഷ്യങ്ങളൊന്നുമില്ല എന്ന കാര്യം അദ്ദേഹം മനസ്സിലാക്കേണ്ടതല്ലേ?''

''നിങ്ങളെങ്കിലും അതു മനസ്സിലാക്കിയതില്‍ എനിയ്ക്കു സന്തോഷമുണ്ട്,'' ചിത്രം ഉറപ്പിച്ചു കഴിഞ്ഞ ഫ്രെയിം എടുത്ത് അവലോകനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.  ''അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുക, എമ്മല്ലേയാവുക, തുടര്‍ന്ന് മന്ത്രിയാവുക ഇത്തരം ലക്ഷ്യങ്ങളൊന്നും എനിയ്ക്കില്ല.  ജനങ്ങളെ സേവിയ്ക്കാന്‍ ഇതിന്റെയൊന്നും ആവശ്യമില്ലല്ലോ.''

''അങ്ങ് ഫ്‌ളെക്‌സ് ആണോ ഉദ്ദേശിച്ചത്?''

''അല്ല.  അത് എന്റെ ആരാധകര്‍ ചെയ്യുന്നതാണല്ലോ.  എനിയ്ക്ക് അവരുടെ മേല്‍ ഒരു നിയന്ത്രണവുമില്ല.  അത് അവരുടെ ആവശ്യമാണ്, വാശിയാണ്.  കോസ്റ്റല്‍ ഏരിയ മുഴുവന്‍ കവര്‍ ചെയ്തു കഴിഞ്ഞു എന്നാണ് ഇന്നു രാവിലെ അവര്‍ എന്നെ അറിയിച്ചത്.''

''ശ്രീ ദേവദേവന്‍ കോസ്റ്റല്‍ ഏരിയ കവര്‍ ചെയ്തിട്ടില്ലെന്നുണ്ടോ?''

''ഇല്ല,''  ബാക്കി വന്ന ഫ്‌ളെക്‌സുകള്‍ ചുരുട്ടുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.  ''നിങ്ങള്‍ ഒരു പക്ഷേ വിശ്വസിച്ചുവെന്നു വരില്ല.  മിനിയാന്നു രാത്രി ഞാന്‍ കോസ്റ്റല്‍ ഏരിയയിലൂടെ പോവുമ്പോള്‍ ഒരു എലക്ട്രിക് പോസ്റ്റില്‍നിന്ന് എന്തോ ശബ്ദം കേട്ട് തല ഉയര്‍ത്തിനോക്കി.  കണ്ടതെന്താണെന്നോ?  ശ്രീ ദേവദേവന്‍ തന്റെ ഫ്‌ളെക്‌സ് സ്വയം കെട്ടാനുള്ള ശ്രമത്തിലാണ്.  നിങ്ങള്‍ പറയൂ.  ഒരു രാഷ്ട്രീയനേതാവ് ഇത്രത്തോളം അധഃപതിയ്ക്കാമോ?''

''തീര്‍ച്ചയായും പാടില്ല.''  ഞാന്‍ പറഞ്ഞു.  ''പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു ഗതികേടുണ്ടായത്?''

''കൂലി കൊടുക്കില്ല ശരിയ്ക്ക്,''  പണി തീര്‍ന്ന ഫ്‌ളെക്‌സ് ബോര്‍ഡുകളുടെ എണ്ണമെടുത്തുകൊണ്ട് കൃഷ്ണദാസ് തുടര്‍ന്നു.  ''അദ്ധ്വാനിയ്ക്കുന്നവര്‍ക്ക് കൃത്യമായ വേതനം കൊടുക്കണം.  അവരുടെ വിയര്‍പ്പിന്റെ വില കുറച്ചു കാണരുത്.  അദ്ധ്വാനിയ്ക്കുന്ന ജനവിഭാഗത്തിന്റെ കയ്യിലാണ് ഭാരതത്തിന്റെ ഭാവി.  ഞാനൊന്നു ചോദിയ്ക്കട്ടെ-''

''വേണ്ട.  അങ്ങ് അദ്ധ്വാനിയ്ക്കുന്ന ജനവിഭാഗത്തിന്റെ പക്ഷത്താണെന്ന് മുമ്പേ പറഞ്ഞുവല്ലോ. ഒരു സംശയം കൂടിയുണ്ട്.  പോരാട്ടം നിലയ്ക്കുന്നില്ല എന്ന ഒരു വാചകം അങ്ങയുടെ ഫ്‌ളെക്‌സുകളിലുണ്ടല്ലോ.  അതുകൊണ്ട് എന്താണ് അങ്ങ് ഉദ്ദേശിയ്ക്കുന്നത്?''

''അതില്‍ സംശയിയ്ക്കാനെന്താണുള്ളത്?'' ഫ്‌ളെക്‌സുകള്‍ കയര്‍ കൊണ്ട് കെട്ടുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.  ''അദ്ധ്വാനിയ്ക്കുന്ന ജനവിഭാഗത്തിനു വേണ്ടിയുള്ള സമരം തന്നെ.  അതിന് അധികാരം വേണമെന്നില്ല.  അധികാരം എനിയ്‌ക്കൊരു പ്രശ്‌നവുമല്ല.''

''അധികാരരാഷ്ട്രീയത്തിലേയ്ക്കില്ല എന്ന അങ്ങയുടെ തീരുമാനം വളരെ സങ്കടകരമാണ്,'' തൊണ്ട ഇടറാതിരിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.  ''അങ്ങയേപ്പോലുള്ളവരാണ് അധികാരസ്ഥാനങ്ങളില്‍ എത്തേണ്ടത്.''

''നേരം വൈകി,'' ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സിറ്റൗട്ടിലേയ്ക്ക് കൊണ്ടു വെയ്ക്കുന്നതിനിടയില്‍ അദ്ദേഹം തുടര്‍ന്നു.  ''നമുക്ക് ഈ സംഭാഷണം അവസാനിപ്പിയ്ക്കാം.  എനിയ്ക്ക് ഒന്നു പുറത്തുപോവേണ്ടതുണ്ട്.''
.............................

2013, ജനുവരി 29, ചൊവ്വാഴ്ച


                                                     കണ്ടിട്ടുണ്ടോ തണ്ണീര്‍പ്പന്തല്‍?

ബഹുരാഷ്ട്രക്കമ്പനികള്‍ കുപ്പിവെള്ളത്തിനു വില കൂട്ടാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ജനുവരി 17-ലെ 'മംഗളം' പത്രത്തിലുണ്ട്.  ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില നിലവിലുള്ള 18 ഉറുപ്പികയില്‍നിന്ന് 20 ഉറുപ്പികയാക്കുന്നു.  പെപ്‌സി (അക്വാഫിന), കൊക്കക്കോള (കിന്‍ലേ), മക്‌ഡോവല്‍, കിംഗ് ഫിഷര്‍ തുടങ്ങിയ കമ്പനികളാണത്രേ വില കൂട്ടുന്നത്.  രണ്ടു മാസത്തിനുള്ളില്‍ അത് 25 ഉറുപ്പികയാക്കാനുള്ള നീക്കത്തിന് മുന്നോടിയാണത്രേ ഇത്.

ഇതെന്താ പാലിന്റെ വിലയാവുമല്ലോ പച്ചവെള്ളത്തിനും എന്നു ഞെട്ടണ്ട.  ശരിയാണ്; പാല് ലിറ്ററിന് ഇപ്പോള്‍ 30 ഉറുപ്പിക. അതുകൊണ്ട് പാലു കുടിച്ചാല്‍ മതി എന്നു  വെയ്ക്കാമോ?  ദാഹിയ്ക്കുമ്പോള്‍ നമുക്ക് വെള്ളം തന്നെ വേണ്ടേ?

വേണം.  പക്ഷേ വെള്ളമെവിടെ?  കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതു കാരണം പൊള്ളുന്ന ഒരു വേനല്‍ക്കാലമാണ് നമ്മളെ തുറിച്ചുനോക്കുന്നത്.  ഇപ്പോള്‍ത്തന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിയ്ക്കുന്നു.  പുഴകളില്‍ വെള്ളം താഴ്ന്നു.  കിണറുകളും കുളങ്ങളും വറ്റി.  ഭൂമി വരണ്ടു.  കേരളം വരള്‍ച്ചബാധിതപ്രദേശമായി പ്രഖ്യാപിയ്ക്കപ്പെട്ടു.  അപ്പോഴാണ് വെള്ളത്തിനു വില കൂട്ടാനുള്ള തീരുമാനവുമായി വെള്ളക്കമ്പനികള്‍ എത്തുന്നത്.  പുര കത്തുമ്പോഴല്ലാതെ വാഴ വെട്ടാനുള്ള അവസരം വേറെ നല്ലതുണ്ടോ?

കുടിവെള്ളം കിട്ടാതെ ഹോട്ടലുകള്‍ പൂട്ടിക്കൊണ്ടിരിയ്ക്കുകയാണ്.  മേശയ്ക്കു മുന്നിലിരിയ്ക്കുന്നവര്‍ക്ക് ഒരു ഗ്ലാസ്സ് വെള്ളം വെച്ചുകൊടുക്കാനില്ലെങ്കില്‍പ്പിന്നെ ഹോട്ടല്‍ തുറന്നു വെച്ചിട്ടെന്ത്?  ഈയിടെ ആക്കുളത്ത് ഒരു മൂവിങ്ങ് റെസ്റ്റോറന്റില്‍ പോയപ്പോള്‍ തിന്നാനുള്ള സാന്‍ഡ്‌വിച്ചിനോടൊപ്പം കുടിയ്ക്കാന്‍ കുപ്പിവെള്ളമാണ് മേശപ്പുറത്തെത്തിയത്.  ഗ്ലാസ്സില്‍ വെള്ളം കൊടുക്കുന്ന പതിവ് അവിടെ ഇല്ലത്രേ.  വേണമെങ്കില്‍ വെള്ളം വില കൊടുത്തുതന്നെ വാങ്ങണം. പോകെപ്പോകെ ഹോട്ടലുകളൊക്കെ ഇത് നടപ്പാക്കിയാലും ആരും പരിഭവിയ്‌ക്കേണ്ട.  ആര്‍ക്കും ഒന്നും സൗജന്യമായി കൊടുക്കേണ്ടതില്ല എന്നാണല്ലോ നവീനവാണിജ്യവേദാന്തം.

പണ്ടുപണ്ട്, സ്‌കൂള്‍ ബസ്സുകളില്ലാത്ത ഒരു കാലമുണ്ടായിരുന്നു.  നാലു നാഴിക നടന്നാണ് ഞങ്ങള്‍ ചേര്‍പ്പിലേയ്ക്ക് പോയിരുന്നത്.  പകലത്തെ ക്ഷീണവും വെയിലും.  തിരിച്ചുപോരുമ്പോള്‍ ദാഹിച്ചു തുടങ്ങും.  എന്നാലും ഒന്നര നാഴിക പിന്നിട്ട് ഊരകത്ത് എത്തുമ്പോള്‍ ഉന്മേഷമാണ്.  കാരണം അവിടെ ഒരു തണ്ണീര്‍പ്പന്തലുണ്ടായിരുന്നു.  അതില്‍ പല്ലില്ലാത്ത ചിരിയുമായി നില്‍ക്കുന്ന ഒരു വയസ്സനുണ്ടായിരുന്നു.  പച്ചമുളകും കറിവേപ്പിലയും ചതച്ചിട്ട സംഭാരം നിറച്ച കുട്ടിക്കലങ്ങള്‍ മേശപ്പുറത്ത് നിരത്തിവെച്ചിട്ടുണ്ടായിരിയ്ക്കും.  അതില്‍നിന്ന് ഓരോന്നെടുത്ത്  അയാള്‍ ഞങ്ങള്‍ക്കുനേരെ നീട്ടിത്തരും.  അത് വയറു നിറയെ കുടിച്ചതിനു ശേഷമാണ് ഞങ്ങള്‍ നടത്തം തുടരുക.

ബാക്കിയുള്ള രണ്ടര നാഴിക നടക്കുന്നതിനിടയില്‍ വീണ്ടും ദാഹിയ്ക്കാന്‍ തുടങ്ങും. ഞെരുവിശ്ശേരി സെന്ററില്‍ 'ചന്ദ്രശേഖരവിലാസം ഹോട്ടല്‍ ആന്‍ഡ് കാപ്പിക്ലബ്ബ്' ഉണ്ടായിരുന്നു.  ഹോട്ടലിന്റെ മുന്നിലിട്ട മരബെഞ്ചില്‍ ഒരു മണ്‍കലത്തില്‍ വെള്ളം നിറച്ചുവെയ്ക്കാറുണ്ടായിരുന്നു.  വഴിപോക്കര്‍ അതില്‍നിന്ന് വെള്ളം മുക്കിയെടുത്ത് കുടിയ്ക്കുന്നതു കാണാം.  ഞങ്ങള്‍ അവിടെനിന്നല്ല വെള്ളം കുടിയ്ക്കുക.  അതിന് മറ്റൊരു സ്ഥലം ഞങ്ങള്‍ കണ്ടുവെച്ചിരുന്നു.  ആ വീട്ടില്‍ ചെമ്പുകലത്തില്‍ വെള്ളം നിറച്ചുവെച്ച് തൈലാംബാള്‍ ഞങ്ങളെ കാത്തിരിയ്ക്കും. വലിയ ഓട്ടുഗ്ലാസ്സില്‍ വെള്ളം നിറച്ചുതരും.  വീട്ടുവിശേഷങ്ങളും  സ്‌കൂള്‍വിശേഷങ്ങളും കൈമാറും. അവരുടെ രണ്ട് ആണ്‍മക്കളും അന്ന് സ്‌കൂളില്‍ ഞങ്ങളോടൊപ്പം പഠിച്ചിരുന്നു.

അന്നൊന്നും വെള്ളം വില കൊടുത്ത് വാങ്ങാനുള്ളതാണ് എന്ന് ആരും ധരിച്ചിരുന്നില്ല.  പണം കൊടുത്താല്‍ എല്ലാം കിട്ടും എന്നോ  പണം കൊടുത്താലേ എന്തും കിട്ടൂ എന്നോ ആയിക്കഴിഞ്ഞിരുന്നില്ല.  കുടിയ്ക്കാനുള്ള വെള്ളം വില കൊടുത്തു വാങ്ങുന്നതിനോട് പൊരുത്തപ്പെടാന്‍ ഞാന്‍ ഏറെക്കാലമെടുത്തു. വീടുവിട്ടിറങ്ങുമ്പോള്‍ കുടിയ്ക്കാന്‍ വെള്ളം കരുതുന്ന പതിവ് അന്നുണ്ടായിരുന്നില്ല.  വെള്ളത്തിന് ഏതു വീട്ടിലേയ്ക്കും കയറിച്ചെല്ലാമായിരുന്നു. നാടു വിട്ടുള്ള ദീര്‍ഘയാത്രയ്ക്കു പുറപ്പെടുമ്പോഴാണ് വെള്ളം കയ്യില്‍ എടുക്കാന്‍ തുടങ്ങിയത്. വലിയ കാനുകളില്‍ കിണറ്റിലെ വെള്ളം നിറച്ച് കയ്യില്‍ വെയ്ക്കുകയാണ് പതിവ്.  വെള്ളം തീരുമ്പോള്‍ വണ്ടി നിര്‍ത്തുന്ന സ്റ്റേഷനിലിറങ്ങി  ടാപ്പില്‍ നിന്ന് നിറയ്ക്കും.  വണ്ടി പുറപ്പെടുന്നതിനു മുമ്പ് നിറച്ചു കഴിയാന്‍ വേണ്ടി അല്ലറചില്ലറ കശപിശകളും പതിവുണ്ട് യാത്രക്കാര്‍ തമ്മില്‍.  വെള്ളം നിറയ്ക്കാനുള്ള ശ്രമത്തിനിടയില്‍  വണ്ടിയില്‍ തിരിച്ചുകയറാന്‍ കഴിയാതെ പോവുന്ന ദുരന്തങ്ങളും പതിവുണ്ട്.

റെയില്‍വേ സ്റ്റേഷനുകളിലെ ആ കുടിവെള്ളക്കൊത്തളങ്ങള്‍ ഇന്ന്  വറ്റി വരണ്ടു.  വെള്ളപ്പാത്രം  നിറയ്ക്കാന്‍ ഇപ്പോള്‍ ആരും അവിടെ ഓടിക്കൂടാറില്ല.  സ്റ്റേഷനുകളിലെ ശീതളപാനീയക്കടകളില്‍ കുപ്പിവെള്ളവും മധുരപാനീയങ്ങളും സുലഭമായി.  വണ്ടിയ്ക്കു പുറത്തിറങ്ങാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പാന്‍ട്രികളില്‍നിന്ന് തണുപ്പിച്ച കുടിവെള്ളക്കുപ്പികള്‍ എത്ര വേണമെങ്കിലും കിട്ടും.  കുടിയ്ക്കാന്‍ പച്ചവെള്ളം തന്നെ വേണമെന്നില്ലല്ലോ.  പെപ്‌സി, കൊക്കോകോള, മിറിന്‍ഡ, സെവന്‍ അപ്, ലിംക തുടങ്ങി എത്രയെത്ര ശീതളപാനീയങ്ങള്‍!  സഹയാത്രികന്‍ തരുന്നതൊന്നും കുടിയ്ക്കരുത്, തിന്നരുത് എന്ന മുന്നറിയിപ്പ് എപ്പോഴും നമ്മോടൊപ്പമുണ്ടല്ലോ. അതുകൊണ്ട് എല്ലാവര്‍ക്കും സ്വന്തം സ്വന്തം കുപ്പികള്‍.  ഒരു യാത്രക്കാരന്‍ തന്നെ അര ഡസനോളം കുപ്പികള്‍ കാലിയാക്കിയാണ് യാത്ര അവസാനിപ്പിയ്ക്കുക.  ഒഴിഞ്ഞ ബോഗികളില്‍ നിറയെ കാലിക്കുപ്പികള്‍ ചിതറിക്കിടക്കുന്നതു കാണാം.  റെയില്‍പ്പാളങ്ങളില്‍ മരിച്ച നിലയില്‍ കാണപ്പെടുന്ന ആയിരക്കണക്കിനു കുപ്പികള്‍ പുറമേ.

എണ്‍പതുകളുടെ ഒടുക്കം ആണെന്നു തോന്നുന്നു കുപ്പിവെള്ളസംസ്‌കാരം പ്രചാരത്തില്‍ വന്നത്.  കിണറുകളും പുഴകളും വലിയ തോതില്‍ മലിനീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്ന അറിവാണ് കുപ്പിവെള്ളത്തെ ആശ്രയിയ്ക്കാനുള്ള പ്രേരണയായത്.  'പെറ്റമ്മയേയും കുടിവെള്ളത്തേയും സംശയിയ്ക്കരുത്' എന്ന ചൊല്ലുതന്നെ അതോടെ അര്‍ത്ഥശൂന്യമായി.

തണ്ണീര്‍പ്പന്തലുകള്‍ അതിന് എത്രയോ മുമ്പു തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.  അതോടൊപ്പം മറഞ്ഞുപോയ മറ്റൊന്നു കൂടിയുണ്ട്.  വഴിയോരത്ത് ഭാരമിറക്കി വെയ്ക്കാന്‍ കെട്ടിയുണ്ടാക്കിയ കരിങ്കല്ലത്താണികള്‍. അവ സ്ഥലപ്പേരുകളില്‍ ഒതുങ്ങിപ്പോയി.  തളര്‍ച്ചയാറ്റാനുള്ള വഴിയമ്പലങ്ങളാവട്ടെ നോവലുകളില്‍ മാത്രമായി.

വഴിക്കിണറുകളും പിന്നെപ്പിന്നെ കാണാതായി.  അര നൂറ്റാണ്ടു മുമ്പ് തൃശ്ശൂരിലെ സ്വരാജ് റൗണ്ടിലേയ്ക്ക് ഏന്തിനിന്നിരുന്ന ഒരു കിണറുണ്ടായിരുന്നത് വയസ്സായ കുറച്ചുപേരെങ്കിലും ഓര്‍മ്മിയ്ക്കുന്നുണ്ടാവണം.  എത്രയോ പേര്‍ അവിടെനിന്ന് വെള്ളം കോരിക്കൊണ്ടുപോവാറുണ്ടായിരുന്നു.  കിണറ്റിന്‍ വക്കത്ത് കുളിയ്ക്കാറുണ്ടായിരുന്നു.  പുരോഗമനത്തിന്റെ ഭാഗമായി ആ കിണര്‍ എപ്പോഴോ മണ്ണിട്ട് തൂര്‍ത്തുകളഞ്ഞു.  വാഹനങ്ങള്‍ക്കു വിഘാതമായതെല്ലാം തട്ടിനിരത്തുക എന്ന സംസ്‌കാരം അപ്പോഴേയ്ക്കും നമ്മള്‍ ആര്‍ജ്ജിച്ചുകഴിഞ്ഞിരുന്നുവല്ലോ.

കാരൂരിന്റെ ഒരു കഥയുണ്ട്:   'ഉതുപ്പാന്റെ കിണര്‍.'  അനാഥനായ ഉതുപ്പാന്‍ കൂലിപ്പണികളും മറ്റു ചെറുപണികളും ചെയ്ത് പണം സ്വരൂപിച്ച് നഗരത്തില്‍ റോഡുകള്‍ക്കിടയ്ക്കുള്ള ത്രികോണത്തിലുള്ള ഭൂമി വാങ്ങി.  ദിവസേനയുള്ള പണിയ്ക്കു ശേഷം ആ ഭൂമിയില്‍ സ്വയം പണിയെടുത്ത് ഒരു കിണര്‍ കുത്തി. ഉതുപ്പാന്റെ ബുദ്ധിശൂന്യതയെ പഴിയ്ക്കുകയായിരുന്നു എല്ലാവരും. അവിടെ ഒരു കടയിട്ട് പുട്ടും പഴവും കച്ചവടം ചെയ്തിരുന്നെങ്കില്‍ അവനു ജീവിയ്ക്കാനൊരു ഗതിയായേനെ.  'ഉതുപ്പാന്റെ വക' എന്നു പോലും എഴുതിവെയ്ക്കാത്ത അവന്‍ ബുദ്ധിശൂന്യനാണെന്നു വിധിച്ചു.  ഗതി കെട്ടാല്‍ കുടിച്ചു ചാകാന്‍ അവനു  വേറെ കിണര്‍ അന്വേഷിയ്‌ക്കേണ്ടല്ലോ എന്നു പോലും പറഞ്ഞു.  ഉതുപ്പാന്‍ അതൊന്നും ഗൗനിച്ചില്ല.  അവന്‍ കിണറിനു ചുറ്റും അരഞ്ഞാണവും മതിലും കല്‍ത്തൂണും കെട്ടി.  കപ്പിയും കയറുമിട്ടു.  കല്‍ത്തൊട്ടിയുണ്ടാക്കി പശുക്കള്‍ക്കു കുടിയ്ക്കാന്‍ അതില്‍ വെള്ളം നിറച്ചിട്ടു.  മഴ നനയാതെ നിന്നു വെള്ളം കോരാന്‍ തക്കവണ്ണം പുര കെട്ടി. പരിസരം എന്നും അടിച്ചുവാരി വൃത്തിയാക്കി. സമൃദ്ധമായ വെള്ളം കോരിയെടുക്കാനും കിണറ്റിനരികില്‍ കുളിയ്ക്കാനും ധാരാളം ആളുകള്‍ വന്നു.  കാലം പോയി. ഉതുപ്പാനു വയസ്സായി.  പട്ടണം വലുതായി.  പരിഷ്‌കാരത്തിന്റെ ഭാഗമായി കുഴല്‍വെള്ളം എത്തി.  ഉതുപ്പാന്റെ കിണര്‍ ആര്‍ക്കും വേണ്ടാതായി.  മലേറിയ പരത്തുന്ന കൊതുകുകള്‍ പെരുകുന്നത് കിണറുകളിലാണെന്ന വിധി വന്നു.  കിണറുകളെല്ലാം മുപ്പതു ദിവസത്തിനുള്ളില്‍ തൂര്‍ക്കണമെന്ന വിളംബരം വന്നു. അന്ത്യശാസന തീരും മുമ്പെ ഒരു ദിവസം ഉതുപ്പാന്‍ കിണറ്റില്‍ത്തന്നെ ജീവിതം അവസാനിപ്പിച്ചു.

മലയാളചെറുകഥയില്‍ പരിസ്ഥിതി വിഷയമായ ആദ്യത്തെ ചെറുകഥയാവണം 'ഉതുപ്പാന്റെ കിണര്‍'.  അര നൂറ്റാണ്ടു മുമ്പുതന്നെ നമ്മള്‍ വഴി മാറി സഞ്ചരിയ്ക്കാന്‍ തുടങ്ങിയിരുന്നു എന്ന് ഈ കഥ സാക്ഷ്യപ്പെടുത്തുന്നു.  കുഴല്‍വെള്ളം സമൃദ്ധമായി കിട്ടുമെന്ന വിശ്വാസത്തില്‍ കിണറുകള്‍ തൂര്‍ത്തപ്പോള്‍ ഇത്ര വലിയ ജലക്ഷാമം ആരും പ്രതീക്ഷിച്ചിരുന്നില്ല.  വീണ്ടുവിചാരത്തിന്റെ ഭാഗമായി കിണറുകള്‍ വീണ്ടും കുഴിയ്ക്കാന്‍ തുടങ്ങി.  ഉറവ വറ്റിയ ഭൂമിയില്‍ എവിടെനിന്നു കിട്ടാനാണ് വെള്ളം?  അപ്പോള്‍ കുഴല്‍ക്കിണറുകള്‍ കുഴിയ്ക്കാന്‍ നമ്മള്‍ നിര്‍ബ്ബന്ധിതരായി. പക്ഷേ ഉപയോഗം തുടങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കുഴല്‍ക്കിണറുകള്‍ വറ്റിപ്പോവുന്നതായാണ് പലര്‍ക്കും അനുഭവം.  ഇനി നമ്മള്‍ വെള്ളമന്വേഷിച്ച് എവിടെപ്പോവാന്‍?

'മംഗളം' കയ്യില്‍പ്പിടിച്ച് എന്തൊക്കെയോ ഞാന്‍ ആലോചിച്ചിരുന്നു പോയി.  കുടിവെള്ളക്കച്ചവടവിശേഷങ്ങള്‍ തുടരുകയാണ്: ''ബഹുരാഷ്ട്രക്കമ്പനികളുടെ ചുവടുപിടിച്ച് കേരളത്തിലെ വെള്ളക്കച്ചവടക്കാരും വില കൂട്ടാനൊരുങ്ങുകയാണ്.  കേരളത്തില്‍ ഇപ്പോള്‍ 93 കുടിവെള്ളക്കമ്പനികളുണ്ട്.  അവര്‍ ഭൂജല അഥോറിറ്റിയുടെ അനുമതി കാത്തുനില്‍ക്കുകയാണ്.''

കേരളത്തില്‍ വീട്ടാവശ്യത്തിനു മാത്രമല്ല കുടിവെള്ളക്കച്ചവടത്തിനും ഭൂജലം ലോപമില്ലാതെ ഊറ്റിയെടുക്കുന്നുണ്ട്.   ബഹുരാഷ്ട്രക്കമ്പനികളുടെ ബോട്ടിലിങ്ങ് പ്ലാന്റുകളില്‍ ഭൂജലസംഭരണം തുടങ്ങിക്കഴിഞ്ഞുവത്രേ.  കുപ്പിവെള്ളനിര്‍മ്മാണം കൂട്ടുകയും ചെയ്തിട്ടുണ്ട്.  അതിനിടെ ഭൂജലവകുപ്പ് ഒരു നിയന്ത്രണവുമില്ലാതെയാണ് കുഴല്‍ക്കിണറുകള്‍ കുഴിയ്ക്കാനുള്ള അനുമതി നല്‍കുന്നതെന്ന് മറ്റൊരു വാര്‍ത്ത കൂടി പത്രത്തിലുണ്ട്.  അങ്ങനെയെങ്കില്‍ ഏറെ വൈകാതെ ഈ ഭൂജലസ്രോതസ്സും വറ്റിവരളുകയില്ലേ?  ഞാന്‍ പത്രം താഴെ വെച്ചു.

ഊരകത്ത് തണ്ണീര്‍പ്പന്തല്‍ നിന്നിരുന്ന സ്ഥലത്ത് ഇന്ന് ഒരു ശീതളപാനീയക്കടയാണ്.  വിവിധ നിറങ്ങളില്‍ നിരവധി പാനീയക്കുപ്പികള്‍ നിരത്തിവെച്ചിട്ടുണ്ട്.  പല തരം കുടിവെള്ളക്കുപ്പികള്‍ മാലമാലയായി തൂക്കിയിട്ടിട്ടുണ്ട്. ഊരകത്തെ പത്തോളം ശീതളപാനീയക്കടകളില്‍ ഒന്നു മാത്രമാണ് അത്.  ഏറെക്കുറെ നാട്ടിന്‍പുറം എന്നു വിശേഷിപ്പിയ്ക്കാവുന്ന ഊരകത്തു തന്നെ നിരവധി വെള്ളക്കുപ്പികളാണത്രേ വിറ്റുപോവുന്നത്.  പരസ്യത്തില്‍ പറയുന്ന പോലെ നമ്മുടെ നാടും പുരോഗമിയ്ക്കുന്നുണ്ട്!

ആരെങ്കിലും ഓര്‍മ്മിയ്ക്കുന്നുണ്ടോ ആവോ ഊരകത്തെ ആ പഴയ തണ്ണീര്‍പ്പന്തല്‍?  ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ആ മനുഷ്യന്‍ മരിച്ചുപോയിട്ടുണ്ടാവുമെന്നു തീര്‍ച്ച. ചന്ദ്രശേഖരവിലാസം ഹോട്ടല്‍ ആന്‍ഡ് കാപ്പി ക്ലബ്ബിന്റെ സ്ഥാനത്ത് ഇന്ന് ഒരു മണിമാളിക ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. ചെമ്പുകലത്തില്‍ വെള്ളവുമായി കാത്തിരിയ്ക്കാറുണ്ടായിരുന്ന തൈലാംബാള്‍ എന്നോ മരിച്ചുപോയി. ആണ്‍മക്കള്‍ വീടും നാടും വിട്ടുപോയി. ആ വീടു തന്നെ ഇല്ലാതായി.  കൈമാറിക്കൈമാറിപ്പോയ ആ തൊടിയില്‍ 'സ്ഥലം വില്‍പനയ്ക്ക്' എന്ന് എഴുതിയ ഒരു ബോര്‍ഡാണ് ഇന്ന് സ്ഥിരമായി തലയുയര്‍ത്തി നില്‍ക്കുന്നത്.  

വഴിയോരത്തെ വീടുകളില്‍ കുടിവെള്ളവുമായി ഇന്ന് ആരെങ്കിലും നമ്മളെ കാത്തിരിയ്ക്കുന്നുണ്ട് എന്നതു തന്നെ ഒരസംബന്ധസ്വപ്നമായിരിയ്ക്കുന്നു. അത്തരമൊരു സംസ്‌കാരം എന്നോ അന്യം നിന്നുപോയല്ലോ.  ഊരകത്തെ തണ്ണീര്‍പ്പന്തലില്‍നിന്ന് ശീതളപാനീയക്കടയിലേയ്ക്ക് വരണ്ടുവിണ്ട ഒരു പാതയാണ് നമ്മള്‍ നടന്നുതീര്‍ത്തത്.  

അല്ലെങ്കില്‍ ഇന്ന് തണ്ണീര്‍പ്പന്തല്‍ നാടകഗാനങ്ങളിലോ സിനിമാപ്പാട്ടുകളിലോ ഉപയോഗിയ്ക്കാനുള്ള അര്‍ത്ഥശൂന്യമായ ഒരു വാക്കായിക്കഴിഞ്ഞില്ലേ?

......................